തിരിച്ചറിയാതെ പോകുന്ന സത്യങ്ങള്‍

പുലരുന്നതിന് വളരെ മുന്‍പേ മുക്കുവന്‍ കടല്‍ക്കരയിലെത്തി. നേരം വെളുക്കാന്‍ ഇനിയുമുണ്ട് ഒരുപാട് സമയം. മുക്കുവന്‍ അലസനായി കടല്‍ത്തീരത്തു കൂടി നടന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ മുക്കുവന്റെ കാല്‍ എന്തിലോ തട്ടി. കുനിഞ്ഞ് തന്റെ കാല്‍ എന്തിലാണ് തട്ടിയതെന്ന് തപ്പിയ അയാളുടെ കയ്യില്‍ ഒരു ചെറിയ സഞ്ചി തടഞ്ഞു.

സഞ്ചിയെടുത്ത് അതിനുള്ളില്‍ പരതിയ മുക്കുവന്‍ കണ്ടത് കുറെ കല്ലുകളായിരുന്നു. അയാള്‍ക്ക് സന്തോഷമായി. ബോറടിച്ച് ഇരിക്കുകയായിരുന്നു. ഇനി ഈ കല്ലുകള്‍ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ് ഓളങ്ങളുണ്ടാക്കി രസിക്കാം. മുക്കുവന്‍ കടല്‍ത്തീരത്തിരുന്ന് സഞ്ചിയില്‍ നിന്ന് ഓരോ കല്ലുകളായി മെല്ലെ ജലത്തിലേക്ക് വലിച്ചെറിഞ്ഞ് അതുണ്ടാക്കുന്ന ഓളങ്ങള്‍ കണ്ട് സന്തോഷിച്ചിരുന്നു.

നേരം പുലര്‍ന്നു. സഞ്ചിയില്‍ ഇനി ബാക്കി ഒരു കല്ലുകൂടി മാത്രം. വെള്ളത്തിലേക്ക് അത് വലിച്ചെറിയാന്‍ തുടങ്ങിയ മുക്കുവന്റെ ശ്രദ്ധയില്‍ ആ കല്ലിന്റെ അസാധാരണ തിളക്കം പെട്ടു. സൂക്ഷ്മമായി കല്ലിനെ പരിശോധിച്ച മുക്കുവന്‍ ഞെട്ടിപ്പോയി. വളരെ വിലപിടിച്ചൊരു രത്‌നക്കല്ലായിരുന്നു അയാളുടെ കയ്യില്‍ ബാക്കി വന്നത്. ഇരുട്ടിലിരുന്ന് മുക്കുവന്‍ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞതത്രയും വിലപിടിച്ച രത്‌നക്കല്ലുകളായിരുന്നു.

തന്റെ കയ്യിലുണ്ടായിരുന്ന അമൂല്യരത്‌നങ്ങളെ ഇരുട്ടില്‍ തിരിച്ചറിയാന്‍ മുക്കുവന് സാധിച്ചില്ല. നാമും ഇതുപോലെയാണ്. അജ്ഞതയാകുന്ന അന്ധകാരത്തില്‍ സ്വന്തമായ പല കഴിവുകളും തിരിച്ചറിയാന്‍ നമുക്കാവുന്നില്ല. വില മതിക്കാനാവാത്ത രത്‌നങ്ങള്‍ പോലെ അമൂല്യമാണ് നമുക്കുള്ളില്‍ അന്തര്‍ലീനമായ കഴിവുകള്‍. മനസിന്റെ ഇരുട്ടില്‍ ഈ അമൂല്യതയെ കണ്ടെത്തുവാനോ ഉപയോഗിക്കുവാനോ കഴിയാതെ നാം അലസതയെ പ്രാപിക്കുന്നു.

ഇല്ലാത്തതിനെക്കുറിച്ചും കിട്ടാത്തതിനെക്കുറിച്ചും വിലപിക്കുന്ന നമ്മള്‍ സ്വന്തം കഴിവുകളേയും നിപുണതകളേയും മുക്കുവന്‍ വിലപിടിച്ച കല്ലുകള്‍ വലിച്ചെറിഞ്ഞ പോലെ വലിച്ചെറിഞ്ഞ് രസിക്കുകയാണ്. അലസത തരുന്ന രസം താത്കാലികമാണ്. ദീര്‍ഘമായ കാലയളവില്‍ അത് നമുക്ക് നല്‍കുക സങ്കടങ്ങളെയാണ്. തിരിച്ചെടുക്കാനാവാത്ത സമയം നാം വലിച്ചെറിഞ്ഞ് ആനന്ദിച്ച ആ നിമിഷങ്ങള്‍ മനസിനെ ചുട്ടുപൊള്ളിക്കും.

നാം ഓരോരുത്തരുടേയും കയ്യില്‍ വിലമതിക്കാനാവാത്ത കഴിവുകളുമുണ്ട്. അവയെ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുകയാവണം നമ്മുടെ ലക്ഷ്യം. അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് വരികയാണ് അതിനുള്ള മാര്‍ഗം. മനസിന്റെ വാതിലുകള്‍ തുറന്നിടുക. അറിവിന്റെ പ്രകാശം അവിടെ നിറയട്ടെ. അന്ധകാരം അകലുമ്പോള്‍ യഥാര്‍ത്ഥത്തിലുള്ള കാഴ്ചകള്‍ തെളിഞ്ഞുവരും. അതാണ് വേണ്ടതും.

 

Leave a comment