സ്വാതന്ത്ര്യം തന്നെ അമൃതം

Cage for bird

താഴെയുള്ളവരില്‍ വിശ്വാസമര്‍പ്പിക്കുകയും അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍. സംരംഭകനും മാനേജര്‍മാരും അങ്ങനെയാവണം

സ്വാതന്ത്ര്യം തന്നെ അമൃതം എന്ന് മഹാകവി പാടിയത് ബിസിനസ് രംഗത്തും അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. വളരുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നതിന്റെ മൂലകാരണങ്ങളിലൊന്ന് സ്വാതന്ത്ര്യം തന്നെ. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ വളര്‍ച്ചയെ
നിര്‍ജീവിപ്പിക്കുന്നു. തികച്ചും സ്വതന്ത്രമായ ഒരു ബിസിനസ് ഭരണ സംവിധാനത്തിനു മാത്രമേ ബിസിനസിനെ ഉയര്‍ച്ചയിലേക്ക് നയിക്കുവാന്‍ കഴിയുകയുള്ളു.

ബിസിനസ് മാനേജ്‌മെന്റില്‍ ആവശ്യമായ സ്വാതന്ത്ര്യം എന്ന അനിവാര്യതയെയാണ് ഞാന്‍ ഇവിടെ ചൂണ്ടിക്കാട്ടുന്നത്. ഒരു വ്യക്തിയുടെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും സ്വാതന്ത്രൃംഎത്രമാത്രം വളമാകുന്നുവോ അതു പോലെ തന്നെയാണ് ബിസിനസ് ഭരണ സംവിധാനത്തില്‍ ഉപയോഗിക്കപ്പെടുന്ന സ്വതന്ത്രമായ പ്രവര്‍ത്തന രീതിയും. നിര്‍വ്വാഹകന്‍ (Manager) എന്ന വ്യക്തിയുടെ ഹിറ്റ്‌ലര്‍ മോഡല്‍ അടിച്ചമര്‍ത്തിയുള്ള കാര്യ നിര്‍വ്വഹണമല്ല ആധുനിക മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. അതിലുപരി പരമാവധി പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തി സര്‍ഗ്ഗാത്മകതയെ ബിസിനസിന്റെ ഉന്നമനത്തിനായി ഉപയോഗിക്കപ്പെടുന്ന സ്വതന്ത്രമായ ഒരു മാനേജ്‌മെന്റ് തന്ത്രമാവും ബിസ്സിനസുകളുടെ വളര്‍ച്ചയ്ക്ക് പിന്‍ബലമാകുന്നത്.

ബിസിനസില്‍ രണ്ട് തരം മാനേജര്‍മാരെ നമുക്ക് കാണം, ഇവര്‍ മേല്‍നോട്ടം വഹിക്കുന്ന ജോലികളിലൊക്കെ ഇവരുടെ മനോഭാവം വളരെ പ്രകടമാണ്. നമുക്ക് രണ്ട് ഉദാഹരണങ്ങള്‍ എടുത്തു നോക്കാം. ഇവിടെ ഒന്നാമത്തെ മാനേജരുടെ വീട്ടില്‍ ഒരു കുഴി കുത്താന്‍ ഒരു കൂലിപ്പണിക്കാരനെ വിളിച്ചിരിക്കുകയാണ്. കുഴികുത്തേണ്ട സ്ഥലം അടയാളപ്പെടുത്തി ഇദ്ദേഹം പണിക്കാരന്റെ അടുത്ത് കൈയും കെട്ടി പണിക്കാരന്റ പണി വീക്ഷിച്ചു നില്‍ക്കുകയാണ്. പണിക്കാരന്‍ തന്റെ മണ്‍വെട്ടിവെച്ച് ഓരോ വെട്ടു വെട്ടുമ്പോഴും ഇദ്ദേഹം പണിക്കാരന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. ഇദ്ദേഹത്തിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും കേട്ട് വലഞ്ഞ് വൈകുന്നേരമാകുമ്പോഴേക്കും ഒരു വിധം പണി തീര്‍ത്ത് പണിക്കാരന്‍ ഓടി രക്ഷപ്പെട്ടു. മാനേജര്‍ അദ്ദേഹത്തിന്റെ അന്നത്തെ ജോലി മാറ്റി വച്ചാണ് പണിക്കാരന്റെ ഒപ്പം നിന്നു പണി മുഴുവന്‍ എടുപ്പിച്ചത്.

നമ്മുടെ രണ്ടാമത്തെ മാനേജരെ എടുക്കാം. അദ്ദേഹത്തി
നും വീട്ടില്‍ ഒരു കുഴിയെടുക്കണം. അദ്ദേഹം പണിക്കാരനെ വിളിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി സ്ഥലം അടയാളപ്പെടുത്തി കാണിച്ചു കൊടുത്തു. തന്റെ ആവശ്യകത എന്താണെന്നും ഏതു രീതിയിലായിരിക്കണം കുഴി എടുക്കേണ്ടതെന്നും എപ്പോള്‍ പണി തീര്‍ക്കണം എന്നൊക്കെയുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി അദ്ദേഹം തന്റെ ജോലിക്കു പോയി. വൈകുന്നേരം തിരികെവന്ന് പണിയൊക്കെകണ്ട് തൃപ്തിപ്പെട്ടതിനു ശേഷം കൂലികൊടുത്ത് പണിക്കാരനെ പറഞ്ഞയച്ചു. മുകളില്‍
നാം കണ്ട രണ്ടു മാനേജര്‍മാരുടേയും പ്രവര്‍ത്തന ശൈലിയും മന:സ്ഥിതിയും വ്യത്യസ്തമാണ്.

ആദ്യത്തെയാള്‍ താന്‍ സ്വയം ചെയ്യുന്ന കാര്യങ്ങളിലല്ലാതെ മറ്റുള്ളവര്‍ ചെയ്യുന്ന കാര്യങ്ങളില്‍ തൃപ്തനല്ല. അദ്ദേഹത്തിന് മറ്റുള്ളവരി ല്‍ വിശ്വാസമില്ല. താന്‍ ഒപ്പം നിന്നില്ലെങ്കില്‍ പണികളൊന്നും ശരിയാവില്ലെന്നും മറ്റുള്ളവര്‍ അത് കുളമാക്കുമെന്നും ഇദ്ദേഹം കരുതുന്നു. മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം നല്‍കുവാനോ അവരില്‍ വിശ്വാസമര്‍പ്പിക്കാനോ അവരുടെ സര്‍ഗ്ഗശേഷിയെ ഉപയോഗപ്പെടുത്തുവാനോ ഇദ്ദേഹം താല്‍പര്യപ്പെടുന്നില്ല.

എന്നാല്‍ നമ്മുടെ രണ്ടാമത്തെ മാനേജരെ നോക്കുക. അദ്ദേഹം പണിക്കാരോട് തന്റെ ഉദ്ദേശ്യവും എന്തായിരിക്കണം പ്രവൃത്തിയുടെ ഫലം എന്നും വിശദീകരിക്കുകയും പണിതീര്‍ക്കേണ്ട സമയവും മറ്റും കൃത്യമായി ബോധ്യപ്പെടുത്തുകയും ചെയ്തതിനുശേഷം പണിക്കാരനു തന്റെ പണിയില്‍ പൂര്‍ണ്ണമായി സ്വാതന്ത്ര്യം നല്‍കി തന്റെ ജോലിക്കുപോയി. മറ്റുള്ളവരെ വിശ്വാസത്തിലെടുക്കുകയും അവര്‍ക്കു സ്വാതന്ത്ര്യം നല്‍കി തങ്ങളുടെ പണി പൂര്‍ത്തിയാക്കാനുള്ള പിന്തുണ നല്‍കുകയും ചെയ്തു. ഇതില്‍ ഏതു മാനേജരെയായിരിക്കും നാമിഷ്ടപ്പെടുക?

യഥാര്‍ത്ഥ നേതാക്കള്‍

തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുവാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന വ്യക്തികളെയാണ് ഏവര്‍ക്കുമിഷ്ടം. നേതൃത്വ പാടവമുള്ള മാനേജര്‍മാരെല്ലാം ഇത്തരത്തില്‍പ്പെട്ടവരാണ്. തങ്ങളുടെ അധികാരം പ്രയോഗിക്കുവാന്‍ വേണ്ടി താഴെയുള്ളവരെ അടിച്ചമര്‍ത്തി തന്റെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റി ഒരു വേതാളം പോലെ അവരില്‍ അള്ളിപിടിച്ചിരിക്കുന്നവര്‍ യഥാര്‍ത്ഥ നേതാക്കളല്ല. തന്റെ കീഴില്‍ ജോലിചെയ്യുന്നവരുടെ അറിവും സര്‍ഗ്ഗ ശക്തിയും (Creative Strength) സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുവാന്‍ അറിയുന്നവനാകണം ഒരു നല്ല മാനേജര്‍. അവരുടെ മാര്‍ഗ്ഗദര്‍ശിയും അഭ്യുദയകാംക്ഷിയും കൂടിയാവണം. തന്റെ കീഴിലും ഒപ്പവും ജോലിചെയ്യുന്നവരെ വിശ്വാസത്തിലെടുക്കാത്ത ഒരു വ്യക്തി നല്ലൊരു മാനേജരായിത്തീരുകയില്ല.

സീമകള്‍ ലംഘിക്കാത്ത സ്വാതന്ത്ര്യം

അതിര്‍ത്തികള്‍ ലംഘിക്കാത്ത സ്വാതന്ത്ര്യം ഏവര്‍ക്കും നല്‍കേണ്ടതാണ്. നല്‍കുന്ന സ്വാതന്ത്ര്യം എന്തിനാണെന്നും അവരില്‍ നിന്നും താന്‍ പ്രതീക്ഷിക്കുന്നത് എന്താണെന്നും വ്യക്തമായി ആശയവിനിമയം നടത്താന്‍ മാനേജര്‍മാര്‍ക്കു കഴിയണം. സ്ഥാപനത്തിന്റെ നയങ്ങള്‍ക്കുള്ളില്‍ നിന്നു തങ്ങളുടെ സര്‍ഗ്ഗാത്മകതയും (Creativtiy) കാര്യശേഷിയും (Efficiency) വര്‍ദ്ധിപ്പിക്കുകയുമാണ് തന്റെ മാനേജരുടെ ലക്ഷ്യമെന്നും അവര്‍ക്കു മനസ്സിലാവണം.

സംരഭകനും ഇതു ബാധകം

തന്റെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വ്യക്തികള്‍ക്കു സ്വതന്ത്ര്യമായി തങ്ങളുടെ ജോലികള്‍ നിര്‍വഹിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതു സംരംഭകന്റെ കടമയാണ്.
പലപ്പോഴും മാനേജര്‍മാരെ സംരംഭകന്‍ കാണുന്നത് താന്‍ പറയുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ പദ്ധതികള്‍ നടപ്പിലാക്കാ
നുള്ള യന്ത്രങ്ങളായിട്ടാണ്. ഇത്തരം സംരംഭകര്‍ക്ക് മാനേജര്‍മാര്‍ കൂച്ചു വിലങ്ങിട്ട അടിമകളാണ്. സംരംഭകന്‍ പറയുന്നതും ആവശ്യപ്പെടുന്നതും മാത്രമേ ഇവര്‍ പ്രവര്‍ത്തിക്കാവൂ. ഇത്തരമൊരു മനോഭാവം പ്രസ്ഥാനത്തെ ഉയര്‍ച്ചയിലേക്കു നയിക്കുകയില്ല.തങ്ങളുടെ പ്രവൃത്തികള്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യാനുള്ള അവകാശം സംരംഭകര്‍ മാനേജര്‍മാര്‍ക്കു നല്‍കണം. അവരുടെ വാക്കുകള്‍ക്കു ചെവി കൊടുക്കണം. നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുവാനും അവ നടപ്പിലാക്കുവാനുമുള്ള സ്വാതന്ത്ര്യം നല്‍കുകയും വേണം.
പാരതന്ത്രവും അവിശ്വാസവും ഉയര്‍ച്ചയിലേക്കുള്ള ചവിട്ടുപടികളല്ല.

സ്വാതന്ത്ര്യം തന്നെയാവട്ടെ നമ്മുടെ മുദ്രാവാക്യം. താഴെയുള്ളവരില്‍ വിശ്വാസമര്‍പ്പിക്കുകയും അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍. സംരംഭകനും മാനേജര്‍മാരും അങ്ങനെയാവണം. അതാവട്ടെ നമ്മുടെ വികസനത്തിലേക്കുള്ള പാതയും.

1. തങ്ങളുടെ പ്രവൃത്തി ചെയ്യുന്നതി
നുള്ള പൂര്‍ണ്ണമായ സ്വാതന്ത്ര്യം ജോലിക്കാര്‍ക്കു നല്‍കുക.

2. ഒരിക്കലും ജോലിക്കാരുടെ ചുമലില്‍ തൂങ്ങികിടക്കുന്ന വേതാളമാവാതിരിക്കുക.

3. ജോലിക്കാര്‍ അവരുടെ സര്‍ഗാത്മകതയും അറിവും ജോലിയില്‍ പ്രയോഗിക്കട്ടെ. അതിനായി അവരെ വിശ്വാസത്തിലെടുക്കുക.

4. സ്വാതന്ത്ര്യം മനസ്സിന്റെ വേലിക്കെട്ടുകള്‍ തകര്‍ക്കും. കൂടുതല്‍ ഫലം ലഭിക്കുകയും ചെയ്യും.

 

 

 

Leave a comment