നെഗറ്റീവ് സംരംഭകര്‍ക്ക് കാവലാളാകുന്ന നിയമവും നിയമപാലകരും

ലോകത്തിലെ ഏറ്റവും ലാഭകരമായ സംരംഭങ്ങളുടെ പട്ടികയില്‍പ്പെടുത്താവുന്ന ചില വ്യവസായങ്ങളുണ്ട്. മുടക്കുന്ന മൂലധനത്തിന്റെ അനേകമടങ്ങ് ലാഭം നേടാനാവുന്ന ചില സംരംഭങ്ങള്‍. പക്ഷേ, സമൂഹത്തിലെ ചെറിയൊരു ശതമാനം വ്യക്തികള്‍ മാത്രമേ ഈ ബിസിനസുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളൂ. ഈ ചുരുക്കം വ്യക്തികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ സൈ്വരജീവിതം ദുസ്സഹമാക്കുന്നതും താറുമാറാക്കുന്നതും. വലിയൊരു സമൂഹത്തിന്റെ ജാതകം എഴുതുന്നതും തിരുത്തിക്കുറിക്കുന്നതുമെല്ലാം ഈ വ്യവസായികളാണ്.

ലഹരിമരുന്ന് വ്യാപാരം, മദ്യ വ്യാപാരം, ചൂതാട്ടം, വേശ്യാവൃത്തി, ക്വട്ടേഷന്‍ സംഘം, ഭിക്ഷാടന വ്യാപാരം എന്നീ സംരംഭങ്ങള്‍ കോടികള്‍ ലാഭം കൊയ്യുന്ന ബിസിനസുകളാണ്. ഈ വ്യവസായങ്ങള്‍ മാത്രം നടത്തുന്ന, അതിനോട് മാത്രം താല്‍പര്യമുള്ള ‘നെഗറ്റീവ് സംരംഭകര്‍” സമൂഹത്തിലുണ്ട്. കുറഞ്ഞ കാലയളവ് കൊണ്ട് കോടീശ്വരന്മാരാകാന്‍ കൊതിക്കുന്നവര്‍. സമൂഹത്തിനോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്തവര്‍. നിയമങ്ങള്‍ക്കതീതര്‍. ഇവര്‍ക്ക് കാവലാളുകളായി മാറുന്ന നിയമവും നിയമപാലകരും. അല്‍പ്പം ചങ്കുറപ്പുണ്ടെങ്കില്‍, കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുക്കുണ്ടെങ്കില്‍ അതിവേഗം സമ്പന്നതയിലേക്ക് കുതിക്കാം.

മൂന്നേകാല്‍ക്കോടി ജനങ്ങളുള്ള കേരളത്തില്‍ ഇത്തരം വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ സംഖ്യ വളരെ തുച്ഛമാണ്. കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ വളരെ ചെറിയൊരു ശതമാനം. പക്ഷേ, ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ സമാധാനവും സൈ്വരജീവിതവും തകര്‍ക്കാന്‍ ഈ ചെറിയൊരു ശതമാനത്തിന് കഴിയുന്നു. ഇതിനുള്ള കാരണം ഈ നെഗറ്റീവ് സംരംഭകര്‍ക്ക് ഭരണകൂടത്തില്‍ നിന്നും നിയമത്തില്‍ നിന്നും ലഭിക്കുന്ന പരിരക്ഷകളാണ്. അതല്ലെങ്കില്‍ തുലോം ചെറിയൊരു വിഭാഗത്തെ ഒതുക്കാനും ഇല്ലാതാക്കാനും ഗവണ്‍മെന്റ് പോലൊരു ബൃഹത്തായ സംവിധാനത്തിന് കഴിയാത്തതാണോ. പരസ്പരം ഊട്ടിവളര്‍ത്തുന്ന ഒരേ ആവാസ വ്യവസ്ഥയുടെ കണ്ണികളാകുന്നു ഈ വ്യക്തികളും അവരുടെ പരിരക്ഷകരും.

കേരളത്തിന്റെ ഏതു നഗരവീഥിയിലും നമ്മുടെ മുന്നില്‍ കൈനീട്ടിയെത്തുന്ന ഭിക്ഷക്കാരെ നമുക്കു കാണാം. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധരായവര്‍ വരെ ഈ കൂട്ടത്തിലുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൂട്ടത്തോടെ കേരളത്തിലെത്തിച്ച് ഇവരെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്ന മാഫിയകള്‍ സംസ്ഥാനത്ത് പിടിമുറുക്കിയിരിക്കുന്നു. കേരളത്തിലെ ഒരു വന്‍ വ്യവസായമായി ഭിക്ഷാടനം മാറിക്കഴിഞ്ഞു. ട്രെയ്നുകളിലും ബസുകളിലും തെരുവീഥികളിലും പാതയോരത്തും ഭിക്ഷാടകരെ നമുക്കു കാണാം. മോഷണവും പിടിച്ചുപറിയും കൊലപാതകവും ലഹരിമരുന്നു വ്യാപാരവും വേശ്യാവൃത്തിയുമെല്ലാം ഈ ചാനലിലൂടെ നിര്‍ബാധം നടക്കുന്നു.

ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്നും രക്ഷിക്കാന്‍ ആരാണ് ശ്രമിക്കുന്നതെന്ന ഉത്തരം തേടി എങ്ങും നടക്കേണ്ടതില്ല. ലക്ഷങ്ങള്‍ വാരിവിതറി കൊലക്കയറില്‍ നിന്നും ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്തുമ്പോള്‍, ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്ന തങ്ങളുടെ ഇരകളുടെ ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാനും അവരുടെ ഭീതി ഒഴിവാക്കുവാനും ഈ ഭിക്ഷാടന മാഫിയകള്‍ക്ക് സാധിക്കും. എന്ത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാലും തങ്ങളെ സംരക്ഷിക്കാന്‍ ഒരു ശക്തി ഒപ്പമുണ്ടെന്ന തോന്നല്‍ ഈ ഭിക്ഷാടകര്‍ക്ക് വരുന്നതോടെ കേരളസമൂഹം വീണ്ടും അരക്ഷിതാവസ്ഥയിലാവും. ഇവിടെ ജാഗ്രത കാട്ടേണ്ടിയിരുന്ന ഭരണകൂടവും നിയമപാലകരും ആരുടെ പക്ഷത്താണെന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കൊപ്പമോ? അതോ വിരലിലെണ്ണാവുന്ന ക്രിമിനലുകള്‍ക്കൊപ്പമോ?

സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തില്‍ പീഡനങ്ങള്‍ക്കോ ബലാത്സംഗങ്ങള്‍ക്കോ യാതൊരു കുറവുമില്ല. നിരക്ഷരരായ വ്യക്തികള്‍ പോലും ചെയ്യാത്ത നീചമായ പ്രവര്‍ത്തികള്‍ മലയാളിയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നു. ആയിരക്കണക്കിന് പീഡനക്കേസുകളാണ് ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഭിക്ഷാടകരും ഇതര സംസ്ഥാനത്തൊഴിലാളികളും ഏര്‍പ്പെടുന്ന ക്രിമിനല്‍ പ്രവര്‍ത്തികളും ആയിരക്കണക്കിനാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന വ്യക്തികള്‍ക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കാന്‍ പരാജയപ്പെടുന്ന നിയമസംവിധാനമാണ് കേരളത്തിന്റെ, അതല്ലെങ്കില്‍ രാജ്യത്തിന്റെ തന്നെ ശാപം.

നമ്മുടെ പൊലീസും നിയമസംവിധാനങ്ങളും ഇപ്പോഴും ഹെല്‍മെറ്റ് ധരിക്കാത്തവര്‍ക്കും ഓവര്‍ലോഡ് കയറ്റുന്നവര്‍ക്കും സിഗരറ്റ് വലിക്കുന്നവര്‍ക്കുമൊക്കെ പിറകെയാണ്. ചിട്ടിപ്പിരിവുകാരെ പോലെയാകുന്ന പൊലീസുകാര്‍. പെറ്റിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിത്യച്ചെലവിന് പണം കണ്ടെത്തുന്ന ഡിപ്പാര്‍ട്ട്മെന്റ്. സമൂഹത്തെ അസ്ഥിരപ്പെടുത്തുന്ന അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് കേവലം നിസാരങ്ങളായ കാര്യങ്ങള്‍ക്കായാണ് സേനയിലെ വലിയൊരു വിഭാഗത്തെ ഉപയോഗിക്കുന്നത്.
ഗവണ്‍മെന്റും പൊലീസും വിചാരിച്ചാല്‍ അമര്‍ച്ച ചെയ്യാന്‍ പറ്റാത്ത ഏതു ക്രിമിനല്‍ പ്രവര്‍ത്തികളാണ് കേരളത്തിലുള്ളത്? ചെറിയൊരു സംസ്ഥാനമായ കേരളത്തിലെ ജനസമൂഹം സമാധാന കാംഷികളാണ്. തങ്ങളുടെ ജോലി ചെയ്ത് അന്നന്നത്തെ അന്നം കണ്ടെത്തി സ്വസ്ഥമായി ജീവിക്കുന്നവര്‍. ഇവര്‍ക്കിടയില്‍ ഇത്തിക്കണ്ണികളെപ്പോലെ പറ്റിപ്പിടിച്ച് വളരുന്ന മാഫിയകളെ ഇല്ലാതാക്കാന്‍ പതിനായിരക്കണക്കിന് അംഗബലമുള്ള, ആധുനിക സംവിധാനങ്ങളുള്ള നിയമത്തിന് കഴിയാത്തത് എന്തുകൊണ്ടാണ്? ഇവിടെയാണ് ഈ മാഫിയകളും ഭരണ, നിയമ സംവിധാനങ്ങളും തമ്മിലുള്ള അവിശുദ്ധബന്ധത്തെ ജനങ്ങള്‍ സംശയിക്കുന്നത്.

കേരളത്തില്‍ അങ്ങോളമിങ്ങോളം ലഹരി വിറ്റുനടക്കുന്ന, ഭിക്ഷാടനം നടത്തുന്ന മാഫിയകളുടെ ഇരകളെയല്ല വേട്ടയാടേണ്ടത്. ഈ ബിസിനസ് നടത്തുന്നവരെയാണ്. അതല്ലാതെ ഇതിന്റെയൊന്നും വേരറുക്കാന്‍ ഒരു നിയമത്തിനും കഴിയുകയില്ല. ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും നക്കാപ്പിച്ചയ്ക്കുവേണ്ടി തെറ്റായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ബലിയാടുകളാണ്. മേലാളന്മാരുടെ രോമത്തില്‍ പോലും സ്പര്‍ശിക്കാന്‍ നിയമത്തിനും നിയമപാലകര്‍ക്കും കഴിയുന്നില്ല. അന്വേഷണങ്ങളൊന്നും ഈ ബലിയാടുകള്‍ക്കപ്പുറം മുന്നോട്ടുപോവില്ല. ഇതിന്റെയൊക്കെ വേരറുക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം ആര്‍ക്കാണുള്ളത്? പണം നിയമത്തെ നിയന്ത്രിക്കുന്ന ഒരു സമൂഹത്തില്‍ പണമാണ് ദൈവം. അതിനു മീതെ പറക്കാന്‍ നിയമം പോലും മടിക്കും.
ചെറിയൊരു ലാഭത്തിനായി പാന്‍പരാഗ് വില്‍ക്കുന്ന സീ ക്ലാസ് കടക്കാരനെ പിടിച്ച് ചാനലുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കാണിക്കുന്ന ഉത്സാഹം വമ്പന്‍ ലഹരി, ഭിക്ഷാടന മാഫിയയുടെ കാര്യത്തില്‍ പൊലീസ് കാണിക്കുന്നില്ല. ലഹരിയിലൂടെയും ഭിക്ഷാടനത്തിലൂടെയും വേശ്യാവൃത്തിയിലൂടെയും കോടികള്‍ കൊയ്യുന്നവന്‍ നിര്‍ഭയനായി സമൂഹത്തിലൂടെ നടക്കുമ്പോള്‍ സൈക്കിളില്‍ ലൈറ്റില്ലാത്തവനെ പിടിച്ച് പോലീസ് നിര്‍വൃതിയടയുന്നു. ഗോവിന്ദച്ചാമിമാര്‍ പുല്ലുപോലെ രക്ഷപ്പെടുമ്പോള്‍ ഇത്തരം ബലിയാടുകള്‍ ജയിലില്‍ കിടന്നു നരകിക്കുന്നു.

പൊലീസിന്റെ മുന്‍ഗണനകള്‍ മാറണം. സമൂഹത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ പഠിച്ച് അതു സൃഷ്ടിക്കുന്ന സാമൂഹ്യ വിരുദ്ധശക്തികളെ ഉന്മൂലനം ചെയ്യുകയാണ് പൊലീസിന്റെ കടമ. ഇച്ഛാശക്തിയുള്ള, ആര്‍ജ്ജവമുള്ള ഒരു ഗവണ്‍മെന്റും നിയമപാലകരും വിചാരിച്ചാല്‍ ഒരാളും വാലു പൊക്കുകയില്ല, പൊക്കാന്‍ കഴിയുകയുമില്ല. പക്ഷേ, ഒരു ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഗവണ്‍മെന്റും നിയമരക്ഷകരും മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ ഒപ്പമാണോ? അതോ സമൂഹത്തിലെ ഈ നെഗറ്റീവ് സംരംഭകര്‍ക്കൊപ്പമോ?

 

Leave a comment