ചോദ്യങ്ങള്‍ നഷ്ടപ്പെടുന്നവര്‍

കുട്ടി തന്റെ അമ്മ ചപ്പാത്തി ഉണ്ടാക്കുന്നത് നോക്കിയിരിക്കുകയാണ്. ചെറിയ ഉരുളകളാക്കിയ ഗോതമ്പ് മാവ് അമ്മ പപ്പടത്തിന്റെ വട്ടത്തില്‍ പരത്തുകയാണ്.

പപ്പടത്തിന്റെ വലുപ്പത്തില്‍ പരത്തുന്ന ചപ്പാത്തി കണ്ടിട്ട് കുട്ടി അമ്മയോട് ചോദിച്ചു എന്തുകൊണ്ടാണ് അമ്മ ഇത്ര ചെറുതായി ചപ്പാത്തി പരത്തുന്നത്? ഇതു കേട്ട അമ്മ പറഞ്ഞു, എന്റെ അമ്മ ഈ വട്ടത്തിലാണ് ചപ്പാത്തി പരത്തിയിരുന്നത്. അതുകൊണ്ട് ഞാനും അങ്ങനെ പരത്തുന്നു.

കുട്ടി അമ്മൂമ്മയുടെ അടുത്തു ചെന്നു ചോദിച്ചു എന്തുകൊണ്ടാണ് അമ്മൂമ്മ ചെറിയ വട്ടത്തില്‍ ചപ്പാത്തി പരത്തിയിരുന്നത്? ചോദ്യം കേട്ട അമ്മൂമ്മ പറഞ്ഞു, എന്റെ അമ്മ പരത്തിയിരുന്നത് ആ വട്ടത്തിലായിരുന്നു. അതു കണ്ടാണ് ഞാന്‍ പഠിച്ചത്.

കുട്ടി ഓടി വല്യമ്മൂമ്മയുടെ അടുത്തെത്തി ചോദിച്ചു. പപ്പടത്തിന്റെ വലുപ്പത്തില്‍ ചപ്പാത്തി പരത്തിയിരുന്നത് എന്തുകൊണ്ടായിരുന്നു?

വല്യമ്മൂമ്മ കുട്ടിയെ നോക്കി മറുപടി പറഞ്ഞു. എന്റെ ചപ്പാത്തിക്കല്ല് വളരെ ചെറുതായിരുന്നു. അതിന് ഒരു പപ്പടത്തിന്റെ വലുപ്പമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് ഞാന്‍ പപ്പടത്തിന്റെ വലുപ്പത്തില്‍ ചപ്പാത്തി ഉണ്ടാക്കിയിരുന്നത്.

കുട്ടികള്‍ ജിജ്ഞാസാലുക്കളാണ്. അവരുടെ സംശയങ്ങള്‍ പോലും നമുക്ക് പലപ്പോഴും ഉണ്ടാവാറില്ല. മുന്‍ഗാമികള്‍ എന്തുചെയ്തുവോ അത് അണുവിട തെറ്റാതെ പാലിക്കുവാനാണ് നമുക്കിഷ്ടം. അതിന്റെ കാരണങ്ങള്‍ കണ്ടെത്തുവാനുള്ള ചോദ്യങ്ങള്‍ നമുക്കുള്ളില്‍ ഉയരുന്നില്ല. മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥ വളര്‍ച്ചയുടെ പാതകളില്‍ എവിടെയോ നഷ്ടപ്പെടുന്നു. ചോദ്യങ്ങളില്ലാതെ കാരണങ്ങള്‍ തിരയാതെ മുന്‍പേ നടന്നവന്റെ കാലടികള്‍ പിന്തുടരുവാനാണ് നമുക്കിഷ്ടം.

കാലത്തിന്റെ സാഹചര്യങ്ങള്‍ക്കും പരിമിതികള്‍ക്കും ആവശ്യങ്ങള്‍ക്കും വിധേയമായാണ് ഓരോ പ്രവര്‍ത്തികളും സൃഷ്ടിക്കപ്പെടുന്നത്. കാലം മാറുമ്പോള്‍ സാഹചര്യങ്ങള്‍ക്കും പരിമിതികള്‍ക്കും ആവശ്യങ്ങള്‍ക്കും മാറ്റം വരുന്നു. ആ മാറ്റത്തിനനുസരിച്ച് പ്രവര്‍ത്തികളില്‍ വ്യത്യാസം വരുത്തുന്നവര്‍ ഉയരത്തിലേക്കുള്ള പടവുകള്‍ കയറുന്നു. അല്ലാത്തവര്‍ അന്ധരായി മുന്‍ഗാമികളെ പിന്‍തുടരുന്നു. പ്രവര്‍ത്തിയിലും ഫലത്തിലും മാറ്റമില്ലാത്ത ഒരു യാത്രപോലെ.

 

Leave a comment