നവകേരളത്തിന്റെ ബിസിനസ് സ്വപ്നങ്ങള്‍

ആധുനിക കേരളചരിത്രത്തെ നമുക്ക് ഇനി രണ്ടായി വിഭജിക്കേണ്ടിവരും. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിന് മുന്‍പുള്ള കാലഘട്ടം എന്നും പ്രളയത്തിന് ശേഷമുള്ള കാലഘട്ടം എന്നും. പ്രളയം കവര്‍ന്നെടുത്തത് ലക്ഷങ്ങളുടെ സ്വപ്നങ്ങളെയാണ്. പിച്ചിചീന്തപ്പെട്ട ആ സ്വപ്നങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ ഇനി വര്‍ഷങ്ങള്‍ വേണ്ടിവരും. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക വ്യവസായ മേഖലകളില്‍ കനത്ത ആഘാതമാണ് പ്രളയം സൃഷ്ട്ച്ചിരിക്കുന്നത്.

പ്രളയത്തിന് ശേഷമുള്ള കാലഘട്ടത്തിലെ കേരളം എന്തായിരിക്കണം? എങ്ങിനെയായിരിക്കണം? നവകേരളം എന്ന സങ്കല്പം ഉണരുമ്പോള്‍ ഏത് രീതിയിലാണ് കേരളം പുനസൃഷ്ട്ടിക്കപ്പെടേണ്ടത് എന്ന ചോദ്യത്തിന് വലിയ പ്രാധാന്യം കൈവരുന്നു. പ്രളയത്തിന്റെ പരുക്കുകള്‍ ഭേദപ്പെടുത്തുവാന്‍ കേവലം തൊലിപ്പുറമേയുള്ള ചികിത്സ കൊണ്ട് കേരളം രക്ഷപ്പെടില്ല. വീടുകളുടെയും റോഡുകളുടേയും പാലങ്ങളുടെയും പുനര്‍നിര്‍മ്മാണങ്ങള്‍ മാത്രം ലക്ഷ്യമായാല്‍ നവകേരളം എന്നത് കേവലമൊരു സങ്കല്‍പ്പത്തില്‍ ഒതുങ്ങി നില്‍ക്കുന്ന വാക്കുകള്‍ മാത്രമാകും. മറിച്ച് കേരളത്തിന്റെ വ്യവസായമേഖലകളില്‍ സമൂലമായ ഒരു പരിഷ്‌കാരം കൂടി ഉരുത്തിരിഞ്ഞ് വരേണ്ടിയിരിക്കുന്നു.

പ്രളയക്കെടുത്തി കേരളത്തിന് ഇരുപത്തോരായിരം കോടി രൂപയുടെ നഷ്ട്ടമാണ് വരുത്തിയിട്ടുള്ളത് എന്നതാണ് പ്രാഥമികമായ വിലയിരുത്തല്‍. 34732 കിലോമീറ്റര്‍ റോഡുകളും 218 പാലങ്ങളും നമുക്ക് നഷ്ട്‌പ്പെട്ടു. 135454 ഏക്കര്‍ സ്ഥലത്തെ കൃഷി ഒഴുകിപ്പോയി. ഏകദേശം ഒരു ലക്ഷം കെട്ടിടങ്ങള്‍ക്ക് നാശനഷ്ട്ടങ്ങള്‍ സംഭവിച്ചു. നഷ്ട്ങ്ങളുടെ കണക്കെടുപ്പ് കഴിഞ്ഞിട്ടില്ല. ബിസിനസുകള്‍ക്കും വ്യവസായങ്ങള്‍ക്കും സംഭവിച്ച നഷ്ട്ടങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഈ നഷ്ട്ത്തിന്റെ തോത് ഇനിയും ഉയരും. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ബഡ്ജറ്റ് ചെയ്ത 7.6% ജി ഡി പി വളര്‍ച്ചയില്‍ ഒരു ശതമാനത്തിന്റെയെങ്കിലും കുറവ് പ്രതീക്ഷിക്കാം. കേരളത്തിന്റെ ജി ഡി പിയിലേക്ക് 10% സംഭാവന നല്‍കുന്ന വിനോദസഞ്ചാരത്തിന് കനത്ത ആഘാതമാണ് പ്രളയം നല്‍കിയത്. ഇത് ഇനിവരുന്ന വര്‍ഷങ്ങളില്‍ പ്രതികൂലമായി പ്രതിഫലിക്കും.

അതിഭീമമായ ഈ സാമ്പത്തിക നഷ്ടവും അതിനോടനുബന്ധിച്ച് ഇനിയുണ്ടാകുവാന്‍ പോകുന്ന സാമ്പത്തിക ബാദ്ധ്യതകളും കേരളത്തിന്റെ വികസന സ്വപ്നങ്ങളെ തച്ചുടക്കും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. കേരളം പൂര്‍വവസ്ഥിതിയിലേക്കെത്തുവാന്‍ ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും എടുക്കും. പൊതുവേ തന്നെ മുടന്തി നീങ്ങുന്ന ഒരു സംസ്ഥാനത്തിന് നട്ടെല്ലിലേറ്റ ഈയൊരു പ്രഹരത്തെ മറികടക്കുവാന്‍ വ്യക്തമായ കാഴ്ചപ്പാടും കൃത്യമായ ആസൂത്രണവും ശ്രദ്ധയോട് കൂടിയ ചിട്ടയായ പ്രവര്‍ത്തനവും ആവശ്യമാണ്.

നമുക്ക് വേണ്ടത് സമൂലമായ ഒരു പരിവര്‍ത്തനം

കേരളത്തിന്റെ ”പുനര്‍നിര്‍മ്മാണം” എന്ന കാഴ്ച്ചപ്പാടിനേക്കാള്‍ ”പുനര്‍സൃഷ്ടി” എന്ന കാഴ്ചപ്പാടാണ് നമുക്ക് ആവശ്യം. സമൂലമായ ഒരു പരിവര്‍ത്തനം നമുക്ക് എല്ലാ മേഖലകളിലും ആവശ്യമുണ്ട്. പ്രളയത്തിന്റെ ഹാനികള്‍ പരിഹരിക്കുക എന്നത് മാത്രമാവരുത് നമ്മുടെ ലക്ഷ്യം. കേരളത്തെ എങ്ങിനെ ഒരു സാമ്പത്തിക ശക്തിയാക്കി വളര്‍ത്താം എന്ന ചോദ്യം നാം സ്വയം ചോദിക്കുകയും അതിനുള്ള ഉത്തരം കണ്ടെത്തുകയും വേണം. പ്രളയത്തിന്റെ കെടുതികള്‍ കേരളത്തിന്റെ വളര്‍ച്ചയെ മുരടിപ്പിച്ചാല്‍ അതിന് കാരണം നമ്മുടെ ദീര്‍ഘവീക്ഷണമില്ലായ്മയാകും.

പുനര്‍സൃഷ്ടിക്കൊപ്പം ഒരു നവസംസ്‌കാരവും നാം സൃഷ്ട്ടിക്കേണ്ടതുണ്ട്. അത്തരമൊരു സംസ്‌ക്കാരം കേരളത്തിന്റെ ബിസിനസ് വ്യവസായ മേഖലകളില്‍ ഊന്നിയുള്ളതാവണം. സാമ്പത്തികമായി തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കാത്ത ഒരു വ്യവസ്ഥിതിയും ഉന്നമനം പ്രാപിച്ചിട്ടില്ല. പ്രളയത്തിന് മുന്‍പ് കേരളത്തില്‍ നിന്നിരുന്ന ഒരു വ്യവസ്ഥിതിയുടെ ഉടച്ചുവാര്‍ക്കല്‍ കൂടിയാവണം നവകേരള സൃഷ്ട്ടി.

ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ തന്ത്രം

നമ്മുടെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞ് രൂപം കൊടുക്കുന്ന തന്ത്രങ്ങളാവണം ഇനി കേരളത്തെ മുന്നോട്ട് നയിക്കേണ്ടത്. കേരളത്തിന്റെ ശക്തി കേരളത്തിലെ വ്യവസായങ്ങള്‍ ആവണം. അവയാവണം ഭാവിയിലെ കേരളത്തിന്റെ സാമ്പത്തിക സ്രോതസുകള്‍. ശക്തമായ ഒരു സാമ്പത്തിക അടിത്തറ പടുതുയര്‍ത്തണമെങ്കില്‍ കൂടുതല്‍ വ്യവസായങ്ങള്‍ ഉടലെടുക്കണം. അവയുടെ വികസനം ഉറപ്പുവരുത്തുന്ന ഒരു സാമൂഹ്യാന്തരീക്ഷം രൂപം കൊള്ളണം.

കൃഷി 11.3%, വ്യവസായം 25.6%, സേവനങ്ങള്‍ 63.1% എന്നിങ്ങനെ കേരളത്തിന്റെ ജി ഡി പിയെ തിരിക്കാം. കേരളം സ്വയം പര്യാപ്തമാകുന്ന രീതിയില്‍ എവിടെയൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതും ഓരോ വിഭാഗത്തിലും എത്രമാത്രം വളര്‍ച്ച ഓരോ വര്‍ഷവും നേടണമെന്നും വ്യക്തമായ രൂപരേഖ തയ്യാറാക്കേണ്ടതുണ്ട്. സര്‍ക്കാരിന് സുവ്യക്തമായ ഒരു വ്യവസായനയം ഉണ്ട്. പക്ഷേ ഈ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഗഹനമായ ഒരു പഠനം നടത്തി ആവശ്യമായ ഭേദഗതികള്‍ ഉള്‍ക്കൊള്ളിച്ചാല്‍ അത് നവകേരളസൃഷ്ടിക്ക് ഒരു മാര്‍ഗ്ഗരേഖയായി മാറും.

ബിസിനസുകളെ പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കികൊണ്ടുവരിക

പ്രളയബാധിത ബിസിനസുകളെ കഴിയുന്നത്ര വേഗതയില്‍ ബിസിനസിലേക്ക് തിരികെ എത്തിക്കുക എന്നതിനാണ് സര്‍ക്കാര്‍ ആദ്യം പ്രാധാന്യം നല്‍കേണ്ടത്. ഇതിനായി നഷ്ട്ടങ്ങള്‍ ദ്രുതഗതിയില്‍ വിലയിരുത്തുവാനുള്ള സംവിധാനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. സര്‍ക്കാരും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഒരുമിച്ചുള്ള ഒരു പ്രവര്‍ത്തനം ഇതിനാവശ്യമാണ്. ഇതിന്റെ ഏകോപനത്തിനായി സര്‍ക്കാരിന് ഒരു സമിതിയെ നിശ്ചയിക്കാവുന്നതാണ്. നഷ്ട്ടങ്ങള്‍ സംഭവിച്ച ബിസിനസുകള്‍ക്ക് അടിയന്തിരമായി കുറഞ്ഞ പലിശക്ക് ദീര്‍ഘകാല സോഫ്റ്റ് ലോണുകള്‍ അനുവദിച്ചാല്‍ അവയ്ക്ക് വേഗതയില്‍ ബിസിനസിലേക്ക് മടങ്ങി വരാന്‍ കഴിയും.

ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വ്യവസായങ്ങളെ തിരഞ്ഞെടുക്കുക

കേരളത്തിന്റെ വ്യവസായ വളര്‍ച്ച എങ്ങിനെയായിരിക്കണം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നാം ശ്രദ്ധ നല്‍കേണ്ട വ്യവസായങ്ങള്‍ തിരഞ്ഞെടുക്കുവാനും അവയുടെ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും നമുക്ക് കഴിയണം. ഭാവിയിലേക്ക് അനുയോജ്യമായ മറ്റുള്ളവര്‍ക്ക് അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുവാന്‍ കഴിയുന്ന ഉത്പ്പന്നങ്ങള്‍ നമ്മുടെ വ്യവസായങ്ങള്‍ക്ക് ഉത്പാദിപ്പിക്കുവാന്‍ കഴിയണം. പ്രകൃതി സൗഹൃദ വ്യവസായങ്ങളെ നാം പ്രോത്സാഹിപ്പിക്കണം. സംസ്ഥാനത്ത് കൂടുതല്‍ വ്യവസായ ക്ലസ്റ്ററുകള്‍ വികസിപ്പിച്ചെടുക്കുക എന്നതില്‍ നമ്മുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.

സാങ്കേതികതയേയും (Technology) നവീനതയേയും (Innovation) താക്കോല്‍ തന്ത്രമാക്കുക (Key Strategy)

കേരളത്തിന്റെ വളര്‍ച്ചക്ക് വേഗതകൂട്ടുവാന്‍ സാങ്കേതികതയുടെ സഹായം അത്യാവശ്യമാണ്. സാങ്കേതികതയും നവീനതയും ഒത്തുചേര്‍ന്ന ഒരു തന്ത്രം നാം രൂപപ്പെടുത്തേണ്ടതുണ്ട്. ലോകത്ത് സംഭവിക്കുന്ന പുതിയ മാറ്റങ്ങള്‍ എത്രയും വേഗം കേരളത്തില്‍ നടപ്പിലാക്കപ്പെടുന്ന രീതിയില്‍ നമ്മുടെ സാങ്കേതികജ്ഞാനവും പ്രവര്‍ത്തനങ്ങളും ഗവേഷണങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതിനായുള്ള സാമൂഹ്യ അവബോധവും സൃഷ്ട്ടിക്കപ്പെടേണ്ടതുണ്ട്. സാങ്കേതികതയുടെ വളര്‍ച്ച ഒരു പരിധി വരെ അഴിമതികള്‍ക്ക് കടിഞ്ഞാണിടുവാനും സേവനങ്ങളുടെ മേന്മയും കൈകാര്യശേഷിയും വര്‍ദ്ധിപ്പിക്കുവാനും ഇടയാക്കും. കേരളത്തിന്റെ മികച്ച വൈജ്ഞാനികതയും മനുഷ്യവിഭവശേഷിയും ഉപയോഗപ്പെടുത്തിക്കൊണ്ട് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളില്‍ പുരോഗതി കൈവരിക്കാന്‍ കേരളത്തിനാവണം. ഐ ടി യില്‍ നമ്മുടെ കൂടുതല്‍ ശ്രദ്ധ പതിയേണ്ടതുണ്ട്.

പുതിയ എക്കൊണോമിക് സോണുകളും ലാന്‍ഡ് ബാങ്കും

കേരളത്തിന്റെ വിവിധ ജില്ലകളിലായി പുതിയ എക്കൊണോമിക് സോണുകള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കാം. സ്ഥലങ്ങളുടെ മികച്ച ഉപയോഗവും നമുക്ക് ഇതുവഴി ഉറപ്പുവരുത്താം. ഇതിനായി സര്‍ക്കാര്‍ ഒരു ലാന്‍ഡ് ബാങ്ക് രൂപീകരിക്കേണ്ടതുണ്ട്. ഇപ്പോള്‍ പ്രതുല്‍പ്പാദനക്ഷമമല്ലാത്ത സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ ഇതിനായി ഉപയോഗിക്കാം. സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയതും ഉടമസ്ഥതയില്‍ സൂക്ഷിച്ചിരിക്കുന്നതുമായ സ്ഥലങ്ങള്‍ വ്യവസായ വികസനത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത് ലാന്‍ഡ് ബാങ്കിന്റെ ഭാഗമാക്കണം.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍

കേരളത്തിന്റെ ബിസിനസ് വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന രൂപകല്പ്പനയാവണം ഇനിവരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനുണ്ടാവേണ്ടത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിനുണ്ടാവണം. വേഗതയില്‍, സുരക്ഷിതത്ത്വത്തോടുകൂടി ഗതാഗതം സാധ്യമാകുന്ന മികച്ച റോഡുകള്‍, ജലഗതാഗതത്തിന്റെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള ഗതാഗത വികസനങ്ങള്‍, അത്യന്താധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, ഊര്‍ജ്ജ സുരക്ഷിതത്ത്വത്തിനായുള്ള സംവിധാനങ്ങള്‍, പുതിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഇവയൊക്കെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിന്റെ ഭാഗമാകണം.

മൂലധനത്തിന്റെ ലഭ്യത

വിപണിയില്‍ മികച്ച മൂലധന ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ബിസിനസുകളെ പിന്തുണയ്ക്കുന്ന ഒരു സംസ്‌ക്കാരം കേരളത്തില്‍ മൊത്തത്തില്‍ വളര്‍ന്ന് വരേണ്ടതുണ്ട്. വ്യവസായത്തിലേക്ക് കടന്നു വരുന്നവര്‍ക്കും അതിന്റെ വികസനത്തിനായി പരിശ്രമിക്കുന്നവര്‍ക്കും മൂലധനത്തിന്റെ ലഭ്യത ഉറപ്പുവരുത്തുവാന്‍ സാധിച്ചാലെ നാം സ്വപ്നം കാണുന്ന വികസനം സാധ്യമാകൂ. ധനകാര്യസ്ഥാപനങ്ങള്‍ കൂടുതല്‍ ഉദാരമായ സമീപനം ഈ കാര്യത്തില്‍ എടുക്കേണ്ടതുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തിലെ മികച്ച സാമ്പത്തികശക്തികളില്‍ ഒന്നാവാന്‍ ജപ്പാന് കഴിഞ്ഞത് ഇത്തരമൊരു തന്ത്രത്തിന്റെ വിജയമായിരുന്നു. വ്യവസായികളെ പ്രോത്സാഹിപ്പിക്കുവാന്‍ മൂലധനത്തിന്റെ ലഭ്യത മാര്‍ക്കെറ്റില്‍ ഉറപ്പുവരുത്തുവാന്‍ ജപ്പാന് സാധിച്ചു. ബാങ്ക് ഓഫ് ജപ്പാന്‍ അതിന്റെ കീഴിലുള്ള സിറ്റി ബാങ്കുകള്‍ക്ക് ഉദാരമായി വായ്പ്പകള്‍ നല്കി. സിറ്റി ബാങ്കുകള്‍ വ്യവസായികളെ കൈയയച്ച് വായ്പ്പകള്‍ നല്കി സഹായിച്ചു. മൂലധനത്തിന്റെ ഈ ഒഴുക്ക് കൂടുതല്‍ വ്യവസായങ്ങള്‍ ഉടലെടുക്കുവാനും അവയെ ശക്തിപ്പെടുത്തുവാനും ജപ്പാനെ സഹായിച്ചു.

പുതിയ വിപണികള്‍ കണ്ടെത്തുക

കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പ്പന്നങ്ങള്‍ക്ക് ഇന്ത്യക്കുള്ളിലും ആഗോളതലത്തിലും വിപണികള്‍ കണ്ടെത്താന്‍ നമുക്ക് കഴിയണം. ഇന്ന് കേരളത്തില്‍ ബിസിനസ് നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന ഒന്ന് തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്നതാണ്. ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ട്. ദേശീയ, ലോക വിപണിയിലേക്ക് നമുക്ക് കടന്നുചെല്ലുവാനും ശക്തമായ സാന്നിദ്ധ്യമായിത്തീരുവാനും മികച്ച വിപണനതന്ത്രങ്ങള്‍ നാം ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.

”മേന്മ”യില്‍ (Quality) ഊന്നിയ ഉത്പാദനം

കേരളത്തിന് ലോകത്തിന് മുന്നില്‍ വെക്കാന്‍ കഴിയുന്ന ‘USP’ ഉത്പ്പന്നങ്ങളുടെ മേന്മയാകണം. ഉന്നത ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഒരു സംസ്ഥാനം എന്ന നിലയില്‍ കേരളം ഉയര്‍ന്നാല്‍ മാത്രമേ നമ്മുടെ ബിസിനസുകള്‍ക്ക് ഭാവിയുള്ളൂ. കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പ്പന്നങ്ങളുടെ നിലവാരവും ഗുണമേന്മയും ഉറപ്പുവരുത്തുവാനും നിലനിര്‍ത്തുവാനും ഉയര്‍ത്തുവാനുമുള്ള അവബോധം വ്യവസായികളില്‍ വളത്തേണ്ടതുണ്ട്. കേവലം ലാഭം നേടുക എന്നത് മാത്രമാവരുത് പണത്തിനൊപ്പം മൂല്യമുള്ള മികച്ച ഉത്പ്പന്നങ്ങള്‍ നല്‍കുക എന്നത് കൂടിയാവണം വ്യവസായികളുടെ ലക്ഷ്യം. ഗുണമേന്മ വിലയിരുത്തുവാനും അത് ഉറപ്പുവരുത്തുവാനുമുള്ള സംവിധാനങ്ങള്‍ കൂടി വ്യവസായ വികസനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തേണ്ടതുണ്ട്.

പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് (PPP) മോഡല്‍

നവകേരള വികസനത്തില്‍ നമുക്കേറ്റവും ഗൗരവമായി പരിഗണിക്കേണ്ട ഒന്നാണ് പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്. പൊതുമേഖലയും സ്വകാര്യമേഖലയും കൈകോര്‍ത്ത് പിടിച്ചാല്‍ മാത്രമേ നാം വിഭാവനം ചെയ്യുന്ന ഒരു വികസനം കേരളത്തില്‍ സാധ്യമാകൂ. പൊതുഖജനാവില്‍ നിന്നും പണം മുടക്കി എല്ലാ വികസനവും നടത്തുക അസാധ്യമാണ്. അനുയോജ്യമായ എല്ലാ മേഖലകളിലും ഈ മോഡല്‍ ഉപയോഗപ്പെടുത്താവുന്നതാണ്. യാഥാസ്ഥിതികമായ ചിന്താഗതികളെ നാം ഇവിടെ ഉപേക്ഷിക്കേണ്ടതുണ്ട്. പി പി പി പരീക്ഷിച്ച് വിജയിച്ച പല ഉദാഹരണങ്ങളും നമുക്ക് മുന്നിലുണ്ട്. അവയെ നമുക്ക് മാതൃകയാക്കി സ്വീകരിക്കാം.

നിഷ് മാര്‍ക്കെറ്റ് (Niche Market)

കേരളത്തിന്റെ പരമ്പരാഗതമായ വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിക്കുവാനും ആഗോള തലത്തില്‍ അവയെ മാര്‍ക്കറ്റ് ചെയ്യുവാനും നാം ഈ അവസരം വിനിയോഗിക്കണം. വളരെ ”നിഷ്” ആയ ഉത്പ്പന്നങ്ങള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടണം. ബ്ലൂ ഓഷ്യന്‍ തന്ത്രങ്ങള്‍ പോലുള്ള മാനേജ്‌മെന്റ് തന്ത്രങ്ങളുടെ സാദ്ധ്യതകള്‍ ഈ മേഖലകളില്‍ പരീക്ഷിക്കപ്പെടണം. ഖദര്‍ ഉത്പ്പന്നങ്ങള്‍ ”ഫാബ് ഇന്ത്യ” മാര്‍ക്കറ്റ് ചെയ്ത് എടുത്തപോലെ. നമ്മുടെ പരമ്പരാഗത വ്യവസായങ്ങളില്‍ നമുക്ക് മാത്രം സാധ്യമാകുന്ന, അന്താരാഷ്ട്ര നിലവാരമുള്ള ഉത്പ്പന്നങ്ങള്‍ നമുക്ക് സൃഷ്ട്ടിക്കുവാനും വിപണി കീഴടക്കുവാനും കഴിയണം. ആയുര്‍വേദത്തെ ലോകം മുഴുവന്‍ കീഴടക്കുന്ന ഒരു വ്യവസായമാക്കി നമുക്ക് മാറ്റുവാന്‍ കഴിയും. അത് പോലെ തന്നെ നമുക്ക് സ്വന്തമായ മറ്റ് പാരമ്പര്യ മേഖലകളും.

നമുക്ക് വേണ്ടത്

നമുക്ക് വേണ്ടത് വ്യക്തമായ ധാരണകളാണ്, ദീര്‍ഘകാലത്തേക്കുള്ള ഒരു രൂപരേഖയാണ്. ഇനി നാം രചിക്കുവാന്‍ പോകുന്നത് കേരളത്തിന്റെ പുതിയൊരു ചരിത്രമാണ്. പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ ചരിത്രം. അത് മറ്റുള്ളവര്‍ക്കൊരു മാതൃകയാവണം, ഗൃഹപാഠമാവണം. പ്രളയത്തില്‍ മുങ്ങിപ്പോയ വീടുകളും റോഡുകളും പാലങ്ങളും പുനര്‍നിര്‍മ്മിച്ചതുകൊണ്ട് മാത്രം നാം ഒരു ചരിത്രവും രചിക്കുവാന്‍ പോകുന്നില്ല. നാം എങ്ങിനെ ഇതിനെയൊക്കെ അതിജീവിച്ച് ഒരു സാമ്പത്തിക ശക്തിയായി മാറി എന്നതാണ് നാം എഴുതേണ്ട ചരിത്രം. ചില ദുരന്തങ്ങള്‍ നമുക്ക് അവസരങ്ങളാണ്. ഇത് ഒരു വ്യവസായ വിപ്ലവത്തിന്റെ തുടക്കമാവണം. ദുരന്തങ്ങളെ അതിജീവിച്ച് പുതിയ ചരിത്രങ്ങള്‍ രചിച്ച മാതൃകകള്‍ നമുക്ക് മുന്നിലുണ്ട്. അവ നാം പഠിക്കണം. ലോകത്തിന് ഒരു മാതൃകയായി കേരളം മാറണം. നാളെ ലോകം നമ്മെ പഠിക്കണം, നമ്മെ പിന്തുടരണം.

 

 

 

 

 

 

 

 

 

 

 

 

Leave a comment