ഉപരിതലത്തില്‍ നീന്തുന്നവര്‍

നാലാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ വിരലുകളില്‍ തൂങ്ങി ആദ്യമായി ദേശീയ വായനശാലയുടെ പടി ചവിട്ടുന്നത്. വലിയ നീളമുള്ള ഹാളില്‍ നിവര്‍ന്ന് കിടക്കുന്ന മരമേശകളും ബെഞ്ചുകളും കുഞ്ഞുകണ്ണുകളില്‍ അത്ഭുതം നിറച്ചു. പരസ്പരം നോക്കാതെ സംസാരിക്കാതെ മുന്നില്‍ നിവര്‍ത്തി വെച്ച പത്രങ്ങളിലും മാസികകളിലും പുസ്തകങ്ങളിലും തല പൂഴ്ത്തിയിരുന്നവര്‍ ഒട്ടകപക്ഷിയെ ഓര്‍മ്മിപ്പിച്ചു. ആ ഹാളിന്റെ ഒരു വശത്തായി വലിയ ചില്ലലമാരകളില്‍ നിറയെ പുസ്തകങ്ങള്‍ അടുക്കി വെച്ചിരുന്നു.

പിന്നീട് വായനശാലയിലേക്കുള്ള യാത്ര ഒറ്റക്കായി. അമ്മ തന്നുവിടുന്ന കടലാസ് കഷണം ലൈബ്രേറിയനെ ഏല്‍പ്പിക്കും. അദ്ദേഹം എടുത്ത് നല്‍കുന്ന പുസ്തകങ്ങള്‍ അമ്മക്ക് കൊണ്ടുചെന്ന് കൊടുക്കും. അങ്ങിനെ വായനശാലയിലെ ഒരു സ്ഥിര സന്ദര്‍ശകനായി ഞാന്‍ മാറി. പിന്നീട് പതിയെ പതിയെ എപ്പോഴോ വായനയുടെ ലോകത്തേക്ക് ഞാന്‍ നടന്നു കയറി. അക്ഷരങ്ങളുടെ ലോകം ഒരു ലഹരിയായി മാറി.

കോളേജില്‍ എത്തിയപ്പോള്‍ എറണാകുളം പബ്ലിക് ലൈബ്രറി ആയി വിഹാര രംഗം. ഒരുപോലെ ചിന്തിക്കുന്ന കുറച്ച് കൂട്ടുകാര്‍. സാഹിത്യവും സിനിമയും ലഹരിയായവര്‍. ലൈബ്രേറിയനും വളരെ ചെറുപ്പം. ചര്‍ച്ചകളും സംവാദങ്ങളും കൊച്ചിന്‍ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന ലോകസിനിമകളുടെ പ്രദര്‍ശനങ്ങളും ഒക്കെകൂടി ഒരുത്സവം. അഞ്ച് വര്‍ഷങ്ങള്‍ അങ്ങിനെ കടന്നുപോയി.

എനിക്ക് തോന്നുന്നു ഒരു തലമുറ ഇങ്ങിനെയായിരുന്നു. സാഹിത്യവും സിനിമയും നാടകവും സിരകളില്‍ കൊണ്ടുനടന്നവര്‍. ചിന്തിക്കുകയും തെറ്റുകളോട് പ്രതികരിക്കുകയും ചെയ്യുന്നവര്‍. ലോകത്തിലെ ഏത് ജനതയെക്കാളും പ്രബുദ്ധരായവര്‍. നിശബ്ധരായിരുന്ന് അക്ഷരങ്ങള്‍ തിന്ന് വിശപ്പകറ്റിയിരുന്നവര്‍. അവര്‍ വെറും പുസ്തകപ്പുഴുക്കളായിരുന്നില്ല മറിച്ച് സമൂഹത്തിലെ അനീതികള്‍ക്കെതിരെ അസമത്വങ്ങള്‍ക്കെതിരെ അവര്‍ ശക്തമായി പ്രതികരിച്ചിരുന്നു. അക്ഷരങ്ങള്‍ കൊണ്ടും കല കൊണ്ടും.

”സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതൊരു വായനശാല തന്നെയായിരിക്കും” എന്ന് ലാറ്റിന്‍ അമേരിക്കന്‍ കവിയായ ബോര്‍ഹെസ് എഴുതി. അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്ക് മറ്റേതൊരു സ്വര്‍ഗ്ഗം. വായനശാലകള്‍ നാടുകളുടെ സംസ്‌കാരത്തെയും ജീവിതത്തെയും അത്രമേല്‍ സ്വാധീനിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. വായന ലോകത്തിലേക്കുള്ള മഹാകവാടം മലയാളിക്ക് മുന്നില്‍ തുറന്നിട്ടു.

പിന്നിട്ട വഴികളിലെവിടെയോ നാം വായന മറന്നു. നമ്മുടെ തിരക്കില്‍ പേടിച്ച അക്ഷരങ്ങള്‍ നമുക്കരികിലേക്ക് വരാന്‍ മടിച്ചു നിന്നു. പത്രവായന പോലും നിന്നു എന്നുതന്നെ പറയാം. നാം ഓട്ടത്തിലാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തില്‍. അല്‍പ്പനേരം ഇരിക്കാന്‍, വായിക്കാന്‍, ചിന്തിക്കാന്‍ സമയമില്ലാത്ത രീതിയില്‍ നാം നമ്മുടെ ജീവിതചര്യ വാര്‍ത്തെടുത്ത് കഴിഞ്ഞു.

ഇതിന്റെ ഒരു നേര്‍ചിത്രം ഞാന്‍ കണ്ടത് കൃതി സാഹിത്യോത്സവത്തിലാണ്. ചൂടേറിയ പല സംവാദങ്ങളും നടന്ന വേദികളില്‍ കാഴ്ചക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. ഒരു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിറഞ്ഞുകവിഞ്ഞിരുന്ന വേദികള്‍ ഇന്ന് ശൂന്യമാകുന്നു. നമ്മുടെ തിരക്കുകള്‍ക്കിടയില്‍ ഇതിനൊക്കെ സമയം കണ്ടെത്താന്‍ നമുക്ക് കഴിയാതെയാകുന്നു. വായന നമുക്ക് അന്യമായികൊണ്ടിരിക്കുന്നു. നമ്മുടെ ചിന്തകളെ, പ്രവര്‍ത്തികളെ പ്രചോദിപ്പിക്കേണ്ട അക്ഷരങ്ങളെ നാം പടിക്ക് പുറത്തുനിര്‍ത്തുന്നു.

ദിവസം അല്പ സമയം നമുക്ക് നീക്കി വെച്ചുകൂടെ. ഒരു പേജ് എങ്കിലും ഒരു ദിവസം വായിക്കുവാന്‍ നമുക്ക് കഴിയില്ലേ? കഴിഞ്ഞാല്‍ അത് നമ്മില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളരെ വലുതായിരിക്കും. ഇന്ന് നാം അറിവിന്റെ ഉപരിതലത്തില്‍ മാത്രം നീന്തുന്നവരാണ് കൂടുതല്‍ ആഴത്തിലേക്കിറങ്ങാന്‍ നാം മാറ്റി വെക്കുന്ന ആ അല്പ്പസമയം നമ്മെ സഹായിക്കും.

 

Leave a comment