അതിരുകളില്ലാത്ത ആകാശങ്ങള്‍ സൃഷ്ട്ടിക്കപ്പെടട്ടെ

 

ഒരു സംരംഭകത്വ സെമിനാറില്‍ വെച്ചാണ് ഞാന്‍ യൂസഫിക്കയെ പരിചയപ്പെടുന്നത്. വളരെ വര്‍ഷങ്ങളായി വിജയകരമായി ഏറണാകുളത്ത് ബിസിനസ് നടത്തുന്ന വ്യക്തിയാണ് യൂസഫിക്ക. സെമിനാറില്‍ ഞങ്ങള്‍ അടുത്തടുത്താണ് ഇരുന്നിരുന്നത്. യൂസഫിക്ക അന്ന് ഒരുപാട് സംസാരിച്ചു. കടന്നു പോന്ന വഴികളെക്കുറിച്ച്, നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളെക്കുറിച്ച്, സംഭവിച്ച നഷ്ട്ങ്ങളെക്കുറിച്ച്, വിജയിക്കുന്നതിന് മുന്‍പ് പേറേണ്ടി വന്ന വേദനകളെക്കുറിച്ച്.

യൂസഫിക്ക ഒരു കണ്ണാടി ആണെന്ന് എനിക്ക് തോന്നി. ഓരോ സംരംഭകനും പ്രതിബിംബിക്കുന്ന കണ്ണാടി. അനുഭവങ്ങള്‍ക്ക് സമാനതകളുണ്ട്. ഒരു ദിവസം കൊണ്ട് ഒരു സാമ്രാജ്യം പടുത്തുയര്‍ത്തിയവരല്ല ഓരോ സംരംഭകരും. തീഷ്ണമായ അനുഭവങ്ങളിലൂടെ കടന്ന് പോന്നവരാണ്. യൂസഫിക്ക പറഞ്ഞു ”ആത്മഹത്യ ചെയ്താല്‍ എന്ത് എന്നുപോലും ആലോചിച്ച ഒരു സമയമുണ്ടായിരുന്നു. വിജയിക്കുക അത്ര എളുപ്പമല്ല എന്നാല്‍ അസാധ്യവുമല്ല.”

സെമിനാറില്‍ പങ്കെടുത്തവരെല്ലാം വളരെ ഭംഗിയായി സംസാരിച്ചു. ബില്‍ ഗേറ്റ്‌സും, സ്റ്റീവ് ജോബ്‌സും, ജാക്ക് മായും ഒക്കെ പലകുറി ചെവികളിലൂടെ കടന്നു പോയി. അവിടെ സംസാരിച്ചിരുന്നവര്‍ക്ക് യൂസഫിക്കയുടെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? സംശയമാണ്. പലപ്പോഴും ബിസിനസിനെക്കുറിച്ച്, അതിന്റെ വിജയങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്നത് അത് നടത്തിപ്പോലും വലിയ പരിചയമില്ലാത്തവരായിരിക്കാം. അതുകൊണ്ട് തന്നെയാവാം അക്ഷരങ്ങള്‍ പൊള്ളയാകുന്നതും ശ്രോതാവിന്റെ മനസ്സില്‍ തട്ടാതെ ചുമരുകളില്‍ തലയടിച്ച് മരിച്ചു വീഴുന്നതും.

എന്നെ പോലുള്ള ഒരുപാടുപേര്‍ ഇത്തരം പരിപാടികളില്‍ നിന്നും അകന്ന് നില്‍ക്കാറുണ്ട്. യൂസഫിക്ക പറഞ്ഞു. കാരണം അതില്‍ പങ്കെടുക്കുമ്പോള്‍ നാം വേറെ ഏതോ ലോകത്താണ് എന്ന തോന്നല്‍ ഉണ്ടാകുന്നു. എന്നെപ്പോലെ ചെറുപ്പത്തിലെ പഠനമുപേക്ഷിച്ച് വീട്ടിലെ കഷ്ട്ടപ്പാടുകാരണം ബിസിനസിലേക്ക് ഇറങ്ങിയവര്‍ക്ക് ഇവിടെ പറയുന്ന തൊണ്ണൂറ് ശതമാനം കാര്യങ്ങളും മനസിലാകില്ല. കാരണം എല്ലാവരും സംസാരിക്കുന്നത് നമുക്ക് മനസ്സിലാവാത്ത ഭാഷയിലാണ്. മാതൃഭാഷ ഉപയോഗിക്കുന്നത് കുറച്ചിലാകുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞങ്ങളെ പോലുള്ളവര്‍ അകന്ന് നില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നു.

നാം സംവേദിക്കുവാന്‍ ഉദ്ദേശിക്കുന്നത് ആരുമായിട്ടാണ് എന്നത് വളരെ പ്രധാനമാണ്. നാം പറയുന്നത് കേള്‍ക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും ആരാണ്? കേരളത്തിന്റെ ബിസിനസ് ഭൂപടം നിവര്‍ത്തിയിട്ടാല്‍ അതില്‍ വിജയിച്ച ഭൂരിഭാഗം പേരും അഭ്യസ്തവിദ്യരും അതിനിപുണരുമായ വ്യക്തികളാവില്ല. എന്നാല്‍ പുതുതലമുറയെ ബിസിനസിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ട് വന്ന ഇവര്‍ പ്രതിനിധാനം ചെയ്യുന്ന സമൂഹം വളരെ വലുതാണ്.

മേനകയിലെ ഫുട്പാത്തില്‍ കച്ചവടം തുടങ്ങി ഇന്ന് ലോകം മുഴുവന്‍ ചെരുപ്പ് വില്‍ക്കുന്ന കച്ചവടക്കാര്‍ ഇവിടെയുണ്ട്. ആ കച്ചവടം അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ അറിവുകള്‍ നേടാന്‍ വരുന്നവരെ നാം ബധിരരാക്കുന്നു. നാം പറയുന്നത് അവര്‍ക്ക് മനസിലാകുന്നില്ല. നാം സംവേദിക്കുന്നത് അവരുടെ ഭാഷയിലല്ല. അതുകൊണ്ട് തന്നെ അവര്‍ അകന്ന് നില്‍ക്കുന്നു.

ഇത്തരം സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും ബിസിനസ് അറിവുകള്‍ പകരുന്ന മീറ്റിങ്ങുകളും ഇവര്‍ക്ക് കൂടി ഉപകാരപ്രദമാകണം. വരേണ്യവര്‍ഗ്ഗത്തിന് മാത്രമായി ഇത്തരം വേദികള്‍ മാറുമ്പോള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന ഒരു ബിസിനസ് സമൂഹം ഇവിടെയുണ്ട്. അവരെക്കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാലെ കേരളത്തില്‍ നാം സ്വപ്നം കാണുന്ന ബിസിനസ് വളര്‍ച്ച സംഭവിക്കുകയുള്ളൂ. അറിവുകള്‍ തടസ്സമാകാത്ത, ഭാഷ തടസ്സമാകാത്ത, അതിരുകളില്ലാത്ത ആകാശങ്ങള്‍ സൃഷ്ട്ടിക്കപ്പെടട്ടെ, എല്ലാവര്‍ക്കും ഒരുപോലെ ഉയര്‍ന്ന് പറക്കാന്‍.

 

Leave a comment