നമ്മെ കൊന്ന് പണം കൊയ്യുന്നവര്‍

പണ്ട് വീട്ടില്‍ അമ്മൂമ്മ ഉണ്ടായിരുന്ന സമയം. സന്ധ്യയായാല്‍ ഉമ്മറത്ത് നിലവിളക്ക് കത്തിച്ച് വെക്കും. ഞങ്ങള്‍ കുട്ടികളെയെല്ലാവരെയും കൈയ്യും മുഖവും കഴുകിച്ച് വിളക്കിന് ചുറ്റുമിരുത്തും എന്നിട്ട് സന്ധ്യാനാമം എല്ലാവരും കൂടി ഈണത്തില്‍ ഒരുമിച്ച് ചൊല്ലും. അതിന്റെ ഐശ്വര്യവും സന്തോഷവും സമാധാനവും വീട്ടില്‍ എന്നും നിറഞ്ഞുനിന്നിരുന്നു. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരിക്കും നാട്ടുവര്‍ത്തമാനങ്ങള്‍ പറയും. കുട്ടികള്‍ കലപിലകൂട്ടി നാലുപാടും ഓടി നടക്കും. കുടുംബങ്ങളില്‍ ഊര്‍ജ്ജം നിറഞ്ഞുനിന്നിരുന്നു. ഒരു ദിവസം അമ്മൂമ്മ യാത്രയായി. ആ കാലഘട്ടം അതോടെ അവസാനിച്ചു, ഒരു സംസ്‌കാരവും. പിന്നീടെല്ലാം വെറും ചടങ്ങുകള്‍ മാത്രമായി.

സന്ധ്യാനാമം മുഖരിതമാക്കിയിരുന്ന, ഐശ്വര്യം നിറഞ്ഞുനിന്നിരുന്ന വീടിന്റെ അകത്തളത്തിലേക്ക് ടെലിവിഷന്‍ എന്ന അതിഥി കടന്നുവന്നു. ഇന്ന് വീടിന്റെ സന്തോഷവും സന്താപവും നിയന്ത്രിക്കുന്ന വീട്ടുകാരനായി ഈ അതിഥി മാറി. നമ്മുടെ കുടുംബങ്ങളിലെ സ്ത്രീകളുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്ന ചിരി പതിയെ മാഞ്ഞു അവിടെ മാനസികസംഘര്‍ഷത്തിന്റെ പിരിമുറുക്കം പ്രത്യക്ഷപ്പെട്ടുതുടങ്ങി. സന്ധ്യയായാല്‍ ഒരു യുദ്ധത്തിന്റെ തയ്യാറെടുപ്പുകള്‍ കുടുംബങ്ങളില്‍ ആരംഭിക്കുകയായി. കാരണം സീരിയലുകള്‍ തുടങ്ങുകയാണ്.

ഓരോ സീരിയലും അസാധാരണങ്ങളായ കഥകള്‍ ആണ് പറയുന്നത്. നാം ഇന്നുവരെ കുടുംബങ്ങളില്‍ കാണാത്ത കഥകള്‍ അല്ലെങ്കില്‍ വളരെ അപൂര്‍വ്വം ചില കുടുംബങ്ങളില്‍ മാത്രം സംഭവിക്കാന്‍ സാദ്ധ്യതയുള്ള ചില വിഷയങ്ങള്‍ വികാരതീവ്രതയോടെ അവതരിപ്പിക്കപ്പെടുകയാണ്. നമ്മുടെ ജീവിതത്തില്‍ സംഭവിക്കാനിടയില്ലാത്ത, നമുക്ക് അപരിചിതങ്ങളായ പ്രശ്‌നങ്ങളിലേക്ക് നമ്മുടെ മനസും ചിന്തകളും വലിച്ചിഴക്കപ്പെടുന്നു. അവരുടെ പ്രശ്‌നങ്ങള്‍ നമ്മുടെ പ്രശ്‌നങ്ങളാക്കി മാറ്റപ്പെടുന്നു. ഓരോ കഥയും വിദ്വേഷത്തിന്റെതാണ്, പ്രതികാരത്തിന്റെതാണ്, ഏറ്റുമുട്ടലുകളുടെതാണ്. ഇത് കാണുന്ന വ്യക്തിയും അതുമായി താതാത്മ്യം പ്രാപിക്കുന്നു.

നാം അറിയാതെ നമ്മുടെ ശരീരവും മനസും വിഷലിപ്തമായിക്കൊണ്ടിരിക്കുകയാണ്. ഇഞ്ചിഞ്ചായി നമ്മെ ഇത് കൊന്നുകൊണ്ടിരിക്കുകയാണ്. സ്വന്തം ജീവിതത്തിലെ പ്രശ്‌നങ്ങളുമായി നിരന്തരം മല്ലിട്ടുകൊണ്ടിരിക്കുന്ന നാം സാങ്കല്‍പ്പികമായ കഥാപാത്രങ്ങള്‍ സൃഷ്ട്ടിക്കുന്ന കഠിനമായ മാനസികസംഘര്‍ഷങ്ങള്‍ കൂടി ഏറ്റെടുക്കുകയാണ്. നമ്മുടെ ചിന്തകളിലും പ്രവര്‍ത്തികളിലും അവ പ്രതിഫലിച്ചുതുടങ്ങുന്നു. കുടുംബാന്തരീക്ഷത്തില്‍ അവ നാമറിയാതെ പ്രതിഫലിച്ചു തുടങ്ങുന്നു. ജീവിതത്തിന്റെ നേര്‍കാഴ്ച്ചകളല്ല ഇവ പങ്കുവെക്കുന്നതെന്ന് നാം മറന്നുപോകുന്നു. പണത്തിനായി ആരോ ഏതോ മുറിയില്‍ ഇരുന്നു രൂപംനല്‍കുന്ന കഥാപാത്രങ്ങളുടെ പിന്നാലെ നാം അലയുകയാണ്. കുടുംബത്തില്‍ നിലനില്‍ക്കുന്ന ശാന്തിയും സമാധാനവും ഇതിന്റെ വിലയായി മാറുന്നതറിയാതെ.

വാര്‍ത്താമുറികളില്‍ പാചകം ചെയ്‌തെടുക്കുന്ന വാര്‍ത്തകളും നമ്മുടെ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നു. ഇന്നത്തെ വാര്‍ത്താഅവതാരകര്‍ ജ്യോത്സ്യന്മാര്‍ ആകുന്നു. ഇന്നത്തെ വാര്‍ത്തകളെക്കാള്‍ പ്രാധാന്യം നാളെ എന്ത് സംഭവിക്കും എന്ന ചോദ്യത്തിനാണ്. ഓരോ ദിവസത്തെ വാര്‍ത്തകളും അവസാനിക്കുന്നത് കോട്ടയം പുഷ്പ്പനാഥിന്റെ അപസര്‍പ്പക നോവലിലെ അദ്ധ്യായങ്ങള്‍ പോലെയാണ് അടുത്തതെന്ത് എന്ന ജിജ്ഞാസ നിലനിര്‍ത്തിക്കൊണ്ട്. ഭാവി പ്രവചിക്കുന്നതും വിധി നിശ്ചയിക്കുന്നതും വാര്‍ത്താ എഴുത്തുകാരും അവതാരകരുമാണ്. സസ്‌പെന്‍സ് ഉണ്ടാക്കുക അതിലൂടെ ഉത്കണ്ട വളര്‍ത്തുക മനസിന്റെ സ്വസ്ഥത നശിപ്പിക്കുക എന്നതൊക്കെ അറിഞ്ഞോ അറിയാതെയോ ചാനലുകളുടെ നിലനില്പ്പുകളുടെ പോരാട്ടത്തില്‍ സംഭവിക്കുന്നു.

അന്തിച്ചര്‍ച്ചകള്‍ എന്തിന് എന്ന ചോദ്യത്തിനും നമുക്ക് ഉത്തരമില്ല. കലഹങ്ങള്‍ പൈപ്പിന്‍ചുവട്ടില്‍ നിന്നും സ്വീകരണമുറിയില്‍ എത്തി എന്നതാണ് വാസ്തവം. കുറച്ചുപേര്‍ കൂടിയിരുന്ന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ തമ്മില്‍ കലഹിക്കുന്നു. ഇതില്‍ ഇന്നുവരെ ആരും ജയിച്ചിട്ടുമില്ല തോറ്റിട്ടുമില്ല. ഈ ചര്‍ച്ചകള്‍ കൊണ്ട് ഇന്നുവരെ നാടിനോ ജനങ്ങള്‍ക്കോ ഒരു ഗുണവും ഉണ്ടായതായി ആരും പറഞ്ഞുകേട്ടിട്ടില്ല. സ്വാതന്ത്ര്യത്തിനായുള്ള ഒരു പോരാട്ടമോ ഒരു വിപ്ലവമോ ഇത്തരം ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിഞ്ഞിട്ടില്ല. ഭാരതത്തിന് സ്വാതന്ത്ര്യം നേടി തന്ന ഗാന്ധിജി ടിവികളിലെ ചര്‍ച്ചകളിലൂടെയല്ല ജനങ്ങളെ ഒരുമിപ്പിച്ചതും മുന്നേറിയതും. അധരചര്‍വ്വണമാണ് പണിയെടുക്കുന്നതിലും ഭേദം എന്ന് കരുതുന്നവര്‍ തമ്മില്‍ തല്ലി തലകീറുന്നു. ഇതൊക്കെ കണ്ടും കേട്ടും നമ്മുടെ ഹൃദയത്തിന്റെ ആയുസ് കുറയുന്നു.

നമുക്ക് നമ്മുടെ പ്രശ്‌നങ്ങള്‍ തന്നെ ധാരാളമുണ്ട്. അതിനിടയില്‍ എന്തിന് ഇതൊക്കെ വാരിവലിച്ച് തലയില്‍ കയറ്റണം. മാനസികസംഘര്‍ഷങ്ങള്‍ സൃഷ്ട്ടിക്കുന്ന ഓരോ വിഷയവും നമ്മുടെ ആയുസില്‍ നിന്നും ദിവസങ്ങള്‍ വെട്ടിക്കുറക്കുന്നു. സന്ധ്യാനാമം ജപിച്ച് കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യങ്ങള്‍ നോക്കി ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി ജീവിതത്തെ നേരിടുമ്പോള്‍ എന്തിന് ഇത്തരം ചവറുകള്‍ നാം മനസിലേക്ക് കുടഞ്ഞിടണം. ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവന്‍ ബിസിനസുകാരനാണ്. അവന്റെ ലക്ഷ്യം പണം മാത്രമാണ്. നമ്മുടെ ആത്മസംഘര്‍ഷമാണ് അവന്റെ പണമായി മാറുന്നത്. എങ്ങിനെ ഹരിച്ചും ഗുണിച്ചും നോക്കിയാലും നഷ്ട്ടം എപ്പോഴും നമുക്ക് തന്നെ.

ഓരോ ശ്വാസവും വിലപ്പെട്ടതാണ്. നമുക്കിവിടെ അധിക സമയമില്ല. ആ സമയം ഇനിയും വെട്ടിക്കുറക്കണോ? ജീവിക്കുമ്പോള്‍ എന്തുകൊണ്ട് സമാധാനമായി ജീവിച്ചുകൂടാ?

Leave a comment