ബോണ്‍സായ് ബിസിനസുകള്‍

How To Keep Small Leaves With Bonsai Trees

കൂട്ടായ്മയുടെ ഉല്‍പ്പന്നമാണ് വളര്‍ച്ച. ഒറ്റയ്ക്കുള്ള വളര്‍ച്ച പരിമിതമാണ്. ബോണ്‍സായ് മരത്തെപ്പോലെ

വളരെ പണ്ട് ഒരു ഗ്രാമത്തില്‍ ഒരു ഭിക്ഷക്കാരന്‍ ജീവിച്ചിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിലെ ആല്‍ത്തറയായിരുന്നു ഭിക്ഷക്കാരന്റെ വാസസ്ഥലം. ഒരു മരപ്പെട്ടിയുടെ മുകളില്‍ ഇരുന്നാണ് അയാള്‍ ഭിക്ഷാടനം നടത്തിയിരുന്നത്. ഉറക്കവും ഭക്ഷണവുമെല്ലാം ആ മരപ്പെട്ടിയുടെ മുകളില്‍ തന്നെ. വളരെ വര്‍ഷങ്ങളായി തുടരുന്ന ദിനചര്യ. അങ്ങനെയിരിക്കെ ഒരുദിവസം അപരിചിതനായ ഒരാള്‍ ആ വഴി കടന്നുപോവുകയായിരുന്നു. ആല്‍ത്തറയുടെ മുന്നിലൂടെ നടന്ന അയാള്‍ ഭിക്ഷാക്കാരനെ അല്‍പസമയം നോക്കി നിന്നിട്ട് ചോദിച്ചു. താങ്കള്‍ ഇരിക്കുന്ന ഈ മരപ്പെട്ടിയില്‍ എന്താണ്? ചോദ്യം കേട്ട ഭിക്ഷക്കാരന്‍ നിര്‍വ്വികാരനായി അയാളോട് പറഞ്ഞു ഞാന്‍ വര്‍ഷങ്ങളായി ഇരിക്കുന്ന മരപ്പെട്ടിയാണ് ഇത്. ഇതിനുള്ളില്‍ എന്താണെന്ന് ഞാന്‍ നോക്കിയിട്ടില്ല.

മറുപടി കേട്ട അപരിചിതന്‍ അയാളോട് പറഞ്ഞു നമുക്ക് ഈ മരപ്പെട്ടി ഒന്നു പൊളിച്ചു നോക്കാം. അതിനുള്ളില്‍ എന്താണെന്ന് അറിയാമല്ലോ? ഒരുപാട് തടസ്സങ്ങള്‍ പറഞ്ഞ ഭിക്ഷക്കാരന്‍ ഒടുവില്‍ മരപ്പെട്ടി തുറന്നു നോക്കാന്‍ സമ്മതിച്ചു. അപരിചിതനും ഭിക്ഷക്കാരനും കൂടി പതിയെ ആ മരപ്പെട്ടിയുടെ മൂടി പൊളിച്ചെടുത്തു. മരപ്പെട്ടിയുടെ ഉള്ളിലേക്ക് നോക്കിയ അപരിചിതനും ഭിക്ഷാക്കാരനും ഞെട്ടിപ്പോയി. നിറയെ സ്വര്‍ണ്ണനാണയങ്ങള്‍, വലിയൊരു നിധിക്ക് മുകളിലാണ് ഇത്രയും കാലം താനിരുന്ന് ഭിക്ഷയാചിച്ചത് എന്ന യാഥാര്‍ത്ഥ്യം ആ നി മിഷത്തില്‍ ഭിക്ഷാക്കാരന്‍ തിരിച്ചറിഞ്ഞു.

നമ്മള്‍ പലപ്പോഴും ഈ ഭിക്ഷാക്കാരന്റെ പോലെയാണ്. വലിയൊരു നിധികുംഭത്തിനു മെലെയാണ് ഇരിക്കുന്നത് എന്നത് നാം തിരിച്ചറിയുന്നതേയില്ല. നമ്മുടെ ജിവിതത്തെ മാറ്റിമറിക്കുവാന്‍ പോന്ന ഈ സത്യം തിരച്ചറിയപ്പെടാതെ നാം കാലം കഴിക്കുന്നു. ഓരോ ബിസിനസും ഓരോ നിധി കുംഭമാണെന്ന് ബിസിനസുകാരന്‍ മനസ്സിലാക്കുന്ന സമയത്ത് മാറ്റങ്ങള്‍ സംഭവിക്കപ്പെടുന്നു. നമ്മുടെ ബിസിനസുകള്‍ ബോണ്‍സായ് മരങ്ങള്‍ പോലെയാണ്. നാം അതിനെ ഒരു പാത്രത്തില്‍ നട്ടുവളര്‍ത്തുകയാണ്. അതിനെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതില്‍ നാം ആനന്ദഭരിതരാണ്. അതിന്റെ ഭംഗിയില്‍ നാം അഭിമാനം കൊള്ളുന്നു. അതിനെ പാത്രത്തില്‍ തന്നെ വളര്‍ത്തി ആ വളര്‍ച്ച ഒരു പരാതിക്കപ്പുറം പോകാതിരിക്കുന്നതിലാണ് നമ്മുടെ ശ്രദ്ധ. നമ്മള്‍ സൃഷ്ടിക്കുന്ന ഈ ബോണ്‍സായ് ബിസിനസുകളെ നാം തിരിച്ചറിയുന്നുണ്ടോ?

വലിയൊരു ആല്‍മരത്തെ ചെറിയൊരു പാത്രത്തില്‍ നട്ട് ബോണ്‍സായിയായി വളര്‍ത്താം. അനന്തമായി വളരുവാന്‍ കഴിവുള്ള ബിസിനസുകളെ നമ്മുടെ കാഴ്ചപ്പാടുകളുടെ ചെറിയ പാത്രങ്ങളില്‍ ബോണ്‍സായികളായി
നാം വളര്‍ത്തുന്നു. ഈ ബിസിനസുകളുടെ സാധ്യതകള്‍ തിരിച്ചറിയാഞ്ഞിട്ടോ കഴിവോ പ്രാപ്തിയോ ഇല്ലാഞ്ഞിട്ടോ അല്ല നാം ഇതു ചെയ്യുന്നത്. വളര്‍ച്ചയെ ഭയപ്പെടുന്ന ഒരു മാനസികാവസ്ഥ നാം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. എന്റെ മുന്നില്‍ ചെറിയപാത്രത്തില്‍ വളരുന്ന ബോണ്‍സായികളെയാണിഷ്ടം. അത് സന്തോഷവും സമാധാനവും തരുന്നു. വളര്‍ച്ചയില്‍ നാം ഭയപ്പെടുകയും ചെയ്യുന്നു. ബിസിനസുകളുടെ വളര്‍ച്ചയില്‍ വലിയൊരു വിഘാതമായി നില്‍ക്കുന്നത് ഈ ഭയം തന്നെയാണ്.

മനസ്സിലെ ഭയത്തെ തിരച്ചറിയുക

വളര്‍ച്ചയെ ഭയപ്പെടുന്ന ഒരു മാനസ്സികാവസ്ഥ നിങ്ങള്‍ക്കുണ്ടോ? നിങ്ങളുടെ കഴിവുകള്‍ക്കപ്പുറമാണ് ഈ വളര്‍ച്ച എന്ന ഭയം ബിസിനസിന്റെ വളര്‍ച്ചയെ തടുക്കുന്നു. തനിക്ക് കൈകാര്യം ചെയ്യാവുന്നതിനപ്പുറം ഈ ബിസിനസ് വളരരുത് എന്ന മാനസികാവസ്ഥ ബിസിനസിനെ ബോണ്‍സായി ആക്കുന്നു. തന്നെ കേന്ദ്രീകരിച്ചാണ് ബിസിനസെന്നും അത് എന്നും അങ്ങനെതന്നെയായിരിക്കണമെന്നും ബിസിനസുകാരന്‍ കരുതുന്നുണ്ടെങ്കില്‍ ആ ചെറിയപാത്രം തയ്യാറായി തുടങ്ങി. ബിസിനസ് വളരുമ്പോള്‍ നിയന്ത്രണങ്ങള്‍ തനിക്ക് നഷ്ടമാകും എന്ന അര്‍ത്ഥശൂന്യമയ മാനസികാവസ്ഥ ബിസിനസിന്റെ വളര്‍ച്ചയെ തടഞ്ഞുനിര്‍ത്തുവാന്‍ ബിസിനസുകാരനെ പ്രേരിപ്പിക്കുന്നു. ഇത്തരമൊരു മാനസികാവസ്ഥ ഉണ്ടോ എന്ന് തിരിച്ചറിയുകയാണ് ആദ്യപടി.

വിശ്വാസമില്ലായ്മയെ അതിജീവിക്കുക

സംശയത്തോടുകൂടി മാത്രം ചുറ്റുമുള്ളവരെ കാണുന്നതും തന്നെ മറ്റുളളവര്‍ ഏതു നിമഷവും പറ്റിക്കാം എന്ന മാനസികാവസ്ഥയും വളര്‍ച്ചയ്ക്ക് വിഘാതമാണ്. ഒപ്പം നില്‍ക്കുന്നവരെ വിശ്വസിക്കാതെ വളര്‍ച്ച സാധ്യമല്ല. തന്റെ കഴിവുകുറവുകളോ അറിവില്ലായ്മകളോ മറ്റുള്ളവര്‍ മുതലെടുക്കാമെന്നും ബിസിനസ് വളരുമ്പോള്‍ തന്റെ കൈകളില്‍ നിന്നു വഴുതി നഷ്ടപ്പെടുമെന്നോ ഉള്ള സംശയം ഈ വിശ്വാസമില്ലായ്മ മൂലമാണ് ഉണ്ടാകുന്നത്. തനിക്കൊപ്പം നില്‍ക്കുന്നവരില്‍ അചഞ്ചലമായ വിശ്വാസം മനസില്‍ വളര്‍ത്തിയെടുക്കുവാന്‍ ബിസിനസുകാരന് കഴിഞ്ഞാല്‍ വളര്‍ച്ച ത്വരിതമാകും. ഇവിടെ അതിര്‍ത്തികള്‍ ഭേദിക്കപ്പെടുന്നു. കൂട്ടായ്മയുടെ ഉല്‍പ്പന്നമാണ് വളര്‍ച്ച. ഒറ്റയ്ക്കുള്ള വളര്‍ച്ച പരിമിതമാണ്. ബോണ്‍സായ് മരത്തെപ്പോലെ.

നിലം ഒരുക്കുക

ഉദ്ദേശിക്കുന്ന വളര്‍ച്ചയ്ക്കാനുപാതികമായ രീതിയില്‍ നിലം ഒരുക്കേണ്ടത് ബിസിനസുകാരന്റെ ചുമതലയാണ്. ചെറിയപാത്രത്തിലെ വളര്‍ച്ചയ്ക്ക് പരിധിയുണ്ട്. വളര്‍ച്ചയ്ക്ക് പിന്‍ബലമാകുന്ന രീതിയില്‍ ബിസിനസിനെ തയാറാക്കുന്നതില്‍ വലിയ പ്രാധാന്യമുണ്ട്. മനസ്സിലെ ഭയവും സംശയങ്ങളും മാറ്റിവെച്ചുകൊണ്ട് തികച്ചും സ്വയം നിയന്ത്രിതമായ ഒരു ബിസിനസ് സംവിധാനം സൃഷ്ടിക്കപ്പെടണം. വ്യക്തികളേയും പ്രക്രിയകളേയും സൂക്ഷ്മമായി വിളക്കി ചേര്‍ത്തുകൊണ്ട് നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പിലാക്കണം. വളര്‍ച്ചയുടെ അനന്ത സാധ്യതകള്‍ കണക്കിലെടുത്ത് ബിസിനസിനെ പ്രൊഫഷണലൈസ് ചെയ്യുവാന്‍ സാധിക്കണം. ബോണ്‍സായ് മരത്തിനെ സ്വയം പരിപാലിക്കാം. പക്ഷെ പടര്‍ന്നു പന്തലിച്ച വലിയൊരു മരത്തിന് കൂടുതല്‍ പരിപാലനവും ശ്രദ്ധയും ആവശ്യമുണ്ട്. ഇതൊരിക്കലും ഒറ്റയ്ക്ക് സാധ്യമാവുകയില്ല. സാങ്കേതികതയുടെയും പ്രൊഫഷണലിസത്തിന്റെയും ഇക്കാലത്ത് ബിസിനസുകളെ ബോണ്‍സായികളാക്കി കൊണ്ടു നടക്കുന്ന ധാരാളം പേരെ നമുക്കു കാണാം. വളര്‍ച്ചയുടെ അപാരസാധ്യതകളുള്ള ധാരാളം ബിസിനസുകാര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. മനസ്സിലുള്ള ഭയത്തെ കീഴടക്കുക എന്നതു മാത്രമാണ് വഴി. ബിസിനസുകാരന്‍ സാഹസികനാണ്. പ്രശ്‌നങ്ങള്‍ കളിത്തോഴനായവന്‍. ഭയവും സംശയവും കീഴടക്കിയാല്‍ ഈ സാഹസികത നഷ്ടപ്പെടുന്നു. നമുക്കാവാശ്യം ബാണ്‍സായ്കളെയല്ല. അതിര്‍ത്തികളില്ലാത്ത അനന്തമായ ഒരു ലോകം നമ്മെ കാത്തിരിക്കുന്നു.

 

 

Leave a comment