നഷ്ട്‌പ്പെടുന്ന പ്രണയങ്ങള്‍

അയാളുടെ മുന്നിലെ ചൂളയില്‍ ഒരിരുമ്പു കഷ്ണം ചുട്ടുപഴുക്കുന്നുണ്ടായിരുന്നു. ചുവന്ന കനലുകള്‍ക്ക് നടുവില്‍ അത് മറ്റൊരു കനലുപോലെ ജ്വലിച്ചു നിന്നു. കനലുകളുടെ ചുവപ്പ് അയാളുടെ മുഖത്തുമുണ്ടായിരുന്നു. സ്വതവേ ധാരാളം സംസാരിക്കുമായിരുന്ന അയാള്‍ അന്ന് നിശബ്ദനായിരുന്നു. കണ്ണുകളില്‍ കടുത്ത വെറുപ്പ് നിറഞ്ഞിരുന്ന അയാളുടെ ശരീരം ക്ഷോഭത്താല്‍ വിറച്ചിരുന്നു.

ഞാന്‍ അയാള്‍ക്കരികില്‍ ഇരുന്നു. എന്റെ സാമീപ്യം അയാള്‍ക്ക് ഇഷ്ട്ടമായിരുന്നു. അയാള്‍ മനസ് തുറന്ന് സംസാരിക്കുന്നൊരാള്‍ ഞാന്‍ മാത്രമായിരുന്നു. അയാളുടെ ജീവിതം പകല്‍ പോലെ എനിക്കറിയാമായിരുന്നു. ഞാന്‍ കാണുമ്പോഴൊക്കെ അയാള്‍ സന്തോഷവാനായിരുന്നു. അയാളുടെ ആലയില്‍ അയാള്‍ ചുട്ടെടുക്കുന്ന ഓരോ ഇരുമ്പുകഷ്ണത്തിനും ജീവനുണ്ടായിരുന്നു.

ഇന്നെന്തുകൊണ്ടോ അയാള്‍ ഒന്നും സംസാരിക്കുന്നില്ല. ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് കുറച്ചധികം ദിവസങ്ങളായി. യാത്രകള്‍ ഉള്ളപ്പോള്‍ അങ്ങിനെയാണ് നമുക്ക് പ്രിയപ്പെട്ട പലതും മാറ്റിവെക്കേണ്ടതായി വരും. ഞാന്‍ ഒരു യാത്ര കഴിഞ്ഞ് എത്തിയതേയുള്ളൂ. അന്നത്തെ അയാളുടെ ഭാവം എനിക്ക് അപരിചിതമായിരുന്നു. ഇന്നുവരെ അത്ര ദുഖിതനായി, ക്ഷുഭിതനായി ഞാന്‍ അയാളെ കണ്ടിരുന്നേയില്ല.

”എന്ത് പറ്റി” അവസാനം ഞങ്ങള്‍ക്കിടയിലെ മൗനത്തെ ഞാന്‍ ഒരു മഴു കൊണ്ട് വെട്ടിപ്പിളര്‍ന്നു. എന്റെ ശബ്ധം പെട്ടെന്ന് കേട്ടപ്പോള്‍ അയാള്‍ ഞെട്ടി. കാരണം അയാള്‍ ആഴത്തില്‍ ഏതോ ചിന്തയിലായിരുന്നു. മഴപെയ്ത് തോരുമ്പോള്‍ ഇലത്തുമ്പില്‍ നിന്നും ഇറ്റുവീഴുന്ന വെള്ളം പോല്‍ വാക്കുകള്‍ അയാളുടെ ചുണ്ടില്‍ നിന്നും അടര്‍ന്നു വീണു. ”അവള്‍ പോയി” അയാള്‍ പറഞ്ഞു.

അവര്‍ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. അയാള്‍ക്കൊപ്പം എല്ലാവരെയും ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നവള്‍. നീണ്ട പത്തുവര്‍ഷങ്ങള്‍ക്കൊടുവില്‍ അയാള്‍ക്കൊപ്പമുള്ള ജീവിതം മതിയാക്കി അവള്‍ ആരുടെയോ കൂടെ ഇറങ്ങിപ്പോയി. അതയാള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അയാളുടെ കണ്ണുകളില്‍ സങ്കടമായിരുന്നില്ല വെറുപ്പായിരുന്നു.

”ഞാനവളെ എന്റെ ജീവനെക്കാളേറെ സ്‌നേഹിച്ചിരുന്നു. അവള്‍ക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. കുട്ടികള്‍ ഇല്ല എന്ന സങ്കടം മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളു. എന്തിന് അവള്‍ ഇത് ചെയ്തു എന്ന് എനിക്കറിയില്ല. ഞാനുണ്ടാക്കുന്ന ഈ കത്തി അവള്‍ക്കുള്ളതാണ്. അവളെ അവനൊപ്പം ജീവിക്കുവാന്‍ ഞാന്‍ സമ്മതിക്കില്ല.”

ഇത്തരം നിമിഷങ്ങള്‍ വളരെ പ്രയാസകരമാണ്. ഇവിടെ വാക്കുകള്‍ക്ക് ദുഖത്തെ ശമിപ്പിക്കുവാനാകില്ല. അയാള്‍ക്ക് നഷ്ട്ടപ്പെട്ടത് അയാളുടെ ജീവിതമാണ്, പ്രണയമാണ്. ആ നഷ്ട്ടത്തെ വാക്കുകള്‍ കൊണ്ട് നികത്തുവാനാകില്ല. ഞാനും അല്‍പ്പസമയം നിശബ്ധതയിലേക്കാണ്ടു. നിശബ്ദതയുടെ കനത്ത വേദനയില്‍ ഞാന്‍ അയാളോട് ചോദിച്ചു ”നിങ്ങള്‍ക്കിടയില്‍ ആ പഴയ പ്രണയം എപ്പോഴുമുണ്ടായിരുന്നുവോ.”

”എനിക്കവള്‍ ജീവനായിരുന്നു. ഒരിക്കലും പ്രണയം പഴയ തീവ്രതയില്‍ നിലനില്‍ക്കുകയില്ല. ജീവിതത്തിന്റെ പ്രാരാബ്ധങ്ങള്‍ അതിനെ നേര്‍പ്പിക്കും. വൈകുന്നേരങ്ങളില്‍ എന്റെ മദ്യപാനം അവളെ ദുഖിപ്പിച്ചിരുന്നു. നേരം വെളുക്കുമ്പോള്‍ ആലയിലേക്ക് പോരുന്ന ഞാന്‍ രാത്രിയാണ് വീട്ടില്‍ തിരികെ എത്തുന്നത്. ചിലപ്പോള്‍ ഏകാന്തത അവളെ മടുപ്പിച്ചു കാണും.” അയാള്‍ പറഞ്ഞു നിര്‍ത്തി.

”അവളോട് സ്‌നേഹമുണ്ടെന്ന് നിങ്ങള്‍ അവസാനം പറഞ്ഞത് എപ്പോഴാണ്” ഞാന്‍ ചോദിച്ചു. അയാള്‍ എന്നെ ഒരു അപൂര്‍വ്വജീവിയെപ്പോലെ നോക്കി. പിന്നീട് ചിന്തയുടെ ആഴങ്ങളിലേക്ക് പോയി ഒരുത്തരം തപ്പിയെടുത്തു. ”വര്‍ഷങ്ങളായിട്ടുണ്ടാകാം. പക്ഷേ അവളെ എനിക്കിഷ്ട്ടമായിരുന്നു. അത് ഞാന്‍ എപ്പോഴും പറയേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ. അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിച്ചിരുന്നത് തന്നെ.”

അയാളുടെ മുഖത്തേക്ക് നോക്കി ഞാനിരുന്നു. അയാളുടെ കണ്ണുകളിലെ വെറുപ്പ് സങ്കടമായി പരിണമിച്ചു കഴിഞ്ഞു. രാവിലെ വീട്ടില്‍ നിന്നും പോരുന്ന, രാത്രി വൈകി മദ്യപിച്ചു കടന്നു വരുന്ന ഭര്‍ത്താവിനെ തന്റെ എകാന്തതക്കിടയിലെപ്പോഴോ അവള്‍ വെറുത്ത് തുടങ്ങിയിട്ടുണ്ടാകും എന്നയാളോട് ഞാനെങ്ങിനെ പറയും. പ്രണയം വെറും ഭോഗമായി മാറിയ ജീവിതത്തില്‍ തന്റെ മനസ് നഷ്ട്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ വ്യഥകള്‍ അയാള്‍ക്ക് മനസിലാക്കാവുന്നതിനുമപ്പുറമാണ്.

ഞാന്‍ എഴുന്നേറ്റ് മെല്ലെ പുറത്തേക്ക് നടന്നു. അവളുടെ മനസിലെ അസ്തമിച്ച പ്രണയംപോലെ അയാളുടെ ചൂളയിലെ കനലുകള്‍ കെട്ടുതുടങ്ങിയിരുന്നു. പൂര്‍ത്തിയാകാത്ത ഒരു പ്രതികാരം പോലെ ആ ഇരുമ്പുകഷ്ണം അതില്‍ ചത്തുകിടന്നു. അയാളുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ചുട്ടുപഴുത്ത നിലത്തേക്കു വീഴുന്നുണ്ടായിരുന്നു.

നമുക്കൊപ്പമുള്ളവര്‍ നമ്മുടെ സ്‌നേഹം അറിയണം. അത് മനസില്‍ കൂട്ടിവെക്കാനുള്ള നിധിയല്ല. ഞാന്‍ സ്‌നേഹിക്കുന്നു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? സ്‌നേഹം പ്രവര്‍ത്തികളിലൂടെ വെളിവാകേണ്ടതാണ്. പ്രണയത്തിന്റെ തീഷ്ണത ജീവിതത്തില്‍ നമുക്ക് നഷ്ട്ടമാവാതിരിക്കട്ടെ.

 

 

Leave a comment