ബിസിനസില്‍ ലാഭം വര്‍ദ്ധിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍

കേരളത്തിലെ പ്രശസ്തമായ ഒരു ബില്‍ഡിംഗ് മെറ്റീരിയല്‍ ഷോറൂമിന്റെ ഉടമസ്ഥന്‍ എന്നോട് സംസാരിക്കുമ്പോള്‍ പറഞ്ഞു.

”കേരളത്തിലെ മികച്ച ഷോറൂമുകളില്‍ ഒന്നാണ് എന്റേത്. വളരെ വിപുലമായ, എല്ലാ സൗകര്യങ്ങളുമുള്ള, അതിമനോഹരമായ, പേരുകേട്ട എല്ലാ ടൈല്‍ ബ്രാന്‍ഡുകളും ലഭ്യമായ ഒന്ന്. പക്ഷേ അവിടെ വരുന്ന കസ്റ്റമേഴ്‌സില്‍ ഏകദേശം അറുപത് ശതമാനം പേരെ സാധനങ്ങള്‍ വാങ്ങുന്നുള്ളൂ. ഇത് എന്തുകൊണ്ടാണ് എന്ന് മനസിലാകുന്നില്ല. ഞാന്‍ പല വഴികളും നോക്കി പക്ഷേ നഷ്ട്ടപ്പെടുന്ന ഈ വില്പ്പനയെ തടുക്കുവാന്‍ കഴിയുന്നില്ല”

”നമുക്ക് അതിനുള്ള കാരണം അവരില്‍ നിന്ന് തന്നെ കണ്ടെത്തേണ്ടതുണ്ട്” ഞാന്‍ പറഞ്ഞു. ”അതിനായി നമുക്ക് ഒരു ചെറിയ പ്രക്രിയ ആരംഭിക്കാം. എന്ത് കൊണ്ട് നിങ്ങള്‍ ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങുന്നില്ല എന്നുള്ളതിന് കാരണം നമുക്ക് അവരോടു തന്നെ ചോദിച്ചറിയാം. എന്നിട്ട് ഒരു ”ലോസ്റ്റ് സെയില്‍ അനാലിസിസ്” (നഷ്ട്ടപ്പെടുന്ന വില്‍പ്പനയുടെ വിശകലനം) നടത്തി നോക്കാം.”

അടുത്ത ഒരു മാസം ഈ പ്രക്രിയ നടപ്പിലാക്കി. ഇതിന്റെ ഫലം വളരെ രസകരവും ഉപയോഗപ്രദവുമായിരുന്നു. തങ്ങളുടെ വീട്ടിലേക്ക് ടൈലുകള്‍ വാങ്ങുവാന്‍ വരുന്നവര്‍ അടുക്കളയില്‍ ഇടാനുള്ള ഗ്രാനൈറ്റ് കൂടി ആവശ്യമുള്ളവരാണ്. അത് അവിടെ ലഭ്യമല്ലാത്തത് കൊണ്ട് അവര്‍ ഇതെല്ലാം ഒരുമിച്ച് ലഭിക്കുന്ന മറ്റ് ഷോറൂമുകള്‍ തേടി പോകുന്നു. സ്വാഭാവികമായും അത് വില്‍പ്പനയില്‍ വലിയൊരു നഷ്ട്ടം വരുത്തി വെക്കുന്നു.

പെട്ടെന്ന് തന്നെ ഷോറൂം തങ്ങളുടെ ഉത്പ്പന്നങ്ങളുടെ കൂടെ ഗ്രാനൈറ്റ് കൂടി കൂട്ടിച്ചേര്‍ത്തു. ഇത് വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവ് വരുത്തി. ഉപഭോക്താക്കളുടെ ആവശ്യകത കണ്ടറിഞ്ഞ് ഉത്പന്നങ്ങള്‍ ക്രമീകരിക്കുമ്പോള്‍ വില്പ്പനയിലും ലാഭത്തിലും വലിയ വ്യത്യാസങ്ങള്‍ കൊണ്ടുവരാന്‍ നമുക്ക് കഴിയും. അതിനായി അവരുടെ രുചികള്‍ നാം അറിയേണ്ടതുണ്ട്. ഇരുവശങ്ങളില്‍ നിന്നുമുള്ള സംവേദനം കാര്യക്ഷമമാകുമ്പോള്‍ അവര്‍ അവരുടെ ആവശ്യങ്ങള്‍ നമ്മോട് സംവേദിച്ചു തുടങ്ങും.

ചില മാറ്റങ്ങള്‍

നാം ബിസിനസില്‍ വരുത്തുന്ന ചില ചെറിയ മാറ്റങ്ങള്‍ വലിയ ഫലം നല്‍കും. ബിസിനസ് ലാഭകരമായി നടന്നു പോകുന്നു. എന്നാല്‍ ഈ ലാഭം വര്‍ദ്ധിപ്പിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ചിന്തിക്കാറുണ്ടോ? നഷ്ട്ടം ഇല്ലാതെയാക്കുവാന്‍ നാം പരിശ്രമിക്കുന്നത് പോലെ തന്നെയുള്ള ഒരു സമര്‍പ്പിതപ്രവര്‍ത്തിയായി ലാഭം വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയയെ നാം കാണേണ്ടതുണ്ട്. അത്രമാത്രം സൂഷ്മതയോടെ അതിനെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

ബിസിനസിന്റെ ലക്ഷ്യം ലാഭം തന്നെ

ബിസിനസിന്റെ പരമപ്രധാനമായ ലക്ഷ്യം ലാഭം തന്നെ. പരമാവധി ലാഭം ലഭിക്കുന്ന രീതിയില്‍ ബിസിനസ് ചെയ്യണം എന്നത് തന്നെയാണ് നമ്മുടെ ആഗ്രഹം. ലാഭം ലഭിക്കുന്നുണ്ട് എന്നാല്‍ അത് മികച്ച രീതിയില്‍ ഉള്ള ലാഭമാണോ? അല്ലെങ്കില്‍ കൂടുതല്‍ ലാഭം ഈ ബിസിനസില്‍ നിന്ന് തന്നെ നേടുവാന്‍ കഴിയുമോ? എന്ന ചോദ്യങ്ങള്‍ നാം പലപ്പോഴും നമ്മോട് തന്നെ ചോദിക്കുവാന്‍ മറന്നുപോകുന്നു. കാരണം കിട്ടുന്ന ലാഭത്തില്‍ നാം പലപ്പോഴും തൃപ്തരാകുന്നു. അത് വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ സമയാസമയങ്ങളില്‍ നടത്താതെ പോകുന്നു.

കൂടുതല്‍ ലാഭം

നാം ഇപ്പോള്‍ ചെയ്യുന്ന ബിസിനസിന്റെ ലാഭം വര്‍ദ്ധിപ്പിക്കുവാന്‍ നമുക്ക് കഴിയും. ലാഭം വര്‍ദ്ധിപ്പിക്കുക എന്ന പ്രക്രിയ ബിസിനസിന്റെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്ന ഒന്നാണ്. ബിസിനസ് പ്രക്രിയകളുടെ സമൂലമായ വിശകലനവും അതിനനുസൃതമായി ചിട്ടപ്പെടുത്തുന്ന മാറ്റങ്ങളും ഇതിനാവശ്യമാണ്. സൂഷ്മതലങ്ങളെ സ്പര്‍ശിച്ചു കൊണ്ടുള്ള ചില മാറ്റങ്ങള്‍ ബിസിനസിന് ആവശ്യമാണ്. കേവലം വില്പ്പന വര്‍ദ്ധിച്ചതുകൊണ്ട് മാത്രം ലാഭം വര്‍ദ്ധിക്കണം എന്നില്ല. ഏതൊക്കെ തലങ്ങളില്‍ ശ്രദ്ധിച്ചാല്‍, മാറ്റം വരുത്തിയാല്‍ ലാഭം വര്‍ദ്ധിപ്പിക്കാം എന്ന് നാം പഠിക്കേണ്ടതുണ്ട്.

ചിലവുകളിലെ നിയന്ത്രണം

വരുമാനത്തില്‍ നിന്നും ചിലവ് കഴിഞ്ഞിട്ടുള്ള നീക്കിയിരിപ്പിനെയാണ് നാം ലാഭം എന്ന് കണക്കാക്കുന്നത്. ചിലവുകളുടെ ആധിക്യം ലാഭത്തിനെ ബാധിക്കും. ചിലവുകളില്‍ വരുത്തുന്ന നിയന്ത്രണങ്ങളും കുറവും ലാഭത്തെ വര്‍ദ്ധിപ്പിക്കും. ഉത്പ്പന്നങ്ങളുടെ നേരിട്ടുള്ള ചിലവുകള്‍ കൂടാതെ തന്നെ സ്ഥാപനം നടത്തികൊണ്ട് പോകുവാനുള്ള സ്ഥിരചിലവുകള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഈ രണ്ട് ചിലവുകളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞാല്‍ ലാഭം വര്‍ദ്ധിപ്പിക്കാം.

വാങ്ങുന്നത് ലാഭകരമാക്കുക

ഉത്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയോ അല്ലെങ്കില്‍ ഉത്പ്പന്നങ്ങളുടെ തന്നെയോ വാങ്ങല്‍ കര്‍ശനമായ നിയന്ത്രണത്തിലാവണം. ഇതാണ് ബിസിനസിന്റെ ആദ്യ ലാഭബിന്ദു എന്ന് നമുക്ക് പറയാം. വാങ്ങലില്‍ എത്രമാത്രം ലാഭം നമുക്ക് ഉണ്ടാക്കാമോ അത്രമാത്രം നാം അതിന് ശ്രമിക്കണം. ഉത്പ്പന്നങ്ങളുടെ വില്പ്പനവില വര്‍ദ്ധന വിപണിയെ ആശ്രയിച്ച് നിലകൊള്ളുന്നതിനാല്‍ വാങ്ങല്‍ പ്രക്രിയയില്‍ നമുക്ക് ലഭ്യമാക്കാവുന്ന മുഴുവന്‍ ലാഭവും നാം നേടാന്‍ ശ്രമിക്കണം.

 

ഉത്പാദനച്ചിലവ്

ഓരോ ഉത്പ്പന്നത്തിന്റെയും വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന ലാഭം അതിന്റെ ഉത്പാദനച്ചിലവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വിലയില്‍ നിന്നും ഓരോ ഉത്പ്പന്നത്തിന്റെയും ചിലവ് (മാറിക്കൊണ്ടിരിക്കുന്ന ചിലവുകള്‍) കുറച്ചാല്‍ കിട്ടുന്ന ലാഭത്തെ നമുക്ക് ”കോന്‍ട്രിബ്യൂഷന്‍” എന്ന് പറയാം. ബിസിനസിന്റെ സ്ഥിരചിലവുകളെ ഇതില്‍ നിന്നുമുള്ള ലാഭം കൊണ്ടാണ് നാം നടത്തിക്കൊണ്ട് പോകേണ്ടത്. അതുകൊണ്ടുതന്നെ പരമാവധി കോന്‍ട്രിബ്യൂഷന്‍ നേടുവാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. ഉത്പാദനച്ചിലവുകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അത് കുറച്ചുകൊണ്ട് വരുമ്പോള്‍ ബിസിനസിന്റെ ലാഭം വര്‍ദ്ധിക്കുന്നു. ഓരോ ഉത്പ്പന്നത്തിന്റെ വില്പനയില്‍ നിന്നും പരമാവധി ലാഭം നേടാന്‍ നമുക്ക് കഴിയണം.

സ്ഥിരചിലവുകള്‍

ബിസിനസിന്റെ സ്ഥിരചിലവുകള്‍ ഒരു പരിധിവരെ മാറ്റമില്ലാത്തതാണ്. അത് ഓരോ ഉത്പ്പന്നത്തിന്റെയും ഉത്പാദനത്തോതനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നില്ല. ശമ്പളം, വാടക, യാത്രചിലവുകള്‍, ഫോണ്‍ചിലവുകള്‍ എന്നിങ്ങനെയുള്ളവ നേരിട്ട് ഉത്പാദനവുമായി ബന്ധപെടുന്നില്ല. വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന കോന്‍ട്രിബ്യൂഷന്‍ ഇത്തരം ചിലവുകള്‍ നടത്തുവാന്‍ നമ്മെ സഹായിക്കുന്നു. ഈ ചിലവുകളും കഴിഞ്ഞ് ലഭിക്കുന്നതാണ് നമ്മുടെ യഥാര്‍ത്ഥ ലാഭം. സ്ഥിരചിലവുകളുടെ നിയന്ത്രണം നമ്മുടെ ലാഭം വര്‍ദ്ധിപ്പിക്കുകയും ബിസിനസിന്റെ റിസ്‌ക് കുറക്കുകയും ചെയ്യും. ബിസിനസിന്റെ ബ്രേക്ക് ഈവന്‍ പോയിന്റ് കുറയുന്നത് ബിസിനസ് റിസ്‌ക് കുറയ്ക്കും.

 

അനാവശ്യ നിയമനങ്ങള്‍ ഒഴിവാക്കുക

ബിസിനസിനാവശ്യമായ ജോലിക്കാരെ സംബന്ധിച്ച് കൃത്യമായ ഒരു പ്ലാനിംഗ് ആവശ്യമാണ്. അധികമായി സൃഷ്ട്ടിക്കപ്പെടുന്ന ഓരോ തൊഴില്‍ അവസരവും ബിസിനസിന്റെ ബാദ്ധ്യത വര്‍ദ്ധിപ്പിക്കും. മിടുക്കരായ കാര്യശേഷിയുള്ള തൊഴിലാളികളെ നിയമിച്ചുകൊണ്ട് പരമാവധി ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുവാനാണ് ലക്ഷ്യമിടേണ്ടത്. ഉത്പാദനക്ഷമതയില്ലാത്ത തൊഴിലാളികള്‍ ലാഭം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ജോലിക്കാരുടെ ഉപയോഗമൂല്യം കണക്കാക്കുകയും വേണമെങ്കില്‍ അവരെ പുനക്രമീകരിക്കുകയും ചെയ്യണം. മനുഷ്യാദ്ധ്വാനം ഉത്പാദനക്ഷമമായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയാല്‍ അത് ലാഭത്തില്‍ പ്രതിഫലിക്കും.

ചരക്കിലും കടക്കാരിലും ബന്ധനത്തിലാകുന്ന പ്രവര്‍ത്തന മൂലധനം

ആവശ്യത്തിനേക്കാള്‍ കൂടുതല്‍ നാം ചരക്ക് കൈവശം സൂക്ഷിക്കുന്നുണ്ടോ? അത് അസംസ്‌കൃത വസ്തുക്കളാകാം ഉത്പ്പന്നങ്ങളാകാം. എന്തായാലും നമ്മുടെ ലാഭത്തിന്റെ ഒരു ഭാഗം ഇങ്ങിനെ കൂടുതലായി സൂക്ഷിക്കുന്ന ചരക്ക് ഊറ്റിയെടുക്കുന്നുണ്ട് എന്നത് മറന്ന് പോകരുത്. ചരക്കുകള്‍ ശേഖരിക്കുവാന്‍ നാം ഉപയോഗിക്കുന്ന പ്രവര്‍ത്തന മൂലധനത്തിന് ഒരു ചിലവ് ഉണ്ട്. അതിന്റെ പലിശയാണ് ആ ചിലവ്. ചരക്ക് ശേഖരണത്തിനായി വിനിയോഗിക്കപ്പെടുന്ന ഓരോ പൈസക്കും ഈ ചിലവ് ബാധകമാണ്. നാമറിയാതെ ചരക്കില്‍പ്പെട്ടുപോകുന്ന മൂലധനത്തിന്റെ ചിലവ് ബിസിനസിലെ ലാഭത്തിനെ കുറക്കുന്നു.

ചരക്കിന്റെ അതേ അവസ്ഥ തന്നെയാണ് ഡെബ്‌റ്റെഴ്‌സില്‍ ബന്ധനത്തിലാകുന്ന പ്രവര്‍ത്തനമൂലധനവും അനുഭവിക്കുന്നത്. നാം കടം കൊടുത്ത വില്‍പ്പനയില്‍ നിന്നും യഥാസമയം പണം തിരികെ ലഭിച്ചില്ല എങ്കില്‍ നമ്മുടെ ചിലവ് വര്‍ദ്ധിക്കുകയാണ്. ഈ ചിലവ് ഒരിക്കലും നമ്മുടെ വരവ് ചിലവ് കണക്കുകളില്‍ രേഖപ്പെടുത്തുവാറില്ല. അതുകൊണ്ട് തന്നെ നാം ശ്രദ്ധിക്കാതെ പോകുന്ന ചിലവാണിത്. വില്പ്പന വര്‍ദ്ധിക്കുന്തോറും കൂടിവരുന്ന കടക്കാരുടെ എണ്ണവും അതില്‍ ബന്ധിതമാകുന്ന പണവും നമ്മുടെ ലാഭത്തിനെ പരോക്ഷമായി ബാധിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ നാമിത് കാണാത്തത് കൊണ്ട് ഈ മേഖലയിലുള്ള നിയന്ത്രണങ്ങള്‍ വളരെ കുറവാണ്. ചരക്കിനേയും കടക്കാരേയും സസൂഷ്മം നിരീക്ഷിച്ച് കൃത്യമായി വിശകലനം ചെയ്ത് പോയാല്‍ ഒരുപരിധി വരെ നമുക്ക് ഈ ചിലവ് വര്‍ദ്ധിക്കുന്നത് തടയുവാന്‍ സാധിക്കും.

വില്‍പ്പനയിലെ വര്‍ദ്ധന

വില്‍പ്പനയില്‍ ഉണ്ടാകുന്ന വര്‍ദ്ധന നമ്മുടെ ലാഭം വര്‍ദ്ധിപ്പിക്കും. പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വില്പ്പന വര്‍ദ്ധിക്കുകയും എന്നാല്‍ നമ്മുടെ ചിലവുകള്‍ അതേ രീതിയില്‍ തന്നെ ഉയരുകയും ചെയ്താല്‍ വര്‍ദ്ധിച്ച വില്‍പ്പനയില്‍ നിന്നും നാമുദ്ദേശിക്കുന്ന ഗുണം ലഭിക്കണമെന്നില്ല. അധികം ചിലവുകള്‍ വര്‍ദ്ധിക്കാതെ വില്പ്പന വര്‍ദ്ധിക്കുകയാണെങ്കില്‍ ലാഭം ഉയരും. ഇതിനായി നാം ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന ഉത്പ്പന്നങ്ങള്‍ കൂടാതെ സമാനരീതിയില്‍ അതുമായി ബന്ധപ്പെട്ട മറ്റ് ഉത്പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. പുതിയ ഉത്പ്പന്നങ്ങളുടെ വില്പ്പന ബിസിനസിന്റെ മൊത്തത്തിലുള്ള വില്പ്പന വര്‍ദ്ധിപ്പിക്കുന്നു. നാം ആദ്യം കണ്ട ഉദാഹരണം ഇത് സാധൂകരിക്കുന്നു. ഗ്രാനൈറ്റ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ബിസിനസിലെ എല്ലാ ഉത്പ്പന്നങ്ങളുടെയും വില്‍പ്പനയെ അത് സ്വാധീനിച്ചു.

ചിലവുകളുടെ സൂഷ്മമായ വിലയിരുത്തലും നിയന്ത്രണവും

ഇവിടെയാണ് ബഡ്‌ജെറ്റിന്റെ പ്രസക്തി. ബിസിനസിന്റെ എല്ലാ വശങ്ങളും വിലയിരുത്തി നാം ഉണ്ടാക്കുന്ന ഒരു ബഡ്‌ജെറ്റിന് ബിസിനസിന്റെ ലാഭം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയും. ഓരോ ചിലവും അത് ചിലവഴിക്കപ്പെടുന്നതിന് മുന്‍പ് തന്നെ നിര്‍ണ്ണയിക്കുകയും ചിലവഴിക്കപ്പെട്ടു കഴിഞ്ഞാല്‍ മുന്‍നിര്‍ണ്ണയിക്കപ്പെട്ട ചിലവുമായി താരതമ്യം ചെയ്ത് അതിനെ വിശകലനം ചെയ്യുവാനും ബഡ്‌ജെറ്റ് നമ്മെ സഹായിക്കുന്നു. ആദ്യഘട്ടങ്ങളില്‍ ചില പാളിച്ചകള്‍ വരാം എങ്കിലും നിരന്തരമായി ചെയ്യുന്ന ഇത്തരമൊരു അഭ്യസനത്തിലൂടെ ചിലവുകളെ നമ്മുടെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഒരു ചട്ടക്കൂടിലേക്ക് നയിക്കുവാന്‍ സാധിക്കും.

ഉത്പന്നത്തിന്റെ വിലവര്‍ദ്ധന

ഉത്പന്നത്തിന്റെ വില വര്‍ദ്ധിപ്പിക്കുക ലാഭം വര്‍ദ്ധിപ്പിക്കുവാനുള്ള ഒരു മാര്‍ഗ്ഗമാണ്. ചിലവുകള്‍ മാറ്റമില്ലാതെ നില്‍ക്കുകയും ഉത്പ്പന്നത്തിന്റെ വില്പ്പന വില വര്‍ദ്ധിക്കുകയും ചെയ്താല്‍ ലാഭവും കൂടും. എന്നാല്‍ ഇതിന് ചില കടമ്പകള്‍ ഉണ്ട്. നല്ല കിടമത്സരം നിലനില്‍ക്കുന്ന ഒരു വിപണിയില്‍ എതിരാളികളുടെ തന്ത്രങ്ങള്‍ കൂടി വില്പ്പന വിലയെ സ്വാധീനിക്കുന്നുണ്ട്. മറ്റുള്ളവരേക്കാള്‍ മേന്മയുള്ള ഉത്പ്പന്നം ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ സാധിച്ചാല്‍ മികച്ച വിലയും ഈടാക്കാം. കൃത്യമായ ഇടവേളകളില്‍ വില്പ്പന വില വിശകലനം ചെയ്യുകയും മാറ്റങ്ങള്‍ അനുവര്‍ത്തിക്കുകയും വേണം.

 

സാങ്കേതികതയുടെ ഉപയോഗം

നാം അനുവര്‍ത്തിക്കുന്ന പല ബിസിനസ് പ്രക്രിയകളിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയണം. സാങ്കേതികതയുടെ ഉപയോഗം അത്തരമൊരു ആശയമായി നമുക്ക് ഉള്‍ക്കൊള്ളാം. ബിസിനസിന്റെ ക്ഷമത ഉയര്‍ത്തുവാനും സേവനങ്ങള്‍ വേഗത്തിലും മേന്മയിലും ലഭ്യമാക്കുവാനും സാങ്കേതികത നമ്മെ സഹായിക്കുന്നു. ബിസിനസിന്റെ മൊത്തത്തിലുള്ള നിയന്ത്രണവും സംഘാടനവും കൂടുതല്‍ മികച്ചതും കാര്യക്ഷമവും ആക്കുവാന്‍ സാങ്കേതികതയെ ഉപയോഗപ്പെടുത്താം. നൂതനമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ ചിലവ് കുറച്ച് മികച്ച സേവനം ഉറപ്പ് വരുത്തുവാന്‍ നമുക്ക് സാധിക്കും. ഇത് ബിസിനസിന്റെ ലാഭം വര്‍ദ്ധിപ്പിക്കും.

സമഗ്രമായ പ്രക്രിയ

ബിസിനസില്‍ ലാഭം വര്‍ദ്ധിപ്പിക്കുവാനുള്ള എല്ലാ വഴികളും നമുക്ക് തേടാം. ലാഭം വര്‍ദ്ധിപ്പിക്കുക എന്ന പ്രക്രിയ ഒരു സമഗ്ര പ്രക്രിയയാണ്. പല കാര്യങ്ങളും പല തന്ത്രങ്ങളും ഒരുമിപ്പിക്കേണ്ട സമഗ്ര പ്രക്രിയ. വ്യക്തമായ നിര്‍ണ്ണയങ്ങളും മാനദണ്ഡങ്ങളും ആശയങ്ങളും ഇതിനായി രൂപീകരിക്കേണ്ടതുണ്ട്. വില്പ്പന വില വര്‍ദ്ധിപ്പിച്ച് ലാഭം കൂട്ടുന്നതും ചിലവ് കുറച്ച് ലാഭം കൂട്ടുന്നതും വിവിധ ധ്രുവങ്ങളിലെ പ്രവര്‍ത്തികളാണ്. വ്യത്യസ്ത തന്ത്രങ്ങളാണിവക്ക് അനിവാര്യം.

നാം ചര്‍ച്ച ചെയ്ത മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുവാന്‍ നല്ല മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. ബിസിനസിന്റെ ആവാസവ്യവസ്ഥ ഇതിനനുസരിച്ച് ചിട്ടപ്പെടുത്തേണ്ടതുണ്ട്. ഉത്പന്നത്തിന്റെ ഉത്പാതനച്ചിലവ് നിര്‍ണ്ണയിക്കുന്നത് മുതല്‍ അതിന്റെ വിലനിര്‍ണ്ണയം വരെയുള്ള സംഗതികള്‍ വ്യക്തമായി പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുക നിസാരമായ ഒരു പ്രവര്‍ത്തിയല്ല. ഇതിനായുള്ള അറിവുകള്‍ ശേഖരിക്കുകയും അത് പ്രയോഗിക്കുകയും ചെയ്യുവാനുള്ള നിപുണത നാം നേടേണ്ടതുണ്ട്. അറിവുകളെ സ്വാംശീകരിക്കുകയും അവ യഥാസമയം പ്രയോഗിക്കുകയും ചെയ്യാന്‍ പ്രാപ്തമായ ഒരു സംസ്‌ക്കാരം ബിസിനസില്‍ സൃഷ്ട്ടിച്ചെടുക്കുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്.

 

 

Leave a comment