മാറിച്ചിന്തിക്കേണ്ട മാര്‍ക്കെറ്റിംഗ് തന്ത്രങ്ങള്‍

ഒരു ദിവസം വൈകുന്നേരം ഞാനും മകളും കൂടി എറണാകുളത്തുനിന്നും വീട്ടിലേക്ക് യാത്ര ചെയ്യുമ്പോള്‍ മകള്‍ എന്നോട് പറഞ്ഞു ”എനിക്ക് വിശക്കുന്നു എന്തെങ്കിലും കഴിക്കണം”. ഞാന്‍ പറഞ്ഞു ”നമുക്ക് ഏതെങ്കിലും ഹോട്ടലില്‍ കയറാം എന്നിട്ട് ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്ക് പോകാം.”

”വേണ്ട നമുക്ക് സമയം കളയാതെ വീട്ടിലേക്ക് പോകാം. ഭക്ഷണം ഞാന്‍ ഓര്‍ഡര്‍ ചെയ്‌തോളാം”. അവള്‍ മൊബൈല്‍ എടുത്ത് സൊമാറ്റോയുടെ അപ്ലിക്കേഷനിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഞങ്ങള്‍ വീട്ടിലെത്തുമ്പോഴേക്കും അതാ ഭക്ഷണവും എത്തിക്കഴിഞ്ഞിരിക്കുന്നു.

ആവശ്യമായ സമയത്ത് വാഹനം, ഭക്ഷണം അല്ലെങ്കില്‍ മറ്റേതൊരു ഉത്പ്പന്നം നമ്മുടെ വീട്ടുവാതിക്കല്‍ എത്താന്‍ ഇപ്പോള്‍ നിമിഷനേരം മതി. ഭൗതികതയില്‍ നാം ശീലിച്ച പരമ്പരാഗതഇടപെടലുകളൊക്കെ അതിശീഘ്രം മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വേഗതയാര്‍ന്ന, കൃത്യതയാര്‍ന്ന ഒരു ലോകം നമുക്കുചുറ്റും ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. അവിടെ മാറ്റങ്ങള്‍ കണ്ണടച്ചുതുറക്കും വേഗത്തിലാണ്. ചില ഹോളിവൂഡ് സിനിമകളില്‍ മാത്രം നാം കണ്ടിരുന്ന കമ്പ്യൂട്ടറുകളും, റോബോട്ടുകളും കൃത്രിമബുദ്ധിയുമൊക്കെ നിയന്ത്രിക്കുന്ന ആ ഡിജിറ്റല്‍യുഗത്തിലേക്ക് യഥാര്‍ത്ഥ ജീവിതത്തിലും അതിവേഗം നാം പറന്നടുക്കുകയാണ്.

പരമ്പരാഗത ചിന്താഗതികളില്‍ വ്യത്യാസം വരുന്നു

ഒരു ബിസിനസിന്റെ ബീജാവാപം മുതല്‍ ഈ മാറ്റങ്ങള്‍ പ്രകടമാണ്. നാം തുടര്‍ന്നുപോരുന്ന പല ചിന്താഗതികളും ഈ കാലഘട്ടത്തില്‍ ഉപയോഗശൂന്യമാകുന്നു. ഇന്നലെ നാം വിജയിക്കാന്‍ ഉപയോഗിച്ച പല തന്ത്രങ്ങളും ഇന്നിപ്പോള്‍ വിലപ്പോകണമെന്നില്ല. അന്നത്തെ സാമൂഹ്യബിസിനസ് സാഹചര്യങ്ങളില്‍ വിജയിക്കപ്പെട്ട തന്ത്രങ്ങള്‍ ആ സാഹചര്യങ്ങളില്‍ ഇന്ന് വന്ന മാറ്റങ്ങള്‍ മൂലം പരാജയപ്പെടാം. ഒരു തന്ത്രവും ഇരുമ്പുലക്കയല്ല. മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് അതിന് മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കണം.

ഇന്ന് ബിസിനസ് ലോകം ചിന്തിക്കുന്നത് ഉപഭോക്താവിന്റെ ഭാഗത്ത് നിന്നാണ്. മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ രൂപം കൊള്ളുന്നത് ആ ചിന്താഗതിയില്‍ നിന്നാണ്. ഉപഭോക്താവിന് നല്‍കുന്ന മികച്ച സൗകര്യവും വില്പ്പനയും തമ്മില്‍ അഭേദ്യമായ ഒരു ചരടിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. തന്റെ സൗകര്യങ്ങള്‍ക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്ന മേന്മയിലും വിലയിലും ഉത്പ്പന്നങ്ങള്‍ ലഭിക്കുമ്പോള്‍ ഇത് ഉപഭോക്താവിനാണ് അത് നിഷേധിക്കാന്‍ കഴിയുക. ഉപഭോക്താവിന് മികച്ച സൗകര്യങ്ങള്‍ ഒരുക്കുവാന്‍ കമ്പനികള്‍ മത്സരിക്കുമ്പോള്‍ പാരമ്പര്യസങ്കേതങ്ങള്‍ മാത്രം ഉപയോഗിച്ച് ബിസിനസ് നടത്തുക വിഷമകരമായ ഒന്നായി മാറുന്നു.

ഡിജിറ്റല്‍ സങ്കേതങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവരുന്നു

എത്ര നല്ല ഉത്പന്നം നിര്‍മ്മിച്ചാലും നന്നായി മാര്‍ക്കെറ്റ് ചെയ്യുവാന്‍ സാധിച്ചില്ല എങ്കില്‍ അത് വിപണിയില്‍ പരാജയപ്പെടും. എന്റെ ഉത്പ്പന്നം മേന്മയില്‍ മികച്ചതാണ് എന്ന ഉത്പാദകന്റെ അവകാശവാദം ഉപഭോക്താവ് തിരിച്ചറിയുന്നില്ല എന്നുവന്നാല്‍ ആ ഉത്പന്നം വിറ്റുപോകുകയില്ല. മികച്ച മാര്‍ക്കെറ്റിംഗ് തന്ത്രങ്ങള്‍ ഇല്ലാത്ത കമ്പനികള്‍ വിപണിയില്‍ പരാജയപ്പെടുന്നു.

പലപ്പോഴും പരമ്പരാഗത മാര്‍ക്കെറ്റിംഗ് രീതികള്‍ മിക്കവാറും കമ്പനികള്‍ക്ക് താങ്ങാനാവാത്ത ചിലവുകളാണ് സൃഷ്ട്ടിക്കുന്നത്. തന്റെ ഉത്പന്നത്തെക്കുറിച്ച് അല്ലെങ്കില്‍ സേവനത്തെക്കുറിച്ച് ഉപഭോക്താവിനെ എങ്ങിനെ അറിയിക്കും എന്നത് സംരംഭകനെ സംബന്ധിച്ചിടത്തോളം വലിയൊരു തലവേദന തന്നെയാണ്. സാധാരണയായി ഒരു ബിസിനസ് അവലംബിക്കുന്ന പരമ്പരാഗത പരസ്യരീതികളുടെ ചിലവുകള്‍ പുതുതായി ബിസിനസിലേക്ക് കടന്നു വരുന്നവര്‍ക്കും ചെറുകിടക്കാര്‍ക്കും ചിന്തിക്കാവുന്നതിനും അപ്പുറമാണ്.

ഇവിടെയാണ് ഡിജിറ്റല്‍ മീഡിയക്ക് കൂടുതല്‍ പ്രാധാന്യം കൈവരുന്നത്. കാര്യക്ഷമമായി ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കുവാന്‍ കഴിഞ്ഞാല്‍ കുറഞ്ഞ ചിലവില്‍ മികച്ച ഫലം ബിസിനസിന് ലഭ്യമാകും. പരമ്പരാഗത പരസ്യരീതികളായ പത്രമാഗസിന്‍ പരസ്യങ്ങള്‍, ടെലിവിഷന്‍ പരസ്യങ്ങള്‍, റേഡിയോ പരസ്യങ്ങള്‍, നോട്ടീസുകളും പരസ്യബോര്‍ഡുകളും എല്ലാം ഒരു സാധാരണ ബിസിനസുകാരന് താങ്ങാനാവാത്ത ചിലവുകള്‍ വരുത്തുമ്പോള്‍. ഡിജിറ്റല്‍ മീഡിയ കൂടുതല്‍ ഫലവത്തായ ഒരു പരസ്യമാദ്ധ്യമം ആയിമാറുന്നു.

82% പേര്‍ ഉത്പന്നങ്ങളെ ഓണ്‍ലൈനില്‍ അന്വേഷിക്കുന്നു

ഫോബ്‌സ് നടത്തിയ ഒരു സര്‍വ്വേ പ്രകാരം 82% വ്യക്തികളും ഒരു ഉത്പന്നത്തെക്കുറിച്ച് അന്വേഷിക്കുന്നത് ഇന്റര്‍നെറ്റിലാണ്. വിദേശരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ നാട്ടില്‍ ഇത് അല്പ്പം കുറയുവാന്‍ സാധ്യതയുണ്ട് എങ്കിലും ഇത് ചൂണ്ടിക്കാട്ടുന്നത് വളര്‍ന്നുവരുന്ന വലിയൊരു പ്രവണതയാണ്.

താന്‍ അന്വേഷിക്കുന്ന ഉത്പ്പന്നത്തെക്കുറിച്ച് ഏറ്റവും സൗകര്യപ്രദമായി ഒരു ഉപഭോക്താവിന് അറിയാന്‍ സാധിക്കുന്ന ഒരു സ്ഥലം ഇന്റര്‍നെറ്റ് ആണ്. ഗൂഗിള്‍ പറയുന്നത് പ്രകാരം ഇന്റെര്‍നെറ്റിലെ 29% സെര്‍ച്ചുകളും വാങ്ങല്‍പ്രക്രിയയില്‍ അവസാനിക്കുന്നു. കടകളില്‍ പോയി ഉത്പന്നങ്ങള്‍ നേരില്‍ കണ്ട് വാങ്ങണം എന്ന പരമ്പരാഗത ചിന്താഗതി അന്യംനിന്നുതുടങ്ങി എന്നര്‍ത്ഥം. ഒരു കടയുമില്ലാതെ ഓണ്‍ലൈനില്‍ ഒരു വെബ്‌സൈറ്റ്മാത്രം തുടങ്ങി കച്ചവടം ചെയ്യുന്ന എത്രയോപേര്‍. ഉപഭോക്താവിന്റെ മനോനിലയിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞു.

കുറഞ്ഞ ചിലവില്‍ ഉപഭോക്താവിന്റെ അടുക്കലെത്തുക

ചിലവ് കൂടിയ പരസ്യമാര്‍ഗ്ഗങ്ങളിലേക്ക് കടക്കാതെ തങ്ങളുടെ പോക്കറ്റുകള്‍ക്ക് താങ്ങാവുന്ന പരസ്യരീതികള്‍ അവലംബിക്കുകയാണ് തുടക്കക്കാര്‍ക്കും ചെറുകിടക്കാര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗം. അതിനായി ഇന്ന് ആശ്രയിക്കാവുന്ന ഒരേയൊരു മാര്‍ഗ്ഗം ഡിജിറ്റല്‍ മാര്‍ക്കെറ്റിംഗ് രീതിയാണ്. ഇതിനെ ബുദ്ധിപൂര്‍വ്വം കാര്യക്ഷമമായി ഉപയോഗിക്കുവാന്‍ കഴിഞ്ഞാല്‍ പരമ്പരാഗത പരസ്യരീതികളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ മികച്ച ഫലം നേടാന്‍ സാധിക്കും.

നാം ഉദ്ദേശിക്കുന്ന ടാര്‍ഗെറ്റ് ഗ്രൂപ്പിലേക്ക് കൃത്യമായി എത്തിച്ചേരുവാന്‍ സാധിക്കും എന്നതാണ് ഡിജിറ്റല്‍ മാര്‍ക്കെറ്റിംഗിന്റെ വലിയൊരു ഗുണം. ഉത്പ്പന്നത്തിനെക്കുറിച്ച് വിശ്വാസ്യതയുള്ള ഒരു അവബോധം ഉപഭോക്താവിന്റെ മനസില്‍ സൃഷ്ട്ടിക്കുവാന്‍ വളരെ നന്നായി തയ്യാറാക്കിയ ഡിജിറ്റല്‍ മീഡിയ കാമ്പെയിന് സാധിക്കും. കേവലം ഉത്പന്നത്തെ പരിചയപ്പെടുത്തുന്നതിനും അപ്പുറം ഒരു ബ്രാന്‍ഡ് ലോയല്‍റ്റി രൂപപ്പെടുത്തിയെടുക്കുവാന്‍ അത് നമ്മെ പിന്തുണയ്ക്കുന്നു.

ശക്തമായ സാന്നിദ്ധ്യം സൃഷ്ട്ടിക്കുക

ഉത്പ്പന്നങ്ങളെ ഡിജിറ്റല്‍ മീഡിയ വഴി പുറം ലോകത്തിന് നാം പരിചയപ്പെടുത്തുമ്പോള്‍ അത് അവയെ വെറുതെ പരിചയപ്പെടുത്തുകയല്ല മറിച്ച് അതിന്റെ വ്യക്തിത്വത്തെ നാം പുറംലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ചിലപ്പോള്‍ കേവലം പരസ്യങ്ങള്‍ കൊണ്ട് മാത്രം നേടിയെടുക്കുവാന്‍ കഴിയുന്ന സംഗതി അല്ല. കാണികളെ ”എന്‍ഗേജ്” ചെയ്യിക്കുവാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ ”ഉള്ളടക്കം” തയ്യാറാക്കപ്പെടണം.

ഉത്പന്നത്തിന്റെ ഒരു ചിത്രവുമായി അതിന്റെ വിവരണവുമടങ്ങുന്ന പരസ്യങ്ങള്‍ മാത്രം പോരാ ശ്രദ്ധ നേടിയെടുക്കുവാനും ഉപഭോക്താവ് ആകര്‍ഷിക്കപ്പെടുവാനും. ആ ഉത്പ്പന്നത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള, പ്രയോജനങ്ങളെക്കുറിച്ചുള്ള, മറ്റ് ഉത്പ്പന്നങ്ങളില്‍ നിന്ന് അതിനെ വ്യത്യസ്തമാക്കുന്ന പ്രത്വേകതകളെകുറിച്ചുള്ള വാര്‍ത്തകളും വീഡിയോകളും ഓണ്‍ലൈനില്‍ ലഭ്യമാക്കേണ്ടതുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയെടുക്കുവാന്‍ ആവശ്യമായ രീതിയില്‍ അതുപയോഗിക്കുന്നവരെ ”എന്‍ഗേജ്” ചെയ്യിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ ഉള്ളടക്കങ്ങള്‍ ഉണ്ടാക്കുകയാണ് ഏറ്റവും വലിയ വെല്ലുവിളി. ഓണ്‍ലൈനില്‍ നിറസാന്നിദ്ധ്യമാകുവാന്‍ കമ്പനിക്കും അതിന്റെ ഉത്പ്പന്നങ്ങള്‍ക്കും കഴിയണം. കമ്പനിയെക്കുറിച്ചുള്ള അതിന്റെ പ്രോമോട്ടേര്‍സിനെക്കുറിച്ചുള്ള നല്ല വാര്‍ത്തകളും വീഡിയോകളും ഉപഭോക്താക്കളില്‍ കൂടുതല്‍ വിശ്വാസ്യത ജനിപ്പിക്കും.

സെര്‍ച്ച് എഞ്ചിന്‍ ഒപ്ടിമൈസേഷന്‍, പേ ഫോര്‍ ക്ലിക്ക്, ഡിസ്‌പ്ലേ, സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ എന്നിവ വഴി ഉപഭോക്താക്കളിലേക്ക് എളുപ്പം എത്തിച്ചേരുവാന്‍ സോഷ്യല്‍ മീഡിയ മാര്‍ക്കെറ്റിംഗ് സഹായകരമാകും. പടിപടിയായി ബ്രാന്‍ഡിനെ ഉയര്‍ത്തിക്കൊണ്ടുവരാനും ഇത് ആവശ്യമാണ്. ഡിജിറ്റല്‍ മീഡിയ സാന്നിദ്ധ്യം ഇല്ലാത്ത ഒരു ഉത്പ്പന്നമോ കമ്പനിയോ ഇവിടെ നിലനില്ക്കുന്നുണ്ട് എന്ന് തിരിച്ചറിയാത്ത ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നു.

ബിസിനസുകള്‍ ശക്തമായ ഡിജിറ്റല്‍ മീഡിയ കാമ്പയിനുകള്‍ ആരംഭിക്കണം. പരമ്പരാഗതപരസ്യസങ്കേതങ്ങള്‍ക്ക് ഇല്ലാത്ത ശക്തി ഡിജിറ്റല്‍ മീഡിയക്ക് ഉണ്ട്. പരമ്പരാഗതമായ എല്ലാ മാര്‍ഗ്ഗങ്ങളെയും നമുക്ക് ഒഴിവാക്കുവാനാവില്ല. ഇത് രണ്ടും കൂടിച്ചേരുന്ന നമ്മുടെ ബജറ്റിനൊതുങ്ങുന്ന ഒരു മാര്‍ക്കെറ്റിംഗ് ചേരുവ ഉരുത്തിരിച്ചെടുക്കുവാന്‍ കഴിഞ്ഞാല്‍ ശക്തമായ ഒരു വിപണിസാന്നിദ്ധ്യം ഉറപ്പിക്കുവാന്‍ നമ്മുടെ ബിസിനസുകള്‍ക്ക് കഴിയും.

 

 

 

 

 

 

 

 

 

Leave a comment