ഇര തേടിയിറങ്ങുന്ന മലയാളി

സ്ത്രീയെ നിശബ്ദയാക്കാനുള്ള ഏറ്റവും ശക്തമായ ആയുധം അവളുടെ മാനം നശിപ്പിക്കുക എന്നതാണ് എന്ന വികലമായ മാനസിക ബോധത്തിലേക്ക് മലയാളി മാറുന്നു എന്നതു ഞെട്ടിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഇതൊരു പൊതുബോധമായി വളരുന്നു എന്നതും ഉത്കണ്ഠപ്പെടുത്തുന്ന മറ്റൊരു യാഥാര്‍ത്ഥ്യമാണ്. മാനം നശിപ്പിക്കപ്പെട്ട സ്ത്രീ നിശബ്ദമായി അതു സഹിക്കുമെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുമുള്ള കാഴ്ചപ്പാട് സ്ത്രീക്കുമേല്‍ ആധിപത്യം സ്ഥാപിക്കുവാനും ചൂഷണം ചെയ്യുവാനും പ്രചോദനമാകുന്ന സംസ്‌ക്കാരശൂന്യമായ ഒരു സമൂഹത്തിന്റെ തത്വമായി മാറ്റപ്പെടുമ്പോള്‍ അതിനു പിന്നില്‍ ഒളിച്ചിരിക്കുന്ന മനശാസ്ത്രം എന്താണ്?.

ശക്തമായ പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ സംഭവിക്കുന്ന ചൂഷണമാകാം ഇതെന്ന കാഴ്ചപ്പാട് കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ ബാലിശമായ ഒരു കാഴ്ചപ്പാടാണ്. ഉറപ്പുള്ള പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്ന കേരളത്തില്‍ കുടുംബം എന്ന പ്രസ്ഥാനം നിലകൊള്ളുന്നത് പുരുഷമേധാവിത്വത്തിന്റെ തണലിലല്ല. സ്ത്രീയും പുരുഷനും യോജിച്ച് ഉത്തരവാദിത്വങ്ങള്‍ പങ്കിട്ട് പരസ്പര ബഹുമാനത്തോടെ മുന്നോട്ട് നയിക്കുന്ന കുടുംബം പുരുഷമേധാവിത്വത്തില്‍ മാത്രം അധിഷ്ഠിതമല്ല എന്നിരിക്കെ സ്ത്രീക്കെതിരെയുള്ള ചൂഷണങ്ങള്‍ പുരുഷമേധാവിത്വത്തിന്റെ അടിച്ചമര്‍ത്തലുകളാണെന്ന ധാരണ ശരിയായ ഒന്നല്ല.

നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഒരു പ്രസ്താവന വളരെയധികം ആശ്ചര്യപ്പെടുത്തിയ ഒന്നാണ്. മലയാളി ഇന്നത്തെ ”സെക്‌സ്” എവിടെ നിന്നും തരപ്പെടും എന്നാലോചിച്ചാണത്രേ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്നത്. ചില മലയാളികളുടെയെങ്കിലും വികലമായ വികൃതമായ മാനസികാവസ്ഥയെ അദ്ദേഹത്തിന്റ മാനസികനില പ്രതിഫലിപ്പിക്കുന്നു എന്നതില്‍ സംശയമില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മലയാളികളും രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്നത് അന്നന്നത്തെ അപ്പം തേടിയാണ്. മാസം എണ്ണിച്ചുട്ടപ്പം പോലെ ലഭിക്കുന്ന വേതനം കിട്ടിയിട്ടു വേണം ലോണുകള്‍ അടക്കുവാനും, കുട്ടികളുടെ ഫീസ് അടക്കുവാനും, കുടുംബം പുലര്‍ത്തുവാനും അതു വിനിയോഗിക്കുവാന്‍. ഇതിനിടയില്‍ ദിവസവും സെക്‌സ് തരപ്പെടുത്താന്‍ വെമ്പുന്ന എത്ര മലയാളികളുണ്ട്.

ജോയ് മാത്യു ചൂണ്ടിക്കാണിച്ച മലയാളികള്‍ ഒരു ചെറിയ വിഭാഗമുണ്ട്. ലൈംഗിക വൈകൃതം ബാധിച്ചവര്‍, സ്ത്രീയെ ഒരു ശരീരം എന്നതിനപ്പുറം കാണാത്തവര്‍, സ്ത്രീയെ ചൂഷണം ചെയ്യുവാന്‍ മനസാക്ഷിക്കുത്തി ല്ലാത്തവര്‍, സ്വന്തം സുഖത്തിനും സ്വന്തം കാര്യസാദ്ധ്യത്തിനുമായി സ്ത്രീശരീരത്തിന്റെ അനന്തസാദ്ധ്യതകളെ തിരിച്ചറിഞ്ഞവര്‍. അവളെ ചൂഷണം ചെയ്താലും അവള്‍ പ്രതികരിക്കില്ല എന്ന് ആത്മവിശ്വസമുള്ളവര്‍, ജോയ് മാത്യു ചിലപ്പോള്‍ കണ്ടതും അറിഞ്ഞതും അവരെയാവാം എന്നാല്‍ മലയാളികള്‍ ബഹുഭൂരിപക്ഷവും അങ്ങിനെയല്ല.

സ്ത്രീ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന അവസരങ്ങളില്‍ അവളാണ് മോശക്കാരി എന്ന് വിരല്‍ ചൂണ്ടുന്ന സമൂഹത്തിന്റെ മറ്റൊരു മുഖം കൂടി നാം തിരിച്ചറിയണം. സ്ത്രീക്ക് നേരെ ചൂണ്ടുന്ന ഇത്തരം വിരലുകളാണ് അവളെ ചൂഷണം ചെയ്യുന്ന ചെറിയൊരു വിഭാഗത്തിന്റെ ശക്തി. തങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞാല്‍ താന്‍ സമൂഹത്തിന് മുന്നില്‍ മോശക്കാരിയാകും എന്നറിയാവുന്ന സ്ത്രീ ഇത്തരം ചൂഷണങ്ങള്‍ മനസ്സിലൊതുക്കി ജീവിക്കാന്‍ നിര്‍ബന്ധിതയാക്കപ്പെടും. ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്പോള്‍ അതിനിടയായ സന്ദര്‍ഭങ്ങള്‍ വിസ്മരിച്ച് അവളെ പുച്ഛത്തോടെ നോക്കിക്കാണുന്ന മനോഭാവം പീഡിപ്പിക്കുന്നവര്‍ക്കു പ്രചോദനമാകും. വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഇരക്ക് നേരെ ആക്രോശിക്കുന്ന സ്ത്രീജനങ്ങളും വേട്ടക്കായി സ്വന്തം വര്‍ഗ്ഗത്തെ വിട്ടു നല്‍കുന്നവരായി മാറുന്നതും ഇങ്ങനെ തന്നെയാണ്.

തങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പ്രശസ്തരായ ചില ചലച്ചിത്രതാരങ്ങള്‍ തുറന്ന് പറഞ്ഞത് കേരളസമൂഹത്തെ ഞെട്ടിച്ചു. മോശക്കാരായ സ്ത്രീകള്‍ കിടന്നു കൊടുത്തിട്ടുണ്ടാകാം എന്ന് കേരളത്തിലെ പ്രശസ്തനായ നിഷ്‌കളങ്കനായ ഒരു എം.പി പറഞ്ഞതും ഇതിന്റെ ചുവട് പിടിച്ചാണ്. കാസ്റ്റിംഗ് കൗച്ച് എന്ന പേരില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട് എന്ന് തുറന്ന് കാട്ടലും ഈ സമീപകാലത്ത് നടക്കുകയുണ്ടായി. ലൈംഗികതയും പണവും അരങ്ങുവാഴുന്ന ഒരു അധോലോക സെറ്റപ്പിലേക്ക് മലയാള സിനിമാ ലോകം മാറ്റപ്പെട്ടു എന്നതു മലയാള സമൂഹത്തിന് അഭിമാനിക്കാവുന്ന ഒന്നല്ല. സ്ത്രീകള്‍ക്ക് അഭിമാന പൂര്‍വ്വം ജോലി ചെയ്യാവുന്ന ഒരു മേഖലയല്ല മലയാളത്തിന്റെ ഏറ്റവുമധികം പണം കൊയ്യുന്ന സിനിമ എന്ന വ്യവസായം എന്ന തിരിച്ചറിവ് വലിയൊരു ഞെട്ടലാണ് സൃഷ്ടിച്ചത്. ജോയ് മാത്യുവിന്റെ അഭിപ്രായ പ്രകടനം അദ്ദേഹം വ്യാപരിക്കുന്ന സിനിമ എന്ന ലോകത്തിന്റെ അനുഭവങ്ങളില്‍ നിന്നാവാം. പക്ഷെ അത് സാധാരണ മലയാളിയുമായി കൂട്ടിക്കെട്ടിയ വികലമായ സാമൂഹ്യബോധം പരിശോധിക്കേണ്ട ഒന്നാണ്.

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച, മനസാക്ഷിയെ ഞെട്ടിച്ച പീഡനക്കേസില്‍ ഇരയായ നടിക്കെതിരെ രംഗത്ത് വന്ന സ്ത്രീജനങ്ങളുണ്ട്. ഞങ്ങള്‍ നിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെങ്കിലും ഞങ്ങള്‍ വേട്ടക്കാര്‍ക്കൊപ്പമാണ് എന്ന് പറയാതെ പറഞ്ഞവര്‍. നീ സ്ത്രീയാണ് നീ അബലയാണ് നിന്റെ ശബ്ദം ഉയരാന്‍ പാടില്ലായിരുന്നു നീ നിശബ്ദയായി ഈ അപമാനം സഹിക്കേണ്ടതായിരുന്നു നിന്റെ മാനത്തിനേക്കാള്‍ വില വേട്ടക്കാരുടെ പണത്തിനും പ്രശസ്തിക്കുമുണ്ട് എന്നൊക്കെ വാക്കുകള്‍ക്കിടയില്‍ അര്‍ത്ഥമൊളിപ്പിച്ച് പറഞ്ഞവര്‍. സ്വന്തം വര്‍ഗ്ഗത്തില്‍ പെട്ടൊരുവള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവള്‍ക്കു നേരെ വിരല്‍ ചൂണ്ടിയ ഈ സ്ത്രീകളാണ് സമൂഹത്തിന്റെ ശത്രുക്കള്‍. ഇരയ്‌ക്കൊപ്പം ഉറച്ചുനിന്ന് അവളരെ നെഞ്ചോട് ചേര്‍ത്ത് ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ മലയാളി സമൂഹത്തിന് അപമാനമായി ഈ ന്യൂനപക്ഷം മാറുന്നു.

വേട്ടക്കാര്‍ക്കൊപ്പമുള്ള ആണ്‍ പെണ്‍ വര്‍ഗ്ഗത്തില്‍ പെട്ട ഈ ന്യൂനപക്ഷത്തിന്റെ ശബ്ദമല്ല മലയാളസമൂഹത്തിന്റെ ശബ്ദം. മലയാളിയുടെ ലോകം ചെറുതാണ്. അമ്മയും അച്ഛനും ഭാര്യയും ഭര്‍ത്താവും കുട്ടികളുമൊക്കെ അടങ്ങുന്ന ചെറിയൊരു ലോകം. അവിടെ സ്‌നേഹമുണ്ട്. പരസ്പരവിശ്വാസമുണ്ട്. തന്റെ അമ്മയേയും പെങ്ങളേയും ഭാര്യയേയും മകളേയും ബഹുമാനിക്കുന്നൊരുവന്‍ ഒരു സ്ത്രീയേയും പീഡിപ്പിക്കുകയില്ല. അവളുടെ മാനം ബലാത്ക്കാരമായി കവര്‍ന്നെടുക്കുകയില്ല. ഒരു പെണ്ണിന്റെ മാനം കവരുവാന്‍ ക്വട്ടേഷന്‍ നല്കുകയില്ല. ബന്ധങ്ങളില്‍ സ്‌നേഹം ഇല്ലാത്തവര്‍, ജീവിതത്തെ പണം വെച്ചളക്കുന്നവര്‍, പെണ്ണ് ലൈംഗികതയ്ക്ക് വേണ്ടി മാത്രം ഉപയോഗിക്കുവാനുള്ളതാണ് എന്ന കാഴ്ചപ്പാടുള്ളവര്‍, ഞാന്‍ എന്നതിനപ്പുറം ചിന്തിക്കാനാവാത്തവര്‍ ഇവരൊക്കെയാണ് വികൃതമായ ലൈംഗികതയുടെ വക്താക്കളും വേട്ടക്കാരും.

പെണ്ണുങ്ങള്‍ മോശക്കാരാണെങ്കില്‍ കിടന്നുകൊടുക്കും. എം.പിയുടെ പ്രസ്താവന നോക്കിയാല്‍ ഇതിനൊരു മറുപുറം കൂടിയുണ്ട്. മോശക്കാരല്ലെങ്കില്‍ അവര്‍ പ്രതികരിക്കും. അപ്പോള്‍ പ്രതികരിക്കുന്നവരെ മോശക്കാരാക്കുന്ന വൃത്തികെട്ട കാഴ്ചപ്പാട് സമൂഹത്തിന്റെ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട് റോഡിലേക്ക് വലിച്ചെറിയപ്പെടുന്ന പെണ്‍കുട്ടിയോടും ട്രെയിനില്‍ ഒറ്റപ്പെട്ട് നിസ്സഹായയായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയോടുമൊക്കെ ചിലരുടെ കാഴ്ചപ്പാടുകള്‍ ഇതൊക്കെയാണ്. ഇരയെ കുറ്റക്കാരായി കാണുന്ന മനോഭാവം കുടുംബമായി ജീവിക്കുന്നവരുടേതല്ല.

രാവിലെ ഇര തേടിയിറങ്ങുന്ന മലയാളി സിനിമാക്കാരന്റെ ഭാവനാസൃഷ്ടിയാണ്. അങ്ങിനെയുള്ള ചിലരുണ്ട് സമൂഹത്തില്‍ അശാന്തിയുടെ വിത്ത് പാകുന്നവര്‍. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും കരുത്തില്‍ സ്ത്രീയെ കീഴടക്കി പുരുഷത്വത്തില്‍ ഊറ്റം കൊള്ളുന്നവര്‍, നിസ്സാഹയയായവളെ പിച്ചിച്ചീന്തി സമൂഹത്തിന് നേരെ കൊഞ്ഞനം കുത്തുന്നവര്‍. ശരീരത്തിനും മനസ്സിനുമേറ്റ മുറിവുകള്‍ നിശബ്ദയായി സഹിക്കണം എന്ന് അവളുടെ മുഖത്ത് നോക്കി പറയാന്‍ ഉളുപ്പില്ലാത്തവര്‍. നീ മോശമായത് കൊണ്ട് കിടന്നുകൊടുത്തില്ലേ എന്ന് അപമാനിക്കുന്നവര്‍. ഇവരൊന്നും പുരുഷന്റെ പ്രതിനിധികളല്ല. പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴ്ചകളുമല്ല. പെണ്ണിനെ സ്‌നേഹിച്ച് അവളുടെ മനസ്സിനെ കീഴടക്കുന്ന പുരുഷാധിപത്യത്തെ പ്രതിനീധികരിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. കാണുന്നിടത്തൊക്കെ വെച്ച് പെണ്ണിനെ ചവിട്ടിയരക്കുന്നവനും പീഡിപ്പിക്കുന്ന വനും ആക്രമിക്കുന്നവനുമൊന്നും സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ഉദാഹരണങ്ങളല്ല. മറിച്ച് വികൃതമായ മനോനിലക്കടിമപ്പെട്ട മനോരോഗികള്‍ മാത്രം. ന്യൂനപക്ഷമായ ഇത്തരക്കാരെ വെച്ച് മലയാളിയെ അളക്കുന്നത് വിഡ്ഡിത്തമാണ്. ജോയ് മാത്യുവിന് സംഭവിച്ചതുപോലെ.

 

Leave a comment