ലക്ഷ്യം നമ്മളല്ല

ശ്രീരാമകൃഷ്ണ പരമഹംസന്‍ പറഞ്ഞ ഒരു കഥയുണ്ട്. ഒരിക്കല്‍ ഒരു പരുന്ത് തന്റെ ഇരയായ എലിയെ ചുണ്ടുകള്‍ക്കിടയില്‍ ചേര്‍ത്ത് പിടിച്ച് പറന്നു പോവുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മറ്റുചില പരുന്തുകള്‍ എലിയെ കടിച്ചു പിടിച്ചിരുന്ന പരുന്തിന്റെ ചുറ്റും കൂടി അതിനെ ഉപദ്രവിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായ ഈ ഉപദ്രവം കുറേ സമയം പരുന്ത് ചെറുത്തു നിന്നു. തന്റെ ഇരയെ വിട്ടു കളയാന്‍ പരുന്തിന് ഒട്ടും മനസ്സ് വന്നില്ല. പക്ഷേ, ഉപദ്രവം അസ്സഹനീയമായപ്പോള്‍ തന്റെ ഇരയെ പരുന്ത് താഴേക്കിട്ടു. പരുന്ത് എലിയെ ഉപേക്ഷിച്ച മാത്രയില്‍ തന്നെ മറ്റു പരുന്തുകള്‍ ഉപദ്രവം നിര്‍ത്തുകയും എലിക്ക് പിന്നാലെ പായുകയും ചെയ്തു.

മറ്റു പരുന്തുകളുടെ ഉപദ്രവം നിലച്ചപ്പോള്‍ ശക്തമായ ഒരു അവബോധം പരുന്തിന്റെ മനസ്സിനെ വലയം ചെയ്തു. യഥാര്‍ത്ഥത്തില്‍ തന്നോട് യാതൊരു വ്യക്തിവിരോധവും മറ്റു പരുന്തുകള്‍ക്കുണ്ടായിരുന്നില്ല. താന്‍ കടിച്ചു പിടിച്ചിരുന്ന ഇരയായിരുന്നു അവരുടെ ഉന്നം. താനതിനെ ഉപേക്ഷിച്ചതോടു കൂടി അവര്‍ ഉപദ്രവം മതിയാക്കുകയും ഇരയ്ക്കു പിന്നാലെ പോവുകയും ചെയ്തു.

ഇത്തരമൊരു അവബോധം നമുക്കുണ്ടാവണം. നമ്മളെ ഉപദ്രവിക്കുന്നവരുടെ, വിമര്‍ശിക്കുന്നവരുടെ ലക്ഷ്യം നാം ആവണമെന്നില്ല. നമ്മളോടുള്ള വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളോ വിദ്വേഷമോ ആയിരിക്കില്ല അത്തരം ഉപദ്രവങ്ങള്‍ക്കു പിന്നില്‍. നാം ഏറ്റെടുത്തിരിക്കുന്ന ഏതെങ്കിലും ചുമതലകളാവാം അതിന് കാരണം. സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും ഉത്തരവാദിത്തങ്ങളില്‍ ഇരിക്കുന്നവരുടെ നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങള്‍ ആ സ്ഥാനങ്ങളില്‍ ഇരിക്കുന്നതുകൊണ്ടു മാത്രം സംഭവിക്കുന്നതാണ്. വ്യക്തിപരമായ ഒരു വിരോധവും ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരിക്കുകയില്ല. ആ സ്ഥാനമൊഴിയുന്ന നിമിഷം ആക്രമണങ്ങളും നിലയ്ക്കും.

ഈയൊരു അവബോധത്തോടു കൂടി ഇത്തരം പ്രവര്‍ത്തികളെ കാണുവാന്‍ പ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കു കഴിയണം. എങ്കില്‍ മാത്രമേ പക്വതയോടും സമഭാവനയോടും കൂടി ചുമതലകള്‍ നിറവേറ്റുവാന്‍ കഴിയൂ. നമുക്ക് നേര്‍ക്കുള്ള വിമര്‍ശനങ്ങളും ആക്രമണങ്ങളും ചുണ്ടുകള്‍ക്കിടയില്‍ നാം കടിച്ചു പിടിച്ചിട്ടുള്ള ഇരയുടെ (സ്ഥാനത്തിന്റെ) നേര്‍ക്ക് മാത്രമാണ്. നമുക്ക് നേരെയല്ല.

 

 

 

Leave a comment