ഭിക്ഷാക്കാരനില്‍ നിന്നും ബിസിനസ്‌കാരനിലേക്ക്

വളരെ തിരക്കുള്ള ഒരു റെയില്‍വേ സ്റ്റേഷന്‍. അവിടെ പ്‌ളാറ്റ്‌ഫോമില്‍ ഒരു ഭിക്ഷാക്കാരന്‍ ഇരിക്കുന്നുണ്ട്. അയാളുടെ മുന്‍പില്‍ ഒരു കപ്പിലായി കുറെ പെന്‍സിലുകളും വെച്ചിട്ടുണ്ട്. അതിലെ പോകുന്നവര്‍ അയാളുടെ പാത്രത്തിലേക്ക് പൈസ ഇട്ട് കടന്നു പോകുന്നു.

ഒരു ബിസിനസ് എക്‌സിക്യൂട്ടീവ് ഭിക്ഷാക്കാരന്റെ മുന്നിലൂടെ കടന്നു പോയി. അയാള്‍ കുറച്ചു ചില്ലറത്തുട്ടുകള്‍ ഭിക്ഷാക്കാരന്റെ പാത്രത്തിലേക്കിട്ടു. എന്നിട്ട് ട്രെയിനിലേക്ക് കയറി. ട്രെയിനിലേക്ക് കയറിയ അയാള്‍ എന്തോ ആലോചിച്ചു നിന്നു. പിന്നീട് അയാള്‍ പുറത്തേക്കിറങ്ങി ഭിക്ഷാകാരന്റെ അടുത്തെത്തി. ഭിക്ഷാകാരന്റെ മുന്നില്‍ ഇരുന്ന കപ്പില്‍ നിന്നും ഒരു പിടി പെന്‍സിലുകള്‍ അയാള്‍ എടുത്തു. എന്നിട്ട് പറഞ്ഞു. ”ഞാന്‍ കുറച്ച് പെന്‍സിലുകള്‍ എടുക്കുന്നു. ഇവക്ക് നിങ്ങള്‍ ഒരു വില ഇട്ടിട്ടുണ്ടല്ലോ. നിങ്ങള്‍ ഒരു ബിസിനസ്‌കാരനാണ് ഞാനും”.

കുറേ മാസങ്ങള്‍ കഴിഞ്ഞു. ഈ കാര്യങ്ങളൊക്കെ എക്‌സിക്യൂട്ടീവ് മറന്നു. ഒരു ദിവസം അയാള്‍ ഒരു ബിസിനസ് മീറ്റിംഗില്‍ പങ്കെടുക്കുകയാണ്. അവിടെ ആ ഭിക്ഷാക്കാരനുമുണ്ട്. പക്ഷേ ഇപ്പോള്‍ അയാള്‍ ധരിച്ചിരിക്കുന്നത് വളരെ വിലകൂടിയ കോട്ടും ടൈയുമാണ്. എക്‌സിക്യൂട്ടീവിന് അയാളെ കണ്ടിട്ട് മനസിലായതേയില്ല.

ഭിക്ഷാക്കാരന്‍ എക്‌സിക്യൂട്ടീവിന്റെ അടുത്തെത്തി അയാള്‍ക്ക് ഹസ്തദാനം നല്കി. എന്നിട്ട് പറഞ്ഞു. ”താങ്കള്‍ എന്നെ തിരിച്ചറിയാന്‍ വഴിയില്ല. എന്നാല്‍ ഞാന്‍ താങ്കളെ ഓര്‍മ്മിക്കുന്നുണ്ട്.” എന്നിട്ടയാള്‍ മാസങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടന്ന സംഭവം എക്‌സിക്യൂട്ടീവിനെ ഓര്‍മ്മിപ്പിച്ചു. എക്‌സിക്യൂട്ടീവ് പറഞ്ഞു. ”ശരിയാണ്, ഞാനത് ഓര്‍ക്കുന്നു. പക്ഷേ അപ്പോള്‍ നിങ്ങള്‍ പ്‌ളാറ്റ്‌ഫോമില്‍ ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന ഒരു ഭിക്ഷാക്കാരന്‍ ആയിരുന്നു. ഇവിടെ ഇപ്പോള്‍ ഈ വേഷത്തില്‍ നിങ്ങള്‍ എന്ത് ചെയ്യുകയാണ്?”

ഭിക്ഷാക്കാരന്‍ മറുപടി പറഞ്ഞു. ”ആന്ന് ആ ദിവസം എന്താണ് ചെയ്തതെന്ന് താങ്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. താങ്കള്‍ എനിക്ക് ദാനം നല്‍കുന്നതിന് പകരം എന്നോട് വളരെ അന്തസ്സോടെ പെരുമാറി. താങ്കള്‍ ഒരു പിടി പെന്‍സിലുകള്‍ എന്റെ പാത്രത്തില്‍ നിന്നും എടുത്തു. എന്നിട്ട് പറഞ്ഞു. ഇതിന് ഒരു വില ഉണ്ട്. നിങ്ങള്‍ ഒരു ബിസിനസ്‌കാരനാണ് ഞാനും. താങ്കള്‍ പോയ്ക്കഴിഞ്ഞതിന് ശേഷം ഞാന്‍ ചിന്തിച്ചു. ഞാന്‍ ഇവിടെ എന്താണ് ചെയ്യുന്നത്? ഞാന്‍ എന്തിനാണ് ഭിക്ഷ യാചിക്കുന്നത്? എന്റെ ജീവിതത്തില്‍ പ്രയോജനപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ നിശ്ചയിച്ചു. അന്നുതന്നെ ഞാന്‍ എന്റെ ഭിക്ഷാടനം ഉപേക്ഷിച്ചു ജോലി ചെയ്യുവാന്‍ തുടങ്ങി. താങ്കളുടെ വാക്കുകളാണ് എന്നെ ഇവിടെ എത്തിച്ചത്. എനിക്ക് എന്റെ അന്തസ്സ് തിരികെ നല്‍കിയത് താങ്കളാണ്. എന്റെ നന്ദി താങ്കള്‍ സ്വീകരിക്കുക. താങ്കളുമായിട്ടുള്ള കണ്ടുമുട്ടല്‍ എന്റെ ജീവിതം മാറ്റിമറിച്ചു.”

ചിലരുടെ വാക്കുകള്‍, പ്രവര്‍ത്തികള്‍ ജീവിതങ്ങള്‍ മാറ്റിമറിക്കും. അവയൊന്നും ചിലപ്പോള്‍ മനപ്പൂര്‍വ്വം സംഭവിക്കുന്നതാവണമെന്നില്ല. ഒരു തീപ്പൊരി നമ്മുടെ ചിന്തയിലേക്ക് വീഴാനും ആളിക്കത്താനും അധികം സമയമൊന്നും വേണ്ട. പ്രചോദിപ്പിക്കപ്പെട്ടാല്‍ ഉയരങ്ങളിലേക്ക് കുതിക്കുവാനുള്ള അസ്സാധാരണമായ കഴിവ് മനുഷ്യ മനസ്സിനുണ്ട്. സ്വയം പ്രചോദിതനാവുന്ന വാക്കുകളും പ്രവര്‍ത്തികളും കണ്ടെത്തുവാനും സ്വന്തം ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുവാനും നമുക്ക് കഴിയണം.

ഭിക്ഷാക്കാരന്റെ ജീവിതത്തില്‍ എക്‌സിക്യൂട്ടീവിന്റെ ചെറിയൊരു പ്രവര്‍ത്തി വരുത്തിയ വലിയൊരു മാറ്റം കാണുക. മറ്റുള്ളവരുടെ ജീവിതത്തിലൊരു മാറ്റത്തിന്റെ നാളമാകുവാന്‍ നമുക്ക് കഴിഞ്ഞാല്‍ അതിലും വലിയൊരു വരം ഈ മനുഷ്യജന്മത്തില്‍ ലഭിക്കുവാനില്ല. മറ്റുള്ളവര്‍ക്ക് പ്രചോദിതമാകുന്ന ജീവിതം നയിക്കുക ധന്യമാര്‍ന്ന ഒരു പ്രവര്‍ത്തി തന്നെയാണ്.

സമൂഹത്തില്‍ പലരെയും നമുക്ക് കാണാം. ചെല്ലുന്നിടത്തൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവര്‍. മനപ്പൂര്‍വ്വമല്ല. അതങ്ങിനെ ആയിപ്പോയി. അവരുടെ സംസാരവും ശരീരഭാഷയും പ്രവര്‍ത്തിയും ആ ഒരു രൂപത്തിലേക്ക് മാറ്റപ്പെട്ടു. അവര്‍ തന്നെ പ്രശ്‌നമാണ്. പ്രശ്‌നം മനുഷരൂപം പൂണ്ട പോലെ. നമ്മളും അതാവാണോ? അതോ മറ്റുള്ളവര്‍ക്ക് മാതൃകയാകാവുന്ന പ്രചോദനം നല്‍കുന്ന ഒരാളാവാണോ? ജീവിതം ഒന്നേയുള്ളൂ. അത് അന്തസ്സോടെ തലയുയര്‍ത്തി ജീവിക്കാന്‍ നമുക്കാവണം.

 

 

 

Leave a comment