വേഗത കൂട്ടുവാന്‍ മിടുക്കന്മാര്‍ വേണം

നിപുണതയും യോഗ്യതയമുള്ള ഒരു കൂട്ടം വ്യക്തികളെ ഒരുമിച്ച് ഒരു ലക്ഷ്യത്തിലേക്ക് നയിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഏതൊരു സംരഭകനും നേരിടുന്ന കടുത്ത വെല്ലുവിളി

ഒരു കമ്പനി തൊഴിലാളികള്‍ക്കായി പെന്‍ഷന്‍ പ്ലാന്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. ഇതിനായി തൊഴിലാളികളുടെ നൂറുശതമാനം പങ്കാളിത്തം ആവശ്യമുണ്ട്. എന്നാല്‍ ജോണ്‍ ഒഴിച്ച് എല്ലാവരും അപേക്ഷാഫോമില്‍ ഒപ്പുവെച്ചു. എത്ര നിര്‍ബന്ധിച്ചിട്ടും ജോണ്‍ പെന്‍ഷന്‍ പ്ലാനില്‍ ചേരുവാന്‍ തയാറാവുന്നില്ല. എല്ലാ മാര്‍ഗങ്ങളും പരാജയപ്പെട്ടപ്പോള്‍ കമ്പനിയുടെ ഉടമസ്ഥന്‍ ജോണിനെ വിളിപ്പിച്ചു. തന്റെ മുന്നില്‍ നിന്ന ജോണിനോട് അദ്ദേഹം പറഞ്ഞു. ഇതാ ഇവിടെ പെന്‍ഷന്‍ പ്ലാനിന്റെ അപേക്ഷയും പേനയുമുണ്ട്. ഒന്നുകില്‍ നിങ്ങള്‍ ഇതില്‍ ഒപ്പിടുക അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ പിരിച്ചുവിടും. ജോണ്‍ ഒന്നും മിണ്ടാതെ പേനയെടുത്തു അപേക്ഷാഫോമില്‍ ഒപ്പുവച്ചു. എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് നേരത്തേ ചെയ്യാതിരുന്നതെന്ന ഉടമസ്ഥന്റെ ചോദ്യത്തിന് ജോണ്‍ ഇങ്ങിനെ മറുപടി പറഞ്ഞു. സര്‍, അങ്ങ് വിശദീകരിച്ചതുപോലെ ഇത്ര നന്നായി ആരും എന്നോട് കാര്യങ്ങള്‍ പറഞ്ഞില്ല.

ഭയം എങ്ങനെ പ്രചോദനമാകാം (Motivation) എന്നതിന് ഒരു ഉദാഹരണമാകുന്നു മുകളില്‍ പറഞ്ഞ കഥ. വ്യത്യസ്ത സംസ്‌കാരവും ശൈലിയും നിപുണതയും യോഗ്യതയമുള്ള ഒരു കൂട്ടം വ്യക്തികളെ ഒരുമിച്ച് ഒരു ലക്ഷ്യത്തിലേക്ക് നയിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഏതൊരു സംരംഭകനും നേരിടുന്ന കടുത്ത വെല്ലുവിളി. മാനേജ്‌മെന്റ് സിദ്ധാന്തത്തില്‍ ‘4Ms’നെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. മനുഷ്യര്‍ (Men), യന്ത്രം (Machine), പദാര്‍ത്ഥം (Material), ധനം (Money) എന്നിവയാണ് മാനേജ്‌മെന്റിലെ 4Ms. ഇതില്‍ യന്ത്രം, പദാര്‍ത്ഥം, ധനം എന്നിവയുടെ ഉപഭോഗം ആദ്യത്തെ ‘M’ നേക്കാള്‍ താരതമ്യേന എളുപ്പമാണ്. എന്നാല്‍ മനുഷ്യവിഭവശേഷിയുടെ ഉപയോഗവും കൈകാര്യവും ഏറ്റവും ദുര്‍ഘടം പിടിച്ചതാകുന്നു. എന്തെന്നാല്‍ കൂട്ടത്തില്‍ തലച്ചോര്‍ ഉള്ളതും ചിന്തിക്കുന്നതുമായ ഒരേ ഒരു വിഭാഗം ഇതാകുന്നു. ഒരു സംരംഭകന്റെ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യന്‍ എന്ന വിഭവത്തിന്റെ ശേഷി ബിസിനസിന്റെ വളര്‍ച്ചയ്ക്കുവേണ്ടി എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതാണ്.

ബിസിനസിന്റെ വളര്‍ച്ചയ്ക്ക് നിദാനമാകുന്ന ഏറ്റവും പ്രാധാന്യമുള്ള വിഭവശേഷി
മനുഷ്യന്റേതാകുന്നു. വ്യക്തികളുടെ യോഗ്യതകളും നിപുണതയും ക്രിയാത്മകതയും സര്‍ഗാത്മകതയുമൊക്കെയാണ് വിജയത്തിലേക്കുള്ള ദൂരത്തിന്റെ യഥാര്‍ത്ഥ അളവുകോല്‍. കഴിവുള്ള, പ്രചോദനം ഉള്‍ക്കൊണ്ട വ്യക്തികള്‍ മറ്റു വിഭവങ്ങളുടെ സമഗ്രമായ വിനിയോഗം ഉറപ്പുവരുത്തുന്നു. വ്യക്തികളിലെ അറിവിന്റെയും കഴിവുകളുടെയും കുറവുകള്‍ വിഭവങ്ങളുടെ ആസൂത്രണത്തിലും വിനിയോഗത്തിലും പിഴവുകള്‍ സൃഷ്ടിക്കുന്നു. ഇത് ബിസിനസുകളെ പ്രതികൂലമായി ബാധിക്കുകയും പരാജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. മനുഷ്യ വിഭവത്തിന്റെ ക്രിയാ ത്മകതയും സര്‍ഗശേഷിയും ശരിയായ ദിശയില്‍ വിനി യോഗിക്കുവാന്‍ കഴിയാത്ത ഏതൊരു ബിസിനസിലും അപകടസാധ്യത (Risk factor) കൂടുതലാണ്. മനുഷ്യരെ ഏറ്റവും ഉപയുക്തമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ട കഴിവാണ് (Man Management Skill) ഒരു സംരംഭകന്‍ നേടിയെടുക്കേണ്ടത്.

യോഗ്യതയും കഴിവും മാനദണ്ഡമാക്കുക

ജോലിയിലേക്ക് വ്യക്തികളെ തെരഞ്ഞെടുക്കുമ്പോള്‍ യഥാര്‍ത്ഥ യോഗ്യതയും കഴിവുമാണ് മാനദണ്ഡമാക്കേണ്ടത്. തസ്തിക ആവശ്യപ്പെടുന്ന നിപുണത പരീക്ഷിച്ച് ബോധ്യപ്പെട്ടതിനുശേഷം മാത്രമാവണം തെരഞ്ഞെടുപ്പ്. ശുപാര്‍ശയും സഹതാപവും കൊണ്ട് നിയമിക്കപ്പെടുന്നവര്‍ ബിസിനസിന് ഗുണകരമാവണമെന്നില്ല. യോഗ്യതയിലും കഴിവിലും വിട്ടുവീഴ്ച വരുത്തിയാല്‍ അത് പിന്നീട് ബിസിനസില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ശരിയായ വ്യക്തി, ശരിയായ ജോലിക്ക്

‘Right person for the right job’ ഒരു മാനേജ്‌മെന്റ് മന്ത്രമായി മനസില്‍ സൂക്ഷിക്കണം. ജോലി യഥാര്‍ത്ഥത്തില്‍ ആവശ്യപ്പെടുന്ന ഗുണഗണങ്ങളുള്ള വ്യക്തികള്‍ അല്ലായെങ്കില്‍ വിഭവങ്ങളുടെ പാഴ്‌വിനിയോഗമാകും നടപ്പിലാക്കപ്പെടുക. പലപ്പോഴും ബിസിനസില്‍ വ്യക്തികളുടെ തസ്തികകള്‍ മാറുമ്പോഴും പ്രൊമോഷന്‍ നല്‍കുമ്പോഴും വിസ്മരിക്കപ്പെടുന്ന വസ്തുത ഇതാണ്. ശരിയായ വ്യക്തികള്‍ ശരിയായ ജോലി ചെയ്യുമ്പോള്‍ ബിസിനസ് അഭിവൃദ്ധിപ്പെടുന്നു.

പ്രകടനത്തിനനുസരിച്ച് വേതനം നല്‍കുക.

പ്രകടനത്തിനനുസരിച്ചുള്ള (Performance-linked) ഒരു വേതന വ്യവസ്ഥ നന്നായി ജോലി ചെയ്യുന്ന വ്യക്തികള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു. വേതനം നിശ്ചയിക്കപ്പെടുമ്പോള്‍ ഏറ്റവും പ്രാധാന്യമുള്ള മാനദണ്ഡം ‘Performance’ ആകണം. ശാസ്ത്രീയമായ രീതിയില്‍ ജീവനക്കാരുടെ പ്രകടനങ്ങള്‍ വിലയിരുത്തുകയും അതിനനുരൂപമായ, യോഗ്യമായ വേതനം നിശ്ചയിക്കപ്പെടുകയും ചെയ്യുന്ന സംസ്‌കാരം ബിസിനസില്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമത വാഗ്ദാനം ചെയ്യുന്നു.

ശരിയായ മനോഭാവം ഏറ്റവും മികച്ച യോഗ്യത

ഒരു വ്യക്തിയുടെ ശരിയായ മനോഭാവ (Right Attitu-de) മാണ് ഏറ്റവും മികച്ച യോഗ്യതയായി കണക്കിലാക്കപ്പെടേണ്ടത്. യാതൊരു മടിയോ നെഗറ്റിവിറ്റിയോ കൂടാതെ ഏല്‍പ്പിക്കുന്ന ജോലികള്‍ സ്തുത്യര്‍ഹമായി നിര്‍വഹിക്കുന്ന വ്യക്തികള്‍ ബിസിനസിന് മുതല്‍ക്കൂട്ടാവുന്നു. ശരിയായ മനോഭാവം പുലര്‍ത്തുന്ന ഇത്തരം വ്യക്തികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകുവാനും നേര്‍വഴിക്ക് നടത്തുവാനും പ്രാപ്തമായ വ്യക്തിത്വം പ്രകാശിപ്പിക്കുന്നു. അത്തരം മനോഭാവം ഉള്ള വ്യക്തികളെ കൂടുതല്‍ പരിശീലിപ്പിച്ച് ഉത്തരവാദിത്തങ്ങള്‍ നല്‍കി ഉയരങ്ങളിലേക്ക് നയിക്കുവാന്‍ കഴിയണം.

പരീക്ഷണങ്ങള്‍ ഒഴിവാക്കുക

ജോലിക്കാവശ്യമായ യഥാര്‍ത്ഥ കഴിവോ യോഗ്യതയോ മനോഭാവമോ ഇല്ലാത്ത വ്യക്തികളെ നിയമിച്ചുകൊണ്ട് നടത്തുന്ന പരീക്ഷണങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. ഇതുമൂലമുണ്ടാവുന്ന സമയനഷ്ടവും ധനനഷ്ടവും കൂടാതെ തന്നെ ബിസിനസില്‍ സൃഷ്ടിക്കപ്പെടുന്ന നാശനഷ്ടങ്ങള്‍ (Damages) നിരവധിയാണ്. ഒരു വ്യക്തി യോഗ്യനല്ല എന്നു ബോധ്യമായാല്‍ അയാളെവെച്ചു നടത്തുന്ന പരീക്ഷണങ്ങള്‍ ബിസിനസിനെ പ്രതികൂലമായി ബാധിക്കും. ഉചിതമായ തീരുമാനങ്ങള്‍ ഉചിതമായ സമയത്ത് എടുക്കുവാന്‍ സംരംഭകനു കഴിയണം.

ബിസിനസ് വിദ്യാഭ്യാസം ഒരു സംസ്‌കാരമാക്കുക

ഓരോ വ്യക്തിയുടേയും നൈപുണ്യം (Skill) വര്‍ധിപ്പിക്കുവാനുതകുന്ന പരിശീലനം (Training) നല്‍കുന്നത് ബിസിനസ് സംസ്‌ക്കാരത്തിന്റെ ഭാഗമാവണം. ഇതിനായി ആസൂത്രിതമായ പരിശീ ലന പരിപാടികള്‍ സംഘടിപ്പിക്കണം. Soft Skill, Technical, Product Knowledge, Motivational എന്നീ നിലകളിലുള്ള ട്രെയിനിംഗുകള്‍ ബിസിനസിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകും.

 

 

 

Leave a comment