അവബോധത്തിന്റെ ആഴം

ഒരാള്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. അയാള്‍ ഇരുന്ന കമ്പാര്‍ട്ട്‌മെന്റില്‍ അയാള്‍ക്ക് എതിര്‍വശത്തായി ഒരു കത്തോലിക്കാ പുരോഹിതന്‍ ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുത്തായി ഒരു പിക്‌നിക് ബാസ്‌ക്കെറ്റും ഉണ്ടായിരുന്നു.

മറ്റ് പ്രവര്‍ത്തികളൊന്നും തന്നെ ഇല്ലാതിരുന്നത് കൊണ്ട് അയാള്‍ പുരോഹിതനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

അല്‍പ്പസമയം കഴിഞ്ഞു. പുരോഹിതന്‍ ബാസ്‌ക്കെറ്റ് തുറന്ന് അതില്‍നിന്നും ഒരു ചെറിയ തൂവാലയെടുത്ത് തന്റെ കാല്‍മുട്ടുകളില്‍ വിരിച്ചു. പിന്നീട് ഒരു ചെറിയ പാത്രം എടുത്ത് തൂവാലക്ക് മുകളിലായി വെച്ചു. അതിനുശേഷം ബാസ്‌ക്കെറ്റില്‍ നിന്നും ഒരു കത്തിയും ആപ്പിളും എടുത്ത് ആപ്പിളിന്റെ തൊലി ചെത്തി കളഞ്ഞ് അത് കഷ്ണങ്ങളാക്കി നുറുക്കി പാത്രത്തിലേക്കിട്ടു. എന്നിട്ട് ആ പാത്രം എടുത്ത് അതിലുണ്ടായിരുന്ന അപ്പിള്‍ കഷ്ണങ്ങള്‍ മുഴുവന്‍ കമ്പാര്‍ട്ട്‌മെന്റിന്റെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു.

ആപ്പിള്‍ കഷ്ണങ്ങള്‍ വലിച്ചെറിഞ്ഞ ശേഷം പുരോഹിതന്‍ ഒരു നേന്ത്രപ്പഴം എടുത്ത് തൊലികളഞ്ഞ് കഷ്ണങ്ങളാക്കി പാത്രത്തിലേക്കിട്ടു. എന്നിട്ട് പാത്രം കയ്യിലെടുത്ത് അതിലുണ്ടായിരുന്ന പഴത്തിന്റെ കഷ്ണങ്ങള്‍ ജനലിലൂടെ പുറത്തേക്കെറിഞ്ഞു. അയാള്‍ നോക്കിയിരിക്കെ പുരോഹിതന്‍ ഈ പ്രവര്‍ത്തി തുടര്‍ന്ന് കൊണ്ടിരുന്നു. ബാസ്‌ക്കെറ്റില്‍ നിന്നും മറ്റ് പഴങ്ങള്‍ എടുക്കുകയും കഷ്ണങ്ങളാക്കി പുറത്തേക്കെറിയുകയും ചെയ്ത് കൊണ്ടിരുന്നു. അവസാനം പുരോഹിതന്‍ കുറച്ച് ക്രീം എടുത്ത് വളരെ ശ്രദ്ധാപൂര്‍വ്വം അത് ഇളക്കി അതും പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം തൂവാല എടുത്ത് കുടഞ്ഞ് അതും കത്തിയും പാത്രവും ബാസ്‌ക്കെറ്റില്‍ തിരികെ വെച്ചു.

വളരെ വിചിത്രമായ ഈ പ്രവര്‍ത്തി അയാളെ വളരെയധികം അതിശയിപ്പിച്ചു. ജിജ്ഞാസ അടക്കാന്‍ വയ്യാതെ അയാള്‍ പുരോഹിതനോട് ചോദിച്ചു ”താങ്കള്‍ എന്താണ് ചെയ്തുകൊണ്ടിരുന്നത്?”

ചോദ്യം കേട്ട പുരോഹിതന്‍ വളരെ ലാഘവത്തോടെ മറുപടി പറഞ്ഞു ”ഞാന്‍ ഫ്രൂട്ട് സലാഡ് ഉണ്ടാക്കുകയായിരുന്നു.”

”പക്ഷേ താങ്കള്‍ അത് മുഴുവന്‍ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.” അയാള്‍ പറഞ്ഞു.

”അതേ” പുരോഹിതന്‍ പറഞ്ഞു ”എനിക്ക് ഫ്രൂട്ട് സലാഡ് ഇഷ്ട്മല്ല.”

നാം നമുക്കിഷ്ട്മല്ലാത്തതിനെ പേറി നടക്കുകയാണ്. നാം ജീവിക്കുന്നത് നമ്മുടെ ഭൂതകാലത്തിലാണ്. വെറുപ്പിനെ ചുമന്ന് നടക്കുവാന്‍ നാം ശീലിച്ച് കഴിഞ്ഞു. ഭൂതകാലത്തിന്റെ കുറ്റബോധവും ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ടയും നമ്മുടെ ഇന്നിനെ ഇല്ലാതെയാക്കുന്നു. ഭൂതകാലത്തിന്റെ മുറിവുകളെ ചിക്കിച്ചികഞ്ഞ് അതിനെ ഉണങ്ങാന്‍ നാം അനുവദിക്കില്ല.

നമുക്കിഷ്ട്മില്ലാത്തത് തന്നെ നാം ചെയ്തുകൊണ്ടിരിക്കുന്നു. അത് ഉപേക്ഷിക്കാന്‍ നാം തയാറാവുന്നില്ല. ജീവിതത്തിന്റെ വിലപ്പെട്ട ഓരോ നിമിഷവും പാഴാവുന്നത് നാം അറിയുന്നില്ല. ഭൂതത്തിലും ഭാവിയിലും നമുക്ക് ജീവിക്കാം. പക്ഷേ അവ സമാധാനം നല്‍കുന്നില്ല. ഈ നിമിഷമാണ് വിലപിടിച്ചത്. ഈ നിമിഷം ജീവിക്കുക എന്നത് വലിയൊരു നിപുണതയാണ്, കഴിവാണ്. ആ സിദ്ധി കൈവരിക്കുക്ക വലിയൊരു തപസ്യയാണ്.

അമ്മയും കുട്ടിയും കടലില്‍ കുളിക്കുകയാണ്. പെട്ടെന്ന് അമ്മയുടെ കൈ വിട്ടുപോയി. കുട്ടി കടലില്‍ അപ്രത്യക്ഷമായി. അമ്മ വാവിട്ട് കരഞ്ഞു.

പെട്ടെന്ന് ഒരു തിരമാല ആഞ്ഞടിച്ചു. കുട്ടി കരയിലേക്ക് വലിച്ചെറിയപ്പെട്ടു. അമ്മ ഓടി വന്ന് കുട്ടിയെ വാരിയെടുത്തു. കുട്ടിയെ നോക്കിയ അമ്മ വീണ്ടും അലറിക്കരഞ്ഞു. അയ്യോ, എന്റെ കുട്ടിയുടെ ഒരു ചെരുപ്പ് കാണുവാനില്ല.

കുട്ടിയെ തിരികെ ലഭിച്ചതിന്റെ സന്തോഷം ചെരുപ്പ് പോയതില്‍ തീര്‍ന്നു. ചെറിയ നഷ്ട്ങ്ങളെയും വേദനകളെയും കുറിച്ച് വിലപിക്കുന്ന നമ്മള്‍ വലിയ നേട്ടങ്ങളെ കാണുവാനാവാതെ അന്ധരാകുന്നു. അവബോധം ഉണര്‍ത്തുക എന്നത് തന്നെ പ്രധാനം. അവബോധത്തിന് ഭൂതത്തിലോ ഭാവിയിലോ നിലനില്‍പ്പില്ല. അവബോധത്തിന് ഈ നിമിഷത്തെ മാത്രമേ അറിയൂ.

നാം അവബോധത്തിലാണ് എങ്കില്‍ മറ്റുള്ളവര്‍ ചെയ്യുന്ന വങ്കത്തങ്ങള്‍ നാം ആവര്‍ത്തിക്കുകയില്ല. ഭൂതകാലത്തെക്കുറിച്ച് ദുഖിക്കുകയോ വേവലാതിപ്പെടുകയോ ഇല്ല. മനസ്സിലെ ഒരു മുറിവും നമ്മെ സ്പര്‍ശിക്കുകയില്ല. അത് താനേ അപ്രത്യക്ഷമാകും. ആഴത്തിലുള്ള അവബോധം ഉണരട്ടെ. ഈ നിമിഷത്തില്‍ ജീവിക്കുകയാണ് പ്രസക്തം. അതാണ് സത്യം.

ഇഷ്ടമില്ലാത്തത് നമുക്ക് ഉപേക്ഷിക്കാം. ഇഷ്ട്മുള്ള പ്രവര്‍ത്തികള്‍ ചെയ്യാം. ഓരോ നിമിഷവും ആസ്വദിക്കാം. ജീവിതം ഈ നിമിഷമാണ്. ഈ നിമിഷം മാത്രം.

 

 

 

 

Leave a comment