നമുക്കും ലോകത്തിന്റെ നെറുകയിലെത്താം

നവകേരളത്തിന്റെ ബിസിനസ് സ്വപ്നങ്ങള്‍ എന്ന എന്റെ ലേഖനം വായിച്ചിട്ട് ഒരു സുഹൃത്ത് പറഞ്ഞു ”എത്ര മനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍”.

ഞാന്‍ ചോദിച്ചു ”എന്തുകൊണ്ട്?”

”ഇത് കേരളമാണ് ഇവിടെ ഇതൊന്നും നടക്കില്ല സുഹൃത്തേ” അയാള്‍ മറുപടി പറഞ്ഞു.

ഇത് കേരളമാണ് ഇവിടെയൊന്നും നടക്കില്ല ജനിച്ചപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ കാര്യം. അതിപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ അതൊരു പഴഞ്ചൊല്ല് പോലെയായിരിക്കുന്നു. പറഞ്ഞുപറഞ്ഞു എല്ലാവരും വിശ്വസിച്ചുപോയൊരു കാര്യം.

കേരളത്തില്‍ ഒന്നും നടക്കില്ലേ?

പിന്നെങ്ങിനെ നമ്മള്‍ നൂറുശതമാനം സാക്ഷരത കൈവരിച്ചു. പിന്നെങ്ങിനെ നമ്മള്‍ ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും രാഷ്ട്രീയസാക്ഷരതയിലും മുന്നിലെത്തി. പിന്നെങ്ങിനെ നമ്മള്‍ മറ്റ് പല വികസിത രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുവാന്‍ പാകത്തില്‍ നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയെ മാറ്റിമറിച്ചു. പിന്നെങ്ങിനെ മറ്റുള്ളവര്‍ക്ക് നമ്മെ പിന്തുടരുവാന്‍ മോഹിപ്പിക്കുന്ന രീതിയില്‍ കേരള മോഡല്‍ വികസനം നടപ്പിലാക്കി.

അല്ല. എന്നാലും കേരളത്തില്‍ ഒന്നും നടക്കില്ല. ഇതൊരു ”ക്ലീഷേ” ആയി മാറിക്കഴിഞ്ഞിരിക്കുന്നു. നമ്മള്‍ അങ്ങനെ പറഞ്ഞു ശീലിച്ചു പോയിരിക്കുന്നു എന്നുള്ളതാണ് വാസ്തവം.

ബാങ്ക്, പി എസ് സി ടെസ്റ്റുകള്‍ എഴുതി ജോലി ലഭിച്ച് സുഖകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം എന്ന് ചിന്തിക്കുന്ന ഒരു സമൂഹം മാറിച്ചിന്തിക്കാതെ കേരളത്തില്‍ ബിസിനസ് വളരുമോ? അതല്ല കേരളത്തില്‍ ഒന്നും നടക്കില്ല എന്ന് വരും തലമുറകളെ പറഞ്ഞു പഠിപ്പിക്കുന്ന നമ്മുടെ മനോഗതി മാറാതെ ഇവിടെ വ്യവസായവിപ്ലവം വരുമോ? സംശയമാണ്. നമുക്ക് വേണ്ട മാറ്റം കാഴ്ച്ചപ്പാടുകളിലാണ്. ഒന്നും നടക്കില്ല എന്ന ചിന്തയില്‍ നിന്നും എല്ലാം നടത്താം എന്ന ചിന്തയിലേക്ക് അധിക ദൂരമില്ല. ആ ചിന്താമാറ്റം തന്നെ വലിയൊരു വിപ്ലവം സൃഷ്ട്ടിക്കും.

ഇവിടെ വ്യവസായം ഇല്ലേ?

തീര്‍ച്ചയായും കേരളത്തില്‍ വ്യവസായങ്ങള്‍ ഉണ്ട്. കേരളത്തിന്റെ ജി ഡി പിയിലേക്ക് അവ 25.6% സംഭാവന നല്‍കുന്നുമുണ്ട്. 63.1 % നല്‍കുന്ന സേവനങ്ങളും 11.3% നല്‍കുന്ന കൃഷിയും ഇവിടെയുണ്ട്. അപ്പോള്‍ വ്യവസായങ്ങളോ സേവനങ്ങളോ കൃഷിയോ ഇല്ലാത്തതല്ല നമ്മുടെ വിഷയം. ഇത്രയും വ്യവസായങ്ങള്‍ക്കും കൃഷിക്കുമൊക്കെ ഇവിടെ പ്രവര്‍ത്തിക്കാമെങ്കില്‍ ഇനി വരുന്നവക്ക് എന്തുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ ആവില്ല? എന്തെകിലുമൊക്കെ നടക്കുന്ന ഒരവസ്ഥയില്‍ നിന്നും അടുത്ത തലത്തിലേക്ക് ഉയര്‍ത്തുകയല്ലേ നമ്മുടെ കടമ?

സാമൂഹ്യാന്തരീക്ഷത്തില്‍ വന്ന മാറ്റം

കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി വളരെ പോസിറ്റീവ് ആയ ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വിദ്യാഭ്യാസം കഴിഞ്ഞാല്‍ പിന്നെ ലക്ഷ്യം ഗവണ്മെന്റ് ജോലി എന്ന ചിന്തക്ക് മാറ്റം വന്നു തുടങ്ങി. ബിസിനസിനോടുള്ള ഭയം നീങ്ങിത്തുടങ്ങി. റിസ്‌ക് എടുക്കാന്‍ സന്നദ്ധരായിട്ടുള്ള കൂടുതല്‍ പേര്‍ ബിസിനസുകള്‍ തുടങ്ങാന്‍ മുന്നോട്ട് വന്നുതുടങ്ങി. ഇങ്ങിനെ മുന്നോട്ടുവരുന്ന സംരംഭകരെ സഹായിക്കുവാന്‍ സര്‍ക്കാര്‍ മെഷിനറികളും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ തയ്യാറായി. കേരളത്തിന്റെ വ്യവസായാന്തരീക്ഷത്തില്‍ വന്ന ഈ മാറ്റം കൂടുതല്‍ സംരംഭകരെ ബിസിനസിലേക്കിറങ്ങുവാന്‍ പ്രേരിപ്പിച്ച് തുടങ്ങി.

വ്യവസായം തുടങ്ങുവാന്‍ ഇറങ്ങുന്ന ഒരാള്‍ മനം മടുത്ത് തിരിച്ചുപോകുന്ന ഒരവസ്ഥക്ക് കുറേയൊക്കെ ഭേദം വന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന സ്ഥിതിയെക്കാള്‍ എത്രയോ ഭേദമായിരിക്കുന്നു ഇപ്പോള്‍. ജനങ്ങള്‍ക്ക് ബിസിനസിനോടുള്ള ആഭിമുഖ്യം വര്‍ദ്ധിച്ചതും സര്‍ക്കാര്‍ നയങ്ങളില്‍ വന്ന വ്യത്യാസങ്ങളും കേരളത്തിനെ കുറച്ചെങ്കിലും വ്യവസായ സൗഹൃദ സംസ്ഥാനമാക്കിയിട്ടുണ്ട്.

താരതമ്യം ചെയ്യുമ്പോള്‍

രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പ്രകൃതി വിഭവങ്ങളും മറ്റ് വിഭവശക്തികളും നമുക്ക് വേണ്ടവിധം ഉപയോഗിക്കുവാനായിട്ടുണ്ടോ എന്നത് നാം തുറന്ന് ചിന്തിക്കേണ്ട വസ്തുതയാണ്. നമ്മുടെ പരമ്പരാഗത വ്യവസായങ്ങള്‍ക്ക് വന്ന തകര്‍ച്ച നമ്മുടെ വ്യവസായരംഗത്ത് ഒരു കനത്ത തിരിച്ചടിയായിട്ടുണ്ട്. പ്രകൃതി വിഭവങ്ങളേയും പരമ്പരാഗത വ്യവസായങ്ങളേയും ഉപയോഗിച്ച് നമ്മുടെ തനതായ ഉത്പ്പന്നങ്ങളും സേവനങ്ങളും ലോകം മുഴുവന്‍ നമുക്ക് എത്തിക്കാനാവുമായിരുന്ന വലിയൊരു നേട്ടം നമുക്ക് മുതലെടുക്കുവാന്‍ കഴിഞ്ഞില്ല എന്നതും നാം ആത്മപരിശോധന നടത്തേണ്ട ഒന്നാണ്.

വ്യവസായരംഗത്തും കൃഷിയിലും തമിഴ്നാടിനുണ്ടായത് പോലെയോ വിവരസാങ്കേതികതാരംഗത്തും ബയോടെക്‌നോളജിയിലും ആന്ധ്രാപ്രദേശിനുണ്ടായതോ പോലെയോ ഒരു നേട്ടം നമുക്ക് കൈവരിക്കാന്‍ കഴിയാതെപോയതിന് നിരവധി കാരണങ്ങളുണ്ട്. വ്യവസായനയ രൂപീകരണം മുതല്‍ അത് നടപ്പിലാക്കുന്നതിന്റെ കാര്യക്ഷമത വരെ അതില്‍ വിഷയങ്ങളായിട്ടുണ്ട്. കൂടുതല്‍ കൃത്യതയാര്‍ന്ന ലക്ഷ്യങ്ങളോടെ മുന്നോട്ട് നീങ്ങിയാല്‍ മാത്രമേ നാം ഉദ്ദേശിക്കുന്ന ഒരു വ്യവസായവളര്‍ച്ച കേരളത്തിനുണ്ടാകുകയുള്ളൂ.

ഉണ്ടാക്കുന്നതിനേക്കാള്‍ നാം ഉപയോഗിക്കുവാന്‍ ഇഷ്ട്ടപ്പെടുന്നു

ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആണ് എന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്നവരാകുന്നു നമ്മള്‍. ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനേക്കാള്‍ മറ്റുള്ളവര്‍ ഉണ്ടാക്കുന്നത് ഉപയോഗിക്കുന്നത് ഇഷ്ട്ടപ്പെടുന്നവര്‍. അരിയും പച്ചക്കറികളും ഉള്‍പ്പെടെ ജീവസന്ധാരണത്തിന് ആവശ്യമായ എല്ലാം മറ്റുള്ളവരില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നവര്‍.

മൂന്നരക്കോടി ജനസംഖ്യയുള്ള കേരളം വലിയൊരു വിപണിയാണ്. എന്നാല്‍ ആ വിപണി ഉപയോഗിക്കുന്നവര്‍ മറ്റുള്ളവരും. കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പ്പന്നങ്ങളെക്കാള്‍ നമ്മള്‍ ഉപയോഗിക്കുന്നത് പുറത്തുനിന്നും എത്തുന്ന ഉത്പന്നങ്ങളാണ്. ഈ വിപണിയുടെ യഥാര്‍ത്ഥ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത് മലയാളികളല്ല. നമ്മുടെ വിപണിയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുവാനാകാതെ നമ്മുടെ ഉത്പ്പന്നങ്ങള്‍ക്ക് വിപണിയില്ലാതെ നാം അലയുകയാണ്.

വിപണി കണ്ടെത്തുക എന്ന വലിയ ദൗത്യം

കേരളത്തില്‍ ബിസിനസ് ആരംഭിക്കുന്ന ഒരു സംരഭകന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തന്റെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്നതാണ്. കേരളത്തിലെ വിപണി ഉത്പ്പന്നങ്ങളാല്‍ സമ്പന്നമാണ്. ചെറുകിട വ്യാപാരിക്കള്‍ക്ക് വിപണിയിലെ ഭീമന്മാരുമായി മത്സരിച്ച് വിജയിക്കുക അസാദ്ധ്യം. കയ്യിലുള്ളതൊക്കെ വിറ്റുപെറുക്കി പോരാത്തത് വായ്പ്പയുമെടുത്ത് തുടങ്ങുന്ന സംരംഭങ്ങള്‍ വിജയിപ്പിക്കുവാന്‍ അസാധാരണ മെയ് വഴക്കം തന്നെ വേണം.

സാധാരണ ചെറുകിടക്കാര്‍ തുടങ്ങുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് കേരളത്തിന് പുറത്ത് വിപണി കണ്ടെത്തുകയും വലിയൊരു വെല്ലുവിളിയാണ്. ആഗോളവത്ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ കിടമത്സരം വളരെ കൂടുതലാണ്. അതിനോട് മല്ലിടാന്‍ ഇത്തരം സംരംഭകര്‍ക്ക് കെല്പ്പുമില്ല. വിശാലമായ നമ്മുടെ വിപണിയെ യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നത് മറ്റുള്ളവരാണ്. ചെറുകിടവ്യവസായികള്‍ക്ക് വളര്‍ന്നു വരാനുള്ള ഒരു വിപണി സൃഷ്ട്ടിക്കുക തന്നെയാവണം നമ്മുടെ ലക്ഷ്യം.

കേരളത്തിന്റെ തനതായ ഉത്പ്പന്നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക

ഇന്ന് ലോകം ഒരൊറ്റ വിപണിയാണ്. ലോകത്തിന്റെ ഏതുകോണില്‍ ഉണ്ടാക്കുന്ന ഏതുല്‍പ്പന്നവും ലോകത്തില്‍ എവിടേയും വിപണനം ചെയ്യാം. നമ്മുടെ തനതായ പരമ്പരാഗതമായ ഉത്പ്പന്നങ്ങള്‍ മികച്ച ഗുണമേന്മയോടുകൂടി വിശാലമായ ഈ ലോകത്തേക്ക് എത്തിക്കുവാന്‍ നമുക്ക് കഴിയണം. കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അത്തരം തനത് ഉത്പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് ലോകവിപണിയില്‍ എത്തിക്കുവാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണ്. ഇതൊരു ”നിഷ് മാര്‍ക്കറ്റ്” ആണ്. കിടമത്സരങ്ങളില്‍ നിന്നും ഒഴിഞ്ഞ് നമ്മുടെ സ്വന്തമായ വിപണി നമുക്ക് കണ്ടെത്തുവാന്‍ കഴിയും. നമ്മുടെ പ്രകൃതിവിഭവങ്ങളെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുവാന്‍ കഴിഞ്ഞാല്‍, അതിനായി സംരംഭകരെ തയ്യാറെടുപ്പിക്കുവാന്‍ കഴിഞ്ഞാല്‍ വലിയൊരു വിപ്ലവം തന്നെ നമുക്ക് സൃഷ്ട്ടിക്കുവാന്‍ സാധിക്കും.

മുന്‍പേ ഗമിക്കും ഗോവുതന്‍ പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം

ചെറുകിടവ്യവസായ രംഗത്തുള്ള മറ്റൊരു പ്രവണത വിപണിയില്‍ ധാരാളം ലഭിക്കുന്ന ഉത്പ്പന്നം ആണെങ്കില്‍ പോലും പുതുതായി വരുന്ന വ്യവസായങ്ങള്‍ അവ വീണ്ടും വീണ്ടും ഉത്പാദിപ്പിച്ച്‌കൊണ്ടേയിരിക്കുന്നു. ഒരാള്‍ ചെയ്യുന്നത് പകര്‍ത്തുന്നു. അത്രേയുള്ളൂ. വിപണിയിലേക്ക് ഇറങ്ങുമ്പോള്‍ തന്റെ ഉത്പന്നം വില്‍ക്കുവാന്‍ സാധിക്കുമോ എന്ന് വിലയിരുത്തിയിട്ടല്ല പലപ്പോഴും സംരംഭകന്‍ ഇത് ചെയ്യുന്നത്. ശക്തമായ മത്സരം ഇപ്പോള്‍ തന്നെ ഉള്ള വിപണിയില്‍ പുതുതായി മത്സരിക്കുവാന്‍ എത്തുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെയാകുന്നു. മത്സരം മുറുകുന്നതോടെ വിലയിലും മേന്മയിലുമൊക്കെ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. ഇത് സംരംഭത്തെ നഷ്ട്ടത്തിലേക്ക് എത്തിക്കുന്നു.

വ്യത്യസ്തങ്ങളായ മികച്ച ഉത്പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക

നൂതനങ്ങളായ വ്യത്യസ്തങ്ങളായ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് വളരെയേറെ പഠനവും തയ്യാറെടുപ്പുകളും ആവശ്യമാണ്. എടുത്തുചാടി ഒരുത്പന്നം ഉണ്ടാക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് അതിന്റെ ഉത്പാദനത്തെക്കുറിച്ചും വിപണിസാദ്ധ്യതകളെക്കുറിച്ചും കൃത്യമായ അവബോധത്തോടെ സംരംഭം ആരംഭിക്കുന്നതാണ്. ഒരുത്പന്നം ബീജാവാപം ചെയ്യുമ്പോള്‍ അത് കേരളത്തിലെ മാര്‍ക്കെറ്റിന് മാത്രം ഇണങ്ങുന്ന ഒന്ന് എന്ന കാഴ്ച്ചപ്പാടിനെക്കാള്‍ ലോകത്തെവിടേയും വിപണനം ചെയ്യാനാവുന്ന ഒന്ന് എന്ന ലക്ഷ്യം ഉണ്ടാകണം. അത് അത്തരമൊരു ഉത്പന്നത്തെ മികച്ചതാക്കും.

ഇതിനായി സര്‍ക്കാര്‍ തന്നെ വലിയൊരു ഗവേഷണ വിഭാഗം സ്ഥാപിക്കേണ്ടതുണ്ട്. കേരളത്തിന്റെ മനുഷ്യവിഭവശേഷി ഉപയോഗിച്ച്, മികച്ച മേന്മയുള്ള അന്താരാഷ്ട്രമാര്‍ക്കെറ്റില്‍ നമുക്ക് വില്‍ക്കാന്‍ കഴിയുന്ന കേരളത്തിന്റെ സ്വന്തമായ ഉത്പ്പന്നങ്ങള്‍ ഇവിടെ വികസിപ്പിച്ചെടുക്കുവാന്‍ നമുക്ക് സാധിക്കണം. അതിനുള്ള വിപണി കണ്ടെത്തുകയും വിജയിപ്പിക്കുവാനാവശ്യമായ സഹായസഹകരണങ്ങള്‍ ചെയ്യുവാനും സര്‍ക്കാരിന് കഴിഞ്ഞാല്‍ ഇപ്പോള്‍ ചെറുകിട വ്യവസായികള്‍ ചെയ്തുകൊണ്ടിരിക്കുന്ന സംരംഭങ്ങള്‍ക്ക് വലിയൊരു മാറ്റം കൊണ്ടുവരാന്‍ സാധിക്കും.

 

 

 

നിലവാരമുള്ള പരിശീലനം

മികച്ച സംരംഭകരെ വാര്‍ത്തെടുക്കുവാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനങ്ങള്‍ നല്‍കുവാന്‍ നമുക്ക് കഴിയണം. ഇന്നും നാം അരിപ്പൊടി ഉണ്ടാക്കുന്നതും, തിന്നര്‍ ഉണ്ടാക്കുന്നതും, കര്‍പ്പൂരം ഉണ്ടാക്കുന്നതും പരിശീലിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇതൊന്നും മോശമാണ് എന്നല്ല അര്‍ത്ഥം. എന്നാല്‍ കൂടുതല്‍ വിപണി സാധ്യതകളുള്ള കേരള വിപണിക്കപ്പുറം വളരാന്‍ സാദ്ധ്യതയുള്ള ഉത്പ്പന്നങ്ങള്‍ നമുക്കുണ്ടാകണം. ലോകവിപണിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരു ഗവേഷണ ടീം ഇവിടെയുണ്ടാകണം. ലോക വിപണി പഠിച്ച് അത് നമ്മുടെ സംരംഭകര്‍ക്ക് പകര്‍ന്ന് നല്‍കുവാന്‍ കഴിവുള്ള പരിശീലകരെ നാം ഇവിടെ സൃഷ്ട്ടിക്കണം. വേണമെങ്കില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളിലുള്ള പരിശീലനങ്ങള്‍ക്കായി സംരംഭകര്‍ക്ക് സഹായങ്ങള്‍ നല്കണം.

സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും ഡി ഐ സിയുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലക്ഷ്യബോധത്തോടെ

സംരംഭങ്ങള്‍ വരിക എന്നത് മാത്രമല്ല അവയുടെ വിജയം കൂടി ലക്ഷ്യമാകണം. മികച്ച ആശയങ്ങള്‍ വിജയത്തില്‍ എത്തണമെന്നുണ്ടെങ്കില്‍ അതിന് ദീര്‍ഘകാലമായ ശ്രദ്ധ ആവശ്യമുണ്ട്. കാരണം അത്തരം ആശയങ്ങള്‍ മൂര്‍ത്തരൂപത്തില്‍ എത്തിക്കുക മാത്രമല്ല വിപണിയിലെ വിജയം കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഓരോ ആശയത്തിന്റെയും വിപണന സാദ്ധ്യതകളും അവയുടെ വെല്ലുവിളികളും വിശകലനം ചെയ്യേണ്ടതുണ്ട്. കണ്ടെത്തുന്ന വെല്ലുവിളികളെ നേരിടുവാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടാവണം വലിയൊരു നിക്ഷേപത്തിന് മുതിരേണ്ടത്.

നല്ലൊരു ആശയത്തെ പ്രോത്സാഹിപ്പിക്കുക എന്നത് മാത്രമാവരുത് ലക്ഷ്യം. വിപണിയിലെ വിജയം ഉറപ്പുവരുത്തുവാന്‍ ആവശ്യമായ പഠനവും ഗവേഷണവും നടത്തുവാന്‍ സംരംഭകനെ പരിശീലിപ്പിക്കേണ്ടതുണ്ട്. വിപണി കണ്ടെത്തുന്ന തന്ത്രങ്ങള്‍ സംരംഭകര്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ കഴിയുന്ന വിദഗ്ദ്ധരുടെ സേവനം തേടേണ്ടതുണ്ട്. അത് അന്താരാഷ്ട്രനിലവാരത്തില്‍ തന്നെ അവരെ പരിശീലിപ്പിക്കുകയും വേണം. ഇപ്പോഴുള്ള കാഴ്ചപ്പാടുകളും ചെറിയ വീക്ഷണവും മാറിയാല്‍ മാത്രമേ പുതിയൊരു സംരംഭകത്വ സംസ്‌ക്കാരം ഉദയം കൊള്ളുകയുള്ളൂ.

വലിയ വ്യവസായങ്ങള്‍ വരണം

കേരളത്തില്‍ വലിയ വ്യവസായങ്ങളില്‍ നിക്ഷേപിക്കുവാന്‍ സംരംഭകര്‍ മുന്നോട്ട് വരേണ്ടതുണ്ട്. നമ്മുടെ ഭൂപ്രകൃതി അനുസരിച്ച് ഭൂമിയുടെ ലഭ്യതയും മറ്റ് സൗകര്യങ്ങളും അനുസരിച്ച് വ്യവസായങ്ങളെ കേരളത്തിലേക്ക് കൊണ്ട് വരാന്‍ സര്‍ക്കാരിന് സാധിക്കണം. ഇതിനായി ലാന്‍ഡ് ബാങ്ക് രൂപീകരിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞാല്‍ ഭൂമിയുടെ ലഭ്യത ഉറപ്പുവരുത്തുവാന്‍ കഴിയും. പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്‌നര്‍ഷിപ്പുകള്‍ വഴി ഇതിനായുള്ള മൂലധനം സ്വരൂപിക്കുവാന്‍ നമുക്ക് സാധിക്കും. മികച്ച വ്യവസായങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാന്‍ തക്കശക്തമായ നയരൂപീകരണം അതിനെ പിന്താങ്ങും.

കേരളം ലോകത്തിന് മുന്നില്‍ വെക്കുന്ന സന്ദേശം ”മേന്മ” എന്നതാവട്ടെ

ആഗോള വിപണിയില്‍ മത്സരിക്കുവാന്‍ കഴിവുള്ള ഏറ്റവും മികച്ച ഗുണമേന്മയുള്ള നമ്മുടെ തനതായ ഉത്പ്പന്നങ്ങള്‍ നമുക്ക് നിര്‍മ്മിക്കുവാന്‍ കഴിയുമോ? കേരളത്തില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഉത്പ്പന്നങ്ങളുടെ മേന്മ ലോകം മുഴുവന്‍ നമുക്കെത്തിക്കുവാന്‍ കഴിയുമോ? എങ്കില്‍ നാം വിപണിയെ തേടി നടക്കേണ്ടതില്ല. വിപണി നമ്മെ തേടിയെത്തും. ആരോഗ്യത്തിനും സുരക്ഷക്കും പ്രാധാന്യം നല്‍കുന്ന ഒരു സമൂഹം ലോകം മുഴുവന്‍ രൂപപ്പെടുകയാണ്. മെച്ചപ്പെട്ട ഉത്പ്പന്നങ്ങള്‍ തേടി ഇനി ലോകം നമുക്കരികിലേക്ക് എത്തണം. ഇതൊരു സ്വപ്നമല്ല. നമുക്കത് യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിയും.

ലോകത്തെ ഏത് മികച്ച കമ്പനികള്‍ എടുത്താലും അവിടെ മലയാളികളുണ്ട്. ബുദ്ധിമാനായ, ഊര്‍ജ്ജസ്വലനായ, മിടുക്കനായ മലയാളി. നന്മകളും കഴിവുകളും അനുഗ്രഹങ്ങളും നമുക്ക് വാനോളമുണ്ട്. വലിയൊരു വ്യത്യാസം വരേണ്ടത് നമ്മുടെ കാഴ്ചപ്പാടുകള്‍ക്കാണ്. ബിസിനസ് പണം മാത്രമല്ല സമൂഹത്തിന് നല്‍കുന്നത് മറിച്ച് വലിയൊരു സംസ്‌ക്കാരവും കൂടിയാണ്. മനസിന്റെ ചെറിയ മതില്‍ക്കെട്ടുകള്‍ പൊട്ടിച്ചെറിയുവാനും വലിയൊരു കാന്‍വാസില്‍ ചിന്തിക്കുവാനും നമുക്ക് കഴിയണം. നമുക്ക് വേണ്ടത് കേരളത്തില്‍ വേരൂന്നിയ ലോകം മുഴുവന്‍ ശിഖിരങ്ങള്‍ വിരിക്കുന്ന ബിസിനസുകളാണ്.

വ്യവസായം സംസ്‌കാരമാവണം

ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെയുള്ള ചുവടുകളാണ് വേണ്ടത്. ബിസിനസുകള്‍ തഴച്ചുവളരാന്‍ പാകത്തില്‍ നമ്മുടെ സാമൂഹ്യാന്തരീക്ഷം പരുവപ്പെടണം. മൂലധനം ബിസിനസുകളുടെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്. മൂലധനത്തിന്റെ സുഗമമായ ഒഴുക്ക് സമൂഹത്തിലുണ്ടാകണം. അതിനായി കുറേക്കൂടി ആഴത്തിലുള്ള കാഴ്ചപ്പാട് സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും ഉണ്ടാകണം. ഒരു വ്യക്തിയുടെ ആവശ്യമെന്നതിലുപരി ഒരു സമൂഹത്തിന്റെ ആവശ്യമാണ് വ്യവസായങ്ങള്‍ എന്ന് നാം മനസിലാക്കിയാല്‍ മാത്രമേ മികച്ച ഒരു വ്യവസായ സംസ്‌ക്കാരം ഉടലെടുക്കൂ. സംരംഭകത്വത്തിന്റെ വളര്‍ച്ച മാത്രം ലക്ഷ്യംവെക്കുന്നതും അതിനായി പ്രവര്‍ത്തിക്കുന്നതുമായ ഒരു സംരംഭകത്വ വികസന വകുപ്പ് (Entrepreneurship Development Department) രൂപീകരിക്കുന്ന കാര്യം സര്‍ക്കാരിന് ഇത്തരുണത്തില്‍ ആലോചിക്കാവുന്നതാണ്.

 

 

 

Leave a comment