ബിസിനസിന്റെ കൈരേഖ

വളര്‍ച്ച സമ്പൂര്‍ണമായ ഒരു പ്രക്രിയയാണ്. ഏതെങ്കിലും ഒരു ഭാഗത്തുള്ള വളര്‍ച്ചയില്‍ നാം പെട്ടുപോയാല്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും ബിസിനസ് അകന്നുപോകും

രണ്ടു സ്‌നേഹിതര്‍ നിബിഡമായ വനത്തിനുള്ളിലെ പാതയിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്നാണ് കൊടുംവനത്തിനുള്ളില്‍ നിന്ന് ഒരു പുലി അവര്‍ക്കു മുന്നിലേക്ക് ചാടി വീണത്. പതറിപ്പോയ ഇരുവരും ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നു. കൂട്ടുകാരിലൊരാള്‍ കുനിഞ്ഞിരുന്ന് തന്റെ ഷൂസിന്റെ ലേസ് മുറുക്കാന്‍ തുടങ്ങി. ഇതു കണ്ട സ്‌നേഹിതന്‍ അയാളോടു പറഞ്ഞു. സുഹൃത്തേ, നീ എത്ര സ്പീഡില്‍ ഓടിയാലും നിനക്കീ പുലിയെ തോല്‍പ്പിക്കാന്‍ കഴിയില്ല. ഇതു കേട്ട സുഹൃത്ത് മറുപടി പറഞ്ഞു: സ്‌നേഹിതാ, ഞാന്‍ പുലിയേക്കാള്‍ വേഗത്തില്‍ ഓടുക എന്നതിനല്ല പ്രാധാന്യം, ഞാന്‍ നിന്നേക്കാള്‍ എത്ര വേഗത്തില്‍ ഓടുന്നു എന്നുള്ളതിനാണ്.

കനത്ത കിടമത്സരം നിലനില്‍ക്കുന്ന വിപണിയില്‍ തന്റെ എതിരാളികളേക്കാള്‍ എത്ര വേഗം താന്‍ മുന്നേറുന്നു എന്നതിനാണ് പ്രാധാന്യം. സാമ്പത്തിക മാന്ദ്യത്തേയും കിടമത്സരത്തേയും ചെറുത്തു തോല്‍പ്പിക്കുക എന്നതിനേക്കാള്‍ പ്രാധാന്യമാണ് എതിരാളികളേക്കാള്‍ വേഗത്തില്‍ ഓടുക എന്നതിന്. ബിസിനസുകള്‍ക്ക് പലപ്പോഴും ലക്ഷ്യംവെക്കുന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ കഴിയുന്നില്ല. വേഗത്തില്‍ മുന്നേറുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി ശ്രമിക്കുന്ന ബിസിനസുകളെ അതില്‍ നിന്നു തടുക്കുന്ന ഒട്ടേറെ പരിമിതികളും പ്രതിബന്ധങ്ങളുമുണ്ട്. പലപ്പോഴും ഈ പരിമിതികളേയും പ്രതിബന്ധങ്ങളേയും കുറിച്ച് ആഴത്തില്‍ പഠിക്കാതെ അവയെ തരണം ചെയ്യാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്യാതെ മുന്നോട്ട് കുതിക്കാന്‍ തയാറെടുക്കുന്ന ബിസിനസുകള്‍ക്ക് ലക്ഷ്യം വെക്കുന്ന വളര്‍ച്ച കൈവരിക്കാന്‍ കഴിയുകയില്ല.

ബിസിനസ് വളരണമെന്നും വിപുലീകരിക്കപ്പെടണമെന്നും സാമ്പത്തികമായ ഉന്നതിയിലേക്ക് എത്തണമെന്നും ആഗ്രഹിക്കാത്ത ബിസിനസുകാര്‍ ഉണ്ടാവില്ല. പക്ഷേ എന്തുകൊണ്ട് ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുന്നില്ല എന്നതിന്റെ കാരണം കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ബിസിനസുകാര്‍ വളരെ കുറവാണ്. യഥാര്‍ത്ഥത്തില്‍ തികച്ചും ശാസ്ത്രീയമായ ഒരു വിശകലനത്തിലൂടെ വളര്‍ച്ചയെ തടുക്കുന്ന പരിമിതികളേയും പ്രതിബന്ധങ്ങളേയും നമുക്ക് കണ്ടെത്താം. ഇങ്ങനെ കണ്ടെത്തുന്ന ഈ പരിമിതികളെ ശക്തിയാക്കി മാറ്റാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞാല്‍ നാം ദീര്‍ഘകാലമായി സ്വപ്നം കാണുന്ന ആ വളര്‍ച്ചയിലേക്ക് ബിസിനസ് എത്തിപ്പെടും. ഈ പരിമിതികളെ എങ്ങിനെ കണ്ടെത്താം.

ഘടനാപരമായ പരിമിതികള്‍

സ്ഥാപനത്തിന്റെ ഘടനാപരമായ രൂപം എന്താണെന്നുള്ളത് വളരെ പ്രധാനമാണ്. പ്രൊപ്രൈറ്റര്‍ഷിപ്പോ പാര്‍ട്ട്ണര്‍ഷിപ്പോ കമ്പനിയോ ഏതുമായിക്കൊള്ളട്ടെ സ്ഥാപനത്തിന്റെ ഘടനാരൂപം അതിന്റെ വളര്‍ച്ചയെ പിന്താങ്ങുന്നുണ്ടോ എന്നുള്ളത് സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കണം. ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്കുള്ള മാറ്റം വളര്‍ച്ചയുടെ വേഗം കൂട്ടുമെങ്കില്‍ അത്തരമൊരു ഘടനാരൂപം സ്ഥാപനത്തിന് നല്‍കാന്‍ മടിക്കേണ്ടതില്ല. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും പബ്‌ളിക്ക് ലിമിറ്റഡ് കമ്പനിയിലേക്കുള്ള രൂപമാറ്റം കൂടുതല്‍
നിക്ഷേപകരെ ആകര്‍ഷിക്കാനും ഉള്‍ക്കൊള്ളാനും കഴിയുമെങ്കില്‍ അത് വളര്‍ച്ചയ്ക്ക് വേഗതകൂട്ടും.

സ്ഥാപനപരമായ പരിമിതികള്‍

ധാരാളം ഘടകങ്ങള്‍ കൂടിച്ചേര്‍ന്നതാണ് സ്ഥാപനപരമായ പരിമിതികള്‍. ഇതിലെ ഓരോ ഘടകവും വളരെയധികം പ്രാധാന്യമുള്ളതാണ്. ഓരോഘടകവും പ്രത്യേകം പ്രത്യേകം വിശകലനത്തിന് വിധേയമാക്കപ്പെടണം. സ്ഥാപനപരമായ പരിമിതികള്‍ താഴെ പറയുന്ന വിഭാഗങ്ങളിലായി നമുക്കുള്‍പ്പെടുത്താം.

1) ബിസിനസ് 2) മാനേജ്‌മെന്റ്
3) ഫിനാന്‍സ് 4) ഹ്യൂമണ്‍ ക്യാപ്പിറ്റല്‍
5) ഉല്‍പ്പാദനം 6) സ്റ്റോറേജ്
7) ലോജിസ്റ്റിക്‌സ്

ഇവയിലെ ഓരോ ഘടകത്തെയും മൈക്രോസ്‌കോപ്പിലൂടെ നോക്കിക്കാണണം. ബിസിനസും അതിന്റെ ശക്തിയും വളര്‍ച്ചയുടെ മുഖ്യ ഘടകങ്ങളാണ്. വളരെ ചെറിയൊരു ഗ്രൂപ്പിനെ മാത്രം ലക്ഷ്യം വെക്കുന്ന ബിസിനസിന് വളരാനുള്ള സാധ്യത കുറവായിരിക്കും. ടാര്‍ജറ്റ് ഗ്രൂപ്പ് വിപുലീകരിക്കുക എന്നതാണ് ഇതി
നുള്ള പരിഹാരമാര്‍ഗം. ബിസിനസില്‍ നാം സ്വീകരിച്ചിരിക്കുന്ന തന്ത്രങ്ങള്‍ അവയുടെ ദീര്‍ഘകാല നിലനില്‍പ്പ്്, മാനേജ്‌മെന്റിന്റെ കഴിവും ശക്തിയും ബിസിനസ് തന്ത്രങ്ങള്‍ പ്രയോഗത്തില്‍ വരുത്താനുള്ള പ്രയോഗിക പരിജ്ഞാനം എന്നിവയൊക്കെയും സൂക്ഷ്മമായ വിശകലനത്തിന് വിധേയമാവണം. പ്രസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ വളര്‍ച്ചയുടെ മുഖ്യഘടകങ്ങളിലൊന്നാണ്. വളര്‍ച്ചയുടെ സമയത്ത് അതിനാനുപാതികമായി പിന്തുണയ്ക്കാനുള്ള സാമ്പത്തിക ഭദ്രത ഇല്ലെങ്കില്‍ വളര്‍ച്ച തളര്‍ച്ചയും തകര്‍ച്ചയുമായിത്തീരും. സാമ്പത്തിക വിശകലനത്തിനായി നമുക്ക് പ്രൊഫഷണലുകളുടെ സഹായം തേടാന്‍ കഴിയും. സ്ഥാപനത്തിന്റെ മനുഷ്യവിഭവശേഷി വളര്‍ച്ചയുടെ നിര്‍ണായക ശക്തികളിലൊന്നാണ്. നിപുണരായ, ആശ്രയിക്കാവുന്ന തൊഴിലാളികളുടെ പട്ടിക കൈയിലുണ്ടാവണം. ഏറ്റവും വിലപിടിച്ച തൊഴിലാളികളെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വിദഗ്ധമായി ഉപയോഗിക്കാന്‍ മാനേജ്‌മെന്റിനാവണം. അതുപോലെ തന്നെ ഉല്‍പ്പാദനത്തിലും വിതരണത്തിലുമുള്ള പരിമിതികളേയും കണ്ടെത്താന്‍ കഴിയണം.

വിപണിയുടെ പരിമിതികള്‍

നാം വിനിമയം ചെയ്യുന്ന ഉല്‍പ്പന്നത്തിന്റെ സാധ്യതകളാണ് വളര്‍ച്ചയുടെ ഏറ്റവും പ്രാധാന്യമുള്ള ഘടകം. ചെറിയൊരു മാര്‍ക്കറ്റില്‍ ഒതുങ്ങി നില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ വെച്ചുകൊണ്ട് വലിയൊരു വളര്‍ച്ച ലക്ഷ്യം വെയ്ക്കുന്നത് വിഡ്ഢിത്തമാവും. അതിര്‍ത്തികളുടെ ബന്ധനങ്ങളില്ലാതെ വളരുവാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും നമുക്കുണ്ടാവണം. ഇവിടെ നാം പരിശോധിക്കേണ്ട ഘടകങ്ങള്‍ ഇവയാണ്.

1) ഉല്‍പ്പന്നം 2) ബ്രാന്‍ഡിംഗ്
3) എതിരാളികള്‍ 4) ടാര്‍ജറ്റ് ഗ്രൂപ്പ്
5) വിപണിയുടെ ജിയോഗ്രഫി

മാര്‍ക്കറ്റിംഗിലെ 4ുയുടെ വിശദമായ ഒരു വിശകലനം ഇവിടെ വേണ്ടി വരുന്നു. Product, Price, Place and Promotion എന്ന 4Ps വളര്‍ച്ചയുടെ ചുക്കാന്‍ പിടിക്കുന്നു. വിപണിയുടെ ആഴത്തിലുള്ള അപഗ്രഥനം നാം തിരിച്ചറിയാത്ത പല പരിമിതികളെയും നമ്മുടെ കണ്‍മുന്നിലേക്കെത്തിക്കുന്നു. ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ ബിസിനസിന്റെ ധാര്‍മികതയാണ്. സാമ്പത്തിക ലാഭത്തിനുവേണ്ടി ഗുണമേന്മയില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നത് താല്‍ക്കാലിക ലാഭം ഉണ്ടാക്കുമെങ്കിലും ദീര്‍ഘകാല നിലനില്‍പ്പുണ്ടാവുകയില്ല. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തില്‍ വളര്‍ത്തിയെടുത്ത ബ്രാന്‍ഡിനെ ഒരു നി മിഷം കൊണ്ട് നശിപ്പിക്കാന്‍ സാധിക്കും. ബിസിനസിലെ ധാര്‍മികത നിലനി ര്‍ത്താന്‍ കഴിയുക എന്നത് വളര്‍ച്ചയുടെ വേഗം വര്‍ധിപ്പിക്കും.

ഓരോ ഘടകത്തിന്റേയും കൃത്യമായ അപഗ്രഥനത്തിനുശേഷം ഈ പരിമിതികളെ മറികടക്കാനുള്ള പരിഹാരങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തണം. ഇതിനായി താഴെ ഒരു ടേബിള്‍ തയാറാക്കാം. പരിമതിയുടെ സ്വഭാവം, അതിന്റെ വിശദീകരണം, പരിഹാരം എന്നീ മൂന്ന് കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പട്ടികയാണുണ്ടാക്കേണ്ടത്.

ഓരോ പരിമിതിയും അവയുടെ വിശദമായ വിവരണവും ഈ ടേബിളില്‍ നല്‍കാം. ഇവയ്ക്കുള്ള പരിഹാരം വിശദമായി പ്രതിപാദിക്കാം. ഈ പരിഹാരം കൃത്യമായ സമയ പരിധിക്കുള്ളില്‍ നടപ്പിലാക്കാന്‍ സാധിക്കണം. തികച്ചും വ്യവസ്ഥാപരമായ ഇത്തരമൊരു പ്രക്രിയയിലൂടെ നമ്മുടെ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് തടസം നില്‍ക്കുന്ന ഘടകങ്ങളെ കണ്ടെത്താനും അവയക്ക് പരിഹാരം സൃഷ്ടിക്കാനും സാധിക്കും.

• Constitutional, Organisational, Market എന്ന നിലയിലുള്ള പരിമിതികളെ വിശദമായി അപഗ്രഥിക്കുക.

• ഈ വിശകലനത്തിലൂടെ വളര്‍ച്ചയ്ക്ക് തടസം സൃഷ്ടിക്കുന്ന ഘടകങ്ങളെയും കാരണങ്ങളെയും കണ്ടെത്തുക.

• ഓരോ കാരണത്തിനും പരിഹാരം കണ്ടെത്തുകയും നടപ്പിലാക്കുകയും ചെയ്യുക.

വളര്‍ച്ച സമ്പൂര്‍ണമായ ഒരു പ്രക്രിയയാണ്. ഏതെങ്കിലും ഒരു ഭാഗത്തുള്ള വളര്‍ച്ചയില്‍ നാം പെട്ടുപോയാല്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും ബിസിനസ് അകന്നുപോകും. സമ്പൂര്‍ണ വളര്‍ച്ച നമ്മുടെ തന്ത്രങ്ങളുടെ വിജയമാണ്.

 

 

Leave a comment