നിസ്സഹായതയില്‍ നിന്നും ആത്മവിശ്വാസത്തിലേക്ക്

വൈറ്റില ജങ്ക്ഷനില്‍ ട്രാഫിക് കുരുക്കില്‍പ്പെട്ട് കിടക്കുന്ന സമയം. ഇവിടെ നമുക്കൊന്നും ചെയ്യുവാനില്ല. സമയം സ്പന്ദിക്കുന്ന വെറുമൊരു ഘടികാരം മാത്രമെന്ന് തോന്നുന്ന ചലനമറ്റ നിമിഷങ്ങള്‍. വണ്ടിയുടെ ജാലകത്തിലൂടെ പുറംകാഴ്ചകള്‍ കാണാം. അവയിലേക്ക് കണ്ണുംനട്ടിരിക്കുമ്പോഴാണ് ആ ചെറുപ്പക്കാരനെ കണ്ടത്.

അയാള്‍ ഭിക്ഷയെടുക്കുകയായിരുന്നു. തന്റെ ശരീരത്തിന്റെ ഭാരം ക്രച്ചസുകളിലേക്ക് പകര്‍ന്ന് അതില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന കൈകള്‍ താങ്ങാക്കി മെല്ലെ മെല്ലെ ഒരു കാലില്‍ അയാള്‍ ആ കുരുക്കില്‍ അനങ്ങാതെ കിടക്കുന്ന ഓരോ വാഹനത്തിന്റെയും അരികിലേക്ക് എത്തി കൈകള്‍ നീട്ടുന്നു. ചില വാഹനങ്ങളുടെ ചില്ലുകള്‍ താഴുന്നു. കൈകളില്‍ ഉതിര്‍ന്നുവീഴുന്ന നാണയത്തുട്ടുകള്‍ തോളില്‍ തൂങ്ങിക്കിടക്കുന്ന ചെറിയ തുണിസഞ്ചിയില്‍ നിക്ഷേപിച്ച് അയാള്‍ അടുത്ത വാഹനത്തിനരികിലേക്ക് യാത്ര തുടരുന്നു.

എത്ര മിടുക്കനായ ചെറുപ്പക്കാരന്‍. നല്ല ആരോഗ്യവാനായ ഒരാള്‍. സാധാരണ ഭിക്ഷ എടുക്കുന്ന ഒരാള്‍ മുഖത്ത് നിറക്കുന്ന ദയനീയഭാവം ഒന്നുമില്ല. തനിക്ക് ഒരു കാലില്ല എന്ന ചിന്ത അയാളെ അലട്ടുന്നുപോലുമില്ല. സാധാരണ ഒരു മനുഷ്യന്‍ നടക്കുന്നപോലെ ആയാസരഹിതമായി അയാള്‍ സഞ്ചരിക്കുന്നു. തന്റെ അവസ്ഥയുമായി അയാള്‍ താതാത്മ്യം പ്രാപിച്ചുകഴിഞ്ഞു. ഇരുകക്ഷങ്ങളില്‍ നിന്നും തൂങ്ങിക്കിടക്കുന്ന ക്രച്ചസുകള്‍ അയാളുടെ ശരീരഭാഗം പോലെ തന്നെ തോന്നിച്ചു. അയാള്‍ പൂര്‍ണ്ണനാകുന്നത് ആ ക്രച്ചസുകള്‍ ഉള്ളപ്പോഴാണ് എന്നെനിക്ക് തോന്നി. എന്തൊരു വിരോധാഭാസമായ ചിന്ത.

അയാള്‍ നടന്ന് എന്റെ അരികിലെത്തി. കൈകള്‍ നീട്ടി നിശബ്ദനായി നിന്നു. പെട്ടെന്ന് ഞാന്‍ ദൈവത്തെ ഓര്‍ത്തു. ചില സമയങ്ങളില്‍ വികൃതികൊണ്ട് ബോധം നഷ്ട്ടപ്പെട്ട ഒരു കുട്ടിയെപ്പോലെയാണ് ദൈവം എന്ന് അപ്പോള്‍ എനിക്ക് തോന്നി. പുറത്തെ തിളയ്ക്കുന്ന ചൂടില്‍ കാറിന്റെ ഉള്ളിലെ കുളിരില്‍ മറ്റൊരു ലോകത്ത് ഞാനിരിക്കുന്നു. പൊള്ളുന്ന വെയിലില്‍ ഒരു നേരത്തെ ആഹാരത്തിനായി എന്നെപ്പോലെ ഒരു മനുഷ്യജീവി അന്യന്റെ മുന്നില്‍ കൈ നീട്ടി അലയുന്നു. നമുക്ക് മനസിലാവാത്തതാണ് ഇത്തരം വികൃതികള്‍. നമ്മുടെ ബോധാതലത്തിനുമപ്പുറമാണ് ഈ പ്രപഞ്ചത്തെ നയിക്കുന്ന പല വ്യവഹാരങ്ങളും.

ഞാന്‍ മെല്ലെ ചില്ല് താഴ്ത്തി. അയാളെനോക്കി പുഞ്ചിരിച്ചു. ഞാന്‍ ഒരു കണ്ണാടിയില്‍ നോക്കി പുഞ്ചിരിച്ചപോലെ ആ ചിരി അയാളുടെ മുഖത്തുനിന്നും പ്രതിഫലിച്ചു. ഞങ്ങള്‍ തമ്മില്‍ ഒരു രസതന്ത്രം രൂപപ്പെട്ടപോലെ. എനിക്കെന്തോ ചോദിക്കാനുണ്ട് എന്നയാള്‍ക്ക് തോന്നിക്കാണും. അതുകൊണ്ട് അയാള്‍ ക്ഷമയോടെ നിന്നു. ആ മുഖം ശാന്തമായിരുന്നു. അടിത്തട്ടില്‍ ചുഴികളുള്ള ഒരു ജലാശയത്തിന്റെ ശാന്തത.

”കാലിന് എന്തുപറ്റി” ഞാന്‍ പതിയെ ചോദിച്ചു. എന്റെ ചോദ്യം ശരിയാണോ എന്നൊരു നിമിഷം ഞാന്‍ ശങ്കിച്ചു. അതയാള്‍ക്ക് മാനസികമായ വിഷമം ഉണ്ടാക്കും എന്ന് എന്റെ മനസ് പറയുന്നു. പക്ഷേ എനിക്ക് ചോദിക്കാതിരിക്കുവാനായില്ല. വാക്കുകള്‍ പെട്ടെന്ന് ചുണ്ടുകള്‍ക്കിടയിലൂടെ എടുത്ത് ചാടി. എന്റെ മുഖം വിളറി. പക്ഷേ അയാള്‍ക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല. തന്റെ വിധി പൂര്‍ണ്ണമായും ഏറ്റുവാങ്ങിക്കഴിഞ്ഞ ഒരാളുടെ നിസംഗതയോടെ അയാള്‍ ശുദ്ധമായ തമിഴില്‍ പറഞ്ഞു ”ഒരു അപകടത്തില്‍ നഷ്ട്ടപ്പെട്ടതാണ്. അമ്മയാണ് തുണക്ക് ഉണ്ടായിരുന്നത്. അമ്മയെ പട്ടിണിക്കിടാതിരിക്കാന്‍ ഞാന്‍ ഇവിടെ വന്നു ഭിക്ഷ എടുക്കുന്നു. എനിക്ക് വേറെ വഴികളില്ല”

അയാളുടെ കണ്ണുകളില്‍ നനവുപടരുന്നത് ഞാന്‍ കണ്ടു. അയാളുടെ നിസ്സഹായതയും സങ്കടങ്ങളും എന്നിലേക്കും പടരുന്നു. നാണയങ്ങള്‍ കൈയ്യിലേക്ക് പകരുമ്പോള്‍ ഞാന്‍ പറഞ്ഞു ”താങ്കള്‍ക്ക് ചുറ്റും നോക്കൂ നിങ്ങളുടെ നാട്ടില്‍ നിന്നും വന്ന എത്രയോപേര്‍ ഇവിടെ കച്ചവടം നടത്തുന്നു. അവര്‍ വണ്ടികള്‍ക്കരികില്‍ വന്ന് സാധനങ്ങള്‍ വില്‍ക്കുന്നു. ഒരുപാടുപേര്‍ അവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നുമുണ്ട്. ആ അമ്മയെ കണ്ടോ ഇത്ര പ്രായമായിട്ടും അവര്‍ ലോട്ടറി വില്‍ക്കുകയാണ്. എന്തുകൊണ്ട് താങ്കള്‍ക്ക് ഇതിലെന്തെങ്കിലുമൊന്ന് ചെയ്തുകൂടാ?”

അയാള്‍ ഒരു നിമിഷം നിശബ്ദനായി നിന്നു. ഒന്നും മിണ്ടാതെ നടന്നകന്നു. അയാളുടെ നിശബ്ധത എന്നെ ദുഖിപ്പിച്ചു. അരുതാത്തതെന്തോ ചെയ്തപോലെ എനിക്ക് തോന്നി. ഉപദേശങ്ങള്‍ എല്ലാ സമയത്തും ശരിയല്ല. ഞാന്‍ എന്നെത്തന്നെ പലപ്പോഴും പറഞ്ഞുപഠിപ്പിക്കാറുള്ള കാര്യം. നിസഹായനായ അയാളെ എന്തുകൊണ്ട് ഞാന്‍ വിമര്‍ശിച്ചു? പിന്നീട് കുറേദിവസം ഈ ചോദ്യം ഒരു വെട്ടപ്പട്ടിയെപോലെ എന്നെ പിന്തുടര്‍ന്നു.

പിന്നീട് അവിടെക്കൂടി കടന്നുപോകുമ്പോഴൊക്കെ എന്റെ കണ്ണുകള്‍ അയാളെ തേടി അലഞ്ഞു. അയാള്‍ എവിടെക്കോ അപ്രത്യക്ഷനായിരിക്കുന്നു. പിന്നീടൊരിക്കല്‍ അന്നത്തേത്‌പോലെ ബ്ലോക്കുള്ള ഒരു ദിവസം എന്റെ വണ്ടിയുടെ ജനലിന് പുറത്ത് അതാ അയാള്‍. കൈകളില്‍ നിറഞ്ഞ ലോട്ടറിടിക്കറ്റുകള്‍ അയാള്‍ എനിക്ക് നേരെ നീട്ടി പുഞ്ചിരിച്ചു. ഞാന്‍ അയാളുടെ കൈയ്യില്‍ നിന്ന് ഒരു ടിക്കറ്റ് വാങ്ങി. എന്നെ അയാള്‍ തിരിച്ചറിഞ്ഞില്ല. തന്റെ ക്രച്ചസുകളില്‍ തൂങ്ങി അയാള്‍ അടുത്ത വണ്ടിക്കരികിലേക്ക് നടന്നു.

ആ നിമിഷം ഞാനറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു.

സുധീര്‍ ബാബു

Leave a comment