മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രം

ആശയങ്ങളെ വ്യത്യസ്തമായി ആവിഷ്‌ക്കരിക്കുമ്പോഴാണ് അവ വിജയിക്കുന്നത്. അവയെ ഉപഭോക്താവിന്റെ രുചിഭേദങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തുവാന്‍ ബിസിനസുകാരനു കഴിയണം

ജോണ്‍ ബെസെല്‍ എന്ന ഫോഡ് ഫൗണ്ടേഷന്റെ ജോലിക്കാരന്‍ തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ യാത്ര ആരംഭിക്കുന്നത് 1960-ലാണ്. തന്റെ കിടപ്പുമുറിയുടെ സമീപത്തുള്ള രണ്ടു ചെറിയ മുറികളില്‍ നിന്നാണ് വര്‍ണ്ണാഭമായ, ശോഭനമായ ഭാവിയുടെ നൂലുകള്‍ ജോണ്‍ തുന്നിത്തുടങ്ങുന്നത്. നെയ്ത്തിലുള്ള ഭാരതത്തിന്റെ പാരമ്പര്യ അറിവും വൈദഗ്ധ്യവും ഉപയോഗിച്ച് കൈകളാല്‍ തുന്നുന്ന ഹോം ഫര്‍ണിഷിംഗ്‌സിലായിരുന്നു ജോണിന്റെ ബിസിനസ് സംരംഭത്തിന്റെ തുടക്കം. തന്റെ അമ്മൂമ്മയില്‍ നിന്നും ലഭിച്ച 20000 ഡോളറായിരുന്നു ജോണിന്റെ മൂലധനം.

ഭാരതീയ സംസ്‌കാരം ഇഴചേരുന്ന കൈകളാല്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ വിദഗ്ധരായ നെയ്ത്തുകാര്‍ തുന്നിയെടുക്കുന്ന വസ്ത്രങ്ങളുടെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോര്‍ 1976ല്‍ ന്യൂഡല്‍ഹിയില്‍ ജോണ്‍ ആരംഭിച്ചു. ഇന്ന് ഇന്ത്യന്‍ ഗ്രാമങ്ങളിലെ നെയ്ത്തുകാരുടെ കരകൗശലം നിറഞ്ഞ വസ്ത്രങ്ങള്‍ 170 ലധികം സ്റ്റോറുകള്‍ വഴി ഇന്ത്യയിലും വിദേശത്തും ലഭിക്കുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും ഓഹരികളുള്ള 17 കമ്പനികള്‍ വഴി ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്ന, ഗ്രാമീണ മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഭാരതത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ കോര്‍പ്പറേറ്റ് ബ്രാന്‍ഡിംഗിലൂടെ വിദേശ രാജ്യങ്ങളില്‍ വരെ പ്രിയപ്പെട്ടതാക്കി തീര്‍ത്ത ”ഫാബ് ഇന്ത്യ” (Fab India) ഏതൊരു സംരംഭകനും ഊര്‍ജ്ജത്തിന്റേയും ആവേശത്തിന്റേയും ഉറവിടമാകുന്നു.

പുതിയ ആശയങ്ങളും സങ്കല്‍പ്പങ്ങളും ഉടലെടുക്കുമ്പോള്‍ വിജയഗാഥകള്‍ പിറക്കുന്നു. ആശയ ദാരിദ്ര്യം ബിസിനസിനെ ഇല്ലായ്മ ചെയ്യുന്നു. നവീനതയുടെ (Innovation) ചിറകിലേറി യാത്ര ചെയ്യുമ്പോള്‍ മാത്രമേ ഉയരങ്ങളിലേക്ക് കുതിക്കുവാന്‍ കഴിയുകയുള്ളൂ. പല ബിസിനസുകളുടെ കിതപ്പിനു കാരണം ഈ നവീനതയുടെ അഭാവവും അതിനെതിരെയുള്ള അലംഭാവവുമാണ്. സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളുമുള്ള പുതിയൊരു തലമുറയ്ക്കു മാത്രമേ ബിസിനസിനെ മുന്നോട്ട് നയിക്കുവാന്‍ കഴിയുകയുള്ളൂ.

കാണുമ്പോള്‍ നാം അത്ഭുത സ്തബ്ധരാകുന്ന, വിശ്വസിക്കാനാവാത്ത മാറ്റങ്ങള്‍ ബിസിനസില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. ബിസിനസ് സങ്കല്‍പ്പങ്ങള്‍ക്കും ബിസിനസുകാരന്റെ ചിന്തകള്‍ക്കും മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. തന്റെ ബിസിനസിലേക്ക് പുതിയതെന്ത് കൂടിച്ചേര്‍ക്കാം എന്ന അന്വേഷണം ബിസിനസുകാരന്‍ തുടങ്ങി കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ കഴിയുന്ന മികച്ച ഉല്‍പ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ബിസിനസുകാരന്‍ തലപുകയ്ക്കുന്നു. തന്റെ എതിരാളികളേക്കാള്‍ മികച്ചത് നല്‍കുക എന്നതായി മാറുന്നു വിജയമന്ത്രം.

റെസ്റ്റോറന്റുകള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന രൂപമാറ്റങ്ങള്‍ ശ്രദ്ധിക്കുക. ഇന്ന് പല റെസ്റ്റോറന്റുകളും കോണ്‍സെപ്റ്റ് റെസ്റ്റോറന്റുകളായി മാറിയിരിക്കുന്നു. ഭക്ഷണം കഴിക്കാനൊരിടം എന്നതിലുപരി ഇന്ന് റെസ്റ്റോറന്റുകള്‍ ഹാങ്ങ് ഔട്ട് പ്ലേസുകളായി മാറിയിരിക്കുന്നു. വൈ ഫൈയും മ്യൂസിക്കും ബിസിനസ് സര്‍വ്വീസസും വരെ ലഭിക്കുന്ന ഈ രൂപമാറ്റം കാലഘട്ടത്തിന്റെ ആവശ്യത്തിനനുസൃതമാണ്.

സൂപ്പര്‍ മാര്‍ക്കറ്റുകളെ നോക്കുക. സാധാരണ പലചരക്കു കടകളില്‍ നിന്നുമുള്ള അതിശയകരമായ രൂപമാറ്റം. ഇന്ന് പര്‍ച്ചേസ് കുടുംബസമേതമാണ്. കോഫി ഷോപ്പും കുട്ടികള്‍ക്ക് കളിക്കുവാനുള്ള സ്ഥലവും കസ്റ്റമര്‍ ലോഞ്ചും കുട്ടികള്‍ക്കുള്ള കെയര്‍ ടേക്കറും ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാര്‍ ഷോപ്പ് ചെയ്യുമ്പോള്‍ ബോറടിക്കാതെ ഇരിക്കുവാനുള്ള എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണറും ഉള്‍പ്പെടെ എന്തൊക്കെ രൂപഭേദങ്ങള്‍. ഇന്നലെ വരെ നമ്മുടെ സ്വപ്നങ്ങളില്‍ പോലുമില്ലാത്ത മാറ്റങ്ങള്‍ അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്നു.

ആശയങ്ങളെ വ്യത്യസ്തമായി ആവിഷ്‌ക്കരിക്കുമ്പോഴാണ് അവ വിജയിക്കുന്നത്. അവയെ ഉപഭോക്താവിന്റെ രുചിഭേദങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തുവാന്‍ ബിസിനസുകാരനു കഴിയണം. നമ്മുടെ കണ്ണില്‍ നിന്നും മറഞ്ഞു നില്‍ക്കുന്ന ഒരുപാട് ആശയങ്ങള്‍ ചുറ്റുമുണ്ട്. അവയെ കണ്ടെത്തി ബിസിനസില്‍ സന്നിവേശിപ്പിക്കുവാന്‍ കഴിഞ്ഞാല്‍, ആ വ്യത്യസ്തതയെ മാര്‍ക്കറ്റ് ചെയ്യുവാന്‍ കഴിഞ്ഞാല്‍ വിജയം സുനിശ്ചിതം.

നവീനതയുടേയും പുതിയ ആശയങ്ങളുടേയും അഭാവം ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പല ബിസിനസുകളുടേയും നിലനില്‍പ്പ് തന്നെ അപകടത്തിലാക്കാം. ഉപഭോക്താവിന്റെ രുചിഭേദങ്ങള്‍ കണ്ടെത്തി അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ വരുത്താതെ അലംഭാവത്തോടെ (Complacency) മുന്നോട്ട് പോകുന്ന വ്യവസായ സംരംഭങ്ങള്‍ കാലക്രമേണ പിന്‍തള്ളപ്പെടുകയും ചരിത്രത്തിലേക്ക് മാഞ്ഞു പോവുകയും ചെയ്യുന്നു.

കേരളത്തില്‍ ഒരിക്കല്‍ ഇന്ത്യന്‍ കോഫി ഹൗസ് തരംഗം സൃഷ്ടിച്ചിരുന്നു. മലയാളിയുടെ സംസ്‌ക്കാരത്തിന്റേയും അഭിമാനത്തിന്റേയും നിറകുടമായിരുന്നു ഇന്ത്യന്‍ കോഫി ഹൗസുകള്‍. സായാഹ്നങ്ങളിലെ ചര്‍ച്ചകളും സംവാദങ്ങളും ആവി പറക്കുന്ന കോഫിയുടെ മുന്നിലായിരുന്നു. ഇന്ത്യന്‍ കോഫി ഹൗസിലെ മേശയ്ക്കു ചുറ്റും ഉടലെടുത്ത എത്രയോ സുഹൃത് ബന്ധങ്ങള്‍, തിരക്കഥകള്‍, പ്രണയങ്ങള്‍, ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍. ഒരു ഗൃഹാതുരത്വമായി ഇന്ത്യന്‍ കോഫി ഹൗസിലെ കാലത്തെ കൊണ്ടു നടക്കുന്ന എന്നെപോലെ എത്രയോ പേര്‍.

പക്ഷേ, ഇന്ന് കാലം മാറി കഥ മാറി. കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താതെ പുതുമയെ ആശ്ലേഷിക്കാതെ പഴയ ചിന്തയും ആശയങ്ങളും മാത്രമായി ഒതുങ്ങി പോകുന്ന വലിയൊരു പ്രസ്ഥാനം. ഫാബ് ഇന്ത്യ പോലെയോ സ്റ്റാര്‍ബക്‌സ് പോലെയോ വളരേണ്ട അനന്ത സാദ്ധ്യതയുള്ള മലയാളിയുടെ ഓര്‍മ്മയ്‌ക്കൊപ്പം വളര്‍ന്ന സംസ്‌ക്കാരം. ചുറ്റും നടക്കുന്ന മാറ്റങ്ങള്‍ക്കു നേരെ കണ്ണടച്ച് മുന്നോട്ട് നീങ്ങുന്ന ഇത്തരം പ്രസ്ഥാനങ്ങള്‍ ഇനിയെത്ര നാള്‍. ഇന്ത്യന്‍ കോഫി ഹൗസുകള്‍ ഒരിക്കല്‍ യുവത്വത്തിന്റെ ഹാങ്ങ് ഔട്ട് പ്ലേസുകളായിരുന്നു. ഇന്നാസ്ഥാനം അന്യമായിരിക്കുന്നു. ഒരു തിരിച്ചു വരവ് ഇനിയും സാദ്ധ്യമാണ്, പക്ഷേ പുതുമയ്ക്കായി ദാഹിക്കുന്ന ഒരു നേതൃത്വം അതിനുണ്ടാവണം.

വ്യത്യസ്തമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ എന്തുകൊണ്ടും മികച്ചത് കുറച്ചുകാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യുക എന്നതു തന്നെയാണ്. താന്‍ ചെയ്യുന്നത് തന്നെയാണ് ശരിയെന്നും മാറ്റങ്ങള്‍ ബിസിനസിനാവശ്യമില്ല എന്നും കരുതുന്ന ബിസിനസുകാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നവരെപ്പോലെയാണ്. ഇന്ന് യുവരക്തം ബിസിനസിലേക്ക് വരുന്നത് പുതിയ ആശയങ്ങളുമായിട്ടാണ്. നവീനത അവരുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. അവര്‍ ബിസിനസിലേക്ക് വരട്ടെ. പുതിയ ആശയങ്ങള്‍ കൂടിച്ചേര്‍ക്കട്ടെ. അവര്‍ക്കും അവരുടെ ആശയങ്ങള്‍ക്കും ഇടം നല്‍കുകയാവട്ടെ ഇനി നമ്മുടെ ലക്ഷ്യം.

 

 

 

Leave a comment