പ്രശ്‌നങ്ങളുടെ മറുവശം

 

അല്പസമയം സ്വസ്ഥമായി എവിടെയെങ്കിലും ഇരിക്കാം എന്ന് ജോണ്‍ നിശ്ചയിച്ചു. റോഡിന്റെ വശത്തായി ചെറിയൊരു ഗ്രൗണ്ടുണ്ട്. ജോണ്‍ അവിടേക്ക് ചെന്നു. ജോണിന് സന്തോഷമായി. തികച്ചും ശാന്തമായ അന്തരീക്ഷം. ചിലര്‍ ഗ്രൗണ്ടിലെ സിമന്റ് ബഞ്ചുകളില്‍ ഇരുന്ന് വായിക്കുന്നു. ചിലര്‍ ഗ്രൗണ്ടില്‍ കിടക്കുന്നു. യാതൊരു ബഹളവും ഇല്ലാത്ത വിശ്രമിക്കുവാന്‍ തികച്ചും അനുയോജ്യമായ ഒരിടം.

ജോണ്‍ ഗ്രൗണ്ടിന്റെ ഒരു വശത്തായി ഇരുന്നു. തന്റെ ചിന്തകളില്‍ മുഴുകി. കുറച്ചു സമയം കടന്നുപോയി. ഒരച്ഛന്‍ തന്റെ രണ്ട് ആണ്‍കുട്ടികളുമായി അങ്ങോട്ട് കടന്നു വരുന്നത് ജോണ്‍ കണ്ടു. തന്റെ കുട്ടികളെ സ്വതന്ത്രമായി വിട്ടിട്ട് അച്ഛന്‍ ഗ്രൗണ്ടില്‍ ഇരുന്നു. ഗ്രൗണ്ടില്‍ സംഭവിക്കുന്ന മറ്റൊന്നിലും താത്പര്യമില്ലാതെ നിസംഗനായി ആ അച്ഛന്‍ അവിടെയിരുന്നു.

എന്നാല്‍ കുട്ടികള്‍ മഹാവികൃതികളായിരുന്നു. അവര്‍ എത്തിയതോടെ ഗ്രൗണ്ടിന്റെ അന്തരീക്ഷം തന്നെ മാറി. അവരുടെ ബഹളത്തില്‍ ഗ്രൗണ്ട് മുങ്ങി. ഗ്രൗണ്ടില്‍ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടന്ന അവര്‍ മറ്റുള്ളവര്‍ക്ക് ഒരു ശല്യമായി മാറാന്‍ അധിക സമയം എടുത്തില്ല.

കസേരയില്‍ ഇരുന്ന് പത്രം വായിച്ചു കൊണ്ടിരുന്ന വൃദ്ധദമ്പതികളുടെ പത്രം അവര്‍ തട്ടിപ്പറിച്ചെടുത്ത് കീറിയെറിഞ്ഞു. ഗ്രൗണ്ടില്‍ കിടന്നുറങ്ങിക്കൊണ്ടിരുന്ന ഒരാളുടെ ദേഹത്തേക്കവര്‍ മറിഞ്ഞുവീണു. ഗ്രൗണ്ടില്‍ ഇരുന്നവര്‍ ഈ വികൃതിക്കുട്ടികളുടെ ശല്യത്താല്‍ പൊറുതിമുട്ടി.

കുട്ടികള്‍ ഇത്രയേറെ ബഹളവും പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുപോലും അച്ഛന്‍ അവരെയൊന്ന് ശ്രദ്ധിക്കുകയോ വഴക്കു പറയുകയോ ചെയ്തില്ല. സത്യം പറഞ്ഞാല്‍ അയാള്‍ വേറെയേതോ ലോകത്തിലായിരുന്നു. കുറെ സമയം ഈ ബഹളങ്ങളൊക്കെ നോക്കിയിരുന്ന ജോണ്‍ ആ അച്ഛന്റെ അരികിലെത്തി പറഞ്ഞു. നോക്കൂ, നിങ്ങളുടെ മക്കള്‍ ഇവിടെയുള്ളവര്‍ക്ക് ഒരു ശല്യമായി മാറിയിരിക്കുന്നു. ശാന്തമായിരുന്ന ഇവിടം ഇപ്പോള്‍ ബഹളഭരിതമാണ്. നിങ്ങള്‍ കുട്ടികളെ നിയന്ത്രിക്കുന്നില്ലെങ്കില്‍ എനിക്ക് അവരെ നിയന്ത്രിക്കേണ്ടതായി വരും.

ഇതു കേട്ട കുട്ടികളുടെ അച്ഛന്‍ ജോണിനോട് പറഞ്ഞു, സുഹൃത്തെ, എന്താണ് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. കുട്ടികളുടെ അമ്മ അതാ ആ ആശുപത്രിയില്‍ വെച്ച് കുറച്ച് സമയം മുന്‍പ് മരിച്ചതേയുള്ളൂ. അവരെ അവിടെ നിന്നും ഞാന്‍ മാറ്റി ഇങ്ങോട്ട് കൊണ്ടു വന്നതാണ്. അവരെന്താണ് ചെയ്യുന്നത് എന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ദയവായി ക്ഷമിക്കൂ.

ജോണ്‍ സ്തബദ്ധനായി. അമ്മ മരിച്ച ആ കുട്ടികളെ അച്ഛന്‍ അതറിയിക്കാതെ പുറത്തേക്ക് കൂട്ടിക്കൊണ്ടു വന്നതാണ്. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ജോണും മറ്റുള്ളവരും ആ അച്ഛന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.

പലപ്പോഴും നാം കാണുന്നത് മാത്രമല്ല യാഥാര്‍ത്ഥ്യം. എല്ലാത്തിനും ഒരു മറുവശം കൂടിയുണ്ട്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ നാം ശ്രമിക്കാറില്ല. തങ്ങള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമാണ് ശരി എന്ന് നമ്മള്‍ വിചാരിക്കുന്നു. മറ്റുള്ളവരുടെ പ്രവര്‍ത്തിയുടെ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ശ്രമിക്കാതെ നാം അവരെ കുറ്റപ്പെടുത്തുന്നു.

നമ്മുടെ ധാരണകള്‍ ശരിയാവാം തെറ്റാകാം. പക്ഷെ മറ്റുള്ളവരെ കുറ്റപ്പെടുത്തും മുന്‍പ് പ്രതിക്കൂട്ടില്‍ നിര്‍ത്തും മുന്‍പ് യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ നാം ശ്രമിക്കണം. സത്യത്തിന്റെ വെളിച്ചം ധാരണകളില്‍ മാറ്റും വരുത്തും. ജീവിതത്തിലെ തെറ്റിദ്ധാരണകളും പിണക്കങ്ങളും ഒഴിവാക്കുവാന്‍ അത് നമ്മളെ സഹായിക്കുകയും ചെയ്യും.

 

Leave a comment