എത്ര ചെറുതാണ് ഈ തോല്‍വികള്‍

പത്താം ക്ലാസ്സ് മോശമല്ലാത്ത മാര്‍ക്കോടുകൂടി കടന്നുകൂടി. നന്നായി പഠിക്കുന്ന കുട്ടി എന്നൊരു സത്പേര് അന്നുണ്ടായിരുന്നു.

ഇനി കോളേജിലേക്ക്.

എറണാകുളത്തെ പ്രസിദ്ധമായ സെന്റ് അല്‍ബേര്‍ട്ട്സില്‍ പ്രീഡിഗ്രി. സ്‌കൂളിന്റെ അടഞ്ഞ മതിലുകള്‍ക്കുള്ളില്‍ നിന്നും വീട്ടുകാരുടെ കണ്‍വെട്ടത്തു നിന്നും മോചനം. സ്വാതന്ത്ര്യം തന്നെയമൃതം.

പഠനം പെരുവഴിയിലായി. ശ്രദ്ധ കഥയിലും കവിതയിലും നാടകത്തിലുമൊക്കെയായി. എറണാകുളം പബ്ലിക് ലൈബ്രറിയും നാടകക്കളരികളുമൊക്കെയായി വിഹാരരംഗം.

അക്കാലത്താണ് സുമുഖനായ ഒരു ചെറുപ്പക്കാരന്‍ കെമിസ്ട്രി ലക്ചര്‍ ആയി എത്തിയത്.

ആ ചെറുപ്പക്കാരന്റെ പേര് ചന്ദ്രദാസന്‍. നാടകം തലക്ക് പിടിച്ച ഒരു ചെറുപ്പക്കാരന്‍. വന്നതേ ഞങ്ങള്‍ ഒരു ഗാങ്ങായി. സഹവാസം അദ്ദേഹത്തിന്റെ മുറിയിലായി.

ആ ചെറുപ്പക്കാരന്‍ പിന്നീട് ഭാസഭേരിയുടെ അമരക്കാരനായി. മോഹന്‍ലാലിന്റെ കര്‍ണ്ണഭാരം എന്ന നാടകം സംവിധാനം ചെയ്തു. നാടകത്തില്‍ ഉയരങ്ങള്‍ കീഴടക്കി.

അദ്ദേഹത്തിന്റെ കീഴില്‍ ഞങ്ങള്‍ പരിശീലിച്ചു. നാടകവും സാഹിത്യവുമൊക്കെയായി ജീവിതം ഒഴുകി.

പരീക്ഷ വന്നു. എന്ത് പരീക്ഷ. കാലമിനിയുമിരുളും, വര്‍ഷം വരും …. അത് പോലെ പരീക്ഷയും.

കുറെക്കഴിഞ്ഞ് പരീക്ഷാഫലവും വന്നു. ഒറ്റ അക്കങ്ങള്‍ കൊണ്ട് സമ്പന്നമായ മാര്‍ക്ക് ലിസ്റ്റ്. മരുന്നിന് പോലും ഒരു ജയമില്ല. വീട്ടിലേക്ക് കൊണ്ട് പോകാന്‍ പറ്റില്ല.

പഠിക്കുന്ന കുട്ടി എന്ന അഹങ്കാരം അസ്തമിച്ചു. ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ ചന്ദ്രദാസന്‍ സാറിന്റെ റൂമില്‍ കട്ടിലില്‍ പോയി കിടന്നു.

സാറ് വന്നു. എന്റെ അടുത്തിരുന്നു മാര്‍ക്ക് ലിസ്റ്റ് നോക്കി. എന്റെ കൈകള്‍ പിടിച്ച് സാറ് പറഞ്ഞു.

”തോല്‍വി ജീവിതത്തില്‍ പലപ്പോഴും നമുക്ക് ഉണ്ടാകും. അതില്‍ വീഴുന്നവനല്ല വിജയിക്കുന്നത് മറിച്ച് തോല്‍വിയില്‍ നിന്നും എഴുന്നെല്‍ക്കുന്നവനേ വിജയിക്കൂ. ജീവിതത്തില്‍ എപ്പോഴും ജയം ഉണ്ടാവണമെന്നില്ല. തോല്‍വിയില്‍ വീഴാതിരിക്കുക എന്നതാണ് പ്രധാനം.”

വീണ്ടും എന്നെ വിജയത്തിലേക്ക് നയിച്ച വാക്കുകള്‍.

ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ ജയവും പരാജയവും. ഒരാള്‍ക്കും ജയം മാത്രമോ പരാജയം മാത്രമോ ജീവിതത്തില്‍ സംഭവിക്കുന്നില്ല. തോല്‍വികളില്‍ നിലതെറ്റുമ്പോള്‍ വീണിടത്ത് കിടക്കാതെ എഴുന്നേല്ക്കുന്നവനാണ് പോരാളി. അവനെ തോല്പ്പിക്കുവാന്‍ ഒന്നിനുമാവില്ല. ഓരോ ജയവും തോല്‍വിയും താത്കാലികമാണ്. കാലം കടന്നുപോകും. ഓരോ വീഴ്ചയും ഓരോ പാഠമാണ്. തോല്‍വിയേക്കാള്‍ നല്ല അദ്ധ്യാപകനില്ല.

ഒരു തോല്‍വിയും ലോകാവസാനമല്ല. യഥാര്‍ത്ഥത്തില്‍ അത് ഒരു തുടക്കമാണ്. തെറ്റുകള്‍ മനസിലാക്കുവാന്‍, തിരുത്തുവാന്‍ നമുക്ക് ലഭിക്കുന്ന അസുലഭമായ ഒരു അവസരം. തോല്‍വികള്‍ നമ്മെ മനസിന്റെ അഗാതതയിലേക്ക് യാത്ര ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നു. ഓരോ തോല്‍വിക്കും ഒരു മറുപുറമുണ്ട്. നാം കാണാത്ത ഗുണപാഠങ്ങളുണ്ട്. അത് അടുത്ത യാത്രയുടെ താക്കോലാണ്. അത് കണ്ടെത്തുക നമ്മുടെ ഉത്തരവാദിത്വവും.

വീണ് കിടക്കുകയാണോ? എഴുന്നേല്‍ക്കൂ. ക്ഷണികമായ തോല്‍വിയില്‍ തട്ടി വീഴുവാനുള്ളതല്ല ഈ ജീവിതം. സ്വയം വിശ്വസിക്കൂ. ഈ ബൃഹത്തായ പ്രപഞ്ചത്തില്‍ വിശ്വസിക്കൂ. ലോകം എത്ര വലുതും നമ്മള്‍ എത്ര ചെറുതുമാണ്. അത്ര ചെറുത് തന്നെ ഓരോ തോല്‍വിയും.

 

 

 

Leave a comment