സര്‍, ശമ്പളം കൃത്യമായി കിട്ടുന്നില്ലേ?

സത്യന് അര്‍ദ്ധരാത്രി പെട്ടെന്നൊരു നെഞ്ചുവേദന അനുഭവപ്പെട്ടു. ശരീരമാകെ വിയര്‍ക്കുന്നു. പരിഭ്രാന്തരായ വീട്ടുകാര്‍ ആംബുലന്‍സ് വിളിച്ചു. ചീറിപാഞ്ഞ ആംബുലന്‍സ് എറണാകുളം ജനറല്‍ ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിക്ക് മുന്നില്‍ ഒരു കരച്ചിലോടെ ബ്രേക്കിട്ടു. ബെഡില്‍ കിടത്തിയ സത്യനെ ജൂനിയര്‍ ഡോക്ടര്‍ പരിശോധിച്ചു. ഹാര്‍ട്ട് അറ്റാക്ക് ആണ്. ഇവിടെ ഒന്നും ചെയ്യാന്‍ കഴിയില്ല. വേറെ ഏതെങ്കിലും നല്ല ഹോസ്പിറ്റലിലേക്ക് അടിയന്തിരമായി കൊണ്ടുപോകണം.

ആളുടെ ജീവനാണ് വലുത്. വീട്ടുകാര്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പാഞ്ഞു. ഇന്റ്‌റന്‍സീവ് കെയര്‍ യൂണിറ്റിന്റെ തണുപ്പിലേക്ക് രോഗിക്ക് സ്ഥലം മാറ്റം. ഒരാഴ്ച കൊണ്ട് ജീവിന്‍ രക്ഷപ്പെട്ട് രോഗി വീട്ടിലേക്ക് തിരിച്ചെത്തി. ബന്ധുക്കളുടെയും നാട്ടുകാരുടെയും കാരുണ്യവായ്പ്പുകൊണ്ട് ഒന്നരലക്ഷം വരുന്ന ബില്‍ കൊടുത്ത് ആ പാവപ്പെട്ട കുടുംബം അവിടെനിന്നും വല്ലവിധേനയും രക്ഷപ്പെട്ടു.

അടിയന്തിര ഘട്ടത്തില്‍ ജനങ്ങളുടെ ആശുപത്രിയെ സമീപിക്കുന്നവരുടെ അവസ്ഥ ശോചനീയമാണ്. അപൂര്‍ണ്ണങ്ങളായ ശില്‍പ്പങ്ങള്‍ പോലെയാണ് ഇത്തരം ഗവണ്മെന്റ് സ്ഥാപനങ്ങള്‍. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന മഹത്തായ കടമ നിര്‍വ്വഹിക്കുവാന്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ക്കാവുന്നില്ല. ഇവിടെ ചികിത്സ അവകാശമല്ല ആരോ നല്‍കുന്ന ദാനമാണ്. ആ ദാനം വിവിധ സ്ഥലങ്ങളില്‍ എഴുതി വെച്ചിട്ടുമുണ്ട്. എം എല്‍ എ വക. എം പി വക എന്നിങ്ങനെ.

ജനങ്ങളുടെ പണം കൊണ്ട് നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് എന്തോ സൗജന്യമായി മഹാകാര്യം ചെയ്യുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ വിയര്‍പ്പൊഴുക്കി നേടുന്ന പണം തന്നെയാണ് സര്‍ക്കാരിന്റെ ഖജനാവ് നിറക്കുന്നതെങ്കില്‍ അവര്‍ക്ക് അവകാശപ്പെട്ട ചികിത്സയും മറ്റ് സൗകര്യങ്ങളും നല്‍കുന്നത് അവരോടു കാണിക്കുന്ന ഔദാര്യമാകുന്നത് അവഹേളനമാകുന്നു.

ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള സേവനങ്ങളാണോ ജനങ്ങള്‍ക്ക് നല്‍കേണ്ടത്? അവര്‍ക്ക് ലഭിക്കേണ്ട ഔദാര്യങ്ങളാണോ സേവനങ്ങള്‍? ഇത്തരം സ്ഥാപനങ്ങള്‍ എന്നും അപൂര്‍ണ്ണങ്ങളായി നിലനില്‍ക്കുന്നതെങ്ങിനെ? ജനങ്ങളുടെ പണം വിനിയോഗിച്ചിട്ട് തങ്ങളുടെ പേരുകള്‍ കൊത്തിവെക്കുന്നതില്‍ ജനപ്രതിനിധികള്‍ക്ക് നാണം ഇല്ലാത്തത് എന്തുകൊണ്ടാണ്? അതില്‍ മേനി നടിക്കുന്നതിന്റെ മനശാസ്ത്രം എന്താണ്?

കേവലം ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ താളം തെറ്റിച്ചു കഴിഞ്ഞു. നമ്മുടെ ജീവിതം നമ്മുടെ അവകാശമാണ് എന്ന ചിന്ത ജനങ്ങളുടെ മനസില്‍ നിന്നും തുടച്ചുമാറ്റുവാന്‍ നമ്മുടെ വ്യവസ്ഥിതിക്ക് കഴിഞ്ഞിരിക്കുന്നു. ദരിദ്രന്‍ മുതുകുവളച്ചു ഓച്ചാനിച്ച് നില്‍ക്കുകയാണ് തംബ്രാക്കന്മാര്‍ക്ക് മുന്നില്‍. ഇത് നിന്റെ അവകാശമല്ല ഞങ്ങള്‍ നല്‍കുന്ന ഔദാര്യമാണ്, ഓരോ മുഖത്തും തെളിയുന്ന വികാരമതാണ്. എത്ര മഹത്തായ ആശയവും ആദര്‍ശവും. ഇത്തരം സ്ഥാപനങ്ങളിലേക്ക് ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചികിത്സക്കായി വരുന്നില്ല. പണമുള്ളവന്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കും. അല്ലെങ്കില്‍ വിദേശത്തേക്ക് പോകും. മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടെയും ശമ്പളവും രാജ്യത്തിന്റെ ചിലവും നടത്തുന്ന ജനങ്ങള്‍ ദുരിതത്തിന്റെ തീരാക്കയങ്ങളിലും.

സര്‍, ഈ റോഡുകള്‍ എന്തിനാണ്? ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് ചോദിച്ചു. വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ അദ്ദേഹം മറുപടി പറഞ്ഞു. തീര്‍ച്ചയായും അല്ല സര്‍, ഇത് ജനങ്ങള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുവാനുള്ളതാണ്. നിങ്ങളുടെ ഈ കാഴ്ചപ്പാട് മാറാതെ ഈ രാജ്യം നന്നാവില്ല സര്‍. അദ്ദേഹം ഒരു മഞ്ഞച്ചിരി ചിരിച്ചു. കാര്യമൊന്നുമില്ല. ഇതൊക്കെ ഇങ്ങിനെ തന്നെ തുടരും എന്ന രീതിയില്‍.

റോഡിലെ കുഴികളില്‍ പൊലിയുന്ന ജീവനുകളുടെ ഉത്തരവാദിത്വം ആര്‍ക്കാണ്? ജനങ്ങള്‍ ശമ്പളം നല്‍കുന്ന മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ ഉത്തരവാദിത്വമില്ലേ? ലോകത്തെവിടെയും ഏതൊരു സ്ഥാപനത്തിലും ശമ്പളം വാങ്ങുന്നവര്‍ അതിന് തക്ക സേവനവും നല്കണം. ഇവിടെ ജനങ്ങളുടെ ശമ്പളം വാങ്ങുന്നവര്‍ അവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ അല്ല ചെയ്യുന്നതൊന്നും മറിച്ച്. ജനങ്ങള്‍ക്ക് അവര്‍ നല്‍കുന്ന ദാനമാണ് ഇവയൊക്കെ.

ജനറല്‍ ആശുപത്രികളില്‍ ഒരു ഉപകരണം വാങ്ങുമ്പോള്‍, ഒരു കെട്ടിടം പണിയുമ്പോള്‍, ജനപ്രതിനിധിയുടെ ഫണ്ടില്‍ നിന്നും പണം വിനിയോഗിക്കപ്പെടുമ്പോള്‍, ഒരു റോഡ് നന്നാക്കുമ്പോള്‍, ഒരു പാലം ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമ്പോള്‍ വാര്‍ത്തകള്‍ സൃഷ്ട്ടിക്കപ്പെടുകയാണ്. ഞങ്ങള്‍ ജനത്തിനായി എന്തോ മഹാകാര്യം ചെയ്യുന്നു എന്ന രീതിയില്‍. നമ്മുടെ പണം നമുക്കായി ചിലവഴിച്ച് അതില്‍ നിന്നും സ്വകാര്യലാഭം നേടുന്ന വെറും ഇത്തിക്കണ്ണികളായി ഇവര്‍ മാറിയിരിക്കുന്നു.

ശമ്പളം കൃത്യമായി ഞങ്ങള്‍ നല്‍കുന്നുണ്ട് സര്‍. നിങ്ങള്‍ സേവനം നല്‍കിയേ മതിയാകൂ.

 

Leave a comment