ബിസിനസിലെ കളകള്‍

ബിസിനസിലെ കളകളെ തിരിച്ചറിയാനും പറിച്ചെറിയാനുമുള്ള അവബോധം സംരംഭകനുണ്ടാകണം

നല്ല തിരക്കുള്ള ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്. ഇരിക്കുന്നവരുടെ കൂട്ടത്തില്‍ ഒരച്ഛനും മകനുമുണ്ട്. ഏകദേശം 32 വയസ്സുള്ള യുവാവാണ് മകന്‍. അദ്ദേഹത്തിന്റെ മുഖത്ത് നിറഞ്ഞ ആഹ്ലാദവും ചിരിയും. ട്രെയിന്‍ സ്റ്റേഷന്‍ വിട്ടു. ജനലിലൂടെ പുറത്തെ കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്ന യുവാവ് ആഹ്ലാദഭരിതനായി നിറഞ്ഞ ജനകൂട്ടത്തിനിടയിലൂടെ ജനലരികിലേക്കോടി. തിരികെ അച്ഛന്റെ അടുത്തേക്കും. എന്നിട്ട് അച്ഛനെ പുറത്തുകാണുന്ന കാഴ്ചകള്‍ ഉച്ചത്തില്‍ വിശദീകരിച്ചു കൊടുക്കുന്നു.

കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാര്‍ക്ക് ഇയാള്‍ ഒരു ശല്യമാകാന്‍ അധികസമയം വേണ്ടി വന്നില്ല. മകന്റെ സംസാരവും ബഹളവും ഓട്ടവും ഈ അച്ഛനെ ഒട്ടും വിഷമിപ്പിക്കുന്നുമില്ല. അദ്ദേഹം മകന്റെ ആഹ്ലാദത്തില്‍ സന്തോഷിച്ച് അവനെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. അച്ഛന്റെ മുഖത്തും നിറഞ്ഞ സന്തോഷം. അവസാനം യാത്രക്കാര്‍ക്ക് മടുപ്പായി തുടങ്ങി. അച്ഛനോടും മകനോടും അടങ്ങാത്ത നീരസവും ദേഷ്യവും. തിരക്കുള്ള ഒരു കമ്പാര്‍ട്ട്‌മെന്റില്‍ യുവാവായ ഒരാളെ എങ്ങനെ യാത്രക്കാര്‍ സഹിക്കും. യുവാവിന്റെ ഓട്ടവും ബഹളവും കണ്ടുമടുത്ത യാത്രക്കാര്‍ അച്ഛനോട് തട്ടിക്കയറി. അച്ഛന് യാതൊരുവിധ മര്യാദയുമില്ലെന്നും മകനെ പ്രോത്സാഹിപ്പിച്ച് മറ്റുള്ളവര്‍ക്കു ശല്യമുണ്ടാക്കുവാന്‍ അവസരമൊരുക്കുന്നുവെന്നും മകനെ നിയന്ത്രിച്ചില്ലെങ്കില്‍ തങ്ങള്‍ക്ക് നിയന്ത്രിക്കേണ്ടി വരുമെന്നും പറഞ്ഞ സഹയാത്രികരോട് ആ അച്ഛന്‍ പറഞ്ഞു. മകന്‍ ചെയ്യുന്നത് ശരിയല്ല എന്നും മറ്റുള്ളവര്‍ക്ക് ശല്യമാണെന്നും അറിയാതെയല്ല എങ്കിലും അവനെ നിയന്ത്രിക്കാത്തതില്‍ ക്ഷമിക്കണം. കാരണം, കഴിഞ്ഞ 32 വര്‍ഷങ്ങളായി എന്റെ മകന്‍ അന്ധനായിരുന്നു. ജന്മനാ അന്ധനായ അവന്റെ ശസ്ത്രക്രിയ കഴിഞ്ഞ് കണ്ണുകള്‍ക്ക് കാഴ്ച തിരിച്ചുകിട്ടിയിട്ട് വീട്ടിലേക്ക് തിരികെ പോകുന്നതാണ്. അവന്‍ ഇന്നേവരെ ലോകം കണ്ടിട്ടില്ല. ആദ്യമായാണ് അവന്‍ ഈ കാഴ്ചകള്‍ കാണുന്നത്. അതുകൊണ്ടുതന്നെ അവന്റെ സന്തോഷം നിയന്ത്രിക്കുവാന്‍ എനിക്ക് മനസ്സുവന്നില്ല. നിങ്ങള്‍ എന്നോട് ക്ഷമിക്കണം.

അച്ഛന്റെ വാക്കുകള്‍ കേട്ട യാത്രക്കാര്‍ നിശബ്ദരായി. ആ വാക്കുകള്‍ അവരുടെ വികാരങ്ങളെ മാറ്റിമറിച്ചു. നീരസവും ദേഷ്യവും സ്‌നേഹത്തിനും സന്തോഷത്തിനും വഴിമാറി. യുവാവിനെ കാഴ്ചകള്‍ കാണിക്കുവാനും അവ വിശദീകരിച്ചു നല്‍കുവാനും അവര്‍ മത്സരിച്ചു. അച്ഛനേയും മകനേയും അവര്‍ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു.

ചില വാക്കുകളും പ്രവൃത്തികളും നമ്മുടെ അവബോധം മാറ്റിമറിക്കും. ഓരോ പ്രവൃത്തിക്കും നാം കാണാത്ത, അറിയാത്ത ഒരു മറുവശം കൂടിയുണ്ടെന്ന അവബോധം കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുവാനും വിശകലനം ചെയ്യുവാനും യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുവാനും നമ്മെ സഹായിക്കുന്നു.

മറ്റുള്ളവര്‍ പറയുന്നതും നമ്മള്‍ കേള്‍ക്കുന്നതുമായ വിവരങ്ങള്‍ എപ്പോഴും ശരിയാവണമെന്നില്ല. തങ്ങളുടെ അറിവിനും കാഴ്ചപ്പാടുകളുടെ പരിമിതികള്‍ക്കകത്തു നിന്നുമാണ് പലപ്പോഴും വ്യക്തികള്‍ വിവരങ്ങള്‍ കൈമാറുന്നത്. ഒരു ബിസിനസുകാരന്‍ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ അത് തികച്ചും വിശ്വസനീയമായതും അവയെ കാര്യകാരണസഹിതം വിലയിരുത്തുവാന്‍ കഴിയുന്നതുമായ ഒരു ഉറവിടത്തില്‍ (Source) നിന്നു തന്നെയാവണം. അതല്ലെങ്കില്‍ പ്രസ്തുത വിവരങ്ങളെ അടിസ്ഥാനമാക്കി രൂപീകരിക്കുന്ന തീരുമാനങ്ങള്‍ തെറ്റുകയും ബിസിനസിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അറിയുന്നതും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതിലേക്കാണ് മേല്‍പറഞ്ഞ കഥ നമ്മെ നയിക്കുന്നത്.

വിവരങ്ങളുടെ ഉറവിടം

ബിസിനസിനെ മുന്നോട്ട് നയിക്കുന്നതിന് വിവരശേഖരണം (Information Collection) അത്യന്താപേക്ഷിതമാണ്. വിവിധ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ നിര്‍ണ്ണായകങ്ങളായ പല തീരുമാനങ്ങളും എടുക്കുവാന്‍ ബിസിനസുകാരനെ സഹായിക്കുന്നു.

പക്ഷേ പലപ്പോഴും വിവരശേഖരണത്തിനായി ബിസിനസുകാരന്‍ ആശ്രയിക്കുന്ന ഈ ഉറവിടങ്ങള്‍ക്ക് അതിന്റെ ആധികാരികത നല്‍കുവാനാകുന്നുണ്ടോ? ബിസിനസുകാരന്‍ യഥാര്‍ത്ഥത്തിലാഗ്രഹിക്കുന്ന വിവരം അതിന്റെ സത്തയറിഞ്ഞ് ശരിയായ അവബോധത്തില്‍ നല്‍കുവാന്‍ ഈ ഉറവിടങ്ങള്‍ക്കാവുന്നുണ്ടോ? കൂടുതല്‍ സമയത്തും തങ്ങള്‍ക്കാവശ്യമായ രീതിയില്‍ വളച്ചൊടിച്ച സ്വന്തം താല്പര്യസംരക്ഷണത്തിനായുള്ള, മറ്റുവ്യക്തികളുടേയും സംഭവങ്ങളുടേയും യഥാര്‍ത്ഥ സ്വരൂപം മനസ്സിലാക്കാതെയുള്ള ഈ വിവരങ്ങള്‍ ബിസിനസുകാരന്റെ ശരിയായ അവബോധത്തില്‍ പുകമറ സൃഷ്ടിക്കുന്നു. തെറ്റായ വിവരം തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നു.

ബിസിനസിലെ കളകള്‍

ബിസിനസിലെ കളകള്‍ ചില പ്രത്യേക വ്യക്തിത്വങ്ങളാണ്. നിങ്ങള്‍ക്ക് ഇവരെ ഒരു ബിസിനസിന്റെ പല ഭാഗങ്ങളിലും കണ്ടുമുട്ടുവാന്‍ സാധിക്കും. ഇവര്‍ ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്നവരല്ല. ഒരേ ജോലി തന്നെ ചെയ്യുന്നവരല്ല. ഇക്കൂട്ടര്‍ ബിസ്സിനസില്‍ സര്‍വ്വവ്യാപികളാകുന്നു.

സംരംഭകനുമായി തികഞ്ഞ അടുപ്പം പുലര്‍ത്തുന്ന ഇവര്‍ അവരുടെ വിവരശേഖരണത്തിന്റെ പ്രധാന ഉറവിടങ്ങളാകുന്നു. എല്ലാവ്യക്തികളേയും പ്രവൃത്തികളേയും സംഭവങ്ങളേയും കുറിച്ച് ഇവര്‍ക്ക്
അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. തങ്ങളുടെ ചെറിയ ബുദ്ധിക്കും അറിവിനുമപ്പുറം ഒരു ലോകമുണ്ടെന്നറിയാത്ത ഇക്കൂട്ടര്‍ ബിസിനസിനെ സാവധാനം കാര്‍ന്നുതിന്നുന്ന കളകളാണ് എന്ന് മനസ്സിലാക്കുവാനുള്ള ഉള്‍ക്കാഴ്ച ബിസിനസുകാരനുണ്ടാവണം.

പ്യൂണാവട്ടെ, ക്ലര്‍ക്കാവട്ടെ, മാനേജരാവട്ടെ ഇവര്‍ക്ക് എല്ലാത്തിനെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. സിഇഒ പോലും ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ചും കഴിവില്ലായ്മകളെക്കുറിച്ചും സൂക്ഷ്മമായി വിലയിരുത്തുവാന്‍ കഴിയുന്ന സൂക്ഷ്മദൃക്കുകള്‍ ആണെന്നു ധരിക്കുന്ന ഇക്കൂട്ടര്‍ ഈ സ്ഥാപനത്തിലെ ഏറ്റവും ബുദ്ധിമാന്മാര്‍ തങ്ങളാണെന്ന് അഭിമാനിക്കുന്നവരാണ്. ഇവരുടെ ശസ്ത്രക്രിയയ്ക്ക് വിധേയരാവാത്ത ഒരു വ്യക്തിപോലും സ്ഥാപനത്തിലുണ്ടാവില്ല. തങ്ങളുടെ ബുദ്ധിക്കും അറിവിനും നിരക്കാത്ത കാര്യങ്ങള്‍ക്കുപോലും സംരംഭകന്റെ ഉപദേശികളായി ഇക്കൂട്ടര്‍ വര്‍ത്തിക്കുന്നു.

സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായും ഉന്നമനത്തിനായും എന്തു ചെയ്യണമെന്നും അവ എങ്ങിനെ വേണമെന്നുംവരെ ഇവര്‍ സംരംഭകനെ ഉപദേശിക്കും. ലണ്ടനില്‍ പോയി എംബിഎ എടുത്ത, വര്‍ഷങ്ങള്‍ പ്രവൃത്തി പരിചയമുള്ള ജനറല്‍ മാനേജരുടെ നിര്‍ദ്ദേശങ്ങളേക്കാള്‍ ചിലപ്പോള്‍ സംരംഭകന്‍ ഇവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. അതാണ് ഇവരും സംരംഭകനും തമ്മിലുള്ള അടുപ്പം. ഈ അടുപ്പത്തെ എങ്ങിനെ വിദഗ്ധമായി ചൂഷണം ചെയ്യാന്‍ കഴിയും എന്നവര്‍ക്കറിയാം. മിഡില്‍ ഈസ്റ്റില്‍ വളരെ വിജയകരമായി ബിസിനസ് നടത്തുന്ന ഒരു മറുനാടന്‍ മലയാളിക്ക് കേരളത്തിലെ തന്റെ ബിസിനസിനെ ക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരുന്ന സമര്‍ത്ഥനായ ഒരു പ്യൂണുണ്ട്. തന്റെ ബുദ്ധിക്കും അറിവിനുമനുസരിച്ച് ഉപദേശം നല്‍കുന്ന ആ പ്യൂണ്‍ കാരണം അദ്ദേഹം ആ സംരംഭം അടച്ചുപൂട്ടി.

കളകള്‍ പറിച്ചെറിയുക

ഈ കളകളെ തിരിച്ചറിയുകയും പറിച്ചെറിയുകയും ചെയ്തില്ലെങ്കില്‍ ബിസിനസില്‍ കൂടുതല്‍ കളകള്‍ സൃഷ്ടിക്കപ്പെടും. ശരിയായ കഴിവുകളും മനോഭാവവുമുള്ള വ്യക്തികള്‍ സ്ഥാപനത്തില്‍ തുടരുകയുമില്ല. എന്തിനേയും ഏതിനേയും വിമര്‍ശിക്കുന്ന കറപുരണ്ട സംസ്‌ക്കാരം ഒരു കൊതുകിനെപ്പോലെ ബിസിനസ് സ്ഥാപനത്തില്‍ സംക്രമിപ്പിക്കുന്ന ഇവര്‍ ബിസിനസിന്റെ അന്തകരാവും. ഈ കളകളെ തിരിച്ചറിയുകയും പറിച്ചെറിയുകയും ചെയ്യുവാനുള്ള അവബോധം നമുക്കുണ്ടാവണം.

 

 

 

Leave a comment