ബലൂണ്‍ നല്‍കുന്ന പാഠം

ഉത്സവപ്പറമ്പില്‍ ഭയങ്കര തിരക്ക്. കച്ചവടം പൊടിപൊടിക്കുന്നു. കളിപ്പാട്ട വില്‍പ്പനക്കാരും ആഹാരസാധനങ്ങള്‍ വില്‍ക്കുന്നവരും ആളുകളെ ആകര്‍ഷിക്കുവാനായി ശബ്ദമുണ്ടാക്കുന്നു. എങ്ങും ബഹളമയം. വലിയ ഗ്രൗണ്ടില്‍ കുട്ടികള്‍ ഓടിക്കളിക്കുന്നു. ചിലര്‍ കാഴ്ചകള്‍ ആസ്വദിച്ചിരിക്കുന്നു.

ഉത്സവപ്പറമ്പിലെ ഒരു കോണില്‍ ഒരു ബലൂണ്‍ വില്‍പ്പനക്കാരന്‍ നില്‍ക്കുന്നുണ്ട്. അയാളുടെ കയ്യില്‍ ചരടില്‍ കെട്ടിയ വിവിധ നിറങ്ങളിലുള്ള ബലൂണുകള്‍. കുട്ടികള്‍ ഓടിയെത്തി ബലൂണ്‍ വാങ്ങിക്കുന്നു. അയാളുടെ ചുറ്റും കുട്ടികളുടെ തിരക്കു തന്നെ.

ബലൂണ്‍ കച്ചവടം സ്വല്‍പ്പം കുറയുമ്പോള്‍ അയാള്‍ ചരടില്‍ കെട്ടിയ ബലൂണുകളിലൊന്ന് അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തിവിടും. മുകളിലേക്ക് പൊങ്ങി പോകുന്ന ബലൂണ്‍ കാണുന്ന കുട്ടികള്‍ ഓടിയെത്തി അതു വാങ്ങിക്കും. കച്ചവടത്തിലെ ഈ തന്ത്രം കുട്ടികളെ ആകര്‍ഷിക്കുവാനുള്ളതാണ്. ഇടയ്ക്കിടയ്ക്ക് അയാള്‍ ഇത് പരീക്ഷിക്കുന്നുണ്ട്.

ബലൂണ്‍ വില്‍പ്പനക്കാരനെ തന്നെ നിരീക്ഷിച്ചുകൊണ്ട് ഒരു കുട്ടി കുറെ സമയമായി അല്‍പ്പം മാറി നില്‍ക്കുന്നുണ്ട്. കച്ചവടം കുറയുമ്പോള്‍ അയാള്‍ ചരട് പൊട്ടിച്ച് ബലൂണ്‍ ആകാശത്തേക്ക് പറത്തുന്ന കാഴ്ച കൗതുകത്തോടെ അവന്‍ നോക്കി നില്‍ക്കുകയാണ്.

കുട്ടി ബലൂണ്‍ വില്‍പ്പനക്കാരന്റെ അടുത്തെത്തി പറഞ്ഞു. ഞാന്‍ കുറെ സമയമായി താങ്കള്‍ ബലൂണ്‍ പറത്തുന്നത് കണ്ടു നില്‍ക്കുകയായിരുന്നു. ചുവപ്പ്, മഞ്ഞ, പച്ച തുടങ്ങിയ നിറങ്ങളിലുള്ള ബലൂണുകള്‍ താങ്കള്‍ മുകളിലേക്ക് പറപ്പിച്ചു. എന്നാല്‍ ഈ കറുത്ത നിറത്തിലുള്ള ബലൂണ്‍ ഇതുവരെ പറത്തിക്കണ്ടില്ല. താങ്കള്‍ക്ക് ഈ കറുത്ത ബലൂണ്‍ മറ്റു ബലൂണുകളെപ്പോലെ ഉയര്‍ത്തിവിടുവാന്‍ സാധിക്കുമോ?

ബലൂണ്‍ വില്‍പ്പനക്കാരന്‍ കുട്ടിയെ സ്‌നേഹപൂര്‍വ്വം നോക്കി. എന്നിട്ട് പറഞ്ഞു. കുട്ടി, ബലൂണുകളുടെ നിറമല്ല അവയെ ഉയരത്തിലേക്ക് നയിക്കുന്നത്. മറിച്ച് അതിനുള്ളില്‍ നിറച്ചിട്ടുള്ള വായുവാണ്.

നമ്മുടെ നിറമോ, ജനിച്ച കുലമോ, ജാതിയോ ഒന്നുമല്ല ജീവിതയാത്രയില്‍ നമ്മളെ ഉയരത്തിലേക്ക് നയിക്കുന്നത്. മറിച്ച്, നമ്മുടെ ഉള്ളിലെ കഴിവുകളാണ്. നമ്മില്‍ നിറഞ്ഞിരിക്കുന്ന കഴിവുകള്‍ ജീവിതത്തില്‍ ഉയരത്തിലേക്ക് നയിക്കുകയും വിജയം കൈവരിക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും.

സ്വന്തം സൗന്ദര്യത്തിലും നിറത്തിലും കുലത്തിന്റേയും ജാതിയുടേയും മഹിമയിലും മയങ്ങിയവരുടെ ഉള്ള് ശൂന്യമെങ്കില്‍ അവര്‍ ഒരിടത്തും എത്തിപ്പെടുകയില്ല. കഴിവുകള്‍ നോക്കി വ്യക്തികളെ വിലയിരുത്തുവാനും തെരഞ്ഞെടുക്കുവാനും നമുക്ക് കഴിയണം. കഴിവുകള്‍ ആര്‍ജ്ജിക്കാനും അവ തുടച്ച് മിനുക്കാനും നാം ശ്രമിക്കണം. ബലൂണിനെ ഉയര്‍ത്താന്‍ ഉള്ളിലുള്ള വായുവിന് കഴിയുന്നതുപോലെ നമ്മളെ ഉയര്‍ത്താന്‍ നമ്മുടെ കഴിവുകള്‍ക്കാകും.

 

Leave a comment