ഞാന്‍ മറ്റൊരാളല്ല, ഞാന്‍ തന്നെയാണ്

ഓഷോ പറയുന്നു ”ഒരാളെ വേറൊരാളുമായി താരതമ്യം ചെയ്യുന്നതുതന്നെ അടിസ്ഥാനപരമായി തെറ്റാണ്. താരതമ്യത്തില്‍ നിന്നാണ് മാത്സരികത ജനിക്കുന്നത്. ആരും തന്നെ മുമ്പിലോ പിമ്പിലോ അല്ല. ആരും തന്നെ മുകളിലോ താഴെയോ അല്ല. ഓരോരുത്തരും അവരവര്‍ തന്നെയാണ്. അവരവര്‍ തന്നെ ആയിരിക്കേണ്ടതുണ്ട്.”

താരതമ്യം നമ്മുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമായി കഴിഞ്ഞിരിക്കുന്നു. നാം മറ്റുള്ളവരാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കന്ന ദയനീയമായ ഒരു കാഴ്ച ഇന്നത്തെ സമൂഹത്തില്‍ കാണാം. താരതമ്യങ്ങള്‍ ഉയര്‍ച്ചയ്ക്ക് നിദാനങ്ങളായി മാറുന്നു എന്ന വികല്പ്പമായ ഒരു സങ്കല്പം നമുക്കുള്ളില്‍ ഉടലെടുത്തുകഴിഞ്ഞു. ഒരു മാമ്പഴത്തിന്റെ വിത്ത് അപ്പിളാവില്ലെന്നും ഒരു റോസാപൂവിനെ മുല്ലപ്പൂവുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും നാം മനസിലാക്കുന്നതേയില്ല.

ഗോവിന്ദ് നന്നായി ചിത്രം വരക്കും. വലിയൊരു ചിത്രകാരനായി മാറണം എന്നായിരുന്നു അവന്റെ ആഗ്രഹം. ക്ലാസിലെ മികച്ച പഠിതാക്കളില്‍ ഒരാളല്ല എങ്കില്‍ പോലും മോശമല്ലാതെ അവന്‍ പഠിച്ചിരുന്നു. അവന്റെ കാര്യത്തില്‍ അനാവശ്യമായ ഉത്ക്കണ്ട പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു അവന്റെ അമ്മ. അവന്‍ ചിത്രങ്ങള്‍ വരക്കുന്നത് അവന്റെ പഠനത്തിന് ദോഷം ചെയ്യുമെന്ന് അവര്‍ എപ്പോഴും വിചാരിച്ചിരുന്നു. ഗോവിന്ദിനെ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്ത് വിമര്‍ശിക്കുവാന്‍ അവര്‍ ഉല്‍സാഹിച്ചിരുന്നു. ചെറുപ്പത്തിലേ മുതല്‍ ഇത് കേട്ടുശീലിച്ച ഗോവിന്ദ് താന്‍ മറ്റുള്ളവരേക്കാള്‍ മോശമാണ് എന്ന ചിന്ത എപ്പോഴും മനസ്സില്‍ സൂക്ഷിച്ചിരുന്നു. കാലക്രമേണ മറ്റുള്ളവരില്‍ നിന്നും അകന്ന് നില്‍ക്കാന്‍ അവന്‍ ശ്രമിച്ചുതുടങ്ങി. അവന്റെ ജീവിതത്തില്‍ നിന്നും സന്തോഷം അപ്രത്യക്ഷമായി. വിഷാദരോഗത്തിന് അടിമപ്പെട്ട അവനെ പലതവണ ചികിത്സിക്കേണ്ടിവന്നു.

അപ്പോഴും അവന്റെ അമ്മ പറഞ്ഞു ”മറ്റ് കുട്ടികളെപ്പോലെ നന്നായി പഠിച്ച് നടന്നിരുന്നെങ്കില്‍ അവന്‍ ഇങ്ങിനെ ആവുമായിരുന്നില്ല.” സത്യത്തില്‍ ഇതൊരു ക്രൂരതയാണ്. ഒരേ പോലെ ഒന്നുമില്ല. ഓരോ വസ്തുവും അപൂര്‍വ്വമായ ഒരു വ്യക്തിത്വത്തിന്റെ ബഹിര്‍സ്ഫുരണമാണ്. അതിന് പകരം വെക്കാന്‍ പ്രപഞ്ചത്തില്‍ മറ്റൊന്നില്ല തന്നെ. ഒരു വസ്തുവിനെ അതുമായി തികച്ചും വ്യത്യസ്തമായ മറ്റൊരു വസ്തുവുമായി താരതമ്യം ചെയ്യുന്നത് എങ്ങിനെ? അത് വിഡ്ഢിത്തമാണ്, ബൗദ്ധികതയുടെ നിഷേധമാണ്.

”എന്തുകൊണ്ട് നീയങ്ങിനെ ആയില്ല?” എന്ന ചോദ്യം പരമമായ സത്യത്തെ തിരിച്ചറിയുന്നവരില്‍ നിന്നും ഉയരില്ല. പ്രപഞ്ചത്തിന്റെ സൗന്ദര്യം ഒന്നും ഒരുപോലെയല്ല എന്ന മഹത്തായ സത്യത്തില്‍ കുടികൊണ്ടിരിക്കുന്നു. എല്ലാം ഒരുപോലെയെങ്കിലുള്ള ആ വിരസത ഒന്നോര്‍ത്തുനോക്കൂ. കാണുന്ന ചെടികളും മൃഗങ്ങളും മനുഷ്യരും എല്ലാം കാഴ്ചയില്‍, സ്വഭാവത്തില്‍, പ്രവര്‍ത്തിയില്‍ ഒന്നുപോലെ. ഇത്ര വിരസമായ ഒരു പ്രപഞ്ചം വേറെ ഉണ്ടാകുമായിരുന്നില്ല. ഈ പ്രപഞ്ചം വിരസമായി തീരാതിരിക്കുന്നത്, മടുപ്പ് അനുഭവപ്പെടാതിരിക്കുന്നത്, ഓരോ നിമിഷവും വിസ്മയങ്ങളാകുന്നത് എല്ലാം മഹത്തായ സൃഷ്ട്ടിയുടെ വ്യതസ്തത കൊണ്ടുതന്നെയാണ്.

ലോകം ചരിക്കുന്നത് പരസ്പ്പര സഹകരണത്തിലൂടെയാണ്. അതില്‍ ഓരോരുത്തര്‍ക്കും അവരവരുടേതായ ഭാഗമുണ്ട്. ഒരാളും മറ്റുള്ളവരേക്കാള്‍ താഴെയല്ല മുകളിലുമല്ല. ഒരാള്‍ എത്ര ചെറുതായാലും വലുതായാലും അയാള്‍ക്ക് പകരം വെക്കാന്‍ മറ്റൊരാളില്ല. ചെറുതും വലുതും നാം നിശ്ചയിക്കുന്ന അര്‍ത്ഥശൂന്യങ്ങളായ അതിര്‍ത്തികള്‍ മാത്രം. അയാളുടെ സ്ഥാനത്ത് അയാള്‍ ഉണ്ടായാലേ പറ്റൂ. ചെസ്സ് ബോര്‍ഡിന്റെ കളങ്ങളില്‍ ഓരോ കരുക്കള്‍ക്കും ഓരോ സ്ഥാനമുണ്ട്. മറ്റാരെകൊണ്ടും അതില്‍ പകരക്കാരനാകുവാന്‍ സാധ്യമല്ല. ഈ ജീവിതമെന്ന കളിയില്‍ നമ്മുടെ ഓരോരുത്തരുടെയും സ്ഥാനങ്ങള്‍ മറ്റാരെകൊണ്ടും കൈയടക്കുവാന്‍ കഴിയില്ല. ഇത് മനസ്സിലാക്കിയാല്‍ താരതമ്യം താനേ അവസാനിക്കും.

ഈ പ്രപഞ്ചത്തിലെ ഓരോ സൃഷ്ട്ടിയും ഉത്കൃഷ്ട്ങ്ങളാണ്. അതിനോരോന്നിനും സഹജമായ പ്രകൃതവും സ്വഭാവവുമുണ്ട്. അതിനെ മനസിലാക്കുകയും അതിനെ അതിന്റെ സഹജമായ സ്വഭാവത്തില്‍ വളരാനനുവദിക്കുകയും ചെയ്യുകയാണ് നാം ചെയ്യേണ്ടത്. മറ്റൊന്നുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റൊന്നായി തീരാന്‍ നാം സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ അതിനെ സഹജത നഷ്ട്‌പ്പെടുന്നു. അത് മറ്റൊന്നായി തീരാന്‍ പ്രയത്‌നിക്കുന്നു. പിന്നീട് ഒന്നുമല്ലാത്ത മറ്റൊരവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു.

മനസില്‍ താരതമ്യം ഉയര്‍ന്നുവരുമ്പോള്‍ ഓര്‍ക്കുക. നമുക്ക് പകരം വെക്കാന്‍ ഈ ലോകത്ത് മറ്റൊന്നുമില്ല. നാം നാമായിരിക്കുക. മറ്റൊരാളാവാന്‍ ശ്രമിക്കാതിരിക്കുക്ക. താരതമ്യങ്ങള്‍ ഉള്ളുപൊള്ളയായ വിശകലനങ്ങളാണ്. ഒന്നും നേടുവാനില്ലാത്ത ഒരു ഫലവും നല്‍കാത്ത നിരര്‍ത്ഥകങ്ങളായ വിശകലനങ്ങള്‍. എപ്പോള്‍ നാം അവയെ ഉപേക്ഷിക്കുന്നുവോ അപ്പോള്‍ നാം നാമായി മാറുന്നു. തികഞ്ഞ സഹജഭാവമുള്ള, പച്ചയായ മനുഷ്യന്‍. ഞാന്‍ എന്തുകൊണ്ട് മറ്റൊരാളായില്ല? എന്ന ചോദ്യം എത്ര വിവേകശൂന്യമാകുന്നു.

 

Leave a comment