സ്ത്രീ എന്ന മാനേജ്‌മെന്റ് വിദഗ്ധ

വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ട് മോഹങ്ങളെ മുരടിപ്പിക്കുവാനുള്ളതല്ല ജീവിതം. മനസ്സിലെ കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്ത്രീ ശക്തി ഉണരണം

എറണാകുളം സെന്റ് തേരെസാസ് കോളെജിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഒരു മോട്ടിവേഷണല്‍ ടോക്ക് നല്‍കുകയായിരുന്നു ഞാന്‍. വളരെ ഊര്‍ജ്ജ്വസ്വലരായി സാകൂതം എന്റെ വാക്കുകള്‍ കാതോര്‍ത്തിരുന്ന അവരോട് ഞാന്‍ ഒരു ചോദ്യം ഉന്നയിച്ചു. ജീവനോപാധിയായി നിങ്ങള്‍ ഏതു തൊഴില്‍ തെരഞ്ഞെടുക്കുവാനാണ് ഇഷ്ടപ്പെടുന്നത്. അവരില്‍ ഭൂരിഭാഗം പേരും പറഞ്ഞ ഉത്തരങ്ങള്‍ക്ക് ഒരുപാട് സമാനതകള്‍ ഉണ്ടായിരുന്നു. പ്രൊഫഷണല്‍സ് ആകുവാന്‍ ആഗ്രഹമുള്ളവര്‍, ജോലി മതി എന്നുപറഞ്ഞവര്‍, ഒരു തലവേദനയും വേണ്ട ഹൗസ് വൈഫായി ഒതുങ്ങിക്കൂടിയാല്‍ മതി എന്നു കരുതുന്നവര്‍ അങ്ങനെ വിവിധതരം ഉത്തരങ്ങള്‍ എന്റെ മുന്നില്‍ വീണു നിറഞ്ഞു. ആ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി മാത്രം ഒറ്റപ്പെട്ടുനിന്നു. തലയുയര്‍ത്തി എഴുന്നേറ്റു നിന്ന ആ കുട്ടി പറഞ്ഞു എനിക്കൊരു വനിതാ സംരംഭക ആകുവാനാണിഷ്ടം. അമ്പരന്ന മറ്റു കുട്ടികള്‍ അത്ഭുതത്തോടെ ഈ കുട്ടിയുടെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു. ഏതു ബിസിനസാണ് കുട്ടി തുടങ്ങുവാന്‍ പോകുന്നത്. മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെ വളരെയധികം ആത്മാഭിമാനത്തോടെ അവള്‍ പറഞ്ഞു ‘ഡയമണ്ട്‌സ്’. എന്തുകൊണ്ട് ഡയമണ്ട്‌സ് എന്ന എന്റെ അടുത്ത ചോദ്യത്തിന് അവള്‍ നല്‍കിയ ഉത്തരം എന്റെ ജീവിതത്തില്‍ ഞാന്‍ കേട്ട മനോഹരമായ ഉത്തരങ്ങളിലൊന്നായി മാറി. വളരെ ചെറിയ, എല്ലാം ഉള്‍ക്കൊള്ളുന്ന മൂന്നുവാക്കുകള്‍. അതിതായിരുന്നു -‘I Love Diamonds’.

ബിസിനസിന്റെ ഏറ്റവും വലിയ പ്രചോദനം എന്താണ്? ഉത്തരം ഒന്നേയുള്ളൂ. അതിനോടുള്ള നമ്മുടെ അഭിനിവേശം. ബിസിനസിനോടുള്ള പ്രണയം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഏതൊരു വ്യക്തിയും അതില്‍ വിജയം വരിക്കും. എന്റെ മുന്നില്‍ നിരന്നിരുന്ന നൂറുകണക്കിന് പെണ്‍കുട്ടികള്‍ക്കില്ലാത്ത ആ അഭിനിവേശം ഞാനാ കുട്ടിയുടെ കണ്ണുകളില്‍ കണ്ടു. അതുമാത്രം മതി അവളുടെ ലക്ഷ്യത്തിലേക്ക് അവളെ നയിക്കുവാന്‍. ഈ നൂറ്റാണ്ടില്‍ ബിസിനസിലെ ശക്തമായ സ്ത്രീ സാന്നിദ്ധ്യം നമുക്കു കാണാം. ബിസിനസില്‍ മാത്രമല്ല സമൂഹത്തിലെ ഏതു സ്ഥാനങ്ങളിലും ഇന്ന് സ്ത്രീകള്‍ മുന്നിട്ടു നില്‍ക്കുന്നു. എങ്കിലും ബിസിനസില്‍ പുരുഷമേധാവിത്വം തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. എന്തുകൊണ്ട് സ്ത്രീകള്‍ കൂടുതലായി ബിസിനസിലേക്ക് കടന്നുവരുന്നില്ല. സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വവും സാമൂഹ്യ അന്തരീക്ഷവുമാണോ അതിനു കാരണം? അതോ സ്ത്രീ ശാക്തീകരണം വാക്കുകളില്‍ മാത്രം ഒതുങ്ങിപ്പോകുന്നതാണോ? എന്തുകൊണ്ട് സ്ത്രീകള്‍ ബിസിനസ് രംഗത്തേക്ക് കൂടുതലായി കടന്നു വരുന്നില്ല എന്നതിന് കാരണം കണ്ടെത്തുക എന്നതും കടന്നു വരുന്നവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതും പരിഷ്‌കൃത സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു.

സ്ത്രീകളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ പുരുഷന്മാരോ സാമൂഹ്യ വ്യവസ്ഥിതിയോ ഒന്നുമല്ല. അവര്‍ തന്നെയാണ്. തന്റെ മനസ്സിന്റെ പുറന്തോട് പൊളിച്ച് പുറത്തുവരുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല എന്നതു തന്നെയാണ് യഥാര്‍ത്ഥ പ്രശ്‌നം. സ്ത്രീകള്‍ അബലകളാണ്, ദുര്‍ബലരാണ് എന്നു പരിതപിക്കുന്ന സ്ത്രീകള്‍ തന്നെയാണ് അവരുടെ യഥാര്‍ത്ഥ ശത്രു. ഇന്ത്യാ മഹാരാജ്യത്തെ നയിച്ച ഇന്ദിരാ ഗാന്ധി മുതല്‍ ബിസിനസിന്റെ നഭോമണ്ഡലത്തില്‍ ശോഭിക്കുന്ന ഇന്ദ്ര നൂയിയും ചന്ദ കൊച്ചാര്‍ വരെയുള്ളവര്‍ ഈ നാടിന്റെ സംഭാവനകളാണ്. തങ്ങളുടെ മനസ്സിന്റെ പ്രതിബന്ധങ്ങളെ തകര്‍ത്തെറിഞ്ഞ് ഉന്നതങ്ങളിലേക്കെത്തിയ എത്രയോ വനിതാ രത്‌നങ്ങള്‍. ഒരു പുരുഷനും ഒരു സാമൂഹ്യവ്യവസ്ഥിതിയും അവരെ തടുത്തില്ല. സ്വന്തം ശക്തി തിരിച്ചറിഞ്ഞ ഒരു സ്ത്രീയെയും ആര്‍ക്കും തടുക്കുവാനാവില്ല. സ്വന്തം മനസ്സിനല്ലാതെ. ഒരു ബിസിനസുകാരനാവശ്യമായ എല്ലാ നിപുണതകളുടേയും മൂര്‍ത്തരൂപമാണ് സ്ത്രീ. ജന്മനാ മാനേജ്‌മെന്റ് സ്‌ക്കില്ലുകള്‍ അവളില്‍ ഉള്‍ക്കൊള്ളുന്നു. പുരുഷന്മാര്‍ പരിശീലനത്തിലുടെ മാത്രം നേടുന്ന എത്രയോ നിപുണതകള്‍ സ്ത്രീയില്‍ ഒളിഞ്ഞിരിക്കുന്നു. ഇവയെ തിരിച്ചറിയാന്‍ അവര്‍ക്കോ സമൂഹത്തിനോ കഴിഞ്ഞിട്ടില്ല എന്നതാണ് ദുഃഖകരമായ വസ്തുത.

ഒരു ഗൃഹനാഥയെ ശ്രദ്ധിക്കൂ. ഒരു കുടുംബത്തെ നയിക്കുന്ന ആ മാനേജ്‌മെന്റ് വിദഗ്ധയെ നിങ്ങള്‍ പഠിച്ചിട്ടുണ്ടോ? സ്വാഭാവികമായ തന്മയത്ത്വത്തോടെ ഗൃഹം എന്ന വലിയൊരു പ്രസ്ഥാനത്തെ കൈകാര്യം ചെയ്യുന്ന വിദഗ്ധയായ ഒരു സിഇഒ തന്നെയാണ് ഈ ഗൃഹനാഥ. ഹൗസ് കീപ്പിംഗ് മുതല്‍ ദുഷ്‌ക്കരമായ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വരെ നിയന്ത്രിക്കുന്ന ഈ വ്യക്തിയുടെ ദിനചര്യയിലേക്കൊന്ന് കടന്നു ചെല്ലൂ. ബിസിനസില്‍ ഒരു സിഇഒയ്ക്ക് ആവശ്യമായ എല്ലാ സ്‌ക്കില്ലുകളിലും അവള്‍ വിദഗ്ധയാണ്. ടൈം മാനേജ്‌മെന്റ്, മാന്‍ മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ പ്ലാനിംഗും ബഡ്ജറ്റിംഗും, വര്‍ക്കിംഗ് കാപ്പിറ്റല്‍ മാനേജ്‌മെന്റ്, റിസോഴ്‌സ് പ്ലാനിംഗ് എന്നുവേണ്ട സമസ്ത മേഖലകളിലും സ്ത്രീ പ്രാവീണ്യമുള്ളവളാണ്. ഏതു പ്രതികൂല സാഹചര്യത്തിലും പതറാതെ നിന്ന് കുടുംബത്തെ നയിക്കുന്ന ഈ ഗൃഹനാഥ മാനേജ്‌മെന്റ് രംഗത്തെ അതിവിദഗ്ധ തന്നെയാകുന്നു.

നമ്മുടെ മനസ്സിലുള്ള അടങ്ങാത്ത ആ അഭിനിവേശം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. ലക്ഷ്യബോധമുള്ള ഒരു യാത്ര ആ പ്രചോദനത്തില്‍ നിന്നും ആരംഭിക്കുവാനാവും. സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ട് മോഹങ്ങളെ മുരടിപ്പിക്കുവാനുള്ളതല്ല ജീവിതം. മനസ്സിലെ കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്ത്രീ ശക്തി ഉണരണം. ഒറ്റക്കെട്ടായി സമൂഹത്തെ നയിക്കുവാന്‍ പ്രാപ്തമായ രീതിയില്‍ സാമ്പത്തിക സ്വാതന്ത്ര്യം വേണം. അതിനായി ബിസിനസിന്റെ രാജകീയ പാത മുന്നില്‍ നീണ്ടുകിടക്കുന്നു. ”ഞാന്‍ നിനച്ചാല്‍ നരിയെ പിടിപ്പേന്‍ ആനാല്‍ ഉയിര്‍ പോയാലും ഞാന്‍ നിനക്കമാട്ടേന്‍” എന്ന് പണ്ടൊരിക്കല്‍ ഒരു തമിഴന്‍ പറഞ്ഞപോലെ നമ്മളും ഉയിര്‍ പോയാലും നിനക്കമാട്ടേന്‍. ഈ മനോഭാവം ഉപേക്ഷിക്കണം. കടന്നു വരൂ, വെല്ലുവിളികള്‍ ഉണ്ടാകാം. ധീരമായി അവയെ നേരിടുവാന്‍ ഓരോ സ്ത്രീയിലേയും മാനേജ്‌മെന്റ് വിദഗ്ധയ്ക്ക് സാധിക്കും.

 

 

 

Leave a comment