മഹത്തായ ആശയവും സ്റ്റാര്‍ട്ട്-അപ്പുകളും

മഹത്തായ ആശയങ്ങളും മാര്‍ക്കറ്റിനെക്കുറിച്ചുള്ള വ്യക്തമായ ഉള്‍ക്കാഴ്ചയും കിട്ടിയാല്‍ മാത്രമേ ബിസിനസ് ആരംഭിക്കുവാന്‍ കഴിയൂ എന്ന ധാരണ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്നും സംരംഭകനെ തടയുന്നു

ബിസിനസിന്റെ അനിവാര്യതകളിലൊന്നാണോ മഹത്തായ ആശയം (Great Idea). ഒരു മഹത്തായ ആശയം മനസ്സില്‍ ഉദിക്കുന്നവര്‍ക്ക് മാത്രമാണോ ബിസിനസ് എന്ന രാജവീഥിയിലേക്ക് പ്രവേശനമുള്ളു? ബിസിനസിന്റെ വിജയപരാജയങ്ങള്‍ ഈ മഹത്തായ ആശയത്തിന്റെ സാന്നിധ്യവും അഭാവവുമാണോ?

ബിസിനസ് തുടങ്ങാന്‍ മഹത്തായ ആശയങ്ങള്‍ ആവശ്യമില്ല.
മനസില്‍ ഉദിച്ചു വന്ന മഹത്തായ ബിസിനസ് ആശയങ്ങളുമായി ബിസിനസ് തുടങ്ങി ലോകം കീഴടക്കിയ വമ്പന്മാരല്ല ഇന്നത്തെ പല സംരംഭകരും. മഹത്തായ ആശയങ്ങള്‍ ചിന്തയിലേക്കെത്താന്‍ വേഴാമ്പലിനെപ്പോലെ കാത്തിരുന്ന് ആശയ ദാരിദ്ര്യത്തില്‍ ബിസിനസ് തുടങ്ങാതെ പോയ ഒട്ടനവധി പേര്‍ നമുക്കു ചുറ്റിലുമുണ്ട്. ബിസിനസിന്റെ അനിവാര്യതകളിലൊന്നല്ല ‘മഹത്തായ ആശയം’ (Great Idea). 1945 ഓഗസ്റ്റില്‍ ‘സോണി’ ആരംഭിക്കുമ്പോള്‍ മസറു ഇബുക്ക (Masaru Ibuka) യ്ക്ക് താനെന്താണ് ചെയ്യുവാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് കൃത്യത ഇല്ലായിരുന്നു. താന്‍ നിര്‍മ്മിക്കുവാന്‍ പോകുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ച് യാതൊരു ആശയവും ആദ്ദേഹത്തിനുണ്ടായിരുന്നില്ല. സോണിയുടെ ആദ്യ ഉല്‍പ്പന്നമായ റൈസ് കുക്കര്‍ (Rice cooker) പ്രവര്‍ത്തന വൈകല്യം മൂലം മാര്‍ക്കറ്റില്‍ വലിയൊരു പരാജയമായി. അതിനെ പിന്തുടര്‍ന്ന് വന്ന ആദ്യത്തെ ടേപ്പ് റെക്കോര്‍ഡറും മാര്‍ക്കറ്റില്‍ അമ്പേ പരാജയപ്പെട്ടു. റീറ്റെയില്‍ രംഗത്തെ വിപ്ലവം എന്ന മഹത്തായ ആശയവുമായല്ല സാം വാള്‍ട്ടണ്‍ ന്യൂപോര്‍ട്ടിലെ തന്റെ ചെറിയ ഷോപ്പ് ആരംഭിച്ചത്. പക്ഷേ ആഗോള റീറ്റെയില്‍ ഭീമനായ വാള്‍ മാര്‍ട്ടി (Wal Mart)ലേക്കുള്ള യാത്ര അവിടെ നിന്ന് ആരംഭിച്ചു. വാള്‍ മാര്‍ട്ട് എന്ന ആശയത്തിലെത്തിക്കാന്‍ നീണ്ട ഇരുപത് വര്‍ഷങ്ങളാണ് സാം വാള്‍ട്ടണ്‍ എടുത്തത്.

മഹത്തായ ആശയങ്ങളും മാര്‍ക്കറ്റിനെക്കുറിച്ചുള്ള വ്യക്തമായ ഉള്‍ക്കാഴ്ചയും കിട്ടിയാല്‍ മാത്രമേ ബിസിനസ് ആരംഭിക്കുവാന്‍ കഴിയൂ എന്ന ധാരണ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്നും സംരംഭകനെ തടയുന്നു. ബിസിനസ് ഒരു പരിണാമ പ്രക്രിയയാണ്. മഹത്തായ ബിസിനസ് സംരംഭങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് ഒരു ദിനം കൊണ്ടല്ല. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നവും ഇച്ഛാശക്തിയും കൊണ്ട് മാത്രമാണ്. ബിസിനസ് തുടങ്ങുവാന്‍ മഹത്തായ ആശയങ്ങള്‍ക്കായി കാത്തു നില്‍ക്കേണ്ടതില്ല.

നവീനതയെ (Innovation)കൂട്ടുകാരനാക്കുക

നവീനതയെ ബിസിനസിന്റെ ഭാഗമാക്കുവാന്‍ ബിസിനസുകാരനു കഴിയണം. കാലത്തിനനുസരിച്ച് മാറ്റങ്ങളെ ഉള്‍കൊള്ളുവാനും നടപ്പില്‍ വരുത്തുവാനും കഴിഞ്ഞാല്‍ മാത്രമേ ബിസിനസിന് വിജയവും നിലനില്‍പ്പുമുള്ളു. കാലാനുസൃതമായി വ്യത്യസ്തമായ രീതീയില്‍ കാര്യങ്ങള്‍ നടപ്പില്‍ വരുത്തുക എന്നത് ബിസിനസിന്റെ വിജയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു. പുതിയ ബിസിനസുകള്‍ ആരംഭിക്കുമ്പോള്‍ അവ നൂതനമായ രീതിയില്‍ വ്യത്യസ്തതയോടെ എങ്ങിനെ ചെയ്യാം എന്ന ചിന്ത ബിസിനസുകാരനുണ്ടായിരിക്കണം.

നമ്മുടെ നാട്ടിലെ മുന്‍കാലങ്ങളിലെ പ്രൊവിഷന്‍ സ്റ്റോറുകളെ നോക്കുക. അവയുടെ കെട്ടിലും മട്ടിലും ധാരാളം മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഗ്രാമങ്ങളില്‍ പോലും ഇന്ന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താത്ത ബിസിനസുകള്‍ തുടച്ചുനീക്കപ്പെടുന്നത് നാം കണ്‍മുന്നില്‍ കാണുന്നു. ചുറ്റും സംഭവിക്കുന്നതും ലോകത്തിന്റെ വളര്‍ച്ചയും നമുക്ക് കാണുവാന്‍ സാധിക്കണം. അതിനനുസൃതമായ മാറ്റങ്ങള്‍ ബിസിനസില്‍ സന്നിവേശിപ്പിക്കുകയും വേണം.

സ്റ്റാര്‍ട്ട്-അപ്പ് (Start-up) ബിസിനസുകള്‍ കൂടൂതല്‍ ശ്രദ്ധയോടെ

സ്റ്റാര്‍ട്ട്-അപ്പ് ബിസിനസുകള്‍ തുടങ്ങുമ്പോള്‍ തികച്ചും ദീര്‍ഘ വീക്ഷണത്തോടെയുള്ള കാഴ്ചപ്പാട് ബിസിനസുകാരനുണ്ടായിരിക്കണം. വിജയത്തിലേക്കുള്ള പാത കഠിനവും ദീര്‍ഘമേറിയതുമാണെന്ന ഉള്‍ക്കാഴ്ചയോടെയാവണം സംരംഭം ആരംഭിക്കേണ്ടത്. നൂറുകണക്കിന് സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ അവയില്‍ ചുരുക്കം ചില സംരംഭങ്ങള്‍ മാത്രമാണ് വിജയത്തിന്റെ മധുരം നുണയുന്നത്. വലിയ പ്രതീക്ഷകളുമായി തുടങ്ങുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്?.

പലപ്പോഴും ആസൂത്രണത്തില്‍ വരുന്ന പിഴവുകളാണ് ഇത്തരം സംരംഭങ്ങള്‍ക്ക് വിനയാവുന്നത്. യുവത്വത്തിന്റെ ചുറുചുറുക്കോടെ ആവേശത്തോടെ ബിസിനസിലേക്ക് വരുന്ന യുവസംരംഭര്‍ക്കുള്ള ദീര്‍ഘവീക്ഷണത്തിന്റെ അഭാവം ഇത്തരം സ്റ്റാര്‍ട്ട് അപ്പുകളുടെ പരാജയത്തില്‍ കലാശിക്കുന്നു.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് പരമാവധി കുറയ്ക്കുക

വലിയ ഓഫീസും ഇന്റീരിയറും ക്യാബിനുകളും തുടങ്ങുവാന്‍ പോകുന്ന ബിസിനസിന് ആവശ്യമുണ്ടോ എന്നത് ചിന്തിക്കുക. പ്രാരംഭനിക്ഷേപം (Initial Investement) എത്രമാത്രം കുറയ്ക്കാമോ അത്രമാത്രം കുറച്ചു വേണം ചെയ്യേണ്ടത്. തന്റെ ഓഫീസ് ഒരു മ്യൂസിയമല്ല എന്നും മറ്റുള്ളവര്‍ക്ക് മുന്നില്‍ പൊങ്ങച്ചം കാട്ടേണ്ട ആവശ്യമില്ല എന്ന ബോധവും മനസിലുണ്ടാവണം. ഒരു ബിസിനസുകാരന്‍ എന്നു പറയുമ്പോള്‍ ഓഫീസിന്റെ മോടി വളരെ പ്രധാനമാണെന്ന് ഒരു തുടക്കക്കാരന്‍ കരുതുമ്പോള്‍ അയാള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും സ്വയം അകലുന്നു. Show – off അല്ല ബിസിനസെന്നും യഥാര്‍ത്ഥമായ സത്ത ഉണ്ടെങ്കില്‍ മാത്രമേ അത് വിജയിക്കൂ എന്നുമുള്ള ഉള്‍ക്കാഴ്ച സംരംഭകനുണ്ടാവണം. മഹത്തായ ബിസിനസുകള്‍ ഒന്നും തന്നെ ഗംഭീരമായ ഓഫീസുകളില്‍ നിന്നും ഉത്ഭവിച്ചതല്ല. സ്റ്റീവ് ജോബ്‌സ് വീടിന്റെ കാര്‍ ഗാരേജിലാണ് ‘ആപ്പിള്‍’ ആരംഭിക്കുന്നത്. തുടക്കത്തിലേ തന്നെ ബിസിനസുകാരനെ ആരും വിലയിരുത്തുന്നില്ല. ആവശ്യമില്ലാതെ മൂലധനത്തിന്റെ ഒരു ഭാഗം പോലും ഓഫീസിനു വേണ്ടി ചിലവഴിക്കേണ്ടതില്ല. തന്റെ മനസ്സിലെ ആശയങ്ങള്‍ക്കുതകും വഴി പരമാവധി മൂലധന നിക്ഷേപം കുറച്ചുകൊണ്ടു വേണം ഇന്‍ഫ്രാസ്ട്രകചര്‍ സൃഷ്ടിക്കേണ്ടത്. തന്റെ ഓഫീസോ കാറോ ഒന്നുമല്ല യഥാര്‍ത്ഥ ബിസിനസിനെ സൃഷ്ടിക്കുന്നത് എന്ന തിരിച്ചറിവ് സംരംഭകന് ലഭിച്ചുകഴിഞ്ഞാല്‍ വിജയത്തിലേക്കുള്ള ആദ്യപടിയായി.

പ്രവര്‍ത്തന മൂലധനം വിജയത്തിന്റെ ആണിക്കല്ല്

പ്രാരംഭ നിക്ഷേപം പരമാവധി കുറച്ചുകൊണ്ട് പ്രവര്‍ത്തന മൂലധനം (Working Capital) പരമാവധി സംഭരിക്കുകയാണ് സംരംഭകന്‍ ചെയ്യേണ്ടത്. ബിസിനസിന്റെ വിജയം ഒരു ദിനം കൊണ്ട് സംഭവിക്കില്ല എന്നും ദീര്‍ഘമായ ഒരു കാലയളവിലൂടെയുള്ള കഠിന പ്രയത്‌നത്തിന് പിന്തുണയാകുന്നത് പ്രവര്‍ത്തന മൂലധനമാണ് എന്നുമുള്ള കാഴ്ചപ്പാട് സംരംഭകനുണ്ടാവണം. ഓഫീസിന്റെ മോടി കാണിക്കുന്നതിനായുള്ള അനാവശ്യ നിയമനങ്ങള്‍ ഒഴിവാക്കാം. ഇവയിലൂടെയുള്ള ചിലവ് കുറയ്ക്കല്‍ ദീര്‍ഘകാലം ബിസിനസ് മുന്നോട്ട് കൊണ്ടുപോകുവാന്‍ സംരംഭകനെ പ്രാപ്തനാക്കും.

നിങ്ങള്‍ ഒരു സ്റ്റാര്‍ട്ട്-അപ്പ് ആരംഭിക്കുകയാണോ. ഒരു കാര്യം മനസ്സില്‍ കരുതൂ, നിങ്ങളെയാരും ഇപ്പോള്‍ ഒരു ബിസിനസുകാരനായി കരുതുന്നില്ല. ബിസിനസിന്റെ വലിയൊരു ലോകത്തേക്ക് പിച്ചവെച്ചു വരുന്ന ഒരു തുടക്കക്കാരന്‍ മാത്രം. ഇവിടെ ജാട വേണോ-നിങ്ങള്‍ ബിസിനസുകാരന്‍ ആണെന്ന് തെളിയിക്കേണ്ടത് കാലം മാത്രമാണ് മറ്റൊന്നുമല്ല.

 

 

Leave a comment