മുഖം ഇല്ലാത്ത അവള്‍

ഓഡിറ്റ് ഓഫീസിലെ കണക്ക് പുസ്തകങ്ങള്‍ക്കിടയില്‍ മുഖം പൂഴ്ത്തിയിരിക്കുമ്പോഴാണ് നടരാജന്‍ മുന്നില്‍ വന്നിരുന്നത്. ഞാന്‍ മുഖം ഉയര്‍ത്തി നടരാജനെ നോക്കി പയ്യെ ചിരിച്ചു. അന്ന് നടരാജന്‍ കൃഷ്ണയ്യര്‍ സര്‍ നയിക്കുന്ന പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ അക്കൌണ്ടന്റ് ആയിരുന്നു. കണക്ക് സംബന്ധമായ എന്തോ ഒന്ന് സംസാരിക്കാനാവും എന്ന് മനസിലോര്‍ത്തു.

പക്ഷേ നടരാജന്‍ എന്നോട് പറഞ്ഞ കാര്യം മറ്റൊന്നായിരുന്നു. അത് അവളുടെ കഥയായിരുന്നു. അച്ഛനിലൂടെ എച്ച് ഐ വി വൈറസ് പകര്‍ന്നു കിട്ടിയ ഒരു പെണ്‍കുട്ടിയുടെ കഥ. അച്ഛന്‍ മരിച്ചുപോയി. അവളും അമ്മയും ബാക്കിയായി. ഒരുനേരംപോലും ഭക്ഷണം കഴിക്കുവാന്‍ നിര്‍വ്വാഹമില്ലാത്ത രോഗികളായ രണ്ട് ആത്മാക്കള്‍. എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമോ?

നടരാജന്റെ മനസിലെ തേങ്ങല്‍ അയാളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു. അയാള്‍ക്ക് ആരുമല്ലാത്ത ഏതോ ഒരു പെണ്‍കുട്ടി. അവളൊരു നോവായി പടര്‍ന്നിരിക്കുന്നു. നന്മയുള്ള മനുഷ്യര്‍ക്കേ മറ്റുള്ളവര്‍ക്കായി സ്വയം അലിയാന്‍ കഴിയൂ. ”എന്ത് ചെയ്യണം” ഞാന്‍ നടരാജനോട് ചോദിച്ചു. ”എല്ലാ മാസവും ആ വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങള്‍ക്കായി അല്പ്പം പണം നല്കാന്‍ കഴിയുമോ?” നടരാജന്‍ ഒരു പരുങ്ങലോടെ ചോദിച്ചു.

അന്ന് മുതല്‍ എല്ലാ മാസവും ഒരു നിശ്ചിതതുക അവള്‍ക്കായി ഞാന്‍ മാറ്റിവെച്ചു. എല്ലാ മാസവും അവളും അമ്മയും ആ തുക വാങ്ങാന്‍ നടരാജന്റെ അടുത്തെത്തും. കൃത്യമായി മാസത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ നടരാജന്‍ എന്റെ കയ്യില്‍ നിന്നും പണം ശേഖരിച്ച് അവര്‍ക്ക് നല്കും. ആ അമ്മയും മകളും പണത്തിനായി ഒരുപാട് സമയം തനിക്ക് മുന്നില്‍ വന്ന് കാത്തുനില്‍ക്കുന്നത് ആ മനുഷ്യന് വേദന ഉണ്ടാക്കിയിരുന്നു. ഞാന്‍ പണം കൊടുക്കാന്‍ താമസിക്കുമ്പോള്‍, അവരെത്തുമ്പോള്‍ നടരാജന്‍ വിളിക്കും. ”അവര്‍ എത്തി, പണം ലഭിച്ചിട്ട് വേണം അവര്‍ക്ക് സാധനങ്ങള്‍ വാങ്ങുവാന്‍. ഞാന്‍ അങ്ങോട്ട് വരുന്നു.”

പല വര്‍ഷങ്ങള്‍ കടന്നുപോയി. ഇടക്ക് നടരാജന്‍ അവളുടെ ചികിത്സയുടെ കാര്യങ്ങള്‍ പറയും. അവള്‍ മിടുക്കിയായിരിക്കുന്നു എന്നും സ്‌കൂളില്‍ പോകുന്നുണ്ട് എന്നും പറയും. രോഗം ശരീരത്തെ തളര്‍ത്തിക്കിടത്തുന്ന സമയങ്ങളില്‍ ചിലപ്പോള്‍ ദിവസങ്ങളോളം അവള്‍ സ്‌കൂളില്‍ പോകാതിരിക്കും. അവളുടെ ഓരോ ദിനവും പോരാട്ടത്തിന്റെതായിരുന്നു.

അവളെ ഞാന്‍ കണ്ടിരുന്നില്ല. എന്തുകൊണ്ടോ അവളെ കാണുവാന്‍ എന്റെ മനസ് എന്നെ അനുവദിച്ചിരുന്നില്ല. ഞങ്ങള്‍ തമ്മില്‍ അദൃശ്യമായ ചില കെട്ടുപാടുകള്‍ ഉണ്ടായിരുന്നു. ചില മാസങ്ങളില്‍ അവള്‍ നടരാജനോട് എന്നെക്കുറിച്ച് തിരക്കും. കാണാന്‍ കഴിയുമോ എന്ന് ചോദിക്കും. നടരാജന്‍ ഇത് പലപ്പോഴും എന്നോട് പറഞ്ഞിട്ടും എനിക്ക് അവളെ കാണുവാന്‍ തോന്നിയിരുന്നില്ല. അല്ലെങ്കില്‍ ഞാന്‍ അവളെ കാണേണ്ട എന്ന് ദൈവം ഒരു തീരുമാനം എടുത്തുകാണും

ഓഫീസിലെ തിരക്കില്‍ മുഴുകിയിരിക്കുന്ന ഏതോ ഒരു ദിവസം നടരാജന്‍ വിളിച്ചു. ”അവള്‍ മരിച്ചു” നടരാജന്‍ പറഞ്ഞു. നടരാജന്റെ വാക്കുകളില്‍ നനവുണ്ടായിരുന്നു. ആര് എന്ന ചോദ്യത്തിനവിടെ പ്രസക്തി ഇല്ലായിരുന്നു. എനിക്കും നടരാജനുമിടയില്‍ ഒരേയൊരു ”അവള്‍” മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഒന്നും മിണ്ടാതെ ഫോണ്‍ വെച്ചു. മനസ് ശൂന്യമായി. ഓഫീസില്‍ നിന്നിറങ്ങി മറൈന്‍ഡ്രൈവിലേക്ക് നടന്നു.

ഇന്നും അവള്‍ എന്നെ വിട്ടുപോയിട്ടില്ല. ചിലപ്പോള്‍ ഉറക്കത്തിന്റെ അഗാധതയില്‍ നിന്നും അവള്‍ മനസിലേക്ക് കയറി വരാറുണ്ട്. കൈകള്‍ നീട്ടിപ്പിടിച്ചുകൊണ്ട് മുഖം ഇല്ലാത്ത ഒരു പെണ്‍കുട്ടി.. പെട്ടെന്ന് ഒരു തേങ്ങല്‍ തൊണ്ടയില്‍ കുരുങ്ങും. ശരീരം പിടയും. അവള്‍ എന്നെ എപ്പോഴെങ്കിലും പ്രതീക്ഷിച്ചിരുന്നിരിക്കാം.

ചില നേരങ്ങളില്‍ നാം നിസ്സഹായരാണ്, വെറും മനുഷ്യര്‍ എന്ന നിസ്സഹായര്‍.

 

 

Leave a comment