ദിനോസറുകള്‍ ദിനോസറുകളെ തിന്നുന്ന കാലം

കേരളത്തിലെ ഗ്രാമങ്ങള്‍ക്ക് ഒരുപാടു സമാനതകളുണ്ടായിരുന്നു. ചെമ്മണ്‍ പാതകള്‍, പെട്ടിക്കടകള്‍, ചെറിയ ചായക്കടകളും, പലചരക്ക് കടകളും, തോടും, പാടങ്ങളുമായി ഭൂമിയിലെ സ്വര്‍ഗ്ഗങ്ങളായിരുന്ന ഗൃഹാതുരത്വത്തിന്റെ ഗ്രാമങ്ങള്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ നാഗരികതയുടെ കൈകള്‍ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന ഇന്നത്തെ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തങ്ങളായിരുന്നു അന്നവ.

ഇന്ന് ഗ്രാമങ്ങളുടെ മുഖച്ഛായ മാറിയിരിക്കുന്നു. നഗരവും ഗ്രാമവും തമ്മിലുള്ള അന്തരം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതെയാവുകയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളും, മെഡിക്കല്‍ കോളേജുകളും, എന്‍ജിനീയറിംഗ്, എം.ബി.എ കോളേജുകളും, ഐടി പാര്‍ക്കുകളും, ചെറിയ മാളുകളുമൊക്കെയായി ഗ്രാമങ്ങള്‍ വികസിക്കുകയാണ്. നികത്തിയ പാടങ്ങള്‍ക്കും തോടുകള്‍ക്കും മേലെ വമ്പന്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. മുന്‍പ് നഗരങ്ങളില്‍ മാത്രം കാണാമായിരുന്ന വമ്പന്‍ സൗധങ്ങള്‍ ഇന്ന് ഗ്രാമങ്ങളില്‍ പോലും സാധാരണയായി.

ഗ്രാമങ്ങള്‍ ആധുനികവത്കരിക്കപ്പെട്ട് തുടങ്ങിയതോടെ അന്യം നിന്ന് തുടങ്ങുന്ന ബിസിനസ്സ് സംരംഭങ്ങളുണ്ട്. ആളുകള്‍ ഒത്തു കൂടി വെടിവെട്ടം പറഞ്ഞ് പത്രം വായിച്ച് രാഷ്ട്രീയം ചര്‍ച്ച ചെയ്ത് കാലിച്ചായ കുടിച്ചിരിക്കുന്ന ചായക്കടകള്‍ അപ്രത്യക്ഷമായിത്തുടങ്ങി. പകരം ബ്രാന്‍ഡഡ് ഹോട്ടലുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പഴയ മുടിവെട്ടുകടകളുടെ സ്റ്റൈല്‍ മാറി. മരക്കസേരകളും, കലണ്ടറുകളും, പൗഡര്‍ മണവുമൊക്കെ ഗൃഹാതുരത്വം തുളുമ്പുന്ന ഓര്‍മകളായി മാറി. അതിനു പകരം എയര്‍കണ്ടീഷന്‍ ചെയ്ത മുറിയും, കറങ്ങുന്ന കസേരയും സൗരഭ്യമുതിരുന്ന പെര്‍ഫ്യുമുകളുമൊക്കെയായി ആധുനിക സലൂണുകള്‍ മുളച്ചു തുടങ്ങി. പലചരക്കു കടകളുടെ ശ്മശാനത്തിനു മുകളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉയര്‍ന്നു. ഗ്രാമങ്ങളും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു തുടങ്ങി.

നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമാകുന്നില്ല. ചെറിയ കടകളും വ്യവസായങ്ങളും വമ്പന്‍ മാളുകളുടേയും ലക്ഷക്കണക്കിന് സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വിശാലമായ ഷോറൂമുകളുടേയും മുന്നില്‍ പകച്ചു നില്‍ക്കുന്നു. അവയും അന്യം നിന്ന് തുടങ്ങുകയാണ്. ഭീമന്മാര്‍ ചെറുകിട സംരംഭങ്ങളെ തിന്നു തുടങ്ങിയിരിക്കുന്നു. നഗരങ്ങളില്‍ ഒരിക്കല്‍ ജനം നിറഞ്ഞു കവിഞ്ഞിരുന്ന പല സ്ഥാപനങ്ങളും ഇന്ന് ആളൊഴിഞ്ഞ ഉത്സവപ്പറമ്പുപോലെയായി. എപ്പോള്‍ അടച്ചു പൂട്ടണം എന്ന അവസ്ഥയിലായി പല ബിസിനസുകളും. ജനവും ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നത് അതിവേഗത്തിലാണ്. അവരുടെ സ്വഭാവത്തിലും വ്യതിയാനം സംഭവിച്ചു തുടങ്ങി.

ഇത് ദിനോസര്‍ ബിസിനസ്സുകളുടെ കാലമാണ്. ദിനോസര്‍ ബിസിനസിന്റെ ആവിര്‍ഭാവം ഒരു സുനാമിയുടെ ആഘാതമാണ് സൃഷ്ടിക്കുന്നത്. ചെറുകിട ബിസിനസ്സുകള്‍ കടപുഴകി വീഴുന്നു. ആധുനികവത്കരണത്തിന്റെ കൊടുങ്കാറ്റില്‍ അവ നിലംപരിശാകുന്നു. ഭീമാകാരമായ ഒരു ഷോപ്പിംഗ് മാള്‍ ഉയരുമ്പോള്‍ ആയിരക്കണക്കിന് ചെറുകിട വ്യാപാരങ്ങളുടെ കടയ്ക്കല്‍ കത്തി വീഴുന്നു. വൈവിദ്ധ്യമാര്‍ന്ന കളക്ഷനുകളും, വിലയും, തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും ആസ്വാദ്യകരമായ ഷോപ്പിംഗ് അനുഭവങ്ങളും ജനങ്ങളെ മാളുകളിലേക്ക് ആകര്‍ഷിക്കുന്നു. ഇവയൊന്നും തന്നെ നല്‍കാന്‍ ചെറിയ കടകള്‍ക്കാവില്ല.

പലചരക്ക് കടയില്‍ കാത്തുനിന്ന് കടക്കാരന്‍ സാധനങ്ങള്‍ പൊതിഞ്ഞു കെട്ടിത്തരുന്നത് വാങ്ങി പോകുന്ന കസ്റ്റമര്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍ നല്കുന്ന വൈവിധ്യവും സ്വാതന്ത്ര്യവും ആസ്വദിക്കുവാനാണ് അവന്റെ താല്പര്യം. കുടുംബവുമൊത്ത് ഷോപ്പിംഗ് ഒരു അനുഭവമാക്കി മാറ്റുവാന്‍ അവന്‍ ഇഷ്ടപ്പെടുന്നു. തിരഞ്ഞെടുപ്പിന് തനിക്ക് സ്വാതന്ത്ര്യം നല്‍കുന്ന വൈവിദ്ധ്യമാര്‍ന്ന ഉത്പ്പന്നങ്ങളുടെ ശ്രേണിക്ക് മാത്രമേ ഇന്നത്തെ കസ്റ്റമറെ തൃപ്തിപ്പെടുത്താനാവു. ചെറിയ കടയില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റിലേക്കുള്ള ഈ വളര്‍ച്ച മാറുന്ന യുഗത്തിലെ കസ്റ്റമറുടെ മാറുന്ന മനസ്ഥിതിയെ വെളിവാക്കുന്നു.

സൂപ്പര്‍മാര്‍ക്കറ്റുകളില്ലാത്ത ഗ്രാമങ്ങള്‍ ഇന്ന് വിരളമാണ്. ഗ്രാമത്തില്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന പത്തോ ഇരുപതോ പലചരക്കു കടകളുടെ വ്യാപാരം ഒറ്റയ്ക്ക് ഈ ദിനോസര്‍ വിഴുങ്ങി. ഇത്തരം ദിനോസര്‍ ബിസിനസുകള്‍ ഗ്രാമങ്ങളേയും നഗരങ്ങളെയും വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ദിനോസര്‍ ബിസിനസുകളുടെ വലുപ്പത്തിലേക്ക് തങ്ങളുടെ ബിസിനസുകളെ വളര്‍ത്തുവാന്‍ ശേഷിയില്ലാത്തവന്‍ ഈ മത്സരത്തില്‍ പുറത്താവുന്നു.
റീറ്റെയില്‍ രംഗത്ത് വാള്‍മാര്‍ട്ട് പോലുള്ള വമ്പന്മാരുടെ പ്രവേശനം ഭീഷണിയാകുന്നത് ഇതുകൊണ്ടു തന്നെയാണ്. Dinosaurs Eat Dinosaurs എന്നത് ഇവിടെ പ്രാവര്‍ത്തികമാകുന്നു. വലുപ്പം കൂടിയവന്‍ വലുപ്പം കുറഞ്ഞവനെ വിഴുങ്ങുന്നു. ചെറിയ മുതല്‍ മുടക്കിലൂടെ ബിസിനസ് ചെയ്യുവാനാവാത്ത ഒരു കാലം സംജാതമാകുകയാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ തുടങ്ങി നട്ടും നനച്ചും വളര്‍ത്തുന്ന ബിസിനസുകള്‍ ഒരു ദിവസം അവന്‍ വിഴുങ്ങും. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നതും ഇനി വരാന്‍ പോകുന്നതും ദിനോസര്‍ ബിസിനസിന്റെ കാലമാണ്.

അതിഭീമമായ പണം ചിലവഴിച്ച് തുടങ്ങുന്ന ദിനോസര്‍ ബിസിനസുകളുടെ ലക്ഷ്യവും ഇതു തന്നെയാണ്. ആയിരക്കണക്കിന് വ്യാപാരികള്‍ ചെയ്യുന്ന വ്യാപാരം തന്റെ വലിയ വലയിലേക്ക് അവന്‍ കുരുക്കുകയാണ്. ഈ വലയുടെ വിസ്താരം വളരെ വലുതാണ്. സമൂഹത്തില്‍ നിലനില്ക്കുന്ന പതിനായിരക്കണക്കിന് ചെറുകിട വ്യാപാരങ്ങള്‍ വേരറുക്കപ്പെടുന്നു. വില്പന ഇത്തരം ദിനോസര്‍ ബിസിനസുകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. രാജ്യം മുഴുവനോ ലോകം മുഴുവനോ വ്യാപിച്ചു കിടക്കുന്ന വ്യാപാരശൃംഖലയുള്ള ഒരു ബിസിനസ് പ്രസ്ഥാനത്തിനുള്ള പര്‍ച്ചേസ് മെച്ചമോ (Purchase Advantage) വിലപേശല്‍ ശക്തിയോ ചെറുകിട വ്യാപാരങ്ങള്‍ക്കില്ല. അതുകൊണ്ട് തന്നെ ഈ ഭീമന്മാര്‍ ഓഫര്‍ ചെയ്യുന്ന ആനുകൂല്യങ്ങള്‍ക്ക് ബദലായി ഒന്നും തന്നെ നല്കാന്‍ ചെറുകിട വ്യാപാരികള്‍ക്കാവില്ല.

ആധുനിക കാലഘട്ടത്തില്‍ കസ്റ്റമര്‍ ഷോപ്പിംഗ് അനുഭവത്തിന് വലിയ പ്രാധാന്യം കല്പിക്കുന്നു. കുടുംബമൊത്തുള്ള ഒരു ഔട്ടിംഗിനായി ഷോപ്പിംഗിനെ അവര്‍ മാറ്റുന്നു. ദിനോസര്‍ ബിസിനസുകള്‍ നല്കുന്ന മികച്ച ഷോപ്പിംഗ് അനുഭവം കസ്റ്റമറെ അത്തരം ബിസിനസുകളോട് മാനസികമായി അടുപ്പിക്കുന്നു. കസ്റ്റമര്‍ക്ക് ശാരീരികവും മാനസികവുമായ പരമാവധി സുഖം പ്രദാനം ചെയ്യാന്‍ ഇത്തരം ബിസിനസുകള്‍ ശ്രദ്ധ കാണിക്കുന്നു. മിഡില്‍ അപ്പര്‍ ക്ലാസ് കുടുംബങ്ങള്‍ ഇത്തരം സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു.

വാങ്ങുവാന്‍ ശേഷിയുള്ള (Purchase Capacity) കസ്റ്റമറെ തങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുന്നു എന്നതാണ് ദിനോസര്‍ ബിസിനസുകളുടെ ശക്തി. പതിനായിരക്കണക്കിന് സ്‌ക്വയര്‍ഫീറ്റില്‍ അവനൊരുക്കുന്ന ദൃശ്യവിസ്മയവും, വൈവിധ്യവും, സ്വാതന്ത്ര്യവും കസ്റ്റമറെ സംബന്ധിച്ചിടത്തോളം തടുക്കാനാവാത്ത പ്രലോഭനമാണ്. ബഡ്ജറ്റ് കസ്റ്റമറെ പോലും പ്രലോഭിപ്പിക്കുന്ന വില ഇത്തരം ബിസിനസുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.

ഇനി വരുന്നത് ദിനോസര്‍ ബിസിനസുകളുടെ കാലമാണ്. ഗ്രാമങ്ങളേയും നഗരങ്ങളേയും ഒരുപോലെ കീഴടക്കി വ്യത്യസ്തമായ ഒരു സംസ്‌ക്കാരത്തിലേക്ക് നമ്മളെ അവര്‍ കൂട്ടിക്കൊണ്ട് പോവുകയാണ്. ഇത് ഒരു അനിവാര്യതയാണ്. ഇത്തരം പ്രവണതകള്‍ക്ക് നേരെ കണ്ണടച്ച് നമുക്ക് മുന്നോട്ടു നീങ്ങുവാനാവില്ല. വികസനത്തിന്റെ ഭാഗമാണ് ദിനോസര്‍ ബിസിനസുകളുടെ ആവിര്‍ഭാവവും. വലിയ കോര്‍പ്പറേറ്റ് ഭീമന്മാര്‍ ചെറുകിട വ്യാപാരങ്ങള്‍ വിഴുങ്ങുന്ന കാലം അതിവിദൂരമല്ല. അത് സംഭവിച്ചു കൊണ്ടിരിക്കുന്നു. ഭാവിയില്‍ ദിനോസര്‍ ബിസിനസുകള്‍ മാത്രം നിലനില്ക്കുന്ന അവസ്ഥയിലേക്കെത്തും. പിന്നെ പോരാട്ടം അവര്‍ തമ്മിലാകും.

ചെറിയ മുതല്‍മുടക്കില്‍ വ്യാപാരം തുടങ്ങി വിജയിപ്പിക്കുക അപ്രാപ്യമായ ഒരു പ്രവര്‍ത്തിയായി മാറാന്‍ ഇനി അധികസമയമില്ല. ഏതെങ്കിലും ഒരു ആഗോള ഭീമന്‍ റീറ്റെയില്‍ രംഗത്തേക്ക് ഇന്ത്യയില്‍ ചുവട് വെയ്ക്കുന്നതോടെ ഇന്ത്യന്‍ വ്യാപാരരംഗം മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കും. നിര്‍മ്മാണ വ്യവസായങ്ങളുടേയും ജാതകം ഇതുതന്നെ. വലിയ അളവില്‍ ഉത്പാദനം നടത്തുന്ന ദിനോസര്‍ ബിസിനസുകളുമായി മത്സരിക്കുവാന്‍ അവയ്ക്ക് കഴിയാതെയാവും. ഏതായാലും വ്യവസായ രംഗം മാറുകയാണ്. ദിനോസറുകള്‍ ദിനോസറുകളെ തിന്നുന്ന കാലഘട്ടത്തിലേക്ക്

 

 

 

Leave a comment