നിക്ഷേപകരെ തേടുമ്പോള്‍

ബിസിനസിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പരമ പ്രധാനമായ ഘടകം ഏത് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ; മൂലധനം. ധനം എന്ന രണ്ടക്ഷരത്തെ ചുറ്റിപ്പറ്റി തന്നെയാണ് ഓരോ ബിസിനസിന്റേയും കുതിപ്പും കിതപ്പും

ബിസിനസ് ആരംഭിക്കുമ്പോള്‍ അതൊരു വികാരമാണ്. അദമ്യമായ ആഗ്രഹത്തോടും ആവേശത്തോടും കൂടിയാണ് ഓരോ ബിസിനസിന്റെയും ജനനം. പോകപ്പോകെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണു തുറക്കും. വിചാരിക്കുന്നതുപോലെ എളുപ്പമല്ല കാര്യങ്ങള്‍ എന്ന് മനസിലാക്കി തുടങ്ങുന്നു. തന്ത്രങ്ങളുടെ ആവനാഴി നിറഞ്ഞിരുന്നാലേ ഈ യുദ്ധം വിജയിക്കുകയുള്ളൂ എന്ന് തിരിച്ചറിയുന്നു.

ആഗ്രഹങ്ങളും ആവേശവും വേണ്ടുവോളമെങ്കിലും, തന്ത്രങ്ങളുടെ അക്ഷയ പാത്രം കൈയ്യിലുണ്ടെങ്കിലും വേണ്ടത്ര മൂലധനമില്ലെങ്കില്‍ ബിസിനസിന്റെ വളര്‍ച്ച മുരടിക്കുന്നു. ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ 90 ശതമാനവും പരാജയപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.

അമിതമായ ആത്മവിശ്വാസത്തോടെയാണ് ഒട്ടുമിക്ക സ്റ്റാര്‍ട്ടപ്പുകളുടേയും തുടക്കം. വിദേശങ്ങളിലും ബാംഗ്ലൂരും ചെന്നൈയുമടക്കമുള്ള ഇന്ത്യയിലെ വന്‍ നഗരങ്ങളിലും, സ്റ്റാര്‍ട്ടപ്പുകളില്‍ പ്രമുഖ കമ്പനികളും ഇന്‍വസ്റ്റേഴ്‌സും പണം നിക്ഷേപിക്കുന്നതില്‍ ആവേശമുള്‍ക്കൊണ്ട്, ചാടിക്കേറി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നവര്‍ അധികം വൈകാതെ യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളലറിയുന്നു.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുള്‍പ്പെടെയുള്ള സംരംഭങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ബിസിനസിന്റെ വളര്‍ച്ചയ്ക്കായുള്ള മൂലധന സമാഹരണം. മഹത്തായ ഒരു ആശയമുണ്ടെങ്കില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ ക്യൂ നില്‍ക്കും എന്ന മിഥ്യാധാരണയിലാണ് പലപ്പോഴും ബിസിനസിലേക്ക് എടുത്തു ചാടുന്നത്. ബിസിനസുകള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുന്നതും ഈയൊരു സാധ്യത കൂടിയാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ബിസിനസുകളും തങ്ങള്‍ക്ക് ലാഭം ഉണ്ടെങ്കില്‍ നിക്ഷേപകര്‍ പറന്നെത്തും എന്ന ധാരണ വെച്ചു പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഇതൊന്നുമല്ല യാഥാര്‍ത്ഥ്യം.

ഒരു നിക്ഷേപകനെ ആകര്‍ഷിക്കുന്ന രീതിയില്‍ ബിസിനസിനെ പാകപ്പെടുത്തിയെടുക്കുന്നതില്‍ നമ്മുടെ സംരംഭകര്‍ പരാജയപ്പെടുന്നു. ഒരിക്കലും പ്രൊഫഷണല്‍ നിക്ഷേപകനെ ആകര്‍ഷിക്കുന്ന ഒരു പ്രൊഫൈലിലേക്ക് ബിസിനസിനെ വളര്‍ത്തികൊണ്ടു വരാന്‍ നമുക്ക് കഴിയുന്നില്ല. അതുകൊണ്ടു തന്നെ മൂലധനം ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ ബിസിനസിനെ അതിനായി ഒരുക്കിക്കൊണ്ടു വരിക കഠിന പ്രയത്‌നമായി മാറുന്നു. വര്‍ഷങ്ങള്‍കൊണ്ട് സംഭവിച്ച പാകപ്പിഴകള്‍ ശരിയാക്കി ശക്തമായ ഒരു പ്രൊഫൈലിലേക്ക് ബിസിനസിനെ എത്തിക്കാന്‍ ധാരാളം സമയം ആവശ്യമായി വരുന്നു.

നാം എന്തു ചെയ്യണം

വെറുതെ ആരും പണം നല്‍കില്ല (No Free Lunch) എന്നു മനസിലാക്കുകയാണ് ആദ്യപടി. ഒരു ആശയം കൈയ്യിലുണ്ടായാല്‍ മാത്രം പോരാ അത് ബോദ്ധ്യപ്പെടുത്താനുള്ള കഴിവു കൂടി നേടണം. നിക്ഷേപകര്‍ ഏതൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത് എന്നതു മനസിലാക്കി ബിസിനസിനെ ആ ഒരു ഫ്രെയിം വര്‍ക്കിലേക്കെത്തിക്കാന്‍ കഴിയണം. വളരെ ശ്രദ്ധാപൂര്‍വം സമയമെടുത്തു ചെയ്യേണ്ട ഒന്നാണിത്. പരിചയ സമ്പന്നരായ പ്രൊഫഷണലുകളുടെ സഹായം ഇതിനായി ഉപയോഗിക്കാം.

ലഭ്യമായ സാധ്യതകള്‍ മനസിലാക്കുക

ഏതുതരം മൂലധന േസ്രാതസുകളാണ് ലഭ്യമായിട്ടുള്ളത് എന്ന് മനസിലാക്കുക. എയ്ഞ്ചല്‍ ഫണ്ട് (Angel Fund), വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ (Venture Capital), പ്രൈവറ്റ് ഇക്വിറ്റി (Private Equtiy) തുടങ്ങിയ സോത്രസുകളെക്കുറിച്ച് വ്യക്തമായ ധാരണ നേടുക. ഓരോ സോത്രസിന്റേയും സമീപനവും ആവശ്യങ്ങളും വ്യത്യസ്തങ്ങളാവാം. അവയെക്കുറിച്ച് മനസിലാക്കുന്നത് അബദ്ധ ധാരണകളും അനാവശ്യ പ്രതീക്ഷകളും ഒഴിവാക്കാന്‍ സഹായകരമാകും. പലപ്പോഴും വ്യക്തമായ ധാരണകള്‍ കൂടാതെ, ആരെങ്കിലും പറഞ്ഞ വാക്കുകള്‍ വിശ്വസിച്ച് ചാടിയിറങ്ങി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ലാഭകരമായ ബിസിനസുകള്‍ നശിപ്പിച്ചവര്‍ നമുക്കിടയിലുണ്ട്.

ബിസിനസിലേക്ക് നിക്ഷേപിക്കാന്‍ നാം ക്ഷണിക്കുമ്പോള്‍ നിക്ഷേപകര്‍ വളരെ പ്രൊഫഷണലായി ആഴത്തില്‍ പരിശോധിക്കുന്ന ചില ഘടകങ്ങളുണ്ട്.

വീക്ഷണം

നമ്മുടെ ഉല്‍പ്പന്നത്തിനോ സേവനത്തിനോ കുറഞ്ഞൊരു സമയം കൊണ്ട് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയണം എന്നില്ല. എന്നാല്‍ വളരെ ശോഭനമായ ഭാവിയുള്ള ഒന്നായിരിക്കണം, അത് നിക്ഷേപകര്‍ക്ക് ബോദ്ധ്യപ്പെടുകയും വേണം.

അഭിനിവേശം

ഉല്‍പ്പന്നത്തോടും സേവനത്തിനോടുമുള്ള നമ്മുടെ അഭിനിവേശം, അതിന്റെ ഗുണങ്ങളിലും നവീനതയിലുള്ള അടങ്ങാത്ത ആ അഭിനിവേശത്തെ നിക്ഷേപകരിലേക്ക് പകരാന്‍ കഴിയണം.

സത്യസന്ധത

ഉല്‍പ്പന്നത്തിന്റെ, സേവനത്തിന്റെ, ബിസിനസിന്റെ ശക്തിയും ദൗര്‍ബല്യവും സത്യസന്ധതയോടുകൂടി നിക്ഷേപകര്‍ക്ക് നല്‍കാന്‍ നമുക്ക് കഴിയണം. തന്റെ ഉല്‍പ്പന്നത്തെയോ, സേവനത്തെയോ, ബിസിനസിനെയോ പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ കുപ്പിയില്‍ ഇറക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്. പറയുന്ന ഓരോ നുണയും മനസിലാക്കുവാനുള്ള ബുദ്ധിയും വൈഭവവും നിക്ഷേപകനുണ്ട് എന്നതില്‍ നാം ജാഗരൂകരാകണം. നമ്മുടെ ടീമില്‍ നിക്ഷേപകന് താല്‍പ്പര്യം വളര്‍ത്തിയെടുക്കാനും കഴിയണം.

ബിസിനസ് രൂപരേഖ

പൂര്‍ണമായ ഒരു ബിസിനസ് രൂപരേഖയാവണം നിക്ഷേപകര്‍ക്ക് മുന്നില്‍ സമര്‍പ്പിക്കേണ്ടത്. നാം അവലംബിക്കുന്ന ബിസിനസ് മോഡല്‍, ലക്ഷ്യമിടുന്ന വിപണി, എതിരാളികള്‍, വിപണന തന്ത്രങ്ങള്‍, SWOT (Strengths, weaknesses, opportunities and threats) വിശകലനം എന്നിവ അടങ്ങിയ വിശദമായ ഒരു പദ്ധതി ആവശ്യമാണ്. ഇതൊരിക്കലും നമ്മുടെ ബിസിനസിന്റെ വിജയത്തിന്റെ ഉറപ്പ് അല്ല. അതിലുപരി ബിസിനസിനെ സംബന്ധിക്കുന്ന ഒരു സമഗ്രമായ രൂപരേഖയാകുന്നു.

ധനകാര്യ രേഖകള്‍

ബിസിനസിന്റെ കൈരേഖകളാണ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍. ഇവ ബിസിനസിന്റെ സ്ഥാവരജംഗമ വസ്തുക്കളും ലാഭവും മനസിലാക്കാന്‍ നിക്ഷേപകരെ സഹായിക്കുന്നു. ബിസിനസിനെ വാല്യു ചെയ്യാനും മൂല്യം മനസിലാക്കാനും അവര്‍ക്ക് കഴിയുന്നു. കേരളത്തിലെ ബിസിനസുകള്‍ നിക്ഷേപകരെ തേടുമ്പോള്‍ പരാജയപ്പെടുന്ന പ്രധാന കാരണങ്ങളിലൊന്ന് ശക്തമായ ഒരു ബാലന്‍സ് ഷീറ്റിന്റെ അഭാവമാണ്. നികുതി രക്ഷിച്ചെടുക്കാന്‍ നടത്തുന്ന സര്‍ക്കസിനിടയില്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ ദുര്‍ബലമായിത്തീരുന്നു. ഈയൊരു അപര്യാപ്തത പരിഹരിക്കുക എളുപ്പമായ ഒന്നല്ല.

അടുത്ത തവണ നിക്ഷേപകരെത്തേടി ചാടിയിറങ്ങുമ്പോള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുക. നിക്ഷേപകര്‍ അവരുടെ പണത്തിന് മൂല്യം കല്‍പ്പിക്കുന്നവരാണ്, അതുപോലെ സുരക്ഷിതത്വവും.

വളരെ പ്രൊഫഷണലായ സമീപനം ആവശ്യമാണ്. ഇതൊന്നുമില്ലാതെ നിക്ഷേപകര്‍ വരും എന്നാരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കരുത്. നിക്ഷേപകരുമായി കരാര്‍ ഒപ്പിടാതെ എടുത്തുചാടി പണം മുടക്കരുത്. ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍ അതീവ ശ്രദ്ധയോടെ തയ്യാറാക്കുക. നിക്ഷേപകര്‍ വെറുതെ പണം തരില്ല എന്നത് മനസില്‍ സൂക്ഷിക്കുക. പ്രൊഫഷണലുകളാവും അവര്‍ക്കായി നമ്മുടെ ബിസിനസിനെ പരിശോധിക്കുക. അവര്‍ വില പേശുകയും ചെയ്യും. വളരെ ശ്രദ്ധാപൂര്‍വം പ്രൊഫഷണലായി നീങ്ങിയാല്‍ നിക്ഷേപകര്‍ ബിസിനസില്‍ പണം നിക്ഷേപിക്കും. പക്ഷേ അതിനായി നാം എങ്ങിനെ തയ്യാറെടുക്കുന്നു എന്നതാണ് പ്രധാനം.

 

 

 

 

Leave a comment