വയസ്സാവാന്‍ കാത്തിരിക്കണമോ?

ഒരിക്കല്‍ ബയാസിഡ് എന്ന ഒരു സൂഫിവര്യന്‍ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയില്‍ അദ്ദേഹം എഴുതി.

യുവാവായിരുന്നപ്പോള്‍ ഈ ലോകത്തെ മാറ്റണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു. എന്റെ ചിന്ത മുഴുവന്‍ അതായിരുന്നു. ഈ ലോകത്തെ മാറ്റി മറിക്കാന്‍ എനിക്ക് ശക്തി നല്കൂ എന്നാണ് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചത്. തിന്മയിലാണ്ടു നില്‍ക്കുന്ന ഈ ലോകത്തിന്റെ മുഖച്ഛായ പുതുക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു.

കാലം കടന്നുപോയി. എനിക്ക് കുറച്ചുകൂടി പ്രായമായി. അപ്പോള്‍ എന്റെ പ്രാര്‍ത്ഥനയ്ക്ക് മാറ്റം വന്നു. ഈ ലോകത്തെ മുഴുവന്‍ മാറ്റുക ദുഷ്‌ക്കരമാണ്. പ്രായം എന്റെ കൈപ്പിടിയിലൂടെ ഊര്‍ന്നിറങ്ങുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിഭാഗം കഴിഞ്ഞുപോയി. ഇതുവരേയും ഒരു വ്യക്തിയെ പ്പോലും മാറ്റുവാന്‍ കഴിഞ്ഞിട്ടില്ല. ഈ ലോകത്തെ മുഴുവന്‍ മാറ്റുക എന്നു വെച്ചാല്‍ അത് കഠിനമാണ്. അതിനാല്‍ ദൈവമേ എനിക്ക് എന്റെ കുടുംബത്തെ മാറ്റിയാല്‍ മതി. അതിനായുള്ള ശക്തി നീ എനിക്ക് നല്കുക.

ഞാന്‍ വൃദ്ധനായി. ഇപ്പോള്‍ എനിക്ക് മനസ്സിലായി. കുടുംബത്തെ മാറ്റുക എന്നു വെച്ചാല്‍ അത് അസാദ്ധ്യമാണ്. മറ്റുള്ളവരെ മാറ്റാന്‍ ഞാന്‍ ആരാണ് ? എന്തിന് അതിസാഹസികവും കഠിനവും അസാദ്ധ്യവുമായ ആ പ്രവര്‍ത്തിയില്‍ ഞാന്‍ ഏര്‍പ്പെടണം. സ്വയം മാറുവാന്‍ കഴിഞ്ഞാല്‍ തന്നെ ധാരാളം. അതെ അതുതന്നെയാണ് യുക്തം. സ്വയം മാറ്റം വരുത്തുക. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നു. ഈ ലോകത്തെയോ കുടുംബത്തെയോ മാറ്റുവാന്‍ എനിക്ക് കഴിയുകയുമില്ല. എന്നാല്‍ സ്വയം മാറുവാനായി എനിക്ക് സാധിക്കും. അങ്ങ് എന്നെ അതിനനുവദിക്കുക.

ദൈവം പറഞ്ഞു ”പക്ഷേ സമയം കഴിഞ്ഞു പോയി. നീയിത് ആരംഭത്തിലേ ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ നിനക്കിത് സാധിക്കുമായിരു ന്നല്ലോ?”
യൗവ്വനത്തിന്റെ തീഷ്ണതയില്‍ ഈ ലോകം മാറ്റിമറിക്കുക എന്നതാവും നമ്മുടെ ചിന്ത. ലോകത്തിലെ തിന്മകള്‍ക്കെതിരെ പട പൊരുതുന്ന ഒരു വീരയോദ്ധാവായി നാം സ്വയം സങ്കല്പിക്കും. ഈ തിന്മകളെ മുഴുവന്‍ തുടച്ചു നീക്കാമെന്നും വ്യക്തികളെ മാറ്റി മറിക്കാമെന്നും നാം സ്വപ്നം കാണും. അതിനായി യത്‌നിക്കും.

എന്നാല്‍ അതിനേക്കാളേറെ അനായാസം സംഭവിക്കുന്ന ഒരു കാര്യമുണ്ട്. സ്വയം മാറുക എന്നതാണത്. ഇന്നത് ചെയ്തില്ല എങ്കില്‍ അതിനായി നാളെ എന്ന ഒരു ദിവസം കാത്തുനില്‍ക്കുകയില്ല. നമ്മുടെ അകക്കണ്ണുകള്‍ തുറക്കണം. മനസ്സിന്റെ ആഴങ്ങളിലേക്ക് നാം ഊളിയിടണം. നമ്മെ സ്വയം തിരിച്ചറിയുന്ന നിമിഷം മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങും.
സ്വയം മനസ്സിലേക്ക് നോക്കൂ. സ്വയം തിരിച്ചറിയൂ. ആ തിരിച്ചറിവില്‍ നിന്ന് മാറ്റങ്ങള്‍ ആരംഭിക്കട്ടെ. അതിനായി വയസ്സാവുന്നതുവരെ കാത്തിരിക്കേണ്ടതില്ല. നമുക്ക് സ്വയം സംഭവിക്കുന്ന മാറ്റങ്ങള്‍ ഈ ലോകത്തിലും പ്രതിഫലിക്കും. നിന്റെ സമയം കഴിഞ്ഞു എന്ന് ദൈവം പറയുന്നതിന് മുന്‍പേ ആ ശ്രമം നമുക്കാരംഭിക്കാം.

 

Leave a comment