ജീവനുള്ള ചുമരുകള്‍

ബിസിനസ് ഒത്തൊരുമയുടെ ഒരു കളിയാണ്. എന്റെ ബിസിനസ് എന്നതു മാറി നമ്മുടെ ബിസിനസ് എന്ന് പറഞ്ഞു തുടങ്ങുന്ന നിമിഷം സൃഷ്ടിപരമായ വ്യത്യാസങ്ങള്‍ ബിസിനസില്‍ സംഭവിക്കാന്‍ തുടങ്ങുന്നു

ഈ കാലത്ത് ബിസിനസ് സങ്കീര്‍ണ്ണമാണ്. എണ്ണിയാലൊടുങ്ങാത്ത ഉല്‍പ്പന്നങ്ങളും സേവനങ്ങളും, എതിരാളികളേക്കാള്‍ മികച്ച തന്ത്രങ്ങള്‍ പയറ്റിയില്ലെങ്കില്‍ നി ലനില്‍ക്കാന്‍ പറ്റാത്ത അവസ്ഥ, കഴിവുള്ള ആത്മാര്‍ത്ഥതയുള്ള മിടുക്കരായ ജോലിക്കാരെ ലഭിക്കുവാനും നിലനിര്‍ത്തുവാനുമുള്ള ബുദ്ധിമുട്ടുകള്‍, സാമ്പത്തിക, സാമൂഹ്യ നയങ്ങളില്‍ വരുന്ന മാറ്റങ്ങള്‍, ദിനംപ്രതി മാറുന്ന ഇത്തരം സാഹചര്യങ്ങളില്‍ നിലനില്‍ക്കണമെങ്കില്‍ ബിസിനസുകാരന്‍ അതീവ ശ്രദ്ധാലുവും തന്ത്രശാലിയുമായിരിക്കണം. ഇവിടെ പ്രാമുഖ്യം തന്ത്രങ്ങള്‍ക്കാണ് (Strategy), അളന്നും തൂക്കിയുമുള്ള ആസൂത്രണത്തിനു മാത്രമേ നിലനില്‍പ്പും വിജയവും ഗാരന്റി ചെയ്യുവാന്‍ കഴിയു കയുള്ളൂ. കൃത്യമായ തന്ത്രങ്ങളുടെ ആസൂത്രണം ലഭ്യമാവുന്ന വിവരങ്ങളുടേയും (Information) വാസ്തവങ്ങളുടേയും (Facts) കണക്കുകളുടേയും (Figures) അടിസ്ഥാനത്തിലാകുന്നു. അതുകൊണ്ട് തന്നെ ആശ്രയിക്കാന്‍ കഴിയുന്ന വിവരങ്ങളുടെ ലഭ്യത അതീവ പ്രാധാന്യമുള്ളതാകുന്നു. ആവശ്യമായ വിവരങ്ങളുടെ അഭാവവും അപര്യാപ്തതയും അവയിലുള്ള ആശ്രയത്വവും (Dependabiltiy) ബിസിനസിന്റെ റിസ്‌ക്ക് വര്‍ദ്ധിപ്പിക്കുന്നു. നയപരമായ തീരുമാനങ്ങള്‍ (Policy Decisions) എടുക്കേണ്ടതിലും തന്ത്രങ്ങള്‍ കരുപിടിപ്പിക്കേണ്ടതിലും പൂര്‍ണ്ണമായ ഉത്തരവാദിത്തം ബിസി നസിനെ നയിക്കുന്നവര്‍ക്കാണ്. നായകന്മാരെടുക്കുന്ന തീരുമാനങ്ങളാണ് നടപ്പിലാക്കപ്പെടുന്നതും ജയവും പരാജയവും നിശ്ചയിക്കുന്നതും. ബിസിനസിനെ നയിക്കുന്ന സംരംഭകരുടെ കൂട്ടുത്തരവാദിത്തം വളരെ വലുതാണ്. ‘ഞാന്‍’ എന്ന പദത്തിനേക്കാളുപരി ‘നമ്മള്‍’ എന്ന പദവും മനഃസ്ഥിതിയും ബിസിനസിനെ കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാക്കുന്നു.

ബോര്‍ഡ് റൂമിന്റെ പ്രസക്തി ഇവിടെയാണ്. നയപരവും തന്ത്രപരവുമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ബിസിനസിലെ ഏറ്റവും ശക്തമായ പ്രാധാന്യമുള്ള നാല് ചുവരുകള്‍. ഈ ചുമരുകള്‍ക്കുള്ളിലാണ് ഈ കളിയുടെ ജയാപജയങ്ങള്‍ നിശ്ചയിക്കപ്പെടുന്നത്. ഇവിടെ ശബ്ദിക്കപ്പെടുന്ന ഓരോ വാക്കും ഈ യുദ്ധത്തിലെ അസ്ത്രങ്ങളാകുന്നു. മേശയ്ക്കുചുറ്റും ഇരിക്കുന്ന ഓരോ വ്യക്തിയുടേയും മനഃസ്ഥിതിയും പക്വതയും ബിസിനസ് എന്ന കണ്ണാടിയില്‍ പ്രതിഫലിക്കുന്നു. ഇവരുടെ വികാരങ്ങളും വിചാരങ്ങളും പ്രവൃത്തികളായി (Actions) രൂപാന്തരപ്പെടുന്നു. ഈ പ്രവര്‍ത്തികളുടെ ആകെത്തുകയായി ബിസിനസ് മാറുന്നു. വാക്കുകളില്‍ നിന്നും വികാരങ്ങളില്‍ നിന്നും ഉടലെടുക്കുന്ന തീരുമാനങ്ങള്‍ക്ക് ബിസിനസിന്റെ പാതകളായി രൂപമാറ്റം സംഭവിക്കപ്പെടുന്നു. സൃഷ്ടിക്കപ്പെടുന്ന ഈ വഴികള്‍ക്കുള്ള പൂര്‍ണ്ണമായ ഉത്തരവാദിത്തം ബോര്‍ഡു റൂമിലെ ഓരോ കസേരയ്ക്കും അവയുടെ ഉടമസ്ഥനുമാകുന്നു.

ബിസിനസ് ഇവിടെയാണ് ഉടലെടുക്കുന്നതും വളരുന്നതും

ബോര്‍ഡ് മീറ്റിംഗുകളെ അതീവ പ്രാധാന്യത്തോടുകൂടി തന്നെ കാണുവാന്‍ കഴിയണം. ബോര്‍ഡ് മീറ്റിംഗുകള്‍ എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് നയപരമായ തീരുമാനങ്ങള്‍ എടുക്കുവാനും തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുവാനുമായി കൂടുന്ന പാര്‍ട്ണര്‍മാരുടേയോ ഡയറക്റ്റര്‍മാരുടേയോ മീറ്റിംഗുകളെയാണ്. മീറ്റിംഗിന്റെ പ്രാധാന്യം വ്യക്തമായ അജണ്ടയോടുകൂടി അംഗങ്ങളെ നേരത്തെ തന്നെ അറിയിച്ചിരുന്നാല്‍ അവര്‍ക്ക് കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയും. അനാവശ്യമായ ചര്‍ച്ചകള്‍ ഒഴിവാക്കുവാനും സമയം ലഭിക്കുവാനും ഇതുമൂലം കഴിയുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ തങ്ങളുടെ ഓരോ വാക്കും പ്രവൃത്തിയും ബിസിനസിനെ ബാധിക്കുന്നതാണ് എന്ന ബോധം സമയത്തെ പരമാവധി ഉല്‍പ്പാദനക്ഷമതയോടെ വിനിയോഗിക്കുവാന്‍ സഹായിക്കും. അനാവശ്യ ചര്‍ച്ചകളിലേക്കും പ്രശ്‌നങ്ങളിലേക്കും മീറ്റിംഗിനെ വലിച്ചിഴയ്ക്കുന്നവര്‍ വിലപ്പെട്ട സമയം പാഴാക്കി ബിസിനസിന്റെ ശവക്കുഴി തോണ്ടി തുടങ്ങുന്നു.

ബോര്‍ഡു റൂമിലെടുക്കുന്ന തീരുമാനങ്ങള്‍ വ്യക്തവും സത്യസന്ധവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകണം. ഇവിടെ മേശയ്ക്ക് മുകളില്‍ ഇരിക്കുന്ന ഡാറ്റയ്ക്ക് അതീവ പ്രാധാന്യവും വിലയുമുണ്ട്. വിശ്വസിക്കാനാവാത്ത വിവരങ്ങളുടേയോ, കണക്കുകളുടേയോ പിന്‍ബലത്തിലെടുക്കുന്ന തീരുമാനങ്ങള്‍ ബിസിനസിനെ ശരിയായ പാതയിലൂടെ മുന്നോട്ട് നയിക്കുകയില്ല. താന്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ വിശ്വസനീയമായ, ആശ്രയിക്കാനുതകുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ഓരോരുത്തര്‍ക്കും സ്വയം ബോധ്യപ്പെട്ടാല്‍ മാത്രമേ അത്തരം കാര്യങ്ങള്‍ ബോര്‍ഡ് റൂമില്‍ അവതരിപ്പിക്കുവാന്‍ പാടുള്ളൂ. അപൂര്‍ണ്ണങ്ങളായ വസ്തുതകള്‍ അവലംബിച്ചുള്ള തീരുമാനങ്ങള്‍ പാളിപ്പോകും.

വളരെ തിട്ടമായ വസ്തുതകളില്‍ ഊന്നിയുള്ള സംസാരം ബോര്‍ഡ് മീറ്റിംഗിനെ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കുന്നു.

വികാരങ്ങള്‍ വാതിലിനുപുറത്ത്

ഒരിക്കലും വികാരങ്ങളിലൂന്നിയുള്ള തീരുമാനങ്ങള്‍ ആവരുത് ബോര്‍ഡു റൂമില്‍ നിന്നും പുറത്തേക്കു വരുന്നത്. വികാരങ്ങളിലേക്കാളുപരി ഇവിടെ പ്രാധാന്യം വസ്തുതകള്‍ക്കാണ്. യുദ്ധ തന്ത്രങ്ങള്‍ മെനയുമ്പോള്‍ വികാരത്തിനെന്തു പ്രാധാന്യം. കുരുക്ഷേത്ര യുദ്ധഭൂമിയില്‍ തളര്‍ന്നിരുന്ന അര്‍ജ്ജുനന് കൃഷ്ണന്‍ നല്‍കുന്ന ഉപദേശങ്ങള്‍ ഇവിടെ പ്രസക്തമാണ്. നിര്‍വ്വഹിക്കപ്പെടേണ്ട കടമയിലും ഉത്തരവാദിത്തത്തിലും തീരുമാനങ്ങള്‍ വികാരത്തിലൂന്നി എടുത്താല്‍ അത് ആത്മഹത്യാപരമായിരിക്കും. തങ്ങളുടെ വികാരങ്ങളേക്കാള്‍ പ്രാധാന്യം ബിസിനസിനാണ് അതിന്റെ നിലനില്‍പ്പിനും ഭാവിയ്ക്കുമാണ് എന്ന ബോധം മനസ്സില്‍ ഉടലെടുക്കണം. ഇവിടെ ഈഗോ അപ്രസക്തമാണ്. തീവ്രമായ വൈകാരികത തീരുമാനങ്ങളിലെ ശരികളെ തുടച്ചു മാറ്റും.

ബിസിനസ് പണ്ഡിറ്റാണ് എന്ന ഭാവം മാറ്റിവെക്കുക

ബോര്‍ഡു റൂമിനുള്ളില്‍ ബിസിനസ് പണ്ഡിറ്റ് സിന്‍ഡ്രോം ബാധിച്ച ചില വ്യക്തികളെയെങ്കിലും കാണാം. മറ്റുള്ളവരുടെ ആശയങ്ങളോ അഭിപ്രായങ്ങളോ കേള്‍ക്കുവാനോ അവയ്ക്ക് വില നല്‍കുവാനോ ഇക്കൂട്ടര്‍ തയ്യാറാവില്ല. ഇവര്‍ ബിസിനസ് മാനേജ്‌മെന്റിന്റെ അപ്പോസ്തലന്‍മാരായി മീറ്റിംഗിന്റെ ഉദ്ദേശ്യശുദ്ധി തന്നെ തകര്‍ക്കുന്നു. തന്റെ വിദ്യാഭ്യാസ യോഗ്യതകളും ബിസിനസ് വിജയങ്ങളും എല്ലാത്തിന്റേയും അവസാന വാക്കായി ഇവര്‍ കരുതുന്നു. സ്വയം തിരുത്തി മറ്റുള്ളവര്‍ക്കായി വാതായനങ്ങള്‍ തുറന്നിടാന്‍ ഇവര്‍ തയ്യാറാവണം. ഏതൊരാശയവും ഏതൊരഭിപ്രായവും ലോകം കീഴടക്കുന്ന ബിസിനസായി മാറ്റപ്പെടാം. നമ്മുടെ ഈഗോ അതിനെ തടുക്കാതിരിക്കട്ടെ.

 

 

Leave a comment