മാര്‍ക്കറ്റിംഗ് ഫോബിയ

പാതയുടെ ഇരുവശങ്ങളിലുമായി രണ്ടു വഴിയോര കച്ചവടക്കാര്‍ തങ്ങളുടെ സാമഗ്രികള്‍ കച്ചവടം ചെയ്യുകയാണ്. രണ്ടുപേരും കുട്ടികളുടെ കളിപ്പാട്ടങ്ങളാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. കച്ചവടക്കാരിലൊരാള്‍ കളിപ്പാട്ടങ്ങള്‍ മുന്നില്‍ നിരത്തിവെച്ച് സ്വസ്ഥമായി ഇരിക്കുകയാണ്. തന്റെ അരികില്‍ എത്തുന്ന ആവശ്യക്കാര്‍ തിരഞ്ഞെടുക്കുന്ന കളിപ്പാട്ടത്തിന്റെ പണം വാങ്ങിച്ച് കളിപ്പാട്ടം നല്കുന്ന ജോലി മാത്രമേ അയാള്‍ ചെയ്യുന്നുള്ളൂ.

എന്നാല്‍ മറ്റേ കളിപ്പാട്ട കച്ചവടക്കാരന്‍ കുറേക്കൂടി ഊര്‍ജ്ജസ്വലനാണ്. കളിപ്പാട്ടങ്ങള്‍ കയ്യിലെടുത്ത് വഴിയിലൂടെ നടന്നുപോകുന്ന കുട്ടികളെ അയാള്‍ ആകര്‍ഷിക്കുകയാണ്. കളിപ്പാട്ടങ്ങളുടെ ഭംഗിയെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചും അയാള്‍ ആളുകളോട് സംസാരിക്കുന്നു. അയാളുടെ വാക്ചാതുരിയില്‍ വീണ് വളരെയധികം ആളുകള്‍ അയാളുടെ പക്കല്‍ നിന്നും കളിപ്പാട്ടങ്ങള്‍ വാങ്ങുന്നു. വെറുതെയിരുന്ന് കച്ചവടം ചെയ്യുന്ന ഒന്നാമത്തെ കളിപ്പാട്ട കച്ചവടക്കാരനില്‍ നിന്നും വ്യത്യസ്തമായി അയാളുടെ വില്പന പൊടിപൊടിക്കുന്നു.
രണ്ട് വ്യത്യസ്തരായ കച്ചവടക്കാരെയാണ് നാം കണ്ടത്. തന്റെ ഉത്പ്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ വന്ന് വാങ്ങുക എന്ന മനോഗതിയുമായി നിസ്സംഗനായിരുന്ന് കച്ചവടം ചെയ്യുന്ന ഒരാള്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനായി തന്റെ ഉത്പ്പന്നങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ച് അവരില്‍ ആഗ്രഹം ജനിപ്പിക്കുന്ന മറ്റൊരാള്‍. നമ്മുടെ സമൂഹത്തിലെ രണ്ടു തരം സംരംഭകരുടെ പ്രതിനിധികളാണ് ഇവര്‍.

സംരംഭകരില്‍ വലിയൊരു ശതമാനം ”മാര്‍ക്കറ്റിംഗ് ഫോബിയ” എന്ന മാനസിക പ്രശ്‌നത്തിന് അടിമപ്പെട്ടവരാണ്. തങ്ങളുടെ ഉത്പ്പന്നങ്ങളേയും സേവനങ്ങളേയും ശരിയായ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ നിന്നും മാര്‍ക്കറ്റിംഗ് ഫോബിയ അവരെ തടുക്കുന്നു. താന്‍ നല്കുന്ന ഉത്പ്പന്നങ്ങളുടേയും സേവനങ്ങളുടേയും ആവശ്യക്കാര്‍ തന്റെ അരികില്‍ എത്തിച്ചേരുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. മാര്‍ക്കറ്റിംഗിനായി ചെലവഴിക്കപ്പെടുന്ന സമയവും പണവും പാഴ്ച്ചിലവാണെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു. മാര്‍ക്കറ്റിംഗ് ഫോബിയ എന്ന ഗുരുതരമായ മാനസിക പ്രശ്‌നം തന്നെ ഗ്രസിച്ചിട്ടുണ്ട് എന്ന് ഇവര്‍ തിരിച്ചറിയുന്നില്ല.

മാര്‍ക്കറ്റിംഗിനോട് ഭയമുള്ള, വിദ്വേഷമുള്ള, വിരക്തിയുള്ള സംരംഭകര്‍ ബിസിനസിനെ സാവധാനത്തിലുള്ള മരണത്തിലേക്ക് (Slow Death) നയിക്കുകയാണ്. തന്റെ ബിസിനസ് മാര്‍ക്കറ്റ് ചെയ്യേണ്ട ആത്യന്തികമായ കടമ തനിക്ക് തന്നെയാണ് എന്ന് സംരംഭകര്‍ മനസ്സിലാക്കുന്നതേയില്ല. ”തന്റെ ബിസിനസ് താന്‍ മാര്‍ക്കറ്റ് ചെയ്തില്ലെങ്കില്‍ ആര് മാര്‍ക്കറ്റ് ചെയ്യും?” എന്ന ചോദ്യം സംരംഭകന്‍ സ്വയം ചോദിക്കേണ്ടതുണ്ട്. തേനുള്ള പൂവിലേക്ക് വണ്ട് പറന്നെത്തും എന്ന തോന്നല്‍ ഇവര്‍ക്കുണ്ട്. പക്ഷേ അത്തരമൊരു പ്രകൃതിനിയമം പോലെയേ ബിസിനസ് വളരുകയുള്ളൂ. വളരെ സാവധാനത്തിലുള്ള ജൈവ വളര്‍ച്ച (Organic Growth). കിടമത്സരത്തില്‍ ഇത്തരം വളര്‍ച്ച മുരടിക്കുകയും ബിസിനസ് മരണത്തിലേക്ക് വീഴുകയും ചെയ്യുന്നു.

സംരംഭകന്റെ മനസ്സില്‍ മാര്‍ക്കറ്റിംഗ് ഫോബിയ ഉടലെടുക്കുന്നതിനും വളരുന്നതിനും നിരവധി കാരണങ്ങളുണ്ട്. ഈ കാരണങ്ങളെ കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യേണ്ടത് ബിസിനസിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. സംരംഭകന്റെ സാഹചര്യങ്ങളും കൂട്ടുകെട്ടുകളും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മാര്‍ക്കറ്റിംഗ് ഫോബിയ എന്ന ഗുരുതരമായ മാനസിക പ്രശ്‌നം സംരംഭകനെ ബാധിക്കുന്നതില്‍ സാഹചര്യങ്ങള്‍ക്കു സമ്പര്‍ക്ക ഗ്രൂപ്പിനുമുള്ള ഉത്തരവാദിത്വം അവഗണിക്കാവുന്ന ഒന്നല്ല.

സാങ്കേതിക വിദഗ്ദരായ (Technocrats) സംരംഭകര്‍

സാങ്കേതിക വിദഗ്ദരായ സംരംഭകരുടെ ചിന്തകള്‍ പൂര്‍ണ്ണമായും തങ്ങളുടെ ഉത്പ്പന്നങ്ങളുടെ രൂപരേഖയിലും (Design) ഉത്പ്പാദനത്തിലും (Production) ഗുണത്തിലും (Quality) തളച്ചിടപ്പെട്ടിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഉത്പ്പന്നത്തിന്റെ സാങ്കേതികത്തികവിനാണ് പ്രാധാന്യം. മികച്ച ഉത്പ്പന്നങ്ങളെ സൃഷ്ടിക്കുക എന്ന സൃഷ്ടിപരമായ കര്‍മ്മത്തില്‍ മുഴുകുവാനാണ് അവര്‍ക്ക് താല്പര്യം. സര്‍ഗ്ഗാത്മക (Creativity) യാണ് അവരെ നയിക്കുന്നത്.

സാങ്കേതിക വൈദഗ്ദ്യം മാത്രമല്ല ഒരു വ്യക്തിയെ സംരംഭകനാക്കുന്നത് എന്ന സത്യം ഇവര്‍ മറന്നു പോകുന്നു. ഉത്പ്പന്നം എത്ര മികച്ചതാകട്ടെ ശക്തമായ മാര്‍ക്കറ്റിംഗ് പിന്തുണയില്ലെങ്കില്‍ അത് വാണിജ്യപരമായി വിജയിക്കുവാനുള്ള സാധ്യത വളരെ കുറവാണ്. സാങ്കേതികയിലുള്ള അമിതമായ അഭിവാഞ്ചയും ഉത്സാഹവും മാര്‍ക്കറ്റിംഗിനെക്കുറിച്ചുള്ള പരിജ്ഞാനമില്ലായ്മയും മാര്‍ക്കറ്റിംഗ് ഫോബിയ അവരുടെ മനസ്സില്‍ ഉടലെടുക്കാന്‍ കാരണമാകുന്നു.

അപരിചിതമായ മേഖല

മാര്‍ക്കറ്റിംഗ് പല സംരംഭകര്‍ക്കും അപരിചിതമായ മേഖലയാണ്. തനിക്ക് അറിവില്ലാത്ത മേഖല എന്ന ധാരണ മനസ്സില്‍ ഭയം വളര്‍ത്തുന്നു. യഥാര്‍ത്ഥത്തിലുള്ള മാര്‍ക്കറ്റിംഗ് ജ്ഞാനം നേടുക എന്നത് ദുഷ്‌ക്കരമായ പ്രവര്‍ത്തിയാണെന്ന് ഇവര്‍ ധരിക്കുന്നു. മാര്‍ക്കറ്റിംഗിനെക്കുറിച്ച് പഠിക്കാനോ അവ പ്രാവര്‍ത്തികമാക്കുവാനോ ഇവര്‍ തുനിയാത്തത് മനസ്സില്‍ അറിയാതെ വളര്‍ന്നു വരുന്ന മാര്‍ക്കറ്റിംഗ് ഫോബിയ കാരണമാണ്. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയുവാനോ സമയബന്ധിതമായി അവ നടപ്പിലാക്കുവാനോ ഇക്കൂട്ടര്‍ ശ്രമിക്കില്ല. മനസ്സിലെ തടസ്സം അപരിചിതമായ ഈ മേഖലയെ പരിചിതമാക്കുവാനുള്ള പരിശ്രമങ്ങളെ തടുക്കുന്നു. കാലക്രമേണ ഓരോ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തിയേയും നിരാകരിക്കുന്ന ആപത്ക്കരമായ ഒരു മാനസിക പ്രവണതയിലേക്ക് ഇവര്‍ എത്തിച്ചേരുന്നു.

ടീമിനെ കൈകാര്യം ചെയ്യുവാനുള്ള ഭയം

തന്റെ അറിവില്ലായ്മ മറ്റുള്ളവര്‍ മുതലെടുക്കുമോ എന്ന ഭയം സംരംഭകനെ പിടികൂടുന്നു. മാര്‍ക്കറ്റിംഗില്‍ വിദഗ്ദരായ ജോലിക്കാരെ തനിക്ക് എങ്ങിനെ കൈകാര്യം ചെയ്യുവാന്‍ കഴിയും എന്ന് സംരംഭകന്‍ പേടിക്കുന്നു. നല്ലൊരു മാര്‍ക്കറ്റിംഗ് ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ നിന്നും ഈ ഭയം സംരംഭകനെ പിന്തിരിപ്പിക്കുന്നു. അവരുടെ ഭാഷ സംരംഭകന് അപരിചിതമാകുന്നു. അത് അയാളെ അവരില്‍ നിന്നും അകറ്റുന്നു. ഉത്സാഹത്തോടെ സമീപിക്കാനാവാത്ത ഏതു പ്രവര്‍ത്തിയും വേദനാജനകമാണ്. മാര്‍ക്കറ്റിംഗ് സംരംഭകന്റെ വേദനയായി മാറുന്നു.

അനാവശ്യം എന്ന കാഴ്ചപ്പാട്

മാര്‍ക്കറ്റിംഗ് അനാവശ്യ പണച്ചിലവുള്ള ഏര്‍പ്പാടാണ് എന്ന കാഴ്ചപ്പാട് പല സംരംഭകര്‍ക്കുമുണ്ട്. ഉത്പ്പന്നങ്ങളുടെയോ സേവനങ്ങളുടെയോ പരസ്യങ്ങള്‍ ചെയ്യുവാനും ബ്രാന്‍ഡ് കെട്ടിപ്പടുക്കുവാനും ഇവര്‍ തയ്യാറാവാത്തത് ഇത്തരമൊരു കാഴ്ച്ചപ്പാടിന്റെ ഫലമാണ്. മാര്‍ക്കറ്റിംഗിനായി ഒരു പ്രത്യേക വിഭാഗം രൂപീകരിക്കുമ്പോള്‍ അതിന്റെ ചിലവ് മാത്രമേ ഇവര്‍ കണക്കിലെടുക്കു. പരസ്യത്തിനായി പണം ചിലവഴിച്ചാല്‍ ഉടന്‍ ഫലം ലഭിക്കണം. ദൂര വ്യാപകമായ ഒരു കാഴ്ചപ്പാട് ഇത്തരം സംരംഭകര്‍ക്കില്ല. അത്യധികം ബുദ്ധിപരമായി ക്ഷമയോടെ കെട്ടിപ്പടുക്കേണ്ട ഒന്നാണ് പ്രസ്ഥാനത്തിന്റെ മാര്‍ക്കറ്റിംഗ് എന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. മുടക്കുന്ന പണത്തിന് ഫലം അപ്പോള്‍ തന്നെ ലഭിക്കണം എന്നതു ദൂരക്കാഴ്ചയില്ലാത്ത നിലപാട് മാത്രമാണ്.

സംരംഭകന്റെ മനസ്സില്‍ നിന്നും ”മാര്‍ക്കറ്റിംഗ് ഫോബിയ” തുടച്ചു നീക്കപ്പെടണം. ബിസിനസിനെ ബാധിച്ചിരിക്കുന്ന കാന്‍സറാണ് സംരംഭകന്റെ ഈ മാനസിക പ്രശ്‌നം. തന്റെ മനസ്സിന്റെ നിഷേധാത്മകമായ ഈയൊരു കാഴ്ചപ്പാടിനെക്കുറിച്ച് ബോധവാനാകുകയാണ് സംരംഭകന്‍ ആദ്യം ചെയ്യേണ്ടത്.

• സാങ്കേതികതയിലും മറ്റുപ്രവര്‍ത്തികളിലും നല്‍കുന്ന അതീവ പ്രാധാന്യം മാര്‍ക്കറ്റിംഗിനും നല്‍കുക.

• മാര്‍ക്കറ്റിംഗ് എന്ന പ്രവര്‍ത്തിയെ നിരീക്ഷിച്ച് തുടങ്ങുക. എതിരാളികളുടെയും മറ്റു ബിസിനസുകളുടേയും തന്ത്രങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിക്കുക.

• പ്രസ്ഥാനത്തിനായി നല്ലൊരു മാര്‍ക്കറ്റിംഗ് ടീമിനെ വാര്‍ത്തെടുക്കുക. അവര്‍ക്കായി സമയം നീക്കിവെക്കുക.

• ദൂര വ്യാപകമായ കാഴ്ചപ്പാടിലൂടെ മാര്‍ക്കറ്റിംഗിനായി പണം ചിലവഴിക്കുക.

 

 

 

 

Leave a comment