ജീവിക്കുന്ന ഒരു ഷേക്‌സ്‌പേറിയന്‍ കഥാപാത്രം

ജലത്തില്‍ തന്റെ സുന്ദരമായ പ്രതിബിംബം കണ്ട് അതില്‍ ആകൃഷ്ടനാവുകയാണ് നാര്‍സിസസ്. ഗ്രീക്ക് പുരാണത്തിലെ അതിസുന്ദരനായ ഒരു കഥാപാത്രം. അവസാനം സ്വന്തം സൗന്ദര്യത്തില്‍ മതിമറന്ന് അതില്‍ നോക്കിയിരുന്ന് ജീവന്‍ നഷ്ടപ്പെടുന്ന ദുരന്തനായകന്‍. നാര്‍സിസസിന്റെ പ്രതിരൂപങ്ങള്‍ ഇന്നും സമൂഹത്തിലുണ്ട്. സ്വന്തം സൗന്ദര്യത്തില്‍ അല്ലെങ്കില്‍ കഴിവില്‍ സ്വയം മയങ്ങി ജീവിതം കൈവിട്ടു പോകുന്ന നാര്‍സിസസുമാര്‍.

ദിലീപ് എന്ന വ്യക്തി ഒരു നാര്‍സിസസാണ്. സ്വന്തം സൗന്ദര്യത്തിലും കഴിവിലും അമിതമായ ആത്മവിശ്വാസമുണ്ടായിരുന്നൊരാള്‍. സ്വന്തം നാശത്തിലേക്ക് ആ ആത്മവിശ്വാസം കൂട്ടിക്കൊണ്ടുപോയ മറ്റൊരു ദുരന്തനായകന്‍. കരിയറിന്റെ ഉത്തുംഗശൃംഗത്തില്‍ നില്‍ക്കുമ്പോള്‍ നിലയില്ലാ കയത്തിലേക്ക് പതിച്ച ഹതഭാഗ്യന്‍. സ്വയം കൃതാനര്‍ത്ഥം എന്ന് സമൂഹം മൂക്കില്‍ വിരല്‍വെച്ച് പറയുന്നു. ഷേക്‌സ്പിയറിന്റെ നാടകങ്ങളിലെ നായകന്മാര്‍ക്കൊരു പ്രത്യേകതയുണ്ട്. എല്ലാ കാര്യങ്ങളിലും സദ്ഗുണസമ്പന്നന്‍മാരും വീരശൂര പരാക്രമികളും ആണെങ്കിലും അവര്‍ക്ക് എന്തെങ്കിലുമൊരു ദൗര്‍ബല്യമുണ്ടാവും. അവസാനം നാശത്തിലേക്ക് തള്ളിയിടുന്ന ഒരേയൊരു ദൗര്‍ബല്യം. ഒരു ഷേക്‌സ്പിയര്‍ നായകനെപ്പോലെ മലയാളത്തിന്റെ ജനപ്രിയ നായകനും.

ദിലീപ് എന്ന വ്യക്തി കേവലമൊരു നടന്‍ മാത്രമായിരുന്നില്ല. സംഘടനകളിലും ബിസിനസുകളിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ച അനിതരസാധാരണമായ കഴിവുകളുള്ള ഒരു വ്യക്തിത്വമായിരുന്നു. ജീവിതത്തെക്കുറിച്ച് പ്രതീക്ഷകളുള്ള, ഉയരങ്ങള്‍ കീഴടക്കാന്‍ സ്വപ്‌നങ്ങള്‍ കാണുന്ന ഏതൊരാള്‍ക്കും ദിലീപ് എന്ന വ്യക്തിയുടെ ജീവിതം ഒരു പാഠപുസ്തകമായിരുന്നു. ഗോപാലകൃഷ്ണന്‍ എന്ന അരപട്ടിണിക്കാരനില്‍ നിന്നും കോടീശ്വരനായ ദിലീപിലേക്കുള്ള വളര്‍ച്ച ഏതൊരു ചെറുപ്പക്കാരനും പ്രചോദനം നല്‍കുന്ന ഒരു ജീവിതയാത്ര തന്നെയായിരുന്നു.

ദിലീപിന്റേത് പൊരുതി നേടിയ ഒരു ജീവിതമായിരുന്നു. കഠിനാധ്വാനവും അസാധാരണമായ കഴിവും കൊണ്ട് ആ ചെറുപ്പക്കാരന്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യം സാധാരണക്കാരനായ മലയാളിക്ക് ”ദിലീപ്” എന്ന റോള്‍ മോഡലിനെ സമ്മാനിച്ചു. സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെ മലയാളി ദിലീപിനെ സ്‌നേഹിച്ചു. മലയാളത്തിലെ മഹാനടന്മാര്‍ക്ക് സാധിക്കാതിരുന്ന ജനപ്രിയ നായകന്റെ സിംഹാസനത്തില്‍ അവര്‍ ദിലീപിനെ പ്രതിഷ്ഠിച്ചു. ദിലീപിന്റെ വളര്‍ച്ചയില്‍ അവര്‍ സന്തോഷിച്ചു, പ്രോത്സാഹിപ്പിച്ചു. തെറ്റുകള്‍ ചെയ്യുമ്പോള്‍ സ്‌നേഹത്തോടെ ശകാരിച്ചു.

പക്ഷേ, ഉയരങ്ങളിലേക്കുള്ള യാത്രയില്‍ ഗോപാലകൃഷ്ണനില്‍ നിന്നും ദിലീപിലേക്കുള്ള ദൂരം കൂടിവന്നു. ദിലീപ് എന്ന നടന് ബിസിനസുകാരന്‍ എന്ന രൂപാന്തരത്വം സംഭവിച്ചു. തൊട്ട ബിസിനസ് സംരംഭങ്ങളെല്ലാം പൊന്നായി. മലയാള സിനിമാ വ്യവസായത്തിലെ അനിഷേധ്യശക്തി. മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ തക്ക ശക്തിയുള്ള വ്യക്തിത്വമായി ദിലീപ് എന്ന നടന്‍ മാറി. നടന്‍ എന്ന നിലയില്‍ തന്റെ കരിയറിലെ വിജയം, ബിസിനസുകാരന്‍ എന്ന നിലയിലെ വിജയം, സിനിമാ വ്യവസായത്തിലെ അനിഷേധ്യശക്തി ഇവ ദിലീപ് എന്ന നടനിലെ വ്യക്തിയെ മറ്റൊരാളാക്കി മാറ്റി.

 

ഉയരങ്ങളിലെത്താന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. പക്ഷേ ആ ഉയരത്തില്‍ നിലനില്‍ക്കുന്നത് അതിനേക്കാള്‍ ബുദ്ധിമുട്ടാണ്. കഠിനാധ്വാനവും കഴിവും നമ്മളെ ഉയരങ്ങളിലെത്തിക്കും. ആ ഉയരത്തില്‍ നില്‍ക്കുകയെന്നത് വേറൊരു കഴിവാണ്. ആ നിപുണത നേടാത്ത ഒരാളുടെ പതനവും വളരെ വേഗമായിരിക്കും. കഠിനാധ്വാനത്തിലൂടെ കഴിവിലൂടെ ഉന്നതങ്ങളിലെത്തിയ ദിലീപിന് പിഴച്ചതിവിടെയാണ്. ഉയരത്തില്‍ തന്നെ നിലകൊള്ളാനാവശ്യമായ നിപുണത ഇല്ലാതെയായിപ്പോയത്.

ജീവിതത്തിലും ബിസിനസിലും നമ്മെ ഉയരങ്ങളില്‍ നിലനിര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണം ധാര്‍മ്മികതയാണ് (Ethics). ധാര്‍മ്മികതയില്ലാത്ത ജീവിതത്തിന്റേയും ബിസിനസിന്റേയും അവസാനം നാശമാണെന്ന് ദിലീപ് നമുക്ക് കാണിച്ചുതരുന്നു. നടനില്‍ നിന്നും ബിസിനസുകാരനിലേക്കുള്ള രൂപാന്തരത്തില്‍ ദിലീപ് എന്ന വ്യക്തിക്ക് നഷ്ടപ്പെട്ട ധാര്‍മ്മികത അവസാനം നാശത്തിലേക്കുള്ള വാതില്‍ തുറന്നു. നേരോടെ സത്യസന്ധതയോടെ ബിസിനസ് ചെയ്യുന്ന ഒരു വ്യക്തിക്കും സമൂഹത്തിന്റെ മുന്നില്‍ തല കുനിക്കേണ്ടിവന്നിട്ടില്ല. ഉയരങ്ങളിലേക്കുള്ള യാത്രയില്‍ നാം നടുന്ന അധാര്‍മ്മികതയുടെ വിത്തുകള്‍ മുളയ്ക്കും. ഇതൊരു പ്രകൃതിതത്വമാണ്.
വെട്ടിപ്പിടിക്കാനുള്ള ആവേശത്തില്‍ നടനില്‍ നിന്നും ബിസിനസുകാരനിലേക്ക് രൂപാന്തരത്വം സംഭവിച്ച ദിലീപിന് മറ്റൊരു മാറ്റം കൂടി സംഭവിച്ചു. ബിസിനസുകാരന്‍ എന്ന നിലയില്‍ നിന്നും ”മാനിപ്പുലേറ്റര്‍” എന്ന നിലയിലേക്കുള്ള രൂപാന്തരത്വം. പണവും സ്വാധീനവും കൊണ്ട് എന്തും നേടാം എന്ന അമിതവിശ്വാസം. തന്റെ ബുദ്ധിയിലുള്ള ആത്മവിശ്വാസം. ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കിയാല്‍ താന്‍ ഉദ്ദേശിക്കുന്നതൊക്കെ നേടാമെന്നത് ഒരു മാനിപ്പുലേറ്ററുടെ മനഃസ്ഥിതിയാണ്. അവിടെ മറ്റുള്ളവര്‍ ഒരു വിഷയമല്ല. അവരുടെ വികാരങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല. തന്റെ ജയം മാത്രമാണ് മാനിപ്പുലേറ്ററുടെ ലക്ഷ്യം.

ചെറിയ ചെറിയ ബുദ്ധിപരമായ നീക്കങ്ങളിലൂടെ മാനിപ്പുലേറ്റര്‍ കളി തുടങ്ങും. ചെറിയ വിജയങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കും. തന്റെ കഴിവും ബുദ്ധിയും കൊണ്ട് എന്തും നേടാം എന്ന മനഃസ്ഥിതിയിലേക്ക് അയാള്‍ എത്തിപ്പെടും. ചെറിയ ലക്ഷ്യങ്ങള്‍ വലിയ ലക്ഷ്യങ്ങളാകും. ചെറിയ നീക്കങ്ങള്‍ വലിയ നീക്കങ്ങളാകും. വലിയ വലിയ വിജയങ്ങള്‍ ഒരു ലഹരിയാകും. വിജയിച്ചുകൊണ്ടേയിരിക്കുമ്പോള്‍ ഈ ലോകം തന്റെ കാല്‍ച്ചുവട്ടിലാണെന്ന തോന്നല്‍ മാനിപ്പുലേറ്റര്‍ക്ക് ഉണ്ടാകും. ആരേയും എന്തിനേയും കീഴടക്കാമെന്നത് മനസിന്റെ അവസ്ഥയായി മാറുന്നു.

 

മാനിപ്പുലേറ്ററുടെ കളികളില്‍ ധാര്‍മ്മികതയില്ല. വികാരങ്ങളില്ല. അവിടെ ‘ഞാന്‍’ മാത്രമേയുള്ളൂ. തന്റെ ലക്ഷ്യങ്ങള്‍ അതാണ് പ്രധാനം. എന്തിനോട് ആസക്തി തോന്നുന്നോ അത് സ്വന്തമാക്കുക. എന്ത് നേടണമെന്ന് തോന്നിയോ ആ ലക്ഷ്യം നേടുക. അതിനായി ബുദ്ധിപരമായ നീക്കങ്ങള്‍ മാനിപ്പുലേറ്റര്‍ നടത്തും. ഇതില്‍ വളരെ സര്‍ഗാത്മകമായ കഴിവ് ഇവര്‍ക്കുണ്ട്. സംഭവങ്ങള്‍ സൃഷ്ടിക്കാനും അവ കോര്‍ത്തിണക്കാനും വ്യക്തികളെ വെട്ടിമാറ്റാനും അവസാനം ലക്ഷ്യത്തിലെത്താനും കഴിവുള്ള അസാമാന്യ പ്രതിഭാശാലികളാണിവര്‍.

മാനിപ്പുലേറ്ററുടെ മാനസികാവസ്ഥ അമിതമായ ആത്മവിശ്വാസവും അഹങ്കാരവുമാണ്. തന്റെ സ്വന്തം കഴിവിനാല്‍ താന്‍ നേടിയെടുത്ത ലക്ഷ്യങ്ങള്‍ ഇവരുടെ ലഹരിയാണ്. ഈ ലഹരി സിരകളെ ബാധിക്കും കണ്ണുകള്‍ മൂടും. താനും തന്റെ ലക്ഷ്യങ്ങളും മാത്രം. അവിടെ സമൂഹമില്ല സമൂഹത്തിനോടുള്ള പ്രതിബദ്ധതയില്ല. താന്‍ ചെസിലെ കരുക്കള്‍ നീക്കി കളിക്കുന്ന തന്ത്രശാലി എന്ന ഭാവം.

നടന്‍ ബിസിനസുകാരനായി അവിടെ നിന്നും ദിലീപിന്റെ മാറ്റം ഒരു മാനിപ്പുലേറ്ററിലേക്കായിരുന്നു. തന്റെ ലക്ഷ്യങ്ങള്‍ എങ്ങിനേയും നേടാന്‍ ശ്രമിക്കുന്ന മാനിപ്പുലേറ്ററിലേക്കുള്ള ഈ മാറ്റം ഗോപാലകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനെ ജയിലഴികള്‍ക്കുള്ളിലാക്കി. ഷേക്‌സ്പിയറിന്റെ ദുരന്ത നാടകങ്ങളുടെ അന്ത്യം പോലെ വേദനാജനകമായ പര്യവസാനം. സകല ഗുണങ്ങളുണ്ടായിട്ടും ഒരേയൊരു ദൗര്‍ബല്യം ജീവിതം നശിപ്പിച്ച ദുരന്തനായകനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മാറി. ധാര്‍മ്മികതയില്ലാത്ത മാനിപ്പുലേറ്റര്‍മാര്‍ നമുക്ക് ചുറ്റും ഒരുപാടുണ്ട്. അവരുടെ അന്ത്യവും വ്യത്യസ്തമാവില്ല.

 

Leave a comment