യുദ്ധവും സമാധാനവും

Olive branch. Peace Symbol.Similar photographs from my portfolio:

പുതിയ ആശയങ്ങളും മൂല്യങ്ങളും ബിസിനസിലുണ്ടാവണം. തങ്ങളുടേതായ സ്ഥാനം കണ്ടെത്തി നിലയുറപ്പിക്കുവാന്‍ പുതിയ ബിസിനസ് തലമുറയ്ക്കു കഴിഞ്ഞാലെ ബിസിനസില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കപ്പെടൂ

ഒരു വ്യക്തി എങ്ങനെയാണോ മറ്റുള്ളവര്‍ക്ക് അഭിമത
നും അനഭിമതനും ആകുന്നത് എന്നതുപോലെ തന്നെയാണ് ഒരു ബിസിനസ് കസ്റ്റമേഴ്‌സിന് സ്വീകാര്യവും അസ്വീകാര്യവുമാകുന്നത്. വ്യക്തികള്‍ സമൂഹത്തോട് സംവേദിക്കുന്നതുപോലെ ബിസിനസും സമൂഹത്തോട് സംവേദിക്കുന്നു. ഒരു വ്യക്തിയുടെ എന്തു പ്രത്യേകതയാണ് അയാളെ സ്വീകാര്യനാക്കുന്നത് എന്നതു പോലെ തന്നെ ഒരു ബിസിനസിന്റെ എന്തു പ്രത്യേകതയാണ് ആ ബിസിനസിനെ കസ്റ്റമേഴ്‌സിന് സ്വീകാര്യമാക്കുന്നത് എന്നത് കണ്ടെത്തേണ്ട ആവശ്യകതയുണ്ട്. കിടമത്സരം നിറഞ്ഞ ഈ ബിസിനസ് ലോകം നോക്കുക. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും മേന്മകളും ഗുണങ്ങളും ഓരോരുത്തരും വിളംബരം ചെയ്യുന്നു. ബിസിനസുകളെ നാശോന്മുഖമാക്കുന്ന രീതിയില്‍ ”പ്രൈസ് വാര്‍” കൊടുമ്പിരിക്കൊള്ളുന്നു. എവിടെ നിന്ന് എന്തു വാങ്ങിയാല്‍ ഏറ്റവും ഗുണമേന്മയുള്ള ഉല്‍പ്പന്നം ന്യായവിലയ്ക്ക് ലഭിക്കുമെന്നറിയാന്‍ കമ്പ്യൂട്ടറിനേയും വിദഗ്ധന്‍മാരേയും ആശ്രയിക്കേണ്ട ഗതികേടിലേക്കായി ഉപഭോക്താവ്.

ഉപഭോക്താവിനെ ചിന്താക്കുഴപ്പത്തിലാക്കി തങ്ങളിലേക്കാകര്‍ഷിക്കുന്ന ഈ ബിസിനസ് തന്ത്രം എത്ര നാള്‍ നില നില്‍ക്കാന്‍. മൂല്യത്തിനേക്കാള്‍ പ്രാധാന്യം അമിതലാഭത്തിനും എതിരാളികളെ തറപറ്റിക്കാനുള്ള വിലകുറഞ്ഞ തന്ത്രങ്ങള്‍ക്കും നല്‍കുന്ന ഒരു ബിസിനസ് സമൂഹം സൃഷ്ടിക്കുന്നത് ആശാവഹമായ ഭാവിയല്ല. ഉല്‍പ്പന്നങ്ങളുടെ ഗുണങ്ങളേക്കാളും മേന്മകളേക്കാളും മുകളില്‍ വിലയിലേക്ക് ഉപഭോക്താവിന്റെ മനസിനെ നയിച്ച് പരസ്പരം പോരടിച്ച് സ്വയം അടിത്തറ തോണ്ടുവാന്‍ മത്സരിക്കുന്ന ബിസിനസുകള്‍ക്ക് താമസിയാതെ നിലനില്‍പ്പിനായുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരും. ഒരാള്‍ ആരംഭിച്ച പ്രൈസ് വാറില്‍ പങ്കെടുക്കാതെ മാറി നിന്നാല്‍ താന്‍ പിന്തള്ളപ്പെടും എന്ന ഭീതിയില്‍ അതിരൂക്ഷമായ പ്രത്യാക്രമണവുമായി മറ്റു ബിസിനസുകള്‍ മുന്നിട്ടിറങ്ങുമ്പോള്‍ യുദ്ധം അതിന്റെ പാരമ്യതയില്‍ എത്തിചേരുന്നു. ഇവിടെ ബിസിനസിലേക്ക് കാലെടുത്തു വെക്കുന്ന പുതുമക്കാരന്‍ ഞെട്ടി വിറച്ചു നില്‍ക്കുന്നു. അവന്റെ സ്ഥാനം കണ്ടെത്താന്‍ കഴിയാതെ അവന്‍ പതറുന്നു.

ഭീമന്‍മാരുടെ യുദ്ധം മൂലം തകര്‍ന്നു തരിപ്പണമായ യുദ്ധ ഭൂമിയിലേക്ക് സര്‍വ്വാശ്രയവും നഷ്ടപ്പെട്ട് നോക്കി നില്‍ക്കുന്നു. താനും ഈ യുദ്ധത്തില്‍ പങ്കാളിയായല്ലാതെ തന്റെ ബിസിനസും രക്ഷപ്പെടില്ല എന്ന ഭീതി മനസിനെ ആശ്ലേഷിക്കുന്നു. അനന്ത സാധ്യതകളുള്ള ബിസിനസുകളെ, കനത്ത കിടമത്സരത്തിന് വേദിയാക്കുമ്പോള്‍ നഷ്ടപ്പെടുന്ന മൂല്യങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ഒരുപാട് വേദനകള്‍ സഹിക്കേണ്ടി വരും, അതുപോലെ തന്നെ ധാരാളം സമയവും ആവശ്യമായി വരും.

ബിസിനസിലേക്ക് പുതുതായി കടന്നു വരുന്നവരും ഈ കിടമത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തവരും തങ്ങളുടേതായ ഒരു യോഗ്യമായ സ്ഥാനം കണ്ടെത്തുകയേ നിവൃത്തിയുള്ളൂ. കനത്ത മത്സരത്തിന്റെ വേദിയില്‍ നിന്നൊഴിഞ്ഞ് നിന്ന് തങ്ങളുടേതായ ഒരു മാര്‍ക്കറ്റ് (Niche Market) കണ്ടെത്തുക തന്നെയാണ് ഉത്തമം. കനത്ത കിടമത്സരം നിറഞ്ഞ ഒരിടത്ത് വിജയിക്കുവാന്‍ ധനവും ഊര്‍ജ്ജവും അനാവശ്യമായി ചെലവഴിക്കണോ അതോ തികച്ചും വ്യത്യസ്തമായ കിടമത്സരങ്ങളില്ലാത്ത പുതിയ ആശയങ്ങളിലേക്ക് തിരിയണമോ എന്നത് ഗൗരവകരമായ ഒരു ചിന്തയായി തന്നെ ഉയരണം. യാഥാസ്ഥിതിക (Conventional) കോഫി ഷോപ്പുകള്‍ക്കിടയിലേക്ക് വ്യത്യസ്തമായ ഒരു ദര്‍ശനവുമായാണ് കഫേ കോഫി ഡേ അവതരിക്കുന്നത്. യാഥാസ്ഥിതിക കോഫി ഷോപ്പുകളുടെ സങ്കല്‍പ്പം തന്നെ അവര്‍ മാറ്റി മറിച്ചു. കാപ്പി കുടിക്കുവാന്‍ മാത്രമുള്ള കഫേകള്‍ എന്നതിലുപരി ഒത്തു ചേരലിനുള്ള ഒരിടമായി കഫേ കോഫിഡേകള്‍ മാറി. പിന്നീടതൊരു തരംഗവും സംസ്‌കാരവുമായി മാറി. വ്യത്യസ്ത ചിന്തയും ആശയങ്ങളും വഴി കിടമത്സരങ്ങള്‍ക്കിട കൊടുക്കാതെ സ്വന്തം അസ്തിത്വം ഊട്ടിയുറപ്പിക്കുവാന്‍ അവര്‍ക്കു സാധിച്ചു.

നവീനതയിലൂടെയും പുതിയ ആശയങ്ങളിലൂടെയും മാത്രമേ കിടമത്സരങ്ങളില്‍ നിന്നകന്ന് വിജയപ്രദമായ ബിസിനസുകള്‍ പടുത്തുയര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇതിനായി താന്‍ ലക്ഷ്യം വെക്കുന്ന മാര്‍ക്കറ്റിനെക്കുറിച്ച് ആഴത്തിലുള്ള അറിവ് സംരഭകനുണ്ടാവണം. ഏത് ഉപഭോക്താക്കളെയാണ് താന്‍ ലക്ഷ്യം വെക്കുന്നത് എന്നതിനനുസൃതമായി വേണം ബിസിനസ് തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടത്. നീഷ് മാര്‍ക്കറ്റില്‍ മൂല്യങ്ങള്‍ക്കും ഗുണമേന്മയ്ക്കുമാണ്
പ്രാധാന്യം. ഇവിടെ തലപിളര്‍ക്കുന്ന ”പ്രൈസ് വാര്‍” ഇല്ല. തന്റെ ഉപഭോക്താക്കളുടെ മനസറിഞ്ഞ് അവരുടെ ആവശ്യങ്ങള്‍ക്കായി മാത്രം നിലകൊള്ളുന്ന ഒരു ബിസിനസ് പ്രസ്ഥാനം രൂപപ്പെടുത്തുക എന്നതാവണം ഈ മാര്‍ക്കറ്റിലെ വിജയമന്ത്രം. തന്റെ ഉല്‍പ്പന്നങ്ങളേയും സേവനങ്ങളേയും ഉപഭോക്താവിന്റെ ആവശ്യകതയ്ക്കുതകും വിധം തയാറാക്കി അവതരിപ്പിക്കേണ്ടത് ബിസിനസുകാരന്റെ കടമയാണ്. തന്റെ ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ വിശേഷത്വവും അതുല്യതയും ആവണം ബിസിനസിന്റെ അടിത്തറ. ഈ USP (Unique Selling Proposition) യിലേക്കാവണം ഉപഭോക്താവ് ആകര്‍ഷിക്കപ്പെടേണ്ടത്.

അമേരിക്കയിലെ പ്രസിദ്ധമായ വെര്‍മോണ്ട് വുഡണ്‍ ടോയ്‌സ് ഇത്തരത്തില്‍ വിജയഗാഥ രചിച്ച ഒരു കമ്പനിയാണ്. സ്വാഭാവികമായ മരത്തടിയില്‍ വളരെ സൂക്ഷ്മതയോടെയും വൈദഗ്ദ്ധ്യത്തോടെയും കൊത്തിയുണ്ടാക്കുന്ന കളിപ്പാട്ടങ്ങള്‍ ഇന്ന് ലോക പ്രസിദ്ധമാണ്. ഇവിടെ മത്സരമില്ല. അല്ലെങ്കില്‍ മത്സരിക്കുവാന്‍ സാധ്യതകളില്ല. സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ ബിസിനസ്. ഇവിടെ പരസ്പരം ചോര കുടിക്കുന്ന കിടമത്സരങ്ങള്‍ക്ക് സ്ഥാനമില്ലാതെയാകുന്നു. പരസ്പരം പോരടിച്ച് ബിസിനസിന്റെ മൂല്യങ്ങളിലും നന്മകളിലും വെള്ളം ചേര്‍ത്ത് ഉപഭോക്താക്കളെ വിഡ്ഢിവേഷം കെട്ടിച്ചുള്ള ബിസിനസുകള്‍ വേണോ; അതോ സ്വന്തമായ വ്യക്തിത്വമുള്ള, മൂല്യബോധമുള്ള ബിസിനസ് പ്രസ്ഥാനങ്ങള്‍ പടുത്തുയര്‍ത്തണമോ എന്ന് നമുക്ക് ചിന്തിക്കാം. നാം മാറി ചിന്തിക്കുവാന്‍ തുടങ്ങിയാല്‍ മാത്രമേ പുതിയ സംസ്‌ക്കാരങ്ങള്‍ ഉടലെടുക്കൂ. പുതിയ തലമുറയെങ്കിലും വ്യത്യസ്തമായി ചിന്തിക്കണം, പുതിയ ആശയങ്ങളും മൂല്യങ്ങളും ബിസിനസിലുണ്ടാവണം. തങ്ങളുടേതായ സ്ഥാനം കണ്ടെത്തി നിലയുറപ്പിക്കുവാന്‍ പുതിയ ബിസിനസ് തലമുറയ്ക്കു കഴിഞ്ഞാലെ ബിസിനസില്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കപ്പെടൂ.

 

 

Leave a comment