ഉല്‍പ്പന്നം നല്‍കുന്ന സേവനമാണ് പ്രധാനം

ഉപഭോക്താവിന് സേവനം നല്‍കുവാന്‍ ഉല്‍പ്പന്നത്തെ സൃഷ്ടിക്കുന്ന ദൗത്യം മാത്രമാണ് ഉല്‍പ്പാദകന്‍ ചെയ്യുന്നത്

നാം നിര്‍മ്മിക്കുന്ന ഉല്‍പ്പന്നം അല്ലെങ്കില്‍ നാം നല്‍കുന്ന സേവനം വ്യക്തികളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ? ഈ ചോദ്യത്തിനുത്തരം നാം തേടുമ്പോള്‍ ബിസിനസ് എന്ന വാക്കിന് പുതിയ അര്‍ത്ഥങ്ങളും മാനങ്ങളും കൈവരുന്നു. വാണിജ്യതലത്തിലുള്ള ഇടപാടുകള്‍ എന്ന കേവല അര്‍ത്ഥതലത്തില്‍ നിന്നും തത്വജ്ഞാനപരമായ (Philosophical) ഒരു തലത്തിലേക്ക് ബിസിനസിന്റെ നിര്‍വചനത്തിന് മാറ്റം സംഭവിക്കുന്നു.

നാം ചെയ്യുന്ന ബിസിനസ് ഏതുമായിക്കൊള്ളട്ടെ അതിന്റെ ആത്യന്തികമായുള്ള ലക്ഷ്യം ഉപഭോക്താവിന് നല്‍കുന്ന സേവനമാണ്. ഫോട്ടോകോപ്പി എടുത്തു നല്‍കുന്ന സ്ഥാപനമായാലും കാര്‍ നിര്‍മ്മാണശാലയായാലും ലക്ഷ്യം ഒന്നുതന്നെ. ഇവിടെ ഫോട്ടോകോപ്പി എടുത്തു നല്‍കുന്നതോ കാര്‍ ഉല്‍പ്പാദിപ്പിക്കുന്നതോ അല്ല ലക്ഷ്യം അതിനുപരി ഉപഭോക്താവിന് നല്‍കുന്ന സേവനമാണ് (Service). ഇവിടെയാണ് നിര്‍മ്മാണ മേഖല (Manufacturing Sector) സേവനമേഖല (Service Sector) എന്ന വേര്‍തിരിവുകള്‍ അപ്രത്യക്ഷമാകുന്നത്. നിങ്ങള്‍ ഉല്‍പ്പാദകനാവട്ടെ സേവനദാതാവാകട്ടെ ലക്ഷ്യം ഒന്നു മാത്രം ”സേവനം”. ഉല്‍പ്പന്നം (Product) എന്ന വസ്തുവിന്റെ വ്യക്തിത്വത്തിന് (Individualtiy) മാറ്റം സംഭവിക്കുകയാണ്. ഉല്‍പ്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഒരു വസ്തു എന്ന നിലയില്‍ നിന്ന് ഉപഭോക്താവിന് (Consumer) സേവനം നല്‍കുന്ന വസ്തു എന്ന നിലയിലേക്ക് ഉല്‍പ്പന്നം രൂപാന്തരപ്പെട്ടു. സേവനം നല്‍കുന്നത് ഉല്‍പ്പാദകന്‍ മാത്രമല്ല ഉല്‍പ്പന്നം കൂടിയാണ് അതല്ലെങ്കില്‍ ഉപഭോക്താവിന് സേവനം നല്‍കുവാന്‍ ഉല്‍പ്പന്നത്തെ സൃഷ്ടിക്കുന്ന ദൗത്യം മാത്രമാണ് ഉല്‍പ്പാദകന്‍ ചെയ്യുന്നത്. ഉല്‍പ്പന്നത്തേക്കാള്‍ പ്രാധാന്യം അത് ഉപഭോക്താവിന് നല്‍കുന്ന സേവനത്തിനാകുന്നു.

ഉല്‍പ്പാദനമേഖല, സേവനമേഖല എന്നിവയുടെ അതിര്‍വരമ്പുകള്‍ നേര്‍ത്തില്ലാതെയാവുന്നത് ഇവിടെ നമുക്ക് ദര്‍ശിക്കാം. ഉല്‍പ്പന്നത്തിനോ സേവനത്തിനോ ഉപഭോക്താവില്‍ സൃഷ്ടിക്കുന്ന ഗുണപരമായ (Qualitative) മാറ്റങ്ങള്‍ക്കാണ് പ്രാധാന്യം. ഓരോ ഉല്‍പ്പന്നത്തിന്റേയും സേവനത്തിന്റേയും വ്യക്തിപരമായ പ്രത്യേകതയും ഗുണവുമാണ് ഇവിടെ പ്രതിഫലിക്കപ്പെടുന്നത്. ഉപഭോക്താവ് പണം മുടക്കുന്നത് ബ്രാന്‍ഡിനായോ ഭംഗിക്കായോ അല്ല ഉല്‍പ്പന്നം നല്‍കുന്ന സേവനത്തിനായി മാത്രമാണ്. മറ്റുള്ളവയെല്ലാം ഉല്‍പ്പന്നത്തിലേക്ക് ഉപഭോക്താവിനെ ആകര്‍ഷിക്കുവാനുള്ള കെട്ടുകാഴ്ചകള്‍ മാത്രമാണ്. ബിസിനസിന്റെ നിലനില്‍പ്പും വളര്‍ച്ചയും സേവനത്തിന്റെ ഉത്കൃഷ്ടതയില്‍ മാത്രമാണ് അടിയുറച്ച് നില്‍ക്കുന്നത്.

നിങ്ങള്‍ നിര്‍മ്മാതാവല്ല സേവനദാതാവ് മാത്രം

നിങ്ങള്‍ ഉല്‍പ്പന്ന നിര്‍മ്മാതാവ് എന്നത് മനസ്സില്‍ വേരൂന്നിയ ഒരു സങ്കല്‍പ്പം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഒരു സേവനദാതാവാണ്. നിങ്ങളുടെ ഉല്‍പ്പന്നം ഏതുമാവട്ടെ ഉപഭോക്താവ് വിശ്വസിക്കുന്നത് ആ ഉല്‍പ്പന്നം നല്‍കുന്ന സേവനത്തിലാണ്. യഥാര്‍ത്ഥത്തില്‍ ഉപഭോക്താവിന് സേവനം നല്‍കുന്ന അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വസ്തുവിനെ നിര്‍മ്മിക്കുന്ന നിര്‍മ്മാതാവ് സേവനദാതാവ് തന്നെയാണ്.

ഉല്‍പ്പന്നത്തിന്റെ വ്യക്തിത്വം

ഉപഭോക്താവ് ഉല്‍പ്പന്നം ഉപയോഗിക്കുന്നത് തന്റെ വീട്ടിലോ ഓഫീസിലോ മറ്റ് എവിടെയുമായിക്കൊള്ളട്ടെ ഉല്‍പ്പന്നം തന്റെ സേവനം ആ വ്യക്തിക്കായി നല്‍കുന്നു. തന്റെ ജോലിക്കാരന്‍ നല്‍കുന്ന പോലെയുള്ള ഒരു സേവനമായിട്ട് തന്നെയാണ് ഉപഭോക്താവ് ഉല്‍പ്പന്നത്തിന്റെ സേവനത്തിനേയും കണക്കാക്കുന്നത്. ഉല്‍പ്പന്നത്തിന്റെ സേവനത്തിന് മാനുഷികമായ ഒരു തലം കൂടിയുണ്ടെന്ന് അര്‍ത്ഥം. ഉല്‍പ്പന്നത്തിന്റെ വ്യക്തിത്വത്തിന്റെ പ്രാധാന്യം ഇവിടെയാണ്. സേവനത്തിന്റെ ഗുണവും പ്രകടനവും (Performance) ഉപഭോക്താവിന് ഉല്‍പ്പന്നത്തിലുള്ള വിശ്വാസം (Trust) അടിക്കടി വര്‍ദ്ധിപ്പിക്കുന്നു. തന്റെ ജോലിക്കാരനിലുള്ള വിശ്വാസം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതു പോലെയുള്ള ഒരനുഭവം. ഇതിനെ നാം ബ്രാന്‍ഡ് ലോയല്‍റ്റി എന്നൊക്കെ ആലങ്കാരികമായി വിശേഷിപ്പിക്കാമെങ്കിലും ഉല്‍പ്പന്നത്തിന്റെ വ്യക്തിത്വമാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ കൂടുതല്‍ തേജസ്സുറ്റതാകുന്നത്.സേവനത്തിന്റെ ഗുണവും ആഴവും

ഉല്‍പ്പന്നത്തിലൂടെ ഉപഭോക്താവിന് നല്‍കേണ്ട സേവനത്തിന്റെ ഗുണവും ആഴവും തിട്ടപ്പെടുത്തുകയാവണം ഉല്‍പ്പാദകന്‍ ആദ്യം ചെയ്യേണ്ടത്. ഉല്‍പ്പന്നത്തിന്റെ ഭംഗിയും ആകര്‍ഷണീയതയുമൊക്കെ പിന്നീട് വരുന്ന കാര്യങ്ങള്‍ മാത്രം. താന്‍ നിര്‍മ്മാതാവല്ല സേവനദാതാവാണ് എന്നതാണ് ഉല്‍പ്പാദകന്റെ മനസ്സില്‍ പതിഞ്ഞു കിടക്കേണ്ട ആപ്തവാക്യം. ഉത്പന്നത്തില്‍ നിന്നും സേവനത്തിലേക്കല്ല സേവനത്തില്‍ നിന്നും ഉല്‍പ്പന്നത്തിലേക്കാണ് ചിന്തിക്കേണ്ടത്. ഇത്തരമൊരു റിവേഴ്‌സ് തിങ്കിങ്ങ് സമൂഹത്തിലും വിപണിയിലും വരുന്ന നിരന്തരമാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുവാനും സേവനത്തിലാവശ്യമായ മാറ്റങ്ങള്‍ യഥാസമയം കൃത്യതയോടെ കണ്ടെത്തുവാനും തന്റെ ഉല്‍പ്പന്നത്തിലത് പ്രതിഫലിപ്പിക്കുവാനും ഉല്‍പ്പാദകനെ പ്രാപ്തനാക്കുന്നു.

നവീനതയെ (Innovation) ശീലമാക്കുവാന്‍ ഉല്‍പ്പാദകനെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന ഘടകം സേവനത്തിന്റെ ഗുണനിലവാരത്തെ തേടിയുള്ള ഈ അലച്ചിലാണ്. ബിസിനസ് മേഖല ഏതുമാവട്ടെ സേവനം മാത്രമാണ് നിങ്ങള്‍ ചെയ്യുന്നത്. ഉല്‍പ്പാദകനോ വില്‍പ്പനക്കാരനോ സേവനദാതാവോ എന്ന ഏതു വിഭാഗത്തില്‍പ്പെട്ട ബിസിനസുമാവട്ടെ, ലക്ഷ്യം സേവനം മാത്രം. ഉപഭോക്താവിനെ സേവിക്കുന്ന വാണിജ്യപരമായ പ്രവര്‍ത്തനമാണ് ബിസിനസ്. നാം ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും ആ ഒരു തലത്തിലായിരിക്കണം.

• ഉല്‍പ്പാദകന്‍ എന്ന നിലയില്‍ നിന്നും മനോനില സേവനദാതാവ് എന്ന നിലയിലേക്കെത്തണം.

• സേവനത്തില്‍ നിന്നും ഉല്‍പ്പന്നത്തിലേക്ക് എന്ന റിവേഴ്‌സ് തിങ്കിങ്ങ് ശീലമാക്കണം

• ഉല്‍പ്പന്നത്തിന്റെ വ്യക്തിത്വം മറ്റെന്തിനേക്കാളും പ്രാധാന്യമുള്ളതാണ്.

 

 

 

 

 

Leave a comment