പെണ്‍മക്കള്‍ ബിസിനസിലേക്കു വരട്ടെ

പെണ്‍കുട്ടികള്‍ക്ക് ജോലിയും വിവാഹവും ആണ്‍കുട്ടികള്‍ക്ക് ബിസിനസും എന്ന കാഴ്ചപ്പാട് മാറണം

ബിസിനസിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയം ഇന്ന് പൊതു സമൂഹത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു. ഏതൊരു ബിസിനസ് സെമിനാറിലും കൂട്ടായ്മകളിലും ഇത് പലപ്പോഴും സജീവ ചര്‍ച്ചയായി തീരാറുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി ശക്തിയുക്തം മുറവിളികൂട്ടുന്ന സ്ത്രീ ജനങ്ങളും സ്ത്രീകളുടെ ശാക്തീകരണം സമൂഹത്തിന്റെ ബാധ്യതയായി ഏറ്റെടുത്ത് അതിനായി അനവരതം പ്രവര്‍ത്തിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന പുരുഷകേസരികളും ഇന്ന് ബിസിനസ് ചര്‍ച്ചകളിലെ നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു.

സ്ത്രീ ശാക്തീകരണം എന്ന വിഷയം ആസ്പദമാക്കി ഞാന്‍ എഴുതിയ ലേഖനം വായിച്ച ഒരു ബിസിനസുകാരന്‍ എന്നെ വിളിക്കുകയുണ്ടായി. താങ്കള്‍ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്നും ബിസിനസിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവരേണ്ട ആവശ്യകതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനസ്സിന്റേയും സമൂഹത്തിന്റേയും കെട്ടുപാടുകള്‍ ഭേദിച്ച് സ്ത്രീകള്‍ ബിസിനസിലേക്ക് പ്രവേശിക്കണം എന്ന് പറഞ്ഞ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു. താങ്കള്‍ക്ക് എത്രമക്കളാണ്. മൂന്ന് മക്കള്‍. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും അദ്ദേഹം മറുപടി പറഞ്ഞു. അവര്‍ എന്തു ചെയ്യുന്നു എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെ, ‘രണ്ട് ആണ്‍മക്കളും എന്നെ ബിസിനസില്‍ സഹായിക്കുന്നു. പെണ്‍കുട്ടി കല്യാണപ്രായമായി. അവളെ കല്യാണം കഴിപ്പിച്ചയയ്ക്കണം. രണ്ട് ആണ്‍കുട്ടികളും മിടുക്കന്‍മാരാണ്. ബിസിനസ് അവര്‍ നന്നായി കൊണ്ടുപോകുന്നു.”

അദ്ദേഹം പറഞ്ഞതു പൂര്‍ണ്ണമായി ശ്രവിച്ച ശേഷം ഞാന്‍ ചോദിച്ചു, ”താങ്കള്‍ എന്തുകൊണ്ടാണ് മകളെ ബിസിനസിലേക്ക് കൊണ്ടുവരാതിരുന്നത്. സ്ത്രീകള്‍ ബിസിനസിലേക്ക് കടന്നുവരണം എന്നാഗ്രഹിക്കുന്ന വ്യക്തി എന്ന നിലയില്‍ സ്വന്തം മകളെ ബിസിനസിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നത് തികച്ചും അനൗചിത്യമല്ലേ. അദ്ദേഹം പറഞ്ഞു ശരിയാണ് ഞാന്‍ അത് ചിന്തിച്ചിരുന്നില്ല. ബിസിനസ് ആണ്‍കുട്ടികളെ ഏല്‍പ്പിക്കണം എന്ന നിലയില്‍ അവരെ പരിശീലിപ്പിച്ചു കൊണ്ടുവരാനാണ് ഞാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ നല്ല നിലയില്‍ കല്യാണം കഴിച്ചുവിടണമെന്ന് മാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളു.

ഈ വ്യക്തി ഒറ്റയാനല്ല

ചുറ്റും നോക്കു. ഈ വ്യക്തിയെപ്പോലെ ഒരുപാടുപേരെ നമുക്കു കാണാം. ബിസിനസ് മീറ്റിംഗുകളില്‍ സ്ത്രീശാക്തീകരണത്തിനായി മുറവിളി കൂട്ടുന്ന എത്ര ബിസിനസുകാര്‍ അവരുടെ ഭാര്യമാരേയും പെണ്‍മക്കളേയും ബിസിനസിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. സമൂഹത്തിന്റെ മാനസിക സ്ഥിതി മാറാതെ ഈ അവസ്ഥയ്ക്ക് മാറ്റം സംഭവിക്കില്ല. സ്ത്രീ-
പുരുഷ സമത്വത്തെക്കുറിച്ച് വാദിക്കുന്നവരും സ്ത്രീശാക്തികരണത്തിനായി പോരാടുന്നവരും സ്വയംചെയ്യേണ്ട കടമകള്‍ മറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ഈ വിഷയം ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങി നില്‍ക്കപ്പെടുന്നു.

നാം മാറിയേ തീരു

പെണ്‍കുട്ടികള്‍ക്ക് ജോലിയും വിവാഹവും ആണ്‍കുട്ടികള്‍ക്ക് ബിസിനസും എന്ന കാഴ്ചപ്പാട് മാറണം. നല്ല വിദ്യാഭ്യാസവും ജോലിയും മാത്രമല്ല പെണ്‍കുട്ടികളുടെ അവകാശം. ഇന്ന് ആണ്‍കുട്ടികളോട് കിടപിടിക്കാവുന്ന ചിലപ്പോള്‍ അതിനും മേലില്‍ കാര്യങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിവുള്ള പെണ്‍കുട്ടികള്‍ ഉള്ള നാടാണ് നമ്മുടേത്. ജോലിയിലും കുടുംബ ജീവിതത്തിലും മാത്രം ഒതുക്കിനിര്‍ത്തി അവരുടെ വൈവിദ്ധ്യമാര്‍ന്ന കഴിവുകള്‍ ഉപയോഗിക്കാനാവാതെ സമൂഹം നോക്കി നില്‍ക്കുന്ന ദയനീയമായ കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. ആരാണ് അവരെ ബിസിനസിലേക്ക് കൈപിടിച്ചു കൊണ്ടുവരേണ്ടത്, ഇവിടെ നാമാണ് മാറേണ്ടത്. ഇത് ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും പരിഹരിക്കപ്പെടേണ്ട ഒന്നല്ല. പ്രവൃത്തിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട ഒന്നാണ്. ബിസിനസ് കൈകാര്യം ചെയ്യാന്‍ ആണ്‍കുട്ടികളെ പ്രാപ്തരാക്കാന്‍ പരിശീലിപ്പിക്കുന്നതുപോലെ തന്നെ പെണ്‍മക്കളേയും പരിശീലിപ്പിക്കുവാന്‍ നാം തയാറാവണം. ബിസിനസില്‍ വിജയിച്ച മാതാപിതാക്കളുടെ ശ്രദ്ധ ഇക്കാര്യത്തില്‍ പതിഞ്ഞേ തീരു. പെണ്‍മക്കള്‍ക്ക് എന്തെങ്കിലും വിദ്യാഭ്യാസം നല്‍കി ജോലി നേടി കൊടുക്കുകയും പിന്നീട് കുടുംബിനിയായി അവളെ മാറ്റുകയും ചെയ്യുക എന്ന ഒരേയൊരു കടമ മാത്രമേ നമുക്കൊള്ളൂ എന്ന ചിന്തയില്‍ നിന്നും നാം മുക്തരാവണം.

പെണ്‍കുട്ടികള്‍ ശാക്തീകരിക്കപ്പെടണമെന്നും സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ പ്രാപ്തരാക്കപ്പെടണമെന്നും നാം മനസ്സിലാക്കണം. പെണ്‍മക്കള്‍ ദുര്‍ബലരാണെന്നും ബിസിനസ് അവരുടെ മേഖലയല്ല എന്നുമുള്ള ചിന്താഗതികള്‍ തിരുത്തപ്പെടണം. വിദ്യാഭ്യാസവും പരിശീലനവും ബിസിനസ് കൈകാര്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്ന രീതിയിലാവണം.

അവസരങ്ങള്‍ ഒരുക്കപ്പെടണം

ബിസിനസിലേക്ക് സ്ത്രീകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കേണ്ട ചുമതല ബിസിനസുകാരനു തന്നെയാണ്. വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെടേണ്ട വ്യക്തിത്വങ്ങളല്ല അവര്‍ എന്നത് മനസിലാക്കപ്പെടണം. ഇന്നത്തെ പെണ്‍കുട്ടികള്‍ കൂടുതല്‍ കാര്യബോധവും പക്വതയുമുള്ളവരാണ്. നേടുന്ന വിദ്യാഭ്യാസവും പിതാവിന്റെ കീഴില്‍ അഭ്യസിക്കുന്ന ബിസിനസ് പാടവവും പരിശീലനവും വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ ബിസിനസില്‍ ഭാഗഭാക്കാകുവാനും സ്വന്തം ബിസിനസുകള്‍ തുടങ്ങുവാനും അവരെ പ്രാപ്തരാക്കുന്നു. ബിസിനസ് എന്താണെന്നും അതെങ്ങനെ കൈകാര്യം ചെയ്യുമെന്നുമുള്ള പാഠങ്ങള്‍ അഭ്യസിക്കുന്നതോടെ അവരുടെ ജീവിതം വലിയൊരു മാറ്റത്തിന് വിധേയമാകുന്നു.

പെണ്‍കുട്ടികള്‍ക്ക് ബിസിനസ് നിഷിദ്ധമല്ല. ബിസിനസില്‍ വിജയിച്ച വനിതകളെ നോക്കൂ. ഭാര്യയും അമ്മയുമായി അവരുടെ കടമകള്‍ നിറവേറ്റുന്നതിനോടൊപ്പം തന്നെ ബിസിനസില്‍ സ്വന്തമായ സ്ഥാനമുറപ്പിക്കുവാന്‍ അവര്‍ക്കു സാധിച്ചു. പെണ്‍മക്കളുടെ യഥാര്‍ത്ഥ ശക്തി നാം തിരിച്ചറിഞ്ഞേ മതിയാവൂ. അന്തര്‍ലീനമായ ഈ ശക്തി പുറത്തേക്ക് കൊണ്ടുവരുവാന്‍ ഈ സമൂഹത്തിനു കഴിഞ്ഞാല്‍ ബിസിനസില്‍ അതൊരു വിപ്ലവമാകും. ബിസിനസ് ആണ്‍കുട്ടികള്‍ക്കു മാത്രം എന്ന ചിന്ത ഉപേക്ഷിക്കപ്പെടണം. പെണ്‍മക്കളുടെ ചിന്താതലങ്ങളില്‍ ബിസിനസിന്റെ വിത്തുകള്‍ പാകുവാനും മുളപ്പിക്കുവാനും മാതാപിതാക്കള്‍ക്ക് കഴിയണം. സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുവാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് നമ്മുടെ കടമ. ഇനി എന്റെ ബിസിനസില്‍ എന്റെ മകളും ഒരു ഭാഗമാകട്ടെ. അവളുടെ വിദ്യാഭ്യാസവും പരിശീലനവും അതനുസരിച്ച് രൂപപ്പെടുത്തുവാന്‍ എനിക്ക് കഴിയട്ടെ. ഈയൊരു ചിന്ത ഇവിടെ ഒരു വിപ്ലവത്തിന് വഴിവെക്കും.

 

 

 

Leave a comment