ബെഞ്ച്മാര്‍ക്കിംഗ്

ഒരു യുദ്ധത്തിലെന്ന പോലെ ആസൂത്രണത്തിനും നിര്‍വഹണത്തിനും ബിസിനസിലും വലിയ പ്രാധാന്യമുണ്ട്

ലോകമെമ്പാടും ബിസിനസിലും മാനേജ്‌മെന്റിലും സംഭവിക്കുന്ന മാറ്റങ്ങളും പുതിയ ട്രെന്‍ഡുകളും മനസിലാക്കിയാല്‍ മാത്രമേ നമ്മുടെ ബിസിനസിനെ ശക്തിപ്പെടുത്തി മുന്നോട്ട് നയിക്കാന്‍ കഴിയൂ. ജപ്പാനില്‍ നിന്നുമുള്ള ശക്തമായ കിടമത്സരം നേരിടേണ്ടി വന്നപ്പോഴാണ് അമേരിക്കയിലെ ഉല്‍പ്പാദകര്‍ അതിനെക്കുറിച്ച് ബോധവാന്മാരായത്. അതുവരെ അമേരിക്ക അടക്കിവാണ ആഗോള വിപണികള്‍ ജപ്പാന്‍ ഉല്‍പ്പന്നങ്ങള്‍ കീഴടക്കിയപ്പോള്‍ ആഗോളരംഗത്ത് സംഭവിക്കുന്ന സമൂലമാറ്റങ്ങള്‍ മനസിലാക്കുകയും പഠിക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് അവര്‍ക്ക് ബോധ്യപ്പെട്ടു.

എതിരാളികളെ സസൂക്ഷ്മം നിരീക്ഷിക്കാനും തങ്ങളേക്കാള്‍ എന്തുകൊണ്ട് അവര്‍ മികച്ചു നില്‍ക്കുന്നുവെന്ന് മനസിലാക്കാനുമുള്ള ശ്രമങ്ങള്‍ അമേരിക്കയിലെ ഉല്‍പ്പാദകര്‍ ആരംഭിച്ചു. മറ്റൊരാള്‍ തന്നേക്കാള്‍ മികച്ചതായി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന്റെ കാരണം കണ്ടെത്തി പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നത് തീര്‍ച്ചയായും ബുദ്ധിപരമായ നീക്കം തന്നെയാണ്. ഇതനുസരിച്ച് തന്റെ പ്രകടനത്തിന്റെ അളവുകോല്‍ (Benchmark) നിര്‍ണയിക്കുകയും അതിനെ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. Benchmarking എന്ന തന്ത്രം (Tactics) ബിസിനസില്‍ നിരന്തരം പ്രയോഗിക്കേണ്ട ഒരു പ്രക്രിയയാണ്.

സിറോക്‌സ് (Xerox) ആണ് ഏറ്റവും വിജയകരമായി ഈ തന്ത്രം പ്രയോഗിച്ച അമേരിക്കന്‍ കമ്പനി. 1970കളുടെ അവസാനകാലത്ത് സിറോക്‌സ് മാര്‍ക്കറ്റിലെ കിടമത്സരത്തിന്റെ ചൂട് ശരിക്കും അനുഭവിച്ചു തുടങ്ങി. മാര്‍ക്കറ്റിലെ കുത്തകാവകാശം നഷ്ടപ്പെടുന്നു എന്നവര്‍ക്ക് ബോധ്യമായി. എതിരാളികളുടെ തന്ത്രങ്ങള്‍ മികച്ചതാണെന്നും, അതനുസരിച്ച് പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചില്ലായെങ്കില്‍ തങ്ങളുടെ കഥ മറ്റൊരു ദുരന്തകഥയായി മാറുമെന്നും സിറോക്‌സ് മനസിലാക്കി. ഉല്‍പ്പാദനം മുതല്‍ വില്‍പ്പനയും വില്‍പ്പനാനന്തര സേവനവും വരെയുള്ള എല്ലാ പ്രക്രിയകളും അവര്‍ എതിരാളികളുടെ സമാനപ്രക്രിയകളുമായി താരതമ്യം ചെയ്തു.
തങ്ങളുടെ ഉല്‍പ്പാദനപ്രക്രിയയെ എതിരാളിയുടെ ഉല്‍പ്പാദനപ്രക്രിയയുമായി താരതമ്യം ചെയ്ത്, എന്തുകൊണ്ട് അവരുടെ ഉല്‍പ്പാദനം മികച്ചു നി ല്‍ക്കുന്നുവെന്ന് കണ്ടെത്തി ആവശ്യമായ മാറ്റങ്ങള്‍ നടപ്പിലാക്കുകയായിരുന്നു സിറോക്‌സ് ചെയ്തത്. ഇങ്ങനെ ഓരോ പ്രക്രിയയിലും എതിരാളികളുടെ മികവ് കണ്ടെത്തുകയും തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുകയും ചെയ്തു. അങ്ങനെ Benchmarking എന്ന തന്ത്രത്തിലൂടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട മാര്‍ക്കറ്റ് തിരിച്ചുപിടിച്ച് ആഗോളവിപണിയില്‍ വ്യാപിക്കുവാന്‍ സിറോക്‌സിനു കഴിഞ്ഞു.

Benchmarking എന്നത് എതിരാളിയുടെ മൊത്തം സിസ്റ്റം ബിസിനസിലേക്ക് പകര്‍ത്തുക എന്നതല്ല. അത്തരമൊരു പ്രവര്‍ത്തനം ധാരാളം സമയം അപഹരിക്കുകയും ഗുണങ്ങള്‍ ലഭിക്കുവാന്‍ കാലതാമസം വരുത്തുകയും ചെയ്യും. അതേസമയം നമ്മുടെ ബിസിനസിന്റെ ഒരു പ്രക്രിയ, തങ്ങളേക്കാള്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുമായി താരതമ്യം ചെയ്യുകയും ആ പ്രക്രിയയെ മാത്രം ഉദ്ധരിക്കുകയും ചെയ്യുക. ഇതൊരു ഘട്ടം ഘട്ടമായുള്ള പ്രക്രിയയാണ്. നമ്മള്‍ തെരഞ്ഞെടുക്കുന്ന പ്രക്രിയ ഉല്‍പ്പാദനച്ചെലവ് മുതല്‍ റിസപ്ഷനിലെ ടെലിഫോണ്‍ കൈകാര്യം ചെയ്യുന്നതു വരെയാകാം. നിരന്തരമായ ഈ പ്രക്രിയ ബിസിനസിന്റെ ശക്തിയും (Strength) ഗുണവും (Qualtiy) വര്‍ധിപ്പിക്കുന്നു.

തങ്ങളേക്കാള്‍ മികച്ചവരില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നത് തെറ്റായ ഒരു പ്രവൃത്തിയല്ല, മറിച്ച് നമ്മുടെ ശക്തിയെയാണ് അത് തെളിയിക്കുന്നത്. പക്ഷേ, Benchmarking പരീക്ഷിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്ന് നമ്മള്‍ തെരഞ്ഞെടുക്കുന്ന എതിരാളി ബിസിനസില്‍ നമ്മളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരായിരിക്കണം. നമ്മുടെ മാനേജ്‌മെന്റ് സമയവും മനുഷ്യപ്രയത്‌നവും ഈ പ്രക്രിയയ്ക്ക് വളരെയധികം ആവശ്യമാണ്, ഇവ യുക്തിപൂര്‍വവും ബുദ്ധിപരവുമായി വിനിയോഗിച്ചാല്‍ മാത്രമേ Benchmarking വിജയകരമാവുകയുള്ളൂ. രണ്ടാമതായി ഏതു തന്ത്രവും അതേപടി സ്വീകരിക്കുന്നതിനു പകരം നമ്മുടെ ബിസിനസിന്റെ സംസ്‌കാരത്തിനും നിയമങ്ങള്‍ക്കും അനുസൃതമായി വേണം മാറ്റങ്ങള്‍ നടപ്പിലാക്കുവാന്‍. ഓസ്‌ട്രേലിയയിലെ ബിസിനസുകള്‍ വ്യാപകമായി Benchmarking ഉപയോഗിക്കുന്നു. നിരന്തരായ പഠനവും മാറ്റങ്ങളും അവരുടെ സംസ്‌കാരമായി മാറിയിരിക്കുന്നു. മികച്ചതെന്തും എതിരാളികളില്‍ നിന്നും കരസ്ഥമാക്കുക എന്നത് ബിസിനസിന്റെ സ്വഭാവമായി മാറുന്നു. Benchmarking എന്നത് ഒരു സര്‍വെയോ ഗവേഷണമോ അല്ല, ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു പ്രക്രിയയുടെ ഉദ്ധാരണമാണ്. പുതിയ പ്രക്രിയകള്‍ നടപ്പിലാക്കുമ്പോള്‍ നടത്തുന്ന സര്‍വെയോ, ഗവേഷണമോ അല്ല അത്.

കേരളത്തിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വളരെ വിജയകരമായി പരീക്ഷിക്കുവാന്‍ പറ്റുന്ന ഒരു ബിസിനസ് തന്ത്രമാണ് Benchmarking. ആഗോള വിപണികളില്‍ തങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്ന ബിസിനസുകളുടെ പ്രക്രിയകള്‍ പഠിക്കുകയും അനുയോജ്യമായ മാറ്റങ്ങള്‍ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ബിസിനസുകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ സാധിക്കും. നാം ചെയ്യുന്നത് തന്നെയാണ് ഏറ്റവും മികച്ചത് എന്ന വിശ്വാസം മാറ്റിവെച്ച് എതിരാളികളെ പഠിക്കുമ്പോള്‍ പുതിയൊരു കാഴ്ചപ്പാടിലേക്കാണ് നമ്മള്‍ നയിക്കപ്പെടുന്നത്.

 

 

 

 

 

 

 

Leave a comment