ബിസിനസിനെ നഷ്ട്ത്തില്‍ നിന്നും കരകയറ്റാനുള്ള വഴികള്‍

കടലിലൂടെ സഞ്ചരിക്കുന്ന ഒരു കപ്പലിനെ സങ്കല്‍പ്പിക്കൂ. അതിന്റെ സുഗമമായ യാത്രക്കിടയിലാവാം പെട്ടെന്ന് അന്തരീക്ഷം മാറിമറിയുന്നത്. അപ്രതീക്ഷിതമായ എന്തും യാത്രക്കിടയില്‍ സംഭവ്യമാണ്. ശാന്തമായ, സൗമ്യമായ കടല്‍ പെട്ടെന്നാവാം രൗദ്രഭാവം കൈകൊള്ളുന്നത്. ഓരോ യാത്രയും സാഹസികമാണ്, പ്രവചനാതീതമാണ്. അനന്തമായ കടലിന് നടുവില്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളും നേരിട്ട് ലക്ഷ്യസ്ഥാനത്തെത്തുക വലിയൊരു വെല്ലുവിളിയാണ്.

ഇത്തരമൊരു കപ്പല്‍ യാത്രപോലെ തന്നെയാണ് ബിസിനസും. തികച്ചും സാഹസികമായ, പ്രവചനാതീതമായ യാത്ര. ഈ സഞ്ചാരത്തിന്റെ മധുരവും കയ്പ്പും മുന്‍കൂട്ടി അറിഞ്ഞിട്ടാവില്ല പലപ്പോഴും നാം ബിസിനസ് തുടങ്ങുക. അത് അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. പറഞ്ഞതും കേട്ടതും അതിന്റെ പൂര്‍ണ്ണ രൂപത്തിലുള്ള അനുഭവത്തിലേക്ക് എത്തുന്നത് ആ നീണ്ടയാത്രയിലാണ്. അതൊരു പഠനമാണ്, ഗവേഷണമാണ്. നമ്മുടെ മനസിന്റെ ആഴങ്ങളിലേക്ക് വേരുറപ്പിക്കുന്ന അനുഭവങ്ങളുടെ പാഠങ്ങള്‍ നമുക്കാ യാത്രയിലൂടെ ലഭിക്കുന്നു.

വളരെയധികം പ്രതീക്ഷകളോടെ നാം ആരംഭിക്കുന്ന ബിസിനസില്‍ സംഭവിക്കുന്ന അപ്രതീക്ഷിത നഷ്ട്ങ്ങള്‍ നമ്മുടെ നിലതെറ്റിക്കും. ബിസിനസിന്റെ ആദ്യഘട്ടങ്ങളില്‍ സംഭവിച്ചേക്കാവുന്ന തിരിച്ചടികള്‍ ചിലപ്പോള്‍ നമ്മുടെ ധാരണകള്‍ക്കും അപ്പുറമാകാം. തുടര്‍ച്ചയായി സംഭവിക്കുന്ന നഷ്ട്ടങ്ങള്‍ ബിസിനസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ബാലാരിഷ്ടതകള്‍ കടന്ന് ബിസിനസ് ലാഭകരമായി മുന്നോട്ട് പോയാല്‍ തന്നെ മുന്‍പ് വന്നുചേര്‍ന്ന നഷ്ട്ങ്ങള്‍ അതിനെ വീര്‍പ്പുമുട്ടിക്കും. ഇതൊരു ധൃതരാഷ്ട്രാലിംഗനം പോലെയാണ്. മെല്ലെ ഞെരിച്ച് ഞെരിച്ച് അത് ബിസിനസിനെ കൊല്ലും.

ബിസിനസില്‍ സംഭവിക്കുന്ന, സംഭവിച്ചുകൊണ്ടിരിക്കുന്ന നഷ്ട്ങ്ങളെ നമുക്ക് എങ്ങിനെ നേരിടാന്‍ കഴിയും. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അസാധ്യവുമല്ല. ഇതിനായി വളരെ സൂഷ്മതയോടെയുള്ള ഒരുക്കങ്ങള്‍ നാം നടത്തേണ്ടതുണ്ട്. ഒരു ശസ്ത്രക്രിയ എങ്ങിനെ ചെയ്യണം അതുപോലെ അതീവശ്രദ്ധ ആവശ്യമുള്ള ഒന്നാണിത്. നഷ്ട്ങ്ങളെ മറികടക്കുവാനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്താല്‍ ഒരുപരിധി വരെ നമുക്ക് ബിസിനസിനെ പരാജയത്തില്‍ നിന്നും കരകയറ്റുവാന്‍ സാധിക്കും.

നഷ്ട്ങ്ങളില്‍ നിന്നും ബിസിനസിനെ കരകയറ്റാനുള്ള ഒരേയൊരു തന്ത്രം മാത്രം പോര. മറിച്ച് നിരവിധി തന്ത്രങ്ങളുടെ ഒരു മിശ്രണമാണ് ആവശ്യം. ഇനി നാം ചര്‍ച്ച ചെയ്യാന്‍ പോകുന്നത് ആ തന്ത്രങ്ങളാണ്. ഇതില്‍ ഒരു തന്ത്രം മാത്രം ഉപയോഗിക്കുകയല്ല വേണ്ടത്. എല്ലാ തന്ത്രങ്ങളും ഒരേരീതിയില്‍ സൂഷ്മതയോടെ പ്രയോഗിച്ചാല്‍ മാത്രമേ പ്രായോഗികതലത്തില്‍ അതിന് പ്രയോജനം ലഭിക്കുകയുള്ളൂ.

ബിസിനസിന്റെ യഥാര്‍ത്ഥത്തിലുള്ള ബാദ്ധ്യതകളും നഷ്ട്ടവും കൃത്യമായി കണക്കാക്കുക

ഇതുവരെയുള്ള ബാദ്ധ്യതകളും നേരിടുന്ന നഷ്ട്ടങ്ങളും ഒരു പേപ്പറിലേക്ക് പകര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഓരോ മാസവും സംഭവിക്കുന്ന പ്രവര്‍ത്തനനഷ്ട്ടം, ബാദ്ധ്യതകളുടെ തിരിച്ചടവുകള്‍, പലിശ തുടങ്ങിയവ വിശദമായി തന്നെ രേഖപ്പെടുത്തുക.

ഉയര്‍ന്ന പലിശ നല്‍കുന്ന ബാദ്ധ്യതകള്‍ക്ക് പകരം പലിശ കുറവുള്ള ബാങ്ക് വായ്പ്പകള്‍ ലഭ്യമാകുമോ എന്ന് പരിശോധിക്കുക.

ആവശ്യങ്ങളുടെ അടിയന്തിരഘട്ടങ്ങളില്‍ ഉയര്‍ന്ന പലിശക്ക് ലഭ്യമാകുന്ന വായ്പ്പകളെ ആശ്രയിക്കുന്നത് സ്വാഭാവികമാണ്. ഇത്തരം ബാദ്ധ്യതകള്‍ എത്രയും പെട്ടെന്ന് തീര്‍ക്കുകയാണ് ഉത്തമം. കുറഞ്ഞ പലിശക്കുള്ള വായ്പ്പകള്‍ ലഭ്യമാണോ എന്ന് പരിശോധിക്കുകയും സാദ്ധ്യമെങ്കില്‍ അത്തരം വായ്പ്പകള്‍ എടുത്ത് ഉയര്‍ന്ന പലിശയുള്ള വായ്പ്പകള്‍ അടച്ചുതീര്‍ക്കുകയാണ് ബുദ്ധി. ഇതിനായി ബാങ്കുകളുടേയോ മറ്റ് ധനകാര്യസ്ഥാപനങ്ങളുടേയോ സഹായം തേടാം.

ഉപയോഗിക്കാത്ത ബിസിനസ് ആസ്തികള്‍ വില്ക്കുക

ബിസിനസില്‍ ഉപയോഗിക്കാത്ത ആസ്തികള്‍ വില്‍ക്കുകയും അവയില്‍ നിന്നും ലഭിക്കുന്ന പണം ബാദ്ധ്യതകള്‍ തീര്‍ക്കുവാന്‍ ഉപയോഗിക്കുകയും ചെയ്യാം. ഉപയോഗശൂന്യമായിക്കിടക്കുന്ന യന്ത്രങ്ങള്‍ തൊട്ട് വേസ്റ്റുകള്‍ വരെ നമുക്ക് ഇത്തരത്തില്‍ വില്‍ക്കാം. ബിസിനസില്‍ ഉപയോഗമില്ലാത്ത ഇത്തരം ആസ്തികള്‍ സൂക്ഷിക്കുന്നതിലും നല്ലത് എത്രയും വേഗം അവ വിറ്റഴിച്ച് കടങ്ങള്‍ തീര്‍ക്കുകയോ പ്രവര്‍ത്തനമൂലധനം സ്വരൂപിക്കുകയോ തന്നെയാണ് അഭികാമ്യം.

ചിലവുകള്‍ വെട്ടിച്ചുരുക്കുക

നാം എപ്പോഴും ആത്മവിശ്വാസത്തോടെ പറയുന്ന ഒരു കാര്യമാണ് ചിലവുകളെല്ലാം നമ്മുടെ പൂര്‍ണ്ണനിയന്ത്രണത്തിലാണ് എന്നുള്ളത്. എന്നാല്‍ ഇതൊരു വാസ്തവമേയല്ല. നമ്മുടെ കണ്ണില്‍പ്പെടാത്ത ചിലവുകള്‍ എപ്പോഴും ഉണ്ടാകാം. നാം നേരത്തേ എഴുതിതയ്യാറാക്കിയ ഓരോ ചിലവിനവും വളരെ സൂഷ്മതയോടെ പരിശോധിക്കുക. അനാവശ്യമായി വരുത്തുന്ന പത്രങ്ങളും മാഗസിനുകളും തൊട്ട് യാത്രച്ചിലവും ഫോണ്‍ചിലവും ഉള്‍പ്പെടെ നിയന്ത്രിക്കേണ്ട പലതും നമുക്കിപ്പോഴും ചിലവിനങ്ങളില്‍ കാണുവാന്‍ സാധിക്കും.

ചിലവുകളിലെ വെട്ടിച്ചുരുക്കല്‍ എന്നുപറയുമ്പോള്‍ പണം എവിടെയൊക്കെ അനാവശ്യമായി ചിലവഴിക്കപ്പെടുന്നുണ്ടോ അതെല്ലാം പരിഗണിക്കണം. അനാവശ്യമായി ചിലവഴിക്കപ്പെടുന്ന സമയവും ഓരോ വസ്തുവും പണം തന്നെയാണ് എന്ന സങ്കല്പം തന്നെ ഇവിടെ വേണം. പ്രവര്‍ത്തനനഷ്ട്ടം സൃഷ്ട്ടിക്കുന്ന ഏറ്റവും പ്രധാന ഘടകം ചിലവ് തന്നെയാണ്. അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത ഒന്നിലും ബിസിനസിന്റെ പണം ചിലവാക്കാതിരിക്കുവാന്‍ പ്രത്വേകം ശ്രദ്ധിക്കേണ്ടതാണ്.

ബിസിനസിന്റെ ഉടമസ്ഥന്‍ ബിസിനസില്‍ നിന്നും എടുക്കുന്ന ഡ്രോയിംഗ്സ് കുറയ്ക്കുവാന്‍ സാധിക്കുമോ എന്നും പരിശോധിക്കണം. ബിസിനസില്‍ നിന്നും പുറത്തേക്ക് പണം പോകുന്ന എല്ലാ ഉറവിടങ്ങളിലും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തണം.

വില്പ്പന വര്‍ദ്ധിപ്പിക്കുക

ചിലവ് ചുരുക്കുന്നതുപോലെതന്നെ പ്രാധാന്യമുള്ളതാണ് വില്പ്പനയുടെ വര്‍ദ്ധനവിന് വേണ്ടിയുള്ള ശ്രമവും. ഇതിനായി മാര്‍ക്കെറ്റിംഗ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി കൂടുതല്‍ ഉപഭോക്താക്കളെ നേടുവാന്‍ ശ്രമിക്കണം. ഇപ്പോഴുള്ള ഉപഭോക്താക്കളുടെ ഡാറ്റ വിശകലനം ചെയ്ത് അവര്‍ക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാം. ഡിജിറ്റല്‍ മാര്‍ക്കെറ്റിംഗ് പോലുള്ള ചിലവ് കുറഞ്ഞ നൂതന സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ലോകം മുഴുവന്‍ ഇപ്പോള്‍ ഒരൊറ്റ വിപണിയാണ്. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയും സ്വാധീനവും വില്പ്പന വര്‍ദ്ധിപ്പിക്കുവാന്‍ ഉപയോഗിക്കാം.

ഉത്പാദനത്തിലെ ചിലവ് ചുരുക്കല്‍ തൊട്ട് വില്പ്പന വിലയില്‍ വരുത്തുന്ന വ്യത്യാസങ്ങള്‍ കൊണ്ടുവരെ നമുക്ക് ലാഭം വര്‍ദ്ധിപ്പിക്കാം. ഓരോ വില്‍പ്പനയിലും പരമാവധി ലാഭം നേടാന്‍ സാധിക്കുന്ന വിധം വില്പ്പന സമൂലം പുനക്രമീകരിക്കണം.

ഉപഭോക്താക്കള്‍ക്ക് കടം നല്‍കുന്നുണ്ട് എങ്കില്‍ കൃത്യസമയത്ത് തന്നെ കളക്റ്റ് ചെയ്യുക

ബിസിനസില്‍ നമുക്ക് ഒഴിവാക്കുവാനാകാത്ത ഒന്നാണ് കടം നല്കുക എന്നത്. എപ്പോഴും രൊക്കംപണത്തിന് നമുക്ക് ഉത്പന്നങ്ങള്‍ വില്‍ക്കുവാന്‍ സാധിച്ചു എന്നുവരികയില്ല. ഓരോ ഉപഭോക്താവിന്ന്റെയും കഴിവനുസരിച്ച് അയാള്‍ക്ക് കടം നല്‍കേണ്ട ഒരു നയം രൂപീകരിക്കുവാന്‍ സാധിക്കണം. ആ നിബന്ധനകള്‍ അനുസരിച്ച് സമയത്തുതന്നെ അയാളില്‍ നിന്ന് പണം കളക്റ്റ് ചെയ്യാന്‍ സാധിക്കുകയും വേണം.

ഡെബ്റ്റെഴ്സില്‍ നാം നിക്ഷേപിക്കുന്ന പണം വില്‍പ്പനക്ക് ആനുപാതികമല്ലാതെ കൂടുകയാണെങ്കില്‍ അത് ബിസിനസിന്റെ നഷ്ട്ടത്തിലേക്ക് കൊണ്ടുപോകും. അനാവശ്യമായി കടം നല്‍കുകയും അത് കൃത്യമായി കളക്റ്റ് ചെയ്യാതിരിക്കുകയും ചെയ്താല്‍ ബിസിനസ് റിസ്‌ക് വളരെ കൂടുതലാണ്. നാം ഉയര്‍ന്ന പലിശക്കെടുത്ത ലോണാണ് ഇവരില്‍ നിക്ഷേപിക്കുന്നത് എന്നറിയുമ്പോള്‍ ഈ റിസ്‌ക്കിന്റെ ആഴം വ്യക്തമാകും.

സ്റ്റോക്കിലെ അധികനിക്ഷേപം ഒഴിവാക്കുക

ഉത്പാദനത്തിനും വില്‍പ്പനക്കും അനുസൃതമായല്ലാതെ സ്റ്റോക്കില്‍ ഉയര്‍ന്ന നിക്ഷേപം നടത്തുന്നത് ആത്മഹത്യാപരമാണ്. ഡെബ്റ്റെഴ്സിലെ പോലെതന്നെ നാം തിരിച്ചറിയാത്ത ഒരു ചിലവ് നമുക്ക് ഇതിലും വരുന്നുണ്ട്. ഒരു സ്റ്റേറ്റ്മെന്റിലും ഇത് പ്രതിഫലിക്കുകയുമില്ല. ആവശ്യമായ അസംസ്‌കൃതവസ്തുക്കളും ഉത്പ്പന്നങ്ങളും മാത്രം സ്റ്റോക്ക് ചെയ്യുക. നിലവിലെ സ്റ്റോക്കിലെ നിക്ഷേപം കൂടുതലാണെങ്കില്‍ അത് കൃത്യമായ അളവിലെത്തുംവരെ അതില്‍ വീണ്ടും നിക്ഷേപിക്കരുത്. സ്റ്റോക്ക് കരുതലോടെ പരിപാലിക്കുവാന്‍ കഴിഞ്ഞാല്‍ അതിലെ അധികനിക്ഷേപം നമുക്ക് ഒഴിവാക്കുവാന്‍ സാധിക്കും.

അനുബന്ധഉത്പ്പന്നങ്ങളും സേവനങ്ങളും കൂട്ടിച്ചേര്‍ക്കുക

ഇപ്പോള്‍ നാം ചെയ്യുന്ന ബിസിനസിലേക്ക് അനുബന്ധഉത്പ്പന്നങ്ങളും സേവനങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ട് വരുമാനം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാവുന്നതാണ്. വലിയൊരു നിക്ഷേപം നടത്താതെതന്നെ ഇത്തരം കാര്യങ്ങള്‍ ചിലപ്പോള്‍ ചെയ്യുവാന്‍ കഴിയും. നഷ്ട്ടത്തിലുള്ള ഉത്പ്പന്നങ്ങള്‍ നിര്‍ത്തലാക്കുകയും ലാഭം നല്‍കുന്ന ഉത്പ്പന്നങ്ങളും സേവനങ്ങളും മാത്രം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്താല്‍ നഷ്ട്ടം ഒരുപരിധിവരെ കുറയ്ക്കുവാന്‍ സാധിക്കും.

പ്രതിപാദിക്കപ്പെട്ട കാര്യങ്ങളില്‍ ഒന്നുമാത്രം ചെയ്തത് കൊണ്ട് നഷ്ട്ടം കുറയുകയോ ഇല്ലാതെയാവുകയോ ചെയ്യുന്നില്ല. ഓരോന്നും സമയമെടുത്ത് സൂഷ്മതയോടെ ചെയ്താല്‍ മാത്രമേ നാം അകപ്പെട്ടിരിക്കുന്ന കെണിയില്‍ നിന്ന് മെല്ലെ മോചനം ലഭിക്കുകയുള്ളൂ. ബിസിനസിന്റെ സ്വഭാവവും ഇപ്പോഴത്തെ അവസ്ഥയും കണക്കിലെടുത്തുവേണം ഇവ നടപ്പിലാക്കേണ്ടത്.

• ബിസിനസിന്റെ യഥാര്‍ത്ഥത്തിലുള്ള ബാദ്ധ്യതകളും നഷ്ട്ടവും കൃത്യമായി കണക്കാക്കുക
• ഉയര്‍ന്ന പലിശ നല്‍കുന്ന ബാദ്ധ്യതകള്‍ക്ക് പകരം പലിശ കുറവുള്ള ബാങ്ക് വായ്പ്പകള്‍ ലഭ്യമാകുമോ എന്ന് പരിശോധിക്കുക.
• ഉപയോഗിക്കാത്ത ബിസിനസ് ആസ്തികള്‍ വില്ക്കുക
• ചിലവുകള്‍ വെട്ടിച്ചുരുക്കുക
• വില്പ്പന വര്‍ദ്ധിപ്പിക്കുക
• ഉപഭോക്താക്കള്‍ക്ക് കടം നല്‍കുന്നുണ്ട് എങ്കില്‍ കൃത്യസമയത്ത് തന്നെ കളക്റ്റ് ചെയ്യുക
• സ്റ്റോക്കിലെ അധികനിക്ഷേപം ഒഴിവാക്കുക
• അനുബന്ധഉത്പ്പന്നങ്ങളും സേവനങ്ങളും കൂട്ടിച്ചേര്‍ക്കുക

ചുരുക്കത്തില്‍ ഈ പറയുന്നവ കാര്യക്ഷമമായി നടപ്പിലാക്കിയാല്‍ നഷ്ട്ടത്തിന്റെ തീവ്രത കുറച്ച് ബിസിനസ് ലാഭകരമാക്കുവാന്‍ നമുക്ക് സാധിക്കും.

Leave a comment