വിഭവവിനിയോഗം ബുദ്ധിപരമാക്കാം

മൂലധനത്തിന്റെയോ സര്‍ഗ്ഗശേഷിയുടെയോ കുറവുകളല്ല ബിസിനസിനെ പരാജയപ്പെടുത്തുന്നത്. ക്രിയാത്മക വിനിയോഗത്തില്‍ വരുന്ന പാളിച്ചകളാണ്. വിഭവങ്ങളുടെ ബുദ്ധിപരമായ വിനിയോഗത്തിലൂടെ മാത്രമേ ബിസിനസിന് നിലനില്‍ക്കുവാനും വിജയിക്കുവാനും സാധിക്കുകയുള്ളൂ

മിഡില്‍ ഈസ്റ്റില്‍ വെന്നിക്കൊടി പാറിച്ച ബിസിനസ് സംരംഭങ്ങളുടെ സാരഥിയായ മലയാളി. പക്ഷേ, വിദേശത്ത് വിജയകരമായി ബിസിനസ് നടത്തിയ അദ്ദേഹത്തിന്റെ കേരളത്തിലെ സംരംഭം നഷ്ടത്തിലായി. ഇത് അദ്ദേഹത്തിന്റെ മാത്രം കഥയല്ല. മൂലധനത്തിന്റെയോ സര്‍ഗ്ഗശേഷിയുടെയോ കുറവുകളല്ല പലപ്പോഴും ബിസിനസിനെ പരാജയപ്പെടുത്തുന്നത്. ക്രിയാത്മക വിനിയോഗത്തില്‍ വരുന്ന പാളിച്ചകളാണ്. വിഭവങ്ങളുടെ ബുദ്ധിപരമായ വിനിയോഗത്തിലൂടെ മാത്രമേ ബിസിനസിന് നിലനില്‍ക്കുവാനും വിജയിക്കുവാനും സാധിക്കുകയുള്ളൂ.

വളരെ സൂക്ഷ്മമായ ഒന്നാണ് വിഭവങ്ങളുടെ ബുദ്ധിപരവും ക്രിയാത്മകവുമായ വിനിയോഗം. നിരന്തരമായ അഭ്യസനത്തിലൂടെ (Continuous Practice) നേടിയെടുക്കേണ്ട സര്‍ഗശക്തി. ജപ്പാന്‍കാര്‍ സംസ്‌ക്കാരത്തിന്റെ ഭാഗമാക്കിയ മഹത്തായ കഴിവാണത്. അവിരാമമായ അഭിവൃദ്ധി (Continuous Improvement) എന്നത് ജാപ്പനീസ് ബിസിനസ് സംസ്‌ക്കാരത്തിന്റെ ഭാഗമാകുന്നു. അവിരാമമായ അഭിവൃദ്ധിയുടെ യഥാര്‍ത്ഥമൂല്യം സ്ഥാപനത്തില്‍ സൃഷ്ടിക്കപ്പെടുന്ന നിരന്തര അഭ്യസനത്തിന്റെ അന്തരീക്ഷമാണ്. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ജപ്പാന്‍ എന്ന രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് പാഠമാക്കാം.

വിഭവങ്ങളുടെയും സാങ്കേതികവിദ്യയുടെയും അപര്യാപ്തതകള്‍ മറികടന്ന് ലോകഭീമന്മാരെ വെല്ലുവിളിക്കുവാന്‍ ജപ്പാനിലെ കമ്പനികള്‍ പ്രാപ്തരായതെങ്ങനെ എന്നു മനസിലാക്കിയാല്‍ കേരളത്തിലെ പല ബിസിനസ് സംരംഭങ്ങളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം. ”പാഴ്‌ച്ചെലവിന്റെ ഉന്മൂലനം”എന്ന മഹത്തായ തത്വശാസ്ത്രം ജപ്പാന്‍കാര്‍ കാണിച്ചുതരുന്നു. പാഴ്‌ച്ചെലവ് എന്നതിനെ അവര്‍ MUDA എന്നു വിളിക്കുന്നു. ബിസിനസലേക്ക് മൂല്യമൊന്നും കൂട്ടിച്ചേര്‍ക്കാത്ത പ്രവര്‍ത്തനങ്ങളെ (nonþvalue added activtiy) നമുക്ക് waste എന്നു വിളിക്കാം. ഈ പാഴ്‌ച്ചെലവിന്റെ നിയന്ത്രണം വിഭവങ്ങളുടെ യഥാര്‍ത്ഥ വിനിയോഗം ഉറപ്പാക്കുന്നു. ഉപഭോക്താവ് ഉല്‍പ്പന്നത്തിന്റെയോ സേവനത്തിന്റെയോ യഥാര്‍ത്ഥമൂല്യം നല്‍കുവാനേ ഇഷ്ടപ്പെടുന്നുള്ളൂ. ഉല്‍പ്പന്നത്തിലോ സേവനത്തിലോ മൂല്യം കൂട്ടിച്ചേര്‍ക്കാന്‍ കഴിയാത്ത ഒരു പ്രവൃത്തിക്കും ഉപഭോക്താവ് പണം മുടക്കുന്നില്ല.

പാഴ്‌ച്ചെലവുകള്‍ ഇല്ലാതാക്കുന്നത് നമ്മുടെ ഒരു സംസ്‌ക്കാരമോ തത്വശാസ്ത്രമോ ആയി മാറിയിട്ടില്ല. ബിസിനസിലെ പാഴ്‌ച്ചെലവുകള്‍ കണ്ടെത്തുവാനും നിയന്ത്രിക്കുവാനുമുള്ള അവിരാമമായ പ്രക്രിയയിലേക്ക് ബിസിനസ് സ്ഥാപനങ്ങള്‍ എത്തിച്ചേരണം. ഉപഭോക്താവ് മൂല്യം കല്‍പ്പിക്കാത്ത പ്രവര്‍ത്തനങ്ങള്‍ ബിസിനസില്‍ ഒഴിവാക്കപ്പെടണം. ഉല്‍പ്പന്നത്തിന്റെ വില പരിധിയിലധികം വര്‍ദ്ധിപ്പിക്കാനാകാത്ത കഠിനമായ കിടമത്സരമുള്ള മാര്‍ക്കറ്റില്‍ പാഴ്‌ച്ചെലവുകള്‍ നിയന്ത്രിച്ച് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുക എന്ന തന്ത്രമായിരിക്കണം സ്വീകരിക്കേണ്ടത്.

സമയം (Time) എന്ന മൂല്യമുള്ള വിഭവത്തിന്റെ പാഴ്‌ച്ചെലവ് പലപ്പോഴും അവഗണിക്കപ്പെടുകയാണ്. പണത്തിന്റെയും വസ്തുക്കളുടെയും സമയത്തിന്റെയും പാഴ്‌ച്ചെലവുകള്‍ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞാലേ വേസ്റ്റ് എലിമിനേഷന്‍ വിജയകരമാകൂ. ശാസ്ത്രീയമായ രീതിയില്‍ ഉല്‍പ്പന്നങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന സ്റ്റോറില്‍ നിന്നും ഒരു ഉല്‍പ്പന്നം കണ്ടെത്താന്‍ വേഗം കഴിയും. എന്നാല്‍ അടുക്കും ചിട്ടയുമില്ലാത്ത സ്റ്റോറില്‍ നിന്നും ഉല്‍പ്പന്നം കണ്ടെത്തുവാന്‍ ധാരാളം സമയം ആവശ്യമാകുന്നു. സമയത്തിന്റെ ഈ വ്യത്യാസം മൂല്യമുള്ളതാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനച്ചെലവിലേക്ക് ഈ സമയത്തിന്റെ മൂല്യം കൂട്ടിച്ചേര്‍ക്കപ്പെടുന്നു. നിരവധി മേഖലകളിലെ സമയനഷ്ടം സ്ഥാപനത്തിന്റെ ലാഭത്തില്‍ കുറവുണ്ടാക്കും.

നിസാരം എന്നു തോന്നുന്ന ഇത്തരം പ്രക്രിയകള്‍ വ്യവസ്ഥാനുസൃതമായ (Systematic) പ്രക്രിയകളാക്കിയാല്‍ വിഭവങ്ങളുടെ ഉല്‍പ്പാദനപരമായ
വിനിയോഗം ഉറപ്പുവരുത്താം. മനുഷ്യവിഭവശേഷിയുടെ സമയനഷ്ടമില്ലാത്ത വിനിയോഗം കൂടുതല്‍ ഉല്‍പ്പാദനക്ഷമതയിലേക്ക് നയിക്കും. ആഗോള വാഹനനിര്‍മ്മാണ വിപണിയിലെ ജനറല്‍ മോട്ടോഴ്‌സിനോടും ഫോര്‍ഡിനോടും കിടപിടിക്കാന്‍ ജപ്പാനിലെ ടൊയോട്ടയെ പ്രാപ്തമാക്കിയത് ഈ തത്വശാസ്ത്രമാണ്.

ടൊയോട്ട പ്രൊഡക്ഷന്‍ സിസ്റ്റം (TPS) എന്നു വിളിക്കുന്ന പ്രസിദ്ധമായ ലീന്‍ മാനേജ്‌മെന്റ് സിസ്റ്റം ടൊയോട്ട മോട്ടോഴ്‌സില്‍ നിന്നും ആവിര്‍ഭവിച്ചതാണ്. പാഴ്‌ച്ചെലവുകള്‍ ഉന്മൂലനം ചെയ്യുക എന്ന ടൊയോട്ടയുടെ തത്വശാസ്ത്രത്തില്‍ നിന്നാണ് ഈ പ്രക്രിയയുടെ പിറവി. ടൊയോട്ട പ്രൊഡക്ഷന്‍ സിസ്റ്റം (TPS) നമുക്കും പ്രയോജനപ്പെടുത്താം. ഏതു സ്ഥാപനത്തിലായാലും ഈ പ്രക്രിയയുടെ പ്രയോഗം ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. ടൊയോട്ട പ്രൊഡക്ഷന്‍ സിസ്റ്റം (TPS) ഏഴു തരത്തിലുള്ള പാഴ്‌ച്ചെലവുകളുടെ ഉന്മൂലനം ലക്ഷ്യമിടുന്നു.

അമിതോല്‍പ്പാദനം:

അമിതമായ ഉല്‍പ്പാദനം, തൊഴിലാളി സ്റ്റോറേജ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ അമിതച്ചെലവുകള്‍ ക്ഷണിച്ചു വരുത്തും.

സമയത്തിന്റെ പാഴ്‌ച്ചെലവ്:

ജോലിസ്ഥലത്ത് പാഴാക്കപ്പെടുന്ന സമയം. പ്രക്രിയകള്‍ക്ക് ഇടയില്‍ നഷ്ടപ്പെടുന്ന സമയം, ഉല്‍പ്പാദനത്തിനായി അസംസ്‌കൃതവസ്തുക്കള്‍ എത്തുന്നതിനുള്ള താമസം എന്നിവ ഈ ഗണത്തില്‍പ്പെടുന്നു.

അനാവശ്യമായ ഗതാഗതം:

ഉല്‍പ്പാദനത്തിനാവശ്യമായ വസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും അനാ
വശ്യമായ ഗതാഗതം. ഒരു സ്ഥലത്തു നിന്ന് വസ്തുക്കള്‍ മറ്റൊരിടത്തേക്ക് എത്തിക്കുമ്പോള്‍ വരുന്ന സമയനഷ്ടം.

അനാവശ്യമായ പ്രക്രിയകള്‍:

സിസ്റ്റമാറ്റിക് അല്ലാത്ത പ്രക്രിയകള്‍ വഴി ഉണ്ടാകുന്ന പാഴ്‌ച്ചെലവ്. ഉല്‍പ്പാദകശേഷി കുറഞ്ഞ ഉപകരണങ്ങള്‍, പ്രൊഡക്ട് ഡിസൈന്‍, അനാവശ്യമായ ചലനങ്ങള്‍ എന്നിവവഴി ഈ
പാഴ്‌ച്ചെലവുകള്‍ ഉണ്ടാകുന്നു.

ആവശ്യത്തിലധികമുള്ള സ്റ്റോക്ക്:

അമിത അസംസ്‌കൃതവസ്തുക്കള്‍, വര്‍ക്ക് ഇന്‍ പ്രോഗ്രസ്സ്, ഉല്‍പ്പന്നങ്ങള്‍ എന്നിവ പാഴ്‌ച്ചെലവ് വര്‍ദ്ധിപ്പിക്കുന്നു. വ്യക്തമായ വര്‍ക്കിംഗ് കാപ്പിറ്റല്‍
പ്ലാനിംഗ് ഇല്ലാതെ സംഭവിക്കുന്നതാണ് ഇത്തരത്തിലുള്ള നഷ്ടം.

അനാവശ്യമായ ചലനങ്ങള്‍:

ജോലി സമയത്തുള്ള അനാവശ്യചലനങ്ങള്‍ പാഴ്‌ച്ചെലവിനു നിദാന
മാകുന്നു. ഉപകരണങ്ങള്‍ പണിയായുധങ്ങള്‍ എന്നിവയ്ക്കായുള്ള തിരച്ചില്‍, അവ ലഭിക്കുവാന്‍ വേണ്ടിയുള്ള നടത്തം എന്നിവയ്ക്കായി ചിലവിടുന്ന സമയം പാഴ്‌ച്ചെലവാകുന്നു.

ന്യൂനതകള്‍:

വികലമായ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം, അറ്റകുറ്റപ്പണികള്‍ക്കായി വേണ്ടിവരുന്ന സമയം എന്നിവ ന്യൂനതകള്‍ മൂലമുണ്ടാകുന്ന പാഴ്‌ച്ചെലവായി കണക്കാക്കാം. ഉപയോഗിക്കാത്ത മനുഷ്യവിഭവശേഷിയുടെ സര്‍ഗ്ഗാത്മകതയും പാഴ്‌ച്ചെലവാണ്. അറിവുനേടാനും പങ്കുവയ്ക്കുവാനുമുള്ള സംസ്‌ക്കാരം വളര്‍ത്തിയെടുക്കാത്ത പ്രസ്ഥാനങ്ങള്‍ ഈ സര്‍ഗ്ഗശേഷിയെ ഉപയോഗപ്പെടുത്തുന്നില്ല.

ബിസിനസ്സില്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ചെലവുകളിലുണ്ടാകുന്ന കര്‍ശന നിയന്ത്രണം. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കി ശക്തമായ മാനേജ്‌മെന്റ് കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗപ്പെടുത്തി സുശക്തമായ മാനേജ്‌മെന്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ കഴിയണം.

 

 

 

Leave a comment