കുട്ടികളെ കുബുദ്ധി പരിശീലിപ്പിക്കരുത്

സുധീര്‍ ബാബു

ഒരിക്കല്‍ കണ്‍ഫ്യൂഷ്യസിന്റെ ഒരു ശിഷ്യന്‍ ഒരു ഗ്രാമത്തിലൂടെ കടന്നുപോവുകയായിരുന്നു. കൃഷിക്കാരനായ ഒരു വൃദ്ധനും അയാളുടെ മകനും കൂടി കിണറ്റില്‍ നിന്നും വെള്ളം കോരുന്ന കാഴ്ച അയാള്‍ കണ്ടു. നന്നേ വയസായ വൃദ്ധന് അത് വളരെയധികം ശ്രമകരമായ ജോലിയായിരുന്നു. വൃദ്ധനും മകനും വിയര്‍ത്ത് കുളിച്ചിരുന്നു. ഒരു കാളയേയോ കുതിരയേയോ ഉപയോഗിച്ച് ചെയ്യേണ്ട പണി വളരെ ബുദ്ധിമുട്ടിയാണ് അവര്‍ ചെയ്തിരുന്നത്.
കുറച്ചു സമയം ഇവരുടെ കഠിന പ്രവര്‍ത്തി കണ്ടുനിന്ന ശിഷ്യന്‍ വൃദ്ധനോട് പറഞ്ഞു- ‘നിങ്ങള്‍ക്ക് ഇതൊരു കാളയേയോ കുതിരയേയോ ഉപയോഗിച്ച് ചെയ്തു കൂടേ. നിങ്ങള്‍ ചെയ്യുന്നത് വളരെ പ്രാകൃതമായ ഒരു രീതിയാണ്. ശാസ്ത്രം വളരെയധികം പുരോഗമിച്ചുകഴിഞ്ഞു. നഗരങ്ങളിലും പട്ടണങ്ങളിലുമൊന്നും ആരും നിങ്ങളീ ചെയ്യുന്നതു പോലെ അധ്വാനിക്കുന്നില്ല. വളരെ നിസാരമായി ചെയ്യാവുന്ന ഒരു പ്രവര്‍ത്തി നിങ്ങള്‍ കഠിനമാക്കുകയാണ്.’

ആ വൃദ്ധന്‍ മറുപടി പറഞ്ഞു- ‘നിങ്ങള്‍ ശബ്ദമുയര്‍ത്താതെ പറയൂ, എന്റെ മകന്‍ ഇവിടെ നിന്നും പോയിക്കഴിഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാം’. പിന്നീട് വൃദ്ധന്റെ മകന്‍ എന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയി. അപ്പോള്‍ വൃദ്ധന്‍ അയാളോട് പറഞ്ഞു- ‘നിങ്ങള്‍ ഭയങ്കരനായ ഒരു മനുഷ്യനാണ്, നിങ്ങള്‍ പറഞ്ഞത് അവന്‍ കേള്‍ക്കുകയാണെങ്കില്‍ അവന്‍ പറയും നമുക്ക് ഈ പണി ഒരു കാളയേയോ കുതിരയേയോ ഉപയോഗിച്ച് ചെയ്യാം. കാള ചെയ്യുന്ന പണി ചെയ്യാന്‍ എനിക്ക് പറ്റില്ല. നമുക്കൊരു കാളയെയാണ് വേണ്ടത്.’

‘അതില്‍ തെറ്റെന്താണുള്ളത്’- കണ്‍ഫ്യൂഷ്യസിന്റെ ശിഷ്യന്‍ ചോദിച്ചു. വൃദ്ധന്‍ മറുപടി പറഞ്ഞു- ”അത് തെറ്റ് തന്നെയാണ്. കാരണം അതൊരു കൗശല ബുദ്ധിയാണ്. അത് കാളയെ വഞ്ചിക്കലാണ്. കുതിരയെ വഞ്ചിക്കലാണ്. എന്റെ മകന്‍ ചെറുപ്പമാണ്. വിവേക ബുദ്ധി ഉദിച്ചിട്ടില്ല. ജന്തുക്കളോട് നമുക്ക് കുടിലത കാണിക്കാമെന്ന് അവന്‍ മനസിലാക്കിയാല്‍ അതവന്‍ മനുഷ്യന് നേരെയും പ്രയോഗിക്കും. ഒരിക്കല്‍ കുടിലത അവനറിഞ്ഞാല്‍, കുബുദ്ധി ഉപയോഗിച്ച് ചൂഷണം ചെയ്യാമെന്ന് മനസിലാക്കിയാല്‍ പിന്നീട് അതെവിടെ ചെന്നെത്തുമെന്ന് എനിക്കറിയില്ല. അതുകൊണ്ട് താങ്കളുടെ കൗശലങ്ങള്‍ ഈ ഗ്രാമത്തിലേക്ക് കൊണ്ടുവരാതിരിക്കുക. ഇനി ഈ വഴി വരാതിരിക്കുക. ഇവിടെ ഞങ്ങള്‍ സന്തുഷ്ടരാണ്.’

കുടിലതയും കൗശലവും കൊണ്ട് ചൂഷണം ചെയ്യാനാവും എന്ന് ഒരിക്കല്‍ കുട്ടികള്‍ മനസിലാക്കിയാല്‍ അത് അവര്‍ പ്രയോഗിച്ചു തുടങ്ങും. തന്റെ കാര്യം നേടുവാന്‍ കുബുദ്ധി ഉപയോഗിക്കുന്നത് തെറ്റല്ല എന്നവര്‍ ധരിക്കും. സഹജീവികളോടും സമൂഹത്തോടും അവന്‍ അത് പ്രയോഗിക്കും. വിവേകബുദ്ധി ഉറയ്ക്കാത്ത സമയത്ത് നേടുന്ന ഇത്തരം പാഠങ്ങള്‍ ജീവിതത്തിലുടനീളം അവര്‍ പ്രാവര്‍ത്തികമാക്കും.

കുട്ടികളുടെ മുന്നില്‍ തെറ്റ് പ്രവര്‍ത്തിക്കുന്ന മാതാപിതാക്കളും ഗുരുക്കന്മാരും അവര്‍ക്ക് കാട്ടിക്കൊടുക്കുന്നത് ശരിയായ പാതയല്ല. കുട്ടികള്‍ സ്‌പോഞ്ചു പോലെയാണ്. മനസില്‍ ഒരിക്കല്‍ അടിവരയിട്ട് സൂക്ഷിക്കുന്ന പാഠങ്ങളാണ് അവര്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത്. കുടിലതയും കൗശലവും കുബുദ്ധിയും നാശത്തിലേക്കുള്ള വിത്തുകളാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ നമുക്കായില്ലെങ്കില്‍ അവരുടെ അപഥസഞ്ചാരം നാം കാണേണ്ടിവരും.

ടോള്‍ ബൂത്തില്‍ ടോള്‍ നല്‍കാതെ സ്പീഡില്‍ കാറോടിച്ച് പിതാവ് പോകുകയാണ്. അടുത്തിരുന്ന കുട്ടി ചോദിച്ചു- ‘അച്ഛാ ടോള്‍ നല്‍കണ്ടേ’. അച്ഛന്‍ പറഞ്ഞു- ‘വേണ്ടാ നമുക്ക് സ്പീഡില്‍ പോയി അവരെ പറ്റിക്കാം. നാം എന്തിന് ടോള്‍ നല്‍കണം.’ ഇവിടെ അച്ഛന്‍ മകന് നല്‍കുന്ന പാഠം എന്താണ്?, നാം ചിന്തിക്കണം.

Leave a comment