അക്കരപ്പച്ച തേടുന്നവര്‍

കഠിനമായ വിശപ്പുമൂലം വലഞ്ഞ് ക്രുദ്ധനായി ഇര തേടി നടക്കുകയാണ് സിംഹം. അപ്പോഴതാ ഒരു വൃക്ഷത്തണലില്‍ തടിച്ചു കൊഴുത്ത ഒരു മുയല്‍ കിടന്നുറങ്ങുന്നു. സിംഹം സന്തോഷവാനായി. വിശപ്പടക്കാനുള്ള വകയായി. ഉറങ്ങുന്ന മുയലിനരികിലേക്ക് സിംഹം പാഞ്ഞു.

പെട്ടെന്ന് സിംഹത്തിന്റെ കണ്ണില്‍ ദൂരെ പുല്ലു തിന്നുകൊണ്ടിരിക്കുന്ന ഒരു പുള്ളിമാന്‍ പെട്ടു. എന്തായാലും മുയലിനേക്കാള്‍ മെച്ചം പുള്ളിമാന്‍ തന്നെ. പുള്ളിന്റെ മാംസത്തിന്റെ രുചിയോര്‍ത്തു സിംഹം അലറിക്കൊണ്ട് പുള്ളിമാന് നേരെ കുതിച്ചു.

സിംഹത്തിന്റെ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന മുയല്‍ അപ്പോള്‍ തന്നെ ഓടി രക്ഷപ്പെട്ടു. തന്റെ നേര്‍ക്ക് വേഗത്തില്‍ ഓടി വരുന്ന സിംഹത്തിനെ കണ്ട് പുള്ളിമാന്‍ നിലം തൊടാതെ ഓടി വിദൂരതയിലേക്ക് മറഞ്ഞു. ഓടി തളര്‍ന്നത് മാത്രം മിച്ചം. പുള്ളിമാന്‍ പോയി. ഇനി ആ മുയല്‍ തന്നെ ആശ്രയം. അതിനെ കൊന്നു തിന്നാനുള്ള ആഗ്രഹവുമായി തിരിച്ചു വൃക്ഷച്ചോട്ടിലെത്തിയ സിംഹം അവിടം ശൂന്യമായി കിടക്കുന്നത് കണ്ട് ഞെട്ടി. മുയലിന്റെ പൊടി പോലുമില്ല.

നാം ഇങ്ങിനെയാണ് കയ്യില്‍ ഉള്ളതിനെ വിട്ട് കൂടുതല്‍ നല്ലതിനെ തേടി നടക്കുകയാണ്. നമുക്ക് ശാന്തിയില്ല, സമാധാനമില്ല. തന്റെ കയ്യിലുള്ളതിനേക്കാള്‍ മികച്ചത് മറ്റെന്തോ ആണെന്ന തോന്നല്‍. അതുകൊണ്ടു തന്നെ തൃപ്തി എന്തെന്ന് അറിയുന്നതേയില്ല. സ്വന്തമായുള്ളതിനെ ഇഷ്ടപ്പെടുവാനും ആസ്വദിക്കുവാനും മനസ്സ് സമ്മതിക്കുന്നില്ല. മനസ്സ് ഒന്നിലും ഉറച്ചു നില്‍ക്കുന്നില്ല. കൂടുതല്‍ മികച്ചതിനുവേണ്ടി കേഴുകയാണ്. അത് ലഭിക്കുമ്പോള്‍ അടുത്ത മികച്ചതിന് വേണ്ടി. അവസാനമേയില്ല.

അകലെയുള്ള രണ്ടു പക്ഷികളേക്കാള്‍ ഭേദം കയ്യിലിരിക്കുന്ന ഒരു പക്ഷി തന്നെയാണ്. മികച്ചതിന് വേണ്ടി നാം തിരിഞ്ഞുകൊണ്ടേയിരിക്കണം. പക്ഷെ, അത് മനസ്സിന് അസ്സമാധാനം സൃഷ്ടിക്കുന്നതാവരുത്. ബുദ്ധന്‍ പറഞ്ഞതു പോലെ ആസക്തി മനസ്സിനെ ആകുലതയിലേക്ക് നയിക്കും. കയ്യിലുള്ളതിനെ വില മതിക്കാനും ഇഷ്ടപ്പെടാനും ആദരിക്കാനും പഠിക്കൂ. കൂടുതല്‍ മികച്ചത് നമ്മളെ തേടിയെത്തും. കയ്യിലിരിക്കുന്നത് വലിച്ചെറിഞ്ഞ് ദൂരെയുള്ളതിനെ തേടിപ്പോകുന്നത് വിഡ്ഡിത്തമാണ്.

Leave a comment