ഓരോ സംരംഭകനും രാവണനാകണം

ബിസിനസിന്റെ സ്പന്ദനം അറിഞ്ഞു മുന്നേറുന്ന സംരംഭകന് മാത്രമേ ബിസിനസിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് അതിനെ നയിക്കുവാന്‍ കഴിയൂ

രാമായണത്തിലെ ‘രാവണന്‍’ എന്ന കഥാപാത്രവുമായി പലപ്പോഴും ബിസിനസുകാരനെ താരതമ്യം ചെയ്യാറുണ്ട്. പത്തു തലകളും ഇരുപതു കൈകളും ഉള്ള രാവണനാവണം ബിസിനസുകാരന്‍ എന്നു പറയുന്നത് സംരംഭകത്വത്തിന്റെ ബൃഹത്തായ കര്‍ത്തവ്യം നിറവേറ്റുക അത്ര ലളിതവും സുഖകരവുമായ കര്‍മ്മമല്ല എന്നത് മനസ്സിലാക്കിയിട്ട് തന്നെയാണ്. ബിസിനസിന്റെ നഖം മുതല്‍ മുടി വരെ ബിസിനസുകാരന്റെ കണ്ണുകള്‍ എത്തണം. ബിസിനസിന്റെ സ്പന്ദനം അറിഞ്ഞു മുന്നേറുന്ന ബിസിനസുകാരന് മാത്രമേ ബിസിനസിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് അതിനെ നയിക്കുവാന്‍ കഴിയൂ.

ബിസിനസുകാരന്റെ കണ്ണുകളും കാതുകളും എത്തേണ്ട നിരവധി മേഖലകളില്‍ എവിടെയാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നത് തീരുമാനിക്കുക എളുപ്പമല്ല. ദിവസവും ലഭ്യമായ സമയപരിധിയില്‍ നിന്നുകൊണ്ട് കാര്യനിര്‍വ്വഹണം നടത്തുക എന്ന ശ്രമകരമായ ദൗത്യം ചില സമയങ്ങളില്‍ സംരംഭകന്റെ ശ്രദ്ധയെ വ്യതിചലിപ്പിച്ചേക്കാം. ബിസിനസുകാരന്റെ പരിപൂര്‍ണ്ണശ്രദ്ധ എവിടെ പതിപ്പിച്ചുകൊണ്ട് ബിസിനസിന്റെ പരിപൂര്‍ണ്ണമായ വളര്‍ച്ച ഉറപ്പുവരുത്താം എന്ന് ബിസിനസുകാരന്‍ അറിഞ്ഞിരിക്കണം.

ഏതു ലക്ഷ്യത്തിനു വേണ്ടിയാണോ സംരംഭം നിലകൊള്ളുന്നത് ആ ലക്ഷ്യമാണ് ബിസിനസിന്റെ ഗല്യ ഞലൗെഹ േഅൃലമ. ഒരു വ്യാപാര സ്ഥാപനത്തിന്റെ ലക്ഷ്യം വില്‍പ്പന (Sale) തന്നെയാണ്. സേവനത്തിനായി ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ലക്ഷ്യം സേവനം (Service) തന്നെയാണ്. ബിസിനസുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റെല്ലാ പ്രവൃത്തികളും തന്നെ ബിസിനസിന്റെ Key Result Areaയ്ക്കുള്ള പിന്‍താങ്ങല്‍ (Support) മാത്രമാണ്. ബിസിനസിന്റെ മര്‍മ്മപ്രധാനമായ പ്രക്രിയ (Activtiy) വില്‍പ്പനയാണ്-വരുമാനം ഉല്‍പ്പാദിപ്പിക്കുന്ന സംരംഭത്തിന്റെ പ്രവൃത്തി). ഫിനാന്‍സ് ആയാലും എച്ച്ആര്‍ ആയാലും അഡ്മിനിസ്‌ട്രേഷന്‍ ആയാലും എല്ലാം തന്നെ വില്‍പ്പനയുടെ സപ്പോര്‍ട്ടിംഗ് പ്രക്രിയകള്‍ മാത്രം.

സംരംഭകന്റെ പൂര്‍ണ്ണശ്രദ്ധ വില്‍പ്പനയില്‍

ബിസിനസിന്റെ Key Result Area വില്‍പ്പനയായതു കൊണ്ടു തന്നെ സംരംഭകന്റെ പൂര്‍ണ്ണശ്രദ്ധ വില്‍പ്പനയില്‍ തന്നെയാവണം. ബിസിനസിന്റെ ആത്യന്തികമായ വളര്‍ച്ച വില്‍പ്പനയുടെ വളര്‍ച്ച തന്നെയാണ്. വില്‍പ്പനയെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടു വേണം മറ്റു അനുബന്ധ പ്രക്രിയകള്‍ വളര്‍ത്തിക്കൊണ്ടു വരുവാന്‍. സ്ഥാപനത്തിന്റെ പൂര്‍ണ്ണമായ ശ്രദ്ധ വില്‍പ്പനയിലേക്ക് കേന്ദ്രീകരിച്ചുകൊണ്ട് അതിനു ചുറ്റും ബലവത്തായ അനുബന്ധ പ്രക്രിയകള്‍ സൃഷ്ടിക്കുകയാവണം സംരംഭകന്‍ ചെയ്യേണ്ടത്. അതേസമയം മറ്റു പ്രക്രിയകളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വില്‍പ്പന യാന്ത്രികമായ ഒരു പ്രക്രിയയുമായി ബിസിനസില്‍ മാറുകയും ചെയ്യുകയാണെങ്കില്‍ ആ ബിസിനസിന്റെ ഭാവി ശോഭനമായ ഒന്നാവില്ല.

ദിനംപ്രതി വിശകലനം ചെയ്യുക

ദിനംപ്രതിയുള്ള വില്‍പ്പനയുടെ വിശദാംശങ്ങള്‍ സംരംഭകന്‍ വിശകലനം ചെയ്യണം. ആവശ്യമായ വിവരങ്ങളുടെ (Data) ലഭ്യത സംരംഭകന്‍ ഉറപ്പുവരുത്തണം. വില്‍പ്പനയുടെ പ്രവണത (Trend) സംരംഭകന്‍ ഓരോ ദിവസവും വിലയിരുത്തണം. ഇതിനായി ദിവസവും നിശ്ചിത സമയം വിനിയോഗിക്കേണ്ടതുണ്ട്. ഓരോ ഉല്‍പ്പന്നത്തിന്റെയും ഇടപാടുകാരുടെയും വിശകലനം വില്‍പ്പനയുടെ യഥാര്‍ത്ഥ വശങ്ങള്‍ സംരംഭകന് നല്‍കും. തീരുമാനങ്ങള്‍ വേഗത്തില്‍ കൈക്കൊള്ളുവാനും നടപ്പില്‍ വരുത്തുവാനും ദിവസവും ചെയ്യുന്ന ഈ വിശകലന (Analysis) പ്രക്രിയയിലൂടെ സംരംഭകന് സാധിക്കുന്നു. ആഴ്ചയില്‍ ഒരിക്കലോ മാസത്തില്‍ ഒരിക്കലോ ചെയ്യുന്ന വിശകലനം ചിലപ്പോള്‍ ഫലപ്രദമാകണമെന്നില്ല. എന്നാല്‍ ദിവസവും ഇതിനായി ചിലവഴിക്കുന്ന കുറച്ചു സമയം ബിസിനസില്‍ കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കും. വില്‍പ്പനയില്‍ കേന്ദ്രീകൃതമായ ഒരു മാനസികാവസ്ഥ സ്ഥാപനത്തില്‍ സൃഷ്ടിക്കുവാന്‍ ഈ പ്രക്രിയയ്ക്ക് സാധിക്കും.

നഷ്ടപ്പെട്ട വില്‍പ്പന (Lost Sale)

വില്‍പ്പനയുടെ വിവരങ്ങള്‍ (Data) വിശകലനം ചെയ്യുന്ന പോലെ തന്നെ പ്രാധാന്യമുള്ളതാണ് നഷ്ടപ്പെട്ട വില്‍പ്പനയുടെ വിവരങ്ങളുടെ വിശകലനം. സ്ഥാപനത്തിന് നഷ്ടപ്പെടുന്ന ഓരോ വില്‍പ്പനയും സ്ഥാപനത്തിന്റെ ദൗര്‍ബല്യങ്ങളിലേക്കുള്ള (Weaknesses) ഒരു ചൂണ്ടുപലകയാണ്. എന്തുകൊണ്ട് ഇടപാടുകാര്‍ തന്റെ സ്ഥാപനത്തില്‍ നിന്ന് വില്‍പ്പന്നങ്ങള്‍ വാങ്ങുന്നില്ല എന്ന വിശലകനം വില്‍പ്പനയുടേയും അതുമായി ബന്ധപ്പെട്ട മറ്റു അനുബന്ധ പ്രക്രിയകളുടേയും പ്രശ്‌നങ്ങള്‍ തുറന്നുകാട്ടുന്നു. ദിവസേനയുള്ള നഷ്ടപ്പെട്ട വില്‍പ്പനയുടെ വിശകലനം ഇത്തരം ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കാന്‍ സംരംഭത്തെ സഹായിക്കുന്നു. വില്‍പ്പനയുടേയും നഷ്ടപ്പെട്ട വില്‍പ്പനയുടേയും വിശകലനം സംരംഭകന്റെ ദിനചര്യയായി മാറണം. സംരംഭത്തിന്റെ Key Result Area ഇതാണെന്ന ഉത്തമബോധ്യത്തോടെ സംരംഭകന്‍ ഇതിനായി സമയം ചിലവഴിക്കുകയാണെങ്കില്‍ സ്ഥാപനത്തിനുണ്ടാകുന്ന മാറ്റം അത്ഭുതാവഹമായിരിക്കും.

മനസ് വില്‍പ്പനയിലൂന്നുക

മനസ് വില്‍പ്പനയിലൂന്നിയ സമീപനമായിരിക്കണം സംരഭകനുണ്ടാവേണ്ടത്. വില്‍പ്പനയെന്നത് സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മാത്രം ദൗത്യമാണെന്നും താനതില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതാണെന്നുമുള്ള തോന്നല്‍ സംരംഭകനെ സംബന്ധിച്ചിടത്തോളം ശരിയായ ഒന്നല്ല. ആഴ്ചയിലോ മാസത്തിലോ ഒരിക്കല്‍ അവര്‍ക്കൊപ്പം ഇരിക്കുന്നതും വില്‍പ്പന വിശകലനം ചെയ്യുന്നതും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും കൊണ്ട് മാത്രം തന്റെ റോള്‍ കഴിയുന്നില്ല എന്നത് സംരംഭകന്‍ മനസ്സിലാക്കണം. ഒരു ദിവസം സ്ഥാപനത്തില്‍ ചിലവഴിക്കുന്ന സമയത്തിന്റെ മൂന്നിലൊരു ഭാഗമെങ്കിലും വില്‍പ്പനയുടെ വിശകലനത്തിനും ചര്‍ച്ചകള്‍ക്കുമായി സംരംഭകന്‍ ചിലവഴിക്കേണ്ടതുണ്ട്. വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്കിയാവണം സംരംഭകന്‍ തന്റെ ദിവസം പ്ലാന്‍ ചെയ്യേണ്ടത്.

വില്‍പ്പന എന്ന Key Result Areaയില്‍ കേന്ദ്രീകൃതമായ സംസ്‌ക്കാരം സ്ഥാപനത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ സംരംഭകന്റെ പങ്ക് നിര്‍ണ്ണായകമാണ്. അതിനായി മനസ്സിനെ ഒരുക്കുകയും സമയം കണ്ടെത്തേണ്ടതും സംരംഭകന്‍ തന്നെയാണ്.

• ദിവസത്തിന്റെ സ്ഥാപനത്തില്‍ ചിലവഴിക്കുന്നതിന്റെ മൂന്നിലൊരു ഭാഗമെങ്കിലും വില്‍പ്പനയുടെ വിശകലനത്തിനും ചര്‍ച്ചകള്‍ക്കുമായി മാറ്റി വെക്കുക.

• ദിവസവും വില്‍പ്പന ആഴത്തില്‍ വിശകലനം ചെയ്യുക.

• നഷ്ടപ്പെട്ട വില്‍പ്പനയുടെ വിശകലനം സ്ഥാപനത്തിന്റെ ദൗര്‍ബല്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.

 

Leave a comment