ബിസിനസിന്റെ താളം

വലിയ ആശയങ്ങള്‍ ഉടലെടുക്കുന്നതും അവ നടപ്പിലാക്കുന്നതും മാത്രമാണോ ബിസിനസിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകം? അതോ ചെറിയ ചെറിയ ആശയങ്ങള്‍ തുടര്‍ച്ചയായി ബിസിനസില്‍ നടപ്പിലാക്കുന്നതോ? മികച്ച വലിയ വലിയ ആശയങ്ങള്‍ ബിസിനസിനെ ഉയരങ്ങളിലേക്ക് നയിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എങ്കിലും വലിയ ആശയങ്ങള്‍ക്കായുള്ള കാത്തിരിപ്പ് ബിസിനസിനെ മുരടിപ്പിക്കുന്നില്ലേ? ബിസിനസിന്റെ വളര്‍ച്ചയ്ക്കും മുന്നോട്ടുള്ള യാത്രയ്ക്കുമായി വല്ലപ്പോഴും മാത്രം ഉടലെടുക്കുന്ന വലിയ ആശയങ്ങള്‍ക്കായി നാം കാത്തിരിക്കണോ അതോ തുടര്‍ച്ചയായി നമുക്ക് രൂപപ്പെടുത്താന്‍ കഴിയുന്ന ചെറിയ ആശയങ്ങളിലേക്ക് നാം ശ്രദ്ധ കൊടുക്കണമോ.

ബിസിനസ് നിരന്തരമായ ഒരു പ്രക്രിയയാണ് (Continuous Process) ഒരേ രീതിയില്‍ ഒരേ താളത്തില്‍ മുന്നോട്ട് പോകുന്ന ബിസിനസ് ദീര്‍ഘകാലയളവില്‍ മടുപ്പും മുരടിപ്പും സൃഷ്ടിക്കും. ബിസിനസിന്റെ മാറ്റമില്ലാത്ത ഈ താളം തുടരാന്‍ നാം താത്പര്യം കാണിക്കും. കാരണം അതു നമ്മുടെ സുഖപ്രദമായ മേഖലയാണ് (Comfort Zone). ബിസിനസിന്റെ സ്വാഭാവിക വളര്‍ച്ചയില്‍ (Natural Growth) നാം സംതൃപ്തരാണ്. നമ്മുടെ ഉള്ളില്‍ ഉടലെടുക്കുന്ന ചെറിയ ആശയങ്ങള്‍ നടപ്പിലാക്കിയാല്‍ ബിസിനസ് തുടര്‍ന്നു പോരുന്ന ഈ താളം തെറ്റുമോ എന്ന് നാം ഭയപ്പെടുന്നു.

ചെറിയ ആശയങ്ങളെ ബിസിനസില്‍ സന്നിവേശിപ്പിക്കുവാന്‍ സംരംഭകന്‍ മടിക്കുന്നത് ഈ ഭയം മൂലമാണ്. ബിസിനസിന്റെ ഈ യാത്ര അനവരതം തുടരുമെന്നും അതില്‍ യാതൊരു ഭംഗം വരുകയുമില്ലെന്ന മൂഢമായ വിശ്വാസം മികച്ച ആശയങ്ങളാണെങ്കില്‍ പോലും അവ നടപ്പില്‍ വരുത്തുന്നതില്‍ നിന്നും സംരംഭകനെ തടയുന്നു. ഈ മൂഢവിശ്വാസവും ഭയവും ആശയങ്ങള്‍ രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതുമായ ഒരു സംസ്‌ക്കാരം ബിസിനസില്‍ വളര്‍ന്നു വരുന്നതിനെ തടയുന്നു. ഇത് കാലക്രമേണ മാറ്റങ്ങളെ, ആശയങ്ങളെ തടുക്കുന്ന മാനസികാവസ്ഥയിലേക്ക് സംരംഭകനേയും ജോലിക്കാരെയും എത്തിക്കുന്നു.

ഒരു ടെക്സ്റ്റയില്‍ ഷോപ്പില്‍ പുതുതായി വളരെ സ്മാര്‍ട്ടായ ഒരു സെയില്‍സ്മാന്‍ ജോലിക്കെത്തി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ മുതലാളിയുടെ അടുക്കല്‍ ചെറിയൊരാശയം പങ്കുവെച്ചു. നമുക്ക് ഷോപ്പില്‍ എന്തുകൊണ്ട് ഒരു സെല്‍ഫി കോര്‍ണര്‍ ആരംഭിച്ചുകൂടാ. വരുന്ന കസ്റ്റമേഴ്‌സ് വസ്ത്രങ്ങള്‍ ട്രയല്‍ ചെയ്യുകയും സെല്‍ഫി കോര്‍ണറില്‍ നിന്ന് പടമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യും. നമുക്കവര്‍ക്ക് ഉപയോഗിക്കുവാന്‍ ഒരു സെല്‍ഫിസ്റ്റിക് കൂടി ഷോപ്പില്‍ വെയ്ക്കാം. ജോലിക്കാരനെക്കുറിച്ചുള്ള നല്ല അഭിപ്രായവും അയാളുടെ ഉത്സാഹവും കാരണം മുതലാളി മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. ഷോപ്പില്‍ സെല്‍ഫി കോര്‍ണര്‍ സൃഷ്ടിക്കപ്പെട്ടു. വളരെ മികച്ച രീതിയിലുള്ള പ്രതികരണം കസ്റ്റമേഴ്‌സില്‍ നിന്ന് ലഭിച്ചതോടെ മുതലാളി സന്തോഷവാനായി.

ഇത് വലിയൊരു ആശയമൊന്നുമല്ല. ന്യൂജനറേഷന്റെ മനസ്സറിഞ്ഞുള്ള വളരെ ചെറിയൊരു മാര്‍ക്കറ്റിംഗ് തന്ത്രം. പക്ഷേ അത് ആ ബിസിനസില്‍ സംഭവിപ്പിച്ച മാറ്റം അത്ഭുതാവഹമായിരുന്നു. ബിസിനസിന്റെ താളത്തില്‍ പോസിറ്റീവായ ഒരു മാറ്റം സൃഷ്ടിക്കുവാന്‍ അതിനു കഴിഞ്ഞു. ഇത്തരം ആശയങ്ങളുടെ രൂപീകരണവും നടപ്പിലാക്കലും ബിസിനസുകളുടെ മുന്‍ഗണനയാവണം. ചെറിയ ആശയങ്ങളുടെ തുടര്‍ച്ചയായ നടപ്പിലാക്കല്‍ ബിസിനസിന്റെ മുരടിപ്പിനെ ഇല്ലാതാക്കും. മനസ്സുകളില്‍ പുതിയ നിറങ്ങള്‍ സൃഷ്ടിക്കുവാനും ആശയങ്ങളുടെ ലോകത്തേക്ക് വാതിലുകള്‍ തുറന്നിടുവാനും അത് നമ്മളെ സഹായിക്കും.

മികച്ച ചെറിയ ആശയങ്ങളിലൂടെ വൈകാരികമായ കെട്ടുപാടുകള്‍ സൃഷ്ടിക്കുവാന്‍ ബിസിനസില്‍ സാധിക്കും. ജോലിക്കാരും ബിസിനസും തമ്മില്‍ ഉടലെടുക്കുന്ന വൈകാരികമായ ബന്ധം ബിസിനസിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമാണ്. മാറ്റങ്ങളില്ലാത്ത ജോലിയും അതിന്റെ താളവും അവരുടെ മനസ്സുകളില്‍ മരവിപ്പ് സൃഷ്ടിക്കും. കാലക്രമേണ പ്രസരിപ്പ് നഷ്ടപ്പെട്ട് യാന്ത്രികമായി ജോലി ചെയ്യുന്ന വ്യക്തികളായി അവര്‍ മാറ്റപ്പെടും. സ്ഥാപനവുമായി സൃഷ്ടിക്കപ്പെടുന്ന വൈകാരിക ബന്ധം (Emotional Relationship) സ്ഥാപനത്തിനുവേണ്ടി ഏത് ആശയങ്ങളേയും മാറ്റങ്ങളേയും ഉള്‍ക്കൊള്ളാന്‍ അവരെ പ്രാപ്തരാക്കുന്നു.

നൂറോളം ജോലിക്കാരുള്ള മറ്റൊരു ബിസിനസ് സ്ഥാപനം ഞങ്ങളുടെ ജോലിക്കാര്‍ക്കായി പുതിയൊരു പദ്ധതി നടപ്പിലാക്കി. വളരെ ചെറിയൊരു ആശയം സ്ഥാപനത്തിലെ എല്ലാ ജോലിക്കാര്‍ക്കും തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും എല്ലാ മാസവും നിശ്ചിത തുകയ്ക്ക് സാധനങ്ങള്‍ വാങ്ങിക്കുവാനുള്ള കൂപ്പണ്‍ അവര്‍ ജോലിക്കാര്‍ക്ക് നല്കി. ഈ ചെറിയ ആശയം സൃഷ്ടിച്ച മാറ്റം വിവരണാതീതമാണ്. അത് ജോലിക്കാര്‍ക്കിടയില്‍ സ്ഥാപനവുമായുള്ള വളരെ ശക്തമായ ഒരു വൈകാരിക ബന്ധം സൃഷ്ടിച്ചു. ജോലിക്കാര്‍ മാത്രമല്ല അവരുടെ കുടുംബങ്ങളും വൈകാരികമായി പ്രസ്ഥാനവുമായി ബന്ധിക്കപ്പെടും. ഇന്ന് ഏതു മാറ്റങ്ങളേയും ആശയങ്ങളേയും പോസിറ്റീവ് ആയി കണക്കിലെടുക്കുവാനുള്ള മാനസികാവസ്ഥ യിലേക്ക് അവര്‍ മാറ്റപ്പെട്ടു.

ഉത്പാദനക്ഷമത (Productivity) കൂടുതലുള്ള ജോലിക്കാര്‍ അടുത്തടുത്തിരുന്നാല്‍ അവരുടെ ഉത്പാദനക്ഷമത വര്‍ദ്ധിക്കുമെന്ന് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഒരു പഠനം വ്യക്തമാക്കുന്നു. അതേ സമയം തന്നെ ഉത്പാദനക്ഷമത കൂടുതലുള്ള ഒരു ജോലിക്കാരന്‍ മോശമായ ഒരു ജോലിക്കാരന്റെ (Toxic Empolyee) അടുത്തിരുന്നാല്‍ അയാളും മോശമാകുവാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണെന്ന് പഠനം പറയുന്നു. ഉത്പാദനക്ഷമത കൂടുതലുള്ള മികച്ച ജോലിക്കാര്‍ തങ്ങളുടെ അറിവും നിപുണതയും (Knowledge and Skill) പരസ്പരം പങ്കുവെച്ച് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുവാന്‍ ശ്രമിക്കും. ഓഫീസുകളിലെ സീറ്റിംഗ് ക്രമീകരണത്തില്‍ (Seating arrangement) ചെറിയൊരു മാറ്റം വരുത്തിയാല്‍ ജോലിക്കാരുടെ ഉത്പാദനക്ഷമത വര്‍ദ്ധിക്കുമെന്ന് ഈ പഠനം വെളിവാക്കുന്നു.

ആധുനിക പഠനങ്ങളും കാഴ്ചപ്പാടുകളും ഇത്തരം പല ഉള്‍ക്കാഴ്ചകളും നമുക്ക് നല്കുന്നുണ്ട്. ഇവയൊക്കെ നിസ്സാരമായി നടപ്പിലാക്കാവുന്ന ചെറിയ ആശയങ്ങളാണ്. ഇത്തരം ആശയങ്ങളെ തേടി കണ്ടെത്തി അവ നിരന്തരം തന്റെ ബിസിനസ്സിലേക്ക് സന്നിവേശിപ്പിക്കേണ്ട കടമ സംരംഭകനുണ്ട്. ചെറിയ ആശയങ്ങളെ കണ്ടെത്തുന്നതും അവ നടപ്പിലാക്കുന്നതും ചെറിയ ജോലിയല്ല. അത് വളരെ വലിയൊരു ജോലിയാണ്. നിസ്സാരവത്ക്കരിക്കുന്ന പല ആശയങ്ങളും വിസ്‌ഫോടനങ്ങളായ മാറ്റങ്ങള്‍ വരുത്തുവാന്‍ ശക്തിയുള്ളതാണ്.

ഒരു സ്ഥാപനത്തില്‍ നടന്ന പഠനം വെളിപ്പെടുത്തിയ രസകരമായ ഒരു വസ്തുതയുണ്ട്. ആ സ്ഥാപനത്തിലെ തൊഴിലാളികളില്‍ തൊണ്ണൂറുശതമാനം പേരും സ്ഥാപനത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായി കണ്ടെത്തി. സോഷ്യല്‍ മീഡിയ സര്‍ഫിംഗിനും ചാറ്റിങ്ങിനുമായി ആ സ്ഥാപനത്തിന്റെ വൈ-ഫൈയാണ് അവര്‍ ഉപയോഗിക്കുന്നതെന്നും മനസ്സിലാക്കി. ഉത്പാദനക്ഷമമായി വിനിയോഗിക്കേണ്ട അനേകം മണിക്കൂറുകള്‍ ഒരു ദിവസം സ്ഥാപനത്തിന് നഷ്ടപ്പെടുന്നു. സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഈ പഠനത്തിന്റെ വസ്തുതകളുടെ വെളിച്ചത്തില്‍ സ്ഥാപനം നിയന്ത്രിച്ചു. അനേകം മണിക്കൂറുകളുടെ മനുഷ്യപ്രയത്‌നമാണ് ഈ നടപടിയിലൂടെ സ്ഥാപനം രക്ഷപ്പെടുത്തിയത്. സ്ഥാപനത്തില്‍ ചിലവഴിക്കുന്ന ഓരോ സെക്കന്റും വിലപിടിച്ചതാണ് എന്ന് ബോദ്ധ്യപ്പെടുത്തുവാന്‍ ഈ നടപടിയിലൂടെ സ്ഥാപനത്തിന് സാധിച്ചു.

നാം കാണാതെ പോകുന്ന കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഒരുപാട് ആശയങ്ങളും മാറ്റങ്ങളും ഇവിടെ സംഭവിക്കുന്നുണ്ട്. ബിസിനസിന്റെ താളം നഷ്ടപ്പെടുമോ എന്ന ഭയത്തില്‍ സുഖപ്രദമായ അവസ്ഥയ്ക്ക് ഭംഗം വരുമോ എന്ന പേടിയില്‍ മാറ്റങ്ങളെ സ്വീകരിക്കുവാന്‍ മടിക്കുന്നവര്‍ ആധുനിക ബിസിനസ് ലോകത്തില്‍ നിലനില്‍ക്കില്ല. നിലനില്‍പും വളര്‍ച്ചയും ഒരു പോരാട്ടമാണ്. അവിടെ വിശ്രമമില്ല. ചെറിയ ആശയങ്ങള്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. നാം അതിനായി വാതിലുകള്‍ തുറന്നിട്ടാല്‍ മത്രം മതി.

 

 

 

 

 

 

Leave a comment