രണ്ട് ബൂട്ടുകള്‍ ഓര്‍മിപ്പിക്കുന്നത്

എന്നും പുതുമ ആപ്തവാക്യമായി സ്വീകരിക്കുന്ന ബ്രാന്‍ഡുകള്‍ തങ്ങളെ നിരന്തരം മെച്ചപ്പെടുത്തുകയും മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു

പ്യൂമ സ്‌പോണ്‍ സര്‍ചെയ്യുന്ന എല്ലാ ഫുട്‌ബോള്‍ കളിക്കാരും വലംകാലില്‍ പിങ്കു നിറമുള്ളതും ഇടംകാലില്‍ നീല നിറമുള്ളതു മായ ബൂട്ടുകള്‍ അണിഞ്ഞാണ് കളിക്കളത്തിലിറങ്ങുന്നത്. വളരെ ലളിതമായ ഒരു ട്രിക്ക്. പ്യൂമയുടെ എതിരാളികള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരം. ഈ നിറങ്ങളുടെ ചെറിയ പരീക്ഷണം മാര്‍ക്കറ്റില്‍ പ്യൂമയുടെ ബ്രാന്‍ഡ് വാല്യൂ കുത്തനെ ഉയര്‍ത്തി. ബ്രസീല്‍ ലോകക്കപ്പിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി മാറി ഇരു നിറങ്ങളുള്ള ഈ ബൂട്ടുകള്‍.

പ്യൂമ നടത്തിയ ഈയൊരു പരിഷ്‌കാരം ഒരു നിമിഷം കൊണ്ട് ഉടലെടുത്തതല്ല. പ്യൂമയുടെ ഗവേഷണ വിദഗ്ധരുടെ നിരന്തരമായ നിരീക്ഷണ പരീക്ഷണങ്ങളുടെ ഫലമാകുന്നു മാര്‍ക്കറ്റില്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന ഈ നൂതനത (Innovation). മാറ്റങ്ങള്‍ അനിവാര്യമാണെന്നും അവ നിരന്തരം സന്നിവേശിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മാത്രമേ ഉയരങ്ങളിലേക്ക് കുതിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും പ്യൂമയുടെ ഈ പരീക്ഷണം അടിവരയിടുന്നു. എന്നും പുതുമ ആപ്തവാക്യമായി സ്വീകരിക്കുന്ന ബ്രാന്‍ഡുകള്‍ തങ്ങളെ നിരന്തരം മെച്ചപ്പെടുത്തുകയും മാര്‍ക്കറ്റ് ഷെയര്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

നൂതനതയും അഭിവൃദ്ധിയും ഒരു നിമിഷത്തെയോ ഒരു ദിവസത്തെയോ ഉല്‍പ്പന്നങ്ങളല്ല. ശാസ്ത്രീയതയും സാങ്കേതികതയും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ട് നിരന്തരം പരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന സംരംഭങ്ങള്‍ക്ക് മാത്രമാണ് ഭാവി. തന്റെ ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും കാലാകാലം മാറ്റങ്ങള്‍ വരുത്തി ഉപഭോക്താവിന്റെ അഭിരുചിയേയും താല്‍പ്പര്യങ്ങളേയും തൃപ്തിപ്പെടുത്താന്‍ സാധിക്കുന്നില്ല എങ്കില്‍ ബിസിനസിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാകും.

നാം ദിനംപ്രതി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നോക്കൂ. ഫാന്‍, മിക്‌സി, വാഷിംഗ് മെഷീന്‍, എസി, ടിവി തുടങ്ങിയ ഉല്‍പ്പന്നങ്ങളിലൊക്കെ എന്തൊക്കെ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഓരോ ബ്രാന്‍ഡും അവരുടെ USP (Unique Selling Proposition) നമുക്കു മുന്നില്‍ എടുത്തുകാട്ടുന്നു. നമ്മുടെ അഭിരുചിക്കനുസരിച്ച് നാം ബ്രാന്‍ഡുകളെ സ്വീകരിക്കുന്നു. ഓരോ ഉല്‍പ്പന്നത്തിനും നിറത്തില്‍, കാഴ്ചയില്‍, പ്രകടനത്തില്‍ എത്രയേറെ വ്യത്യാസം വന്നിരിക്കുന്നു. മാറ്റങ്ങളില്ലാത്ത, അഭിവൃദ്ധിയില്ലാത്ത ഉല്‍പ്പന്നങ്ങളും സേവനങ്ങളും കാലക്രമേണ മാര്‍ക്കറ്റില്‍ നിന്നും തുടച്ചു മാറ്റപ്പെടുന്നു.

ഏതൊരു ബിസിനസിനും ഇന്ന് ഗവേഷണം ഒഴിച്ചുകൂടാനാവാത്ത മേഖലയാണ്. പക്ഷേ, ബിസിനസിലെ മറ്റുപ്രക്രിയകള്‍ക്ക് നല്‍കുന്ന പ്രാധാന്യം നാം ഇന്നും ഗവേഷണത്തിനു നല്‍കുന്നില്ല.

അത്യാവശ്യമില്ലാത്ത ഒരു ഭാഗം എന്ന നിലയില്‍ നാം ഗവേഷണത്തിനെ പടിപ്പുരയ്ക്കു പുറത്തു നിര്‍ത്തിയിരിക്കുന്നു. കിടമത്സരം കൊടുമ്പിരിക്കൊള്ളുന്ന മാര്‍ക്കറ്റില്‍ നമുക്കേറ്റവും അത്യാവശ്യമുള്ള ഈ പ്രക്രിയയുടെ പ്രാധാന്യം നാം മനസിലാക്കിയിട്ടില്ല. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കു മാത്രം ആവശ്യമുള്ള ധാരാളം പണച്ചെലവുള്ള ഒന്നായിമാത്രം കണ്ട് ഇതിനെ നാം അകറ്റി നിര്‍ത്തുന്നു.

ചെറിയ സംരംഭങ്ങള്‍ മുതല്‍ വലിയ സംരംഭങ്ങള്‍ക്കു വരെ ഗവേഷണം ഒഴിച്ചുകൂടാനാവാത്ത കാര്യമാണ്. അതിന്റെ വ്യാപ്തിയില്‍ മാത്രമാണ് വ്യത്യാസമുള്ളത്. ഉല്‍പ്പാദകര്‍ക്കും ഉല്‍പ്പന്നങ്ങള്‍ വാങ്ങി വില്‍ക്കുന്ന കച്ചവടക്കാര്‍ക്കും വരെ ഗവേഷണം ആവശ്യമാണ്. തങ്ങളുടെ പ്രദേശത്തെ ഉപഭോക്താക്കളുടെ അഭിരുചി മുതല്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന (Display) രീതി വരെ ഗവേഷണങ്ങളിലൂടെ മാത്രമേ മനസിലാക്കുവാന്‍ സാധിക്കുകയുള്ളൂ. ഉല്‍പ്പന്നങ്ങളേയും മാര്‍ക്കറ്റിനേയും നിരന്തരം നിരീക്ഷിക്കുന്ന സംസ്‌കാരം ബിസിനസില്‍ രൂപപ്പെടണം. ആ സംസ്‌കാരം തന്നെയാണ് ഗവേഷണം. ബോധപൂര്‍വമായ ഈ സംസ്‌കാരം പടുത്തുയര്‍ത്തലാണ് ബിസിനസിന്റെ നിരന്തരമായ അഭിവൃദ്ധിയിലേക്കുള്ള യാത്രയും.

ഇന്നത്തെ ബിസിനസ് സ്ഥാപനങ്ങളുടെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു. സ്ഥാപനങ്ങളുടെ കെട്ടിലും മട്ടിലും ഒരു അന്തര്‍ദേശീയ ഭാവം. ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം പോലും അമ്പേ മാറിയിരിക്കുന്നു. ലോകം മുഴുവന്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നമ്മളും ഉള്‍ക്കൊണ്ടു തുടങ്ങിയിരിക്കുന്നു. ബിസിനസുകള്‍ മാറ്റങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതു തന്നെയാണ് ഇതിനു കാരണം. ഇന്ന് പുതുതലമുറയിലെ ബിസിനസുകാരന്‍ ശരിയായ ഗവേഷണത്തിനു ശേഷമാണ് ബിസിനസ് ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ നവീനമായ പ്രവണതകള്‍ ബിസിനസിലേക്കു സന്നിവേശിപ്പിക്കാന്‍ അവര്‍ക്കു കഴിയുന്നു.

ഗവേഷണം എന്ന പ്രക്രിയ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് അല്ല, ബിസിനസില്‍ മൊത്തം നിറയേണ്ട ഈ പ്രക്രിയയെ നയിക്കുവാന്‍ പ്രാപ്തരായ വ്യക്തികളേയും അതിന്റെ Departmentalisation-നേയും ബിസിനസിന്റെ വലുപ്പമനുസരിച്ച് തീരുമാനിക്കാം. നവീനതയും അഭിവൃദ്ധിയും ലക്ഷ്യമായി മാറുമ്പോള്‍ ബോധപൂര്‍വമായ ഗവേഷണപ്രക്രിയ ഉടലെടുക്കുന്നു. ആവശ്യകത മനസിലാക്കി ഇടപെടുമ്പോള്‍ മാത്രമാണ് ഇതിന്റെ ഗുണഫലങ്ങള്‍ ബിസിനസിനു ലഭിക്കുന്നത്. ചെറിയ സംരഭങ്ങളില്‍ സംരഭകര്‍ തന്നെ ഈ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കണം. വലിയ സംരഭങ്ങളില്‍ ഗവേഷണത്തിനു വേണ്ടിയുള്ള ഒരു ടീമിനെ തന്നെ നിരന്തരമായ നിരീക്ഷണങ്ങള്‍ നടത്തുവാനും പുതിയ മാറ്റങ്ങള്‍ വരുത്തുവാനും വേണ്ടി വാര്‍ത്തെടുക്കണം. ദീര്‍ഘകാല വീക്ഷണമുള്ള ബിസിനസുകാര്‍ ഈ പ്രക്രിയയ്ക്ക് അതീവപ്രാധാന്യം നല്‍കുന്നു.

അനന്തമായ സാധ്യതകള്‍ നമുക്ക് മുന്നില്‍ തുറന്നുകിടക്കുന്നു. അത് കണ്ടെത്തുക തന്നെയാവട്ടെ നമ്മുടെ ലക്ഷ്യം.

 

 

 

Leave a comment