സാങ്കേതികത ബിസിനസിന്റെ ചിറകുകള്‍

കേരളത്തിലെ ബിസിനസുകള്‍ വിവരസാങ്കേതിക വിദ്യയുടെ അപാര സാധ്യതകള്‍ എന്തുകൊണ്ട് പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നില്ല?

1997ല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ സമ്മിറ്റില്‍ ‘ഡിജിറ്റല്‍ നെര്‍വ്‌സ് സിസ്റ്റം’ എന്ന വിപ്ലവകരമായ ആശയം ബില്‍ഗേ റ്റ്‌സ് പങ്കുവയ്ക്കുകയുണ്ടായി. മനുഷ്യ നാഡീവ്യൂഹം പോലെ തന്നെ പ്രവര്‍ത്തിക്കുന്ന, വിവരങ്ങള്‍ യഥാസമയം ശരിയായ വ്യക്തികള്‍ക്ക് എത്തിക്കുവാന്‍ കഴിയുന്ന ഒരു കോര്‍പ്പറേറ്റ് സാങ്കേതിക നാഡീവ്യൂഹം എന്ന ആശയത്തിന് അദ്ദേഹം തിരികൊളുത്തി. ഓരോ ബിസിനസ് സ്ഥാപനത്തിനും അതിന്റെ പരിതസ്ഥിതികളോട് വളരെ എളുപ്പത്തിലും വേഗത്തിലും പ്രതികരിക്കാന്‍ പ്രാപ്തമാക്കുന്ന ഡിജിറ്റല്‍ നെര്‍വ്‌സ് സിസ്റ്റം ബിസിനസിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ശക്തമായ പിന്‍ബലം നല്‍കുന്നു.

അടുത്ത പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ ബിസിനസുകള്‍ കഴിഞ്ഞ അമ്പത് വര്‍ഷങ്ങളേക്കാള്‍ മാറ്റങ്ങള്‍ക്ക് വിധേയമാകും എന്നദ്ദേഹം ചൂണ്ടികാട്ടി.
ബില്‍ഗേറ്റ്‌സിന്റെ ദീര്‍ഘദര്‍ശനം ശരിയാണെന്ന് കാലം തെളിയിച്ചു. ബിസിനസിലെ ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇക്കാലയളവില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിച്ചു. ബിസിനസുകളുടെ വളര്‍ച്ച ചിന്തയുടെ വേഗത്തിലായി മാറി. ഇന്ന് ബിസിനസിനെ താങ്ങി നിര്‍ത്തുന്ന നട്ടെല്ലായി വിവരസാങ്കേതിക വിദ്യ മാറിയിരിക്കുന്നു. വമ്പന്‍ കോര്‍പ്പറേറ്റുകള്‍ മുതല്‍ ചെറിയ സ്ഥാപനങ്ങള്‍ വരെ വിവര സാങ്കേതികവിദ്യയെ (Information Technology) ഗുണപരമായി വിനിയോഗിക്കുന്നു.

ഇന്ന് ബിസിനസിലെ ഏറ്റവും കൂടുതല്‍ ജോലി എന്നു പറയപ്പെടുന്നത് ‘ഇന്‍ഫൊര്‍മേഷന്‍ വര്‍ക്ക്’ ആണ്. ഡാറ്റയുടെ ശേഖരണവും വിശകലനവും ബിസിനസുകള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പ്രക്രിയകളാകുന്നു. ബിസിനസിനു ചിതമായ ഡിജിറ്റല്‍ നെര്‍വ്‌സ് സിസ്റ്റത്തിന്റെ വ്യവസ്ഥാപനത്തിലൂടെ വിവരങ്ങളുടെ ഒഴുക്ക് ശക്തമാകുന്നു.

വലിയ അളവ് ഡാറ്റയുടെ വേഗതയാര്‍ന്ന വിശകലനത്തിലൂടെ ശരിയായ തീരുമാനങ്ങളെടുക്കുവാന്‍ മാനേജ്‌മെന്റ് പ്രാപ്തമാകുന്നു. സങ്കീര്‍ണമായ ബിസിനസ് പ്രക്രിയകളെ ലളിതമാക്കുവാനും യഥാസമയം ഉപയോഗപ്പെടുത്തുവാനും ഈ നെറ്റ്‌വര്‍ക്കിന് സാധിക്കും.
എന്നാല്‍ സാങ്കേതികതയുടെ ശരിയായ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന വളരെ കുറച്ച് ബിസിനസ് സ്ഥാപനങ്ങള്‍ മാത്രമേ നമ്മുടെ നാട്ടിലുള്ളൂവെന്നത് ദു:ഖകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. ലോകം മുഴുവന്‍ വിവര സാങ്കേതികവിദ്യയെ പൂര്‍ണമായി പ്രയോജനപ്പെടുത്തുവാന്‍ അക്ഷീണം പരിശ്രമിക്കുമ്പോള്‍ പലപ്പോഴും വളരെ ലളിതമായ ബിസിനസ് പ്രക്രിയകള്‍ക്കു മാത്രമാണ് നാം അതിനെ പ്രയോജനപ്പെടുത്തുന്നത്.

എക്കൗണ്ടിംഗ് എന്ന ഒരു പ്രക്രിയയ്ക്ക് ഉപരിയായി ഈ വരദാനത്തിനെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുവാനും യഥാസമയങ്ങളില്‍ നിയമപരമായ റിട്ടേണുകള്‍ സമര്‍പ്പിക്കുവാനും മാത്രമായ ഒരു ഉപകരണമായിട്ടാണ് നാം ഏറെയും കംപ്യൂട്ടര്‍ സിസ്റ്റത്തെ കാണുന്നത്. എന്നാല്‍ ഈ സാങ്കേതികവിദ്യയുടെ യഥാര്‍ത്ഥ കഴി വുകള്‍ പ്രയോജനപ്പെടുത്തുവാന്‍ നമുക്ക് കഴിയാതെ പോകുന്നത് ഇതിന്റെ ശരിയായ ഉപയോഗം ബിസിനസിനെ എങ്ങനെ സഹായിക്കും എന്ന അറിവിന്റെ പരിമിതി മൂലമാണ്.

ബിസിനസിന്റെ പ്രക്രിയകളെ ‘ഓട്ടോമേറ്റ്’ ചെയ്യുക എന്നുപറയുമ്പോള്‍ നാം എക്കൗണ്ടിംഗ് പ്രക്രിയ ഓട്ടോമേറ്റ് ചെയ്യുക എന്ന ലളിതമായ അര്‍ത്ഥം മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. എന്നാല്‍ ഇതിനുപരിയായി വിവര സാങ്കേതികവിദ്യയ്ക്ക് ഒരു ബിസിനസില്‍ കാണിക്കാവുന്ന അത്ഭുതങ്ങള്‍ വളരെയേറെയാണ്. ഇതിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും വിശകലനവും നമ്മുടെ കാഴ്ചപ്പാടുകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും അത് ബിസിനസിന്റെ വളര്‍ച്ച ദ്രുതഗതിയിലാക്കുകയും ചെയ്യും.

താഴെ നല്‍കുന്ന കുറച്ച് ചോദ്യങ്ങള്‍ക്ക് നമ്മുടെ ഉത്തരം എന്തെന്നു നോക്കാം. ഈ ചോദ്യങ്ങള്‍ക്കെല്ലാം ‘യെസ്’ എന്നാണുത്തരം ലഭിക്കുന്നതെങ്കില്‍ നാം വിവര സാങ്കേതികവിദ്യ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെന്ന് മനസിലാക്കാം.

എക്കൗണ്ടിംഗ്, മൈക്രോസോഫ്റ്റ് ഓഫീസിന്റെ ഉപയോഗം, ഇ-മെയില്‍, ഇന്റര്‍നെറ്റ് എന്നിവയ്ക്കുപരിയായി വിവര സാങ്കേതികവിദ്യയെ ഉപയോഗി ക്കുന്നുണ്ടോ?

സ്ഥാപനത്തിന്റെ ആശയവിനിമയം ശക്തമാക്കുവാനും ലളിതമാക്കുവാനും വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടോ?

അസംസ്‌കൃത വസ്തുക്കളുടേയും ഉല്‍പ്പന്നങ്ങളുടേയും വാങ്ങല്‍ വില്‍പ്പനകളിലോ, ഉല്‍പ്പാദനത്തിലോ വിവര സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടോ?

സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ പ്രക്രിയകളില്‍ വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടോ?

ബിസിനസ് പ്രക്രിയകള്‍ ലളിതമാക്കുവാനും മാനേജ്‌മെന്റ് കണ്‍ട്രോള്‍ സ്ഥാപിക്കുവാനും വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടോ?

ഡാറ്റയുടെ വിശകലനത്തിനും റിപ്പോര്‍ട്ടിംഗിനുമായി വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടോ?

പ്രതിയോഗികളെയും അവരുടെ ഉല്‍പ്പന്നങ്ങളേയും വിശകലനം ചെയ്യുവാന്‍ വിവര സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടോ?

കസ്റ്റമറേയും മാര്‍ക്കറ്റിനേയും വിശകലനം ചെയ്യുവാന്‍ വിവര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ടോ?

കോസ്റ്റിംഗ്, ഉല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കല്‍ എന്നീ പ്രക്രിയകകളില്‍ വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നുണ്ടോ?

മുകളില്‍ ചൂണ്ടിക്കാണിച്ച എത്ര പ്രക്രിയകള്‍ക്ക് നാം സാങ്കേതികവിദ്യയുടെ പിന്തുണ തേടുന്നുണ്ട് എന്നതിനെ ആശ്രയിച്ചാണ് നാം അതിനെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിന്റെ യഥാര്‍ത്ഥ ചിത്രം തെളിയുന്നത്. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടുകൂടി ബിസിനസിന്റെ അതിര്‍ത്തികള്‍ തകര്‍ന്നു.ഇ-കൊമേഴ്‌സിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തി ലോകം മുഴുവന്‍ ഒരൊറ്റ മാര്‍ക്കറ്റാക്കി മാറ്റുവാന്‍ വിവരസാങ്കേതികവിദ്യയെ യഥാവിധി പ്രയോജനപ്പെടുത്തുന്ന ബിസിനസുകള്‍ക്ക് സാധിക്കുന്നു.

കുറ്റമറ്റരീതിയില്‍ ഡാറ്റ വിശകലനം ചെയ്യുവാനും ശരിയായ തീരുമാനങ്ങള്‍ ദ്രുതഗതിയില്‍ എടുക്കുവാനും മാനേജ്‌മെന്റിനെ പ്രാപ്തമാക്കുവാന്‍ വിവരസാങ്കേതികവിദ്യയ്ക്ക് സാധിക്കും. ധാരാളം മനുഷ്യപ്രയത്‌നം വേണ്ടി വരുന്ന പ്രക്രിയകള്‍ എളുപ്പത്തില്‍ തെറ്റുകളില്ലാതെ പൂര്‍ത്തീകരിക്കുവാന്‍ ബിസിനസുകള്‍ക്ക് ഇത് ഫലപ്രദമാകും. കുറഞ്ഞ മാനവവിഭവശേഷി ഉപയോഗപ്പെടുത്തികൊണ്ട് കൂടുതല്‍ ഫലം നേടാനാവുന്നു. ചെറിയ എക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറുകളേക്കാളുപരിയായി ബിസിനസ് പ്രക്രിയകളെ കോര്‍ത്തിണക്കുന്ന Enterprise Resource Planning (ERP) ആണ് ഇന്ന് ബിസിനസുകള്‍ക്കാവശ്യം. സങ്കീര്‍ണമായ പല പ്രക്രിയകളേയും ലളിതവത്കരിക്കുവാന്‍ ഋഞജ കള്‍ക്കു സാധിക്കുന്നു. മാനുവല്‍ പ്രോസസിംഗില്‍ സാധ്യമാകാത്ത മാനേജ്‌മെന്റ് കണ്‍ട്രോളുകള്‍ ERPയില്‍ വളരെ ലളിതമായ രീതിയില്‍ നടപ്പിലാക്കാം. ബിസിനസ് പ്രക്രിയകളെ സൂക്ഷ്മമായി പഠിച്ച് യോജ്യമായ ഒരു ERP വികസിപ്പിച്ചെടുക്കുകയാണെങ്കില്‍ ബിസിനസിന്റെ ഏറ്റവും മികച്ച അസെറ്റ് അതായി മാറും.

ലോകത്തെവിടെ നിന്നും നമ്മുടെ ബിസിനസിനെ നി യന്ത്രിക്കാവുന്ന ശക്തമായ ഈ ഡിജിറ്റല്‍ നെര്‍വ്‌സ് സിസ്റ്റം ഭൂമിശാസ്ത്രപരമായതും സാങ്കേതികവുമായ എല്ലാ അതിര്‍ത്തികളേയും ഭേദിച്ച് നമ്മുടെ ബിസിനസിനെ ഉയരങ്ങളിലേക്ക് നയിക്കുന്നു.

 

 

 

 

Leave a comment