പൂക്കള്‍ നഷ്ട്‌പ്പെടുന്ന മിഴികള്‍

രാവിലെ എഴുന്നേറ്റ് പൂമുഖത്തേക്കുള്ള വാതില്‍ കടന്ന് പുറത്തേക്ക് നോക്കിയ അയാള്‍ ഞെട്ടിപ്പോയി.

അതാ, തലേദിവസം വരെ പൂക്കള്‍ നിറഞ്ഞുനിന്ന തന്റെ പൂന്തോട്ടം പൂക്കളില്ലാതെ ശൂന്യമായിരിക്കുന്നു. ചെടികളിലെ പൂക്കളെല്ലാം പൂര്‍ണ്ണമായും അപ്രത്യക്ഷമായിരിക്കുന്നു. തലേ ദിവസം ഉറങ്ങാന്‍ പോകുമ്പോഴും അവയെല്ലാം അവിടെത്തന്നെ ഉണ്ടായിരുന്നു. ഒരു രാത്രി കഴിഞ്ഞപ്പോഴേക്കും ഇത് എന്തുസംഭവിച്ചു?

പൂക്കള്‍ അയാളുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. രാവിലെ എഴുന്നേറ്റ് അവര്‍ക്കിടയിലൂടെ വര്‍ത്തമാനം പറഞ്ഞ് ഉലാത്തുക ഒരു പതിവായിരുന്നു. പൂക്കളുടെ ഭാഷ അയാള്‍ക്ക് മനസിലാകുമായിരുന്നു. അതുപോലെ തന്നെ അയാളുടെ ഭാഷ അവര്‍ക്കും. സാധാരണ മനുഷ്യരുമായി സംവേദിക്കുംപോലെ അവരുമായി അയാള്‍ക്ക് സംവേദിക്കുവാന്‍ സാധിച്ചിരുന്നു.

അവരെല്ലാം എവിടെപ്പോയി എന്നയാള്‍ അത്ഭുതപ്പെട്ടു. എല്ലാ ദിവസവും അവര്‍ തന്നെ പ്രതീക്ഷിച്ച് പുഞ്ചിരിച്ചുകൊണ്ട് അവിടെ നില്‍ക്കാറുള്ളത് അയാള്‍ ഓര്‍ത്തു. പൂക്കളേക്കാള്‍ മനോഹരങ്ങളായി അയാള്‍ക്ക് ഈ ഭൂമിയില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഭൂമിയിലെ ഏറ്റവും മനോഹരങ്ങളായ സൃഷ്ട്ടികളായി അയാള്‍ പൂക്കളെ കണ്ടിരുന്നു.

കാലുകളില്‍ വലിയ ഭാരം കെട്ടിവെച്ചപോലെ അയാള്‍ ചെടികള്‍ക്കിടയിലൂടെ വേച്ചുവേച്ചു നടന്നു. ഹൃദയം കഠിനമായ വ്യഥയാല്‍ ചുട്ടുപൊള്ളുന്നു. നഷ്ട്ടപ്പെട്ട തന്റെ പൂക്കളെ അയാളുടെ മിഴികള്‍ ചുറ്റുപാടും തിരഞ്ഞുകൊണ്ടേയിരുന്നു.

പൂന്തോട്ടത്തിന്റെ ഏറ്റവും അറ്റത്ത് ഒരു ചെറിയ പൂവ് വാടി നിലംപതിക്കാറായി നില്‍ക്കുന്നു. മരുഭൂമിയില്‍ ദാഹിച്ചു നടന്നൊരാള്‍ പെട്ടെന്ന് വെള്ളം കണ്ടെത്തിയപോലെ അയാള്‍ ക്ഷീണിതയായ ആ പൂവിനരികിലേക്ക് പാഞ്ഞടുത്തു.

എന്റെ പൂവുകള്‍ക്ക് എന്ത് പറ്റി? ഇന്നലെ അവര്‍ ഇവിടെ ഉണ്ടായിരുന്നു. നിന്നോടോപ്പമല്ലേ അവര്‍ ഇവിടെ തലയാട്ടി നിന്നിരുന്നത്? അവരൊക്കെ എവിടെപ്പോയി? എന്തുകൊണ്ട് ഇവിടെ നീ മാത്രം? ഒരു ശ്വാസത്തില്‍ ഇത്രയും ചോദ്യങ്ങള്‍ ആ വെളുത്ത ചെറിയ പൂവിനോട് അയാള്‍ ചോദിച്ചു.

പൂവ് നിഷേധത്തോടെ തലയാട്ടി. ഒന്നും സംഭവിച്ചിട്ടില്ലല്ലോ. എല്ലാം അതുപോലെ തന്നെയുണ്ട്.

തന്നെ പൂവ് കളിയാക്കുന്നതായി അയാള്‍ക്ക് തോന്നി. അയാള്‍ അലറി എനിക്കൊന്നും കാണുവാന്‍ സാധിക്കുന്നില്ല. എന്റെ പൂക്കള്‍ അപ്രത്യക്ഷങ്ങളായിരിക്കുന്നു. പിന്നെ നിനക്കെങ്ങനെ അവയെ കാണുവാനാകും.

ഞാന്‍ മരണത്തിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. മരിച്ചിട്ടില്ല. അതുകൊണ്ട് ഈസമയം എനിക്ക് അവയെക്കാണാം. ഞാന്‍ മരണത്തിന്റെ വക്കിലായത് കൊണ്ടാണ് നിങ്ങളും എന്നെ കാണുന്നത്. നിങ്ങള്‍ മരിച്ചുപോയതുകൊണ്ട് നിങ്ങള്‍ക്ക് ഈ പൂക്കളെ കാണുവാന്‍ കഴിയുന്നില്ല. പൂന്തോട്ടം ശൂന്യമല്ല. നിങ്ങളുടെ മിഴികളില്‍ നിന്ന് ആ സൗന്ദര്യം അപ്രത്യക്ഷമായതാണ്.

അയാള്‍ ഒരു ഞെട്ടലോടെ, മരവിപ്പോടെ, സ്തബ്ധനായി നിന്നു. തന്നോട് വര്‍ത്തമാനം പറഞ്ഞുകൊണ്ടുനിന്ന വെളുത്തപൂവ് മെല്ലെ ചെടിയില്‍ നിന്നും വേര്‍പെട്ട് മണ്ണിലേക്ക് കൊഴിഞ്ഞുവീഴുന്നതും നോക്കി.

മരണം ഒരു യാത്രയാണ്. നിത്യതയിലേക്കുള്ള, അനന്തതയിലേക്കുള്ള, വിശാലമായ പ്രപഞ്ചത്തിന്റെ ഇനിയും തിരിച്ചറിയാത്ത രഹസ്യങ്ങളിലേക്കുള്ള ഒരു യാത്ര. ഒരു പാമ്പ് പടം കൊഴിച്ചിടുന്നതുപോലെ ദേഹം കൊഴിച്ചിട്ട് നാം നടത്തുന്ന ഏകാന്തമായ ഈ യാത്രയില്‍ ദിവസങ്ങള്‍ നീളുന്ന തയ്യാറെടുപ്പുകള്‍ ഒന്നുമില്ല. അപ്രതീക്ഷിതമായി നിനച്ചിരിക്കാത്ത ഒരു സമയം നാം പോവുകയാണ്. പ്രിയപ്പെട്ട എല്ലാ പൂക്കളേയും ഈ ഭൂമിയില്‍ വിട്ടുകൊണ്ട്. ഇവിടെ പൂക്കള്‍ ബിംബങ്ങളായി മാറുന്നു.

ജീവിതത്തിന്റെ സൗന്ദര്യങ്ങളെ നാം ഇഷ്ട്ടപ്പെടുന്ന അതേ തീഷ്ണതയില്‍ അതിന്റെ ഇരുണ്ടമുഖങ്ങളെ നാം ഭയപ്പെടുകയും ചെയ്യുന്നു. ഒരു ദിനം ഇവയെല്ലാം വിട്ടെറിഞ്ഞ് യാത്രയാകും എന്ന അറിവ് നമുക്കുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ടെങ്കിലും ഈ സൗന്ദര്യങ്ങളെ സ്‌നേഹിക്കാനും വൈരൂപ്യങ്ങളെ വെറുക്കാനും നാം ശീലിക്കുന്നു. പക്ഷേ വൈരൂപ്യങ്ങളെ വിട്ടുപോകുന്നത് നമ്മെ ആഹ്‌ളാദപ്പെടുത്തുന്നില്ല. എന്നാല്‍ സൗന്ദര്യങ്ങള്‍ നഷ്ട്ടപ്പെടുന്നത് നമ്മെ ദുഖിപ്പിക്കുന്നു. ഇതൊരു വൈരുദ്ധ്യമാണ്.

ഇവിടെ കാലം അവസാനിക്കുന്നില്ല. ജലത്തില്‍ നീന്തുന്ന ഒരാള്‍ക്ക് ചുറ്റുമുള്ള ജലം അതുതന്നെയാണ്. അത് അവിടെ തന്നെയുണ്ട്. നീന്തല്‍ക്കാര്‍ മാറുന്നു. ചുറ്റുമുള്ളവ അങ്ങിനെതന്നെ നിലനില്‍ക്കുകയും നാം അതില്‍നിന്നും മാറിനില്‍ക്കപ്പെടുകയും ചെയ്യുന്നു. നീന്തല്‍ക്കാരന്റെ സ്വഭാവവും ചിന്തയും പ്രവര്‍ത്തിയും ജലത്തെ സ്പര്‍ശിക്കുന്നതേയില്ല. ജലത്തിന് നമ്മില്‍ ആശ്രയത്തമേതുമില്ല. അതിന്റെ അവസ്ഥ മാറുന്നുമില്ല. നമ്മുടെ മരണം കാലത്തെ സ്പര്‍ശിക്കുന്നതേയില്ല.

പൂക്കള്‍ ഉപേക്ഷിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവ് നമ്മുടെ ദുഃഖങ്ങളെ ശമിപ്പിക്കും. പൂക്കള്‍ അവിടെ നിലനില്ക്കുന്നുണ്ട്. പോകുന്നത് നാം മാത്രമാണ്. മങ്ങുന്നതും അപ്രത്യക്ഷമാകുന്നതും നമ്മുടെ കാഴ്ചകള്‍ മാത്രമാണ്. നമ്മുടെ അറിവോ സമ്മതമോ കൂടാതെ ഒരു കടന്നുവരവും മടങ്ങിപ്പോകലും. ജനനം ഒരു ശൂന്യതയും ഇല്ലാതെയാക്കുന്നില്ല അതുപോലെ തന്നെ മരണം ഒരു ശൂന്യതയും സൃഷ്ട്ടിക്കുന്നുമില്ല. അത് അവിരാമം തുടരുന്ന ഒരു പ്രക്രിയ മാത്രമാകുന്നു. അവിടെ ഞാന്‍ എന്ന വ്യക്തിയില്ല. ഞാന്‍ എന്ന വ്യക്തിയെ ആശ്രയിച്ച് ഒന്നും നിലനില്‍ക്കുന്നുമില്ല. ശൂന്യതയില്‍ നിന്ന് വന്നതും ശൂന്യതയിലേക്ക് മടങ്ങുകയും ചെയ്യുന്ന വെറുമൊരു ശൂന്യത മാത്രമാണ് നാം.

Leave a comment