ഞാനും ഞാനുമെന്റാളും

1905ലാണ് ഹെന്‍ട്രി ഫോര്‍ഡ് ഫോര്‍ഡ് മോട്ടോര്‍ കമ്പനി ആരംഭിക്കുന്നത്. പതിനഞ്ചു വര്‍ഷം കൊണ്ട് ലോകത്തെ ഏറ്റവും വലുതും ലാഭകരവുമായ ഒരു പ്രസ്ഥാനമായി അതുമാറി. അമേരിക്കന്‍ ഓട്ടോമൊബൈല്‍ മാര്‍ക്കറ്റിന്റെ കുത്തകാവകാശം 1920 ആകുമ്പോഴേക്കും ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ കൈകളിലായി. ലോകത്തെ വാഹന കമ്പോളത്തിന്റെ ലീഡര്‍ഷിപ്പ് സ്ഥാനം ഫോര്‍ഡ് മോട്ടോര്‍ കമ്പനിക്കായി മാറി.

1927ല്‍ സ്ഥിതിഗതികള്‍ പാടെ മാറിമറിഞ്ഞു. കമ്പനി പ്രശ്‌നങ്ങളില്‍ നിന്നും പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തി. ലോകവാഹന കമ്പോളത്തിന്റെ നേതൃസ്ഥാനം നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്തേക്ക് ഫോര്‍ഡ് മൂക്കും കുത്തി വീണു. പിന്നീടുള്ള ഇരുപത് വര്‍ഷങ്ങള്‍ നിലനില്പിനായുള്ള പോരാട്ടത്തിന്റെ നാളുകളായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ നേതൃത്വത്തിലേക്ക് ഹെന്‍ട്രി ഫോര്‍ഡിന്റെ കൊച്ചുമകനെത്തി. യാതൊരു പരിശീലനവും ലഭിക്കാത്ത ഒരു അനുഭവസമ്പത്തുമില്ലാത്ത ഇരുപത്തിയാറ് വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരന്‍. തുടര്‍ന്ന് രണ്ടുവര്‍ഷത്തെ നിരന്തരമായ കഠിനപ്രയത്‌നം. ഫോര്‍ഡ് മോട്ടോര്‍ കമ്പനിക്ക് പുതിയൊരു മാനേജ്‌മെന്റ് ടീം, അതിലൂടെ കമ്പനിയുടെ പുനര്‍ജന്മവും.

ഇതു ഹെന്‍ട്രി ഫോര്‍ഡ് II എന്ന ചെറുപ്പക്കാരന്റെ വിജയഗാഥ മാത്രമല്ല മാനേജ്‌മെന്റ് രംഗത്തെ ധീരമായ പരീക്ഷണങ്ങളിലൊന്നു കൂടിയായിരുന്നു. ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ സ്ഥാപകനായ ഹെന്‍ട്രി ഫോര്‍ഡിന് വലിയൊരു തെറ്റിദ്ധാരണയുണ്ടായിരുന്നു. ബിസിനസ്സിന് മാനേജ്‌മെന്റോ മാനേജര്‍മാരെയോ ആവശ്യമില്ല എന്നതായിരുന്നു അത്. താനും തന്നെ സഹായിക്കാന്‍ കുറച്ച് പണിക്കാരും മാത്രം മതി എന്ന മാനസികാവസ്ഥയിലായിരുന്നു അദ്ദേഹം. തന്റെ മനസ്സിലെ അടിയുറച്ച ചില ധാരണകളുടെ (Convictions) അടിമയായിരുന്നു അദ്ദേഹം. ഏതൊരു തീരുമാനവും തന്റേതാവണം എന്നദ്ദേഹം ശഠിച്ചു. ആര്‍ക്കും സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കുവാന്‍ സ്വാതന്ത്ര്യമില്ലാത്ത തന്നിലേക്കു മാത്രം കേന്ദ്രീകൃതമായ ഒരു സംവിധാനം അദ്ദേഹം സൃഷ്ടിച്ചു. ഫോര്‍ഡ് മോട്ടോര്‍ കമ്പനി നേരിട്ട പരാജയത്തിന്റെ മൂലകാരണം ഇതായിരുന്നു. മികച്ച ഒരു മാനേജ്‌മെന്റ് ടീമിനെ വാര്‍ത്തെടുക്കാനായതാണ് ഫോര്‍ഡിന്റെ ഉയിര്‍ത്തെഴുന്നേല്പിനു കാരണം. ഇന്നും ഈ സിദ്ധാന്തത്തില്‍ മുറുകി പിടിച്ച് ബിസിനസിനെ നയിക്കുന്ന ധാരാളം സംരംഭകരുണ്ട്. തന്നിലേക്ക് മാത്രം കേന്ദ്രീകൃതമാകുന്ന സംവിധാനങ്ങള്‍ ഒരുക്കി സ്വതന്ത്രമായ ഒരു മാനേജ്‌മെന്റ് ടീമിനെ വാര്‍ത്തെടുക്കാതെ ബിസിനസിനെ നയിക്കുന്ന ഇത്തരം സംരംഭകര്‍ക്ക് നല്ലൊരു പഠനവിഷയമാണ് (Case Study) ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ ചരിത്രം.

ഈ കഥ നടക്കുന്ന കാലത്ത് ജനറല്‍ മോട്ടോര്‍സ് കമ്പനി വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോവുകയായിരുന്നു. മാര്‍ക്കറ്റില്‍ വിജയിച്ച ഒരു കാറോ ഡീലര്‍നെറ്റ്‌വര്‍ക്കോ ഇല്ലാതെ മുടന്തി നീങ്ങുകയായിരുന്നു കമ്പനി. ഫോര്‍ഡിന്റെ മാര്‍ക്കറ്റിലെ കടന്നുകയറ്റവും കുത്തകയും ജനറല്‍ മോട്ടോര്‍ഴ്‌സിന്റെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാക്കി. ഈ അവസരത്തിലാണ് ആല്‍ഫ്രഡ് പി സ്‌ളോണ്‍ കമ്പനിയുടെ പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നത്. പിന്നീടുള്ള അഞ്ചുവര്‍ഷം ചരിത്രത്തിന്റെ ഏടുകളില്‍ സ്വര്‍ണ്ണലിപികളാല്‍ രേഖപ്പെടുത്തേണ്ടത്. അമേരിക്കന്‍ മാര്‍ക്കറ്റിന്റെ ഒന്നാംസ്ഥാനം ജനറല്‍ മോട്ടോര്‍ഴ്‌സ് സ്‌ളോണിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.

ഇതൊരു മാജിക്കായിരുന്നില്ല. ശക്തമായ ഒരു മാനേജ്‌മെന്റ് ടീമിനെ വാര്‍ത്തെടുത്ത് വ്യക്തമായ ഘടനയിലൂടെ കമ്പനിയെ നയിക്കാന്‍ കഴിഞ്ഞതാണ് ജനറല്‍ മോട്ടോഴ്‌സിന്റെ വിജയരഹസ്യം. ഞാനും ഞാനുമെന്റാളും മാത്രമെന്ന ബിസിനസുകാരന്റെ ധാരണയും വിശ്വാസവും മാറ്റിവെച്ച് തന്നെ പിന്‍തുണയ്ക്കുന്ന നല്ലൊരു ടീമിനെ സൃഷ്ടിക്കുവാന്‍ കഴിഞ്ഞാല്‍ ഏതു വെല്ലുവിളികളേയും നേരിടാന്‍ ബിസിനസിനാവും.

ബിസിനസിന്റെ രണ്ടു ഘട്ടങ്ങളാണിവ. സംരംഭകന്‍ ”സഹായികള്‍” (Helpers) എന്ന വാക്കില്‍ നിന്നും ”മാനേജര്‍മാര്‍” എന്ന വാക്കിലേക്കെത്തുന്നത് ഘട്ടങ്ങളുടെ (Phase) വ്യത്യാസമാണ്. ജലം ഐസായി മാറുന്നതു പോലെയുള്ള അവസ്ഥ. അടിസ്ഥാനപരമായ ഒരു ഘടനാമാറ്റമാണിത്. സഹായികള്‍ എന്നറിയപ്പെടുന്ന വ്യക്തികളും മാനേജര്‍മാരും രണ്ട് വ്യത്യസ്ത ജനുസ്സുകളാണ്. ചെറിയൊരു ബിസിനസിനെ മാനേജ് ചെയ്യാന്‍ സംരംഭകനും അദ്ദേഹത്തിന്റെ സഹായികള്‍ക്കും എളുപ്പമായൊരു ജോലിയായിരിക്കാം. പക്ഷേ വളരുന്ന ഒരു പ്രസ്ഥാനത്തെ നയിക്കുവാന്‍ ശക്തമായ കഴിവുറ്റ ഒരു മാനേജ്‌മെന്റ് ടീമിനു മാത്രമെ സാധിക്കുകയുള്ളൂ.

സംരംഭകന്റെ കാഴ്ചപ്പാട് (Vision) ഇവിടെ വളരെ പ്രധാനമാണ്. തന്റെ പ്രസ്ഥാനത്തിന്റെ പ്രയാണം എന്തായിരിക്കണം എന്ന് നിര്‍ണ്ണയിക്കേണ്ടത് സംരംഭകനാണ്. മലയോളം സ്വപ്നങ്ങള്‍ മനസ്സിലുണ്ടെങ്കില്‍ അതു തന്റെ ജീവിതകാലത്തു തന്നെ പ്രാവര്‍ത്തികമാക്കണമെന്നുണ്ടെങ്കില്‍ ”സഹായികള്‍” മാത്രം പോരാ. തീരുമാനങ്ങള്‍ എടുക്കുവാനും അവ നടപ്പിലാക്കുവാനും പ്രാപ്തരായ ”മാനേജര്‍മാര്‍” ഒപ്പം വേണം. ഇന്നലെ വരെ സംരംഭകന്‍ ചെയ്തിരുന്ന ജോലി അവര്‍ക്ക് വീതിച്ചു നല്കുകയല്ല മാനേജ്‌മെന്റ് ടീമിനെ വാര്‍ത്തെടുക്കുന്നതിന്റെ ഉദ്ദേശം. അതിലുപരി എന്നും ശാന്തമായൊഴുകുന്ന കടലില്‍ കൂടി യാത്ര ചെയ്യുന്ന ഒരു കപ്പലല്ല ബിസിനസ്. വെല്ലുവിളികള്‍ നിറഞ്ഞ ഒരു യാത്രയാണത്. ഏതു നിമിഷവും കടല്‍ പ്രക്ഷുബ്ധമാകാം. കപ്പല്‍ ആപത്തില്‍പ്പെടാം. ആ സമയം വിദഗ്ദ്ധരായ പരിജ്ഞാനമുള്ള അനുഭവസമ്പത്തുള്ളവര്‍ ഒപ്പം വേണം. സഹായികള്‍ക്ക് കരയാന്‍ മാത്രമേ കഴിയൂ. യാത്രയിലെ ശാന്തത ഏതു നിമിഷവും മാറാം. വെല്ലുവിളികളെ മുന്നില്‍ കാണുന്നവര്‍ക്ക് മാത്രമേ അതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയുകയുള്ളൂ.

പലപ്പോഴും നാം ”മാനേജ്‌മെന്റ്” എന്ന വിഷയത്തെ സമീപിക്കുന്നത് വളരെ ലാഘവത്വത്തോടെയാണ്. മൂന്നുതരം വ്യക്തികളെ നമുക്ക് നോക്കാം. പഴയൊരു കഥയാണ്. കല്ല് പൊട്ടിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മൂന്നുപേരോട് ഒരേ ചോദ്യം തന്നെ ചോദിച്ചു. ”നിങ്ങള്‍ എന്തു ചെയ്യുകയാണ്?” ആദ്യത്തെയാള്‍ പറഞ്ഞു ”ഞാന്‍ ജീവിക്കുവാനായി ജോലി ചെയ്യുകയാണ്.” രണ്ടാമത്തെയാള്‍ പറഞ്ഞു ”ഞാന്‍ ഈ രാജ്യത്തെ ഏറ്റവും മികച്ച കല്ല് പൊട്ടിക്കുന്ന ജോലി ചെയ്യുകയാണ്.” മൂന്നാമത്തെയാള്‍ പറഞ്ഞു ”ഞാന്‍ ഒരു പള്ളി പണിയുകയാണ്.”

ഇവിടെ നമുക്ക് മൂന്ന് വ്യക്തിത്വങ്ങളെക്കാണാം. ഇതില്‍ മൂന്നാമത്തെയാള്‍ ഒരു യഥാര്‍ത്ഥ മാനേജറാണ്. വലിയൊരു കാന്‍വാസ് അയാള്‍ക്കുള്ളിലുണ്ട്. ഒന്നാമന്‍ വെറുമൊരു പണിക്കാരന്‍ മാത്രമാണ്. ജീവിക്കുവാന്‍ ജോലി ചെയ്യുന്ന എന്നതിലുപരിയായി അയാള്‍ക്കൊന്നും അറിയില്ല. എന്നാല്‍ രണ്ടാമന്‍ അല്പം അപകടം പിടിച്ച വ്യക്തിത്വമാണ്. താന്‍ ഏറ്റവും മികച്ചവനാണെന്ന അപകടകരമായ ചിന്ത പേറുന്നയാള്‍ എന്നാല്‍ എന്തിനാണ് ഇത് ചെയ്യുതെന്ന ലക്ഷ്യമില്ലാത്തയാള്‍.

ഇത്തരം സെപ്ഷലിസ്റ്റുകളാണ് മിക്ക സ്ഥാപനങ്ങളിലേയും മാനേജര്‍മാര്‍. എന്നാല്‍ സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്തവര്‍. വര്‍ക്ക്മാന്‍ഷിപ്പിനൊപ്പം കാഴ്ചപ്പാടും (Vision) മൂല്യങ്ങളും (Values) ഒരുമിച്ച് ചേരുമ്പോഴേ നല്ലൊരു മാനേജരായി രൂപാന്തരത്വം സംഭവിക്കുന്നുള്ളൂ. ബിസിനസ് വളരുകയാണോ?… എങ്കില്‍ ഉടനെ ചെയ്യേണ്ടത് മികച്ച ഒരു മാനേജ്‌മെന്റ് ടീമിനെ വാര്‍ത്തെടുക്കുകയാണ്. ഇതില്‍ കാണിക്കുന്ന അമാന്തം സ്വപ്നങ്ങളെ സ്വപ്നങ്ങളായി തന്നെ നിലനിര്‍ത്തും. അവ യഥാര്‍ത്ഥ്യങ്ങളാക്കുവാന്‍ വേണ്ടത് വേഗതയേറിയ തീരുമാനങ്ങളാണ്.

 

 

 

Leave a comment